മങ്കുഴിക്കരിസ്മൃതിയുടെ കാലികപ്രസക്തി

മങ്കുഴിക്കരിസ്മൃതിയുടെ കാലികപ്രസക്തി

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവിന്‍റെ വിയോഗം തീര്‍ത്ത ശൂന്യതയ്ക്ക് 25 വയസ്സ്. മേല്‍പ്പട്ടസ്ഥാനത്തിന്‍റെ അലക്കിത്തേച്ച ഔപചാരികതകള്‍ക്ക് ഒരിക്കലും വഴങ്ങാതിരുന്ന ആ ഇടയശുശ്രൂഷ സമ്മാനിക്കുന്ന ഓര്‍മ്മകള്‍, കേരള സഭയ്ക്കിപ്പോള്‍ അശ്രുപൂജയായല്ല, ആന്തരികനവീകരണത്തിനുള്ള ആഹ്വാനമായാണ് അവതരിക്കുന്നത്. 1994 ജൂണ്‍ 11-ന് അവിചാരിതമായി ആ പ്രകാശഗോപുരം അണഞ്ഞുപോയെങ്കിലും അതിന്‍റെ ദീപ്തസ്മരണകള്‍ അനേകര്‍ക്ക് ഇന്നും വെളിച്ചമായി തുടരുന്നുണ്ട്.

ആരായിരുന്നു മങ്കുഴിക്കരിപ്പിതാവ്? വൈദികന്‍, മെത്രാന്‍, സെമിനാരി പ്രൊഫസ്സര്‍, ധ്യാനഗുരു, പ്രസംഗകന്‍, സംഘാടകന്‍, വേദശാസ്ത്രജ്ഞന്‍, ദാര്‍ശനികന്‍… നമുക്കു പരിചിതമായ ഇത്തരം നിര്‍ണയങ്ങളില്‍ മാത്രം ആ മഹദ്വ്യക്തിത്വത്തെ നിര്‍വചിക്കുമ്പോഴും ഒരു ചുവടു മാറിയായിരുന്നു, എപ്പോഴും, പിതാവിന്‍റെ നിലപാടും നില്പുമെന്നു നമുക്കറിയാം.

"അറിവും അലിവും നിറഞ്ഞ വ്യക്തി, മികവുറ്റ മനുഷ്യന്‍, വൈദികതയുടെ ആധികാരികത, ആ വ്യക്തിത്വവും." അഭി. പിതാവിനെ മലയാളത്തിന്‍റെ സാഗരമുഴക്കമായ അഴീക്കോട് മാഷ് ഒരിക്കല്‍ ഓര്‍മിച്ചതിങ്ങനെയാണ്. എന്നും ഒരു പച്ചമനുഷ്യനായിരിക്കാന്‍ ആഗ്രഹിച്ച പിതാവിനും പിതാവില്‍ നിന്നും, അങ്ങനെയാകാന്‍ അനുവദിക്കാതിരിക്കുകയോ അതു മനസ്സിലാകാതിരിക്കുകയോ ചെയ്ത ഇടങ്ങളില്‍ നിന്നൊക്കെ പരിക്കേറ്റിട്ടുണ്ട്. ടാഗോറിന്‍റെ വിശ്വദര്‍ശനം മങ്കുഴിക്കരിപ്പിതാവിനു കേവലം ഗവേഷണവിഷയം മാത്രമായിരുന്നില്ല. അള്‍ത്താരയിലെ ദൈവത്തെ അടുത്തുനില്ക്കുന്നയാളില്‍ തിരിച്ചറിയാനുള്ള ഉള്‍പ്രേരണതന്നെയായിരുന്നു. അതുകൊണ്ടായിരുന്നു വിയോജിപ്പുകള്‍, വേദനിപ്പിക്കുന്ന മുറിവുകളിലേക്കു വളരാതിരിക്കാന്‍, ആദ്യത്തെ ക്ഷോഭം അടങ്ങുന്ന വേളയില്‍ത്തന്നെ പിതാവ് തിരികെ വിളിക്കുന്നതും സ്വയം തിരുത്തുന്നതും.

"പിതാവിനു തികച്ചും സ്വന്തമായ ജീവിതദര്‍ശനമുണ്ട്. അവ ക്രിസ്തീയമായിരിക്കെത്തന്നെ വൈയക്തികവുമാണ്. അടിസ്ഥാനപ്രമാണങ്ങളെ സംബന്ധിച്ചു വിട്ടുവീഴ്ചയില്ലാതിരിക്കുമ്പോഴും, അവയ്ക്കു വിധേയമായി ഏതു തരത്തിലുമുള്ള അനുരഞ്ജനത്തിനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു." സഭയില്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാനായുള്ള പിതാവിന്‍റെ ദീര്‍ഘസേവനത്തെ സാധൂകരിക്കുന്നുണ്ട്, ഡോ. കെ.എം. തരകന്‍റെ ഈ വാക്കുകള്‍. സഭയെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പിതാവു പലപ്പോഴും ഔപചാരികമായും അല്ലാതെയും പ്രത്യക്ഷപ്പെട്ടത് അങ്ങനെയാണ്. മീഡിയാ കമ്മീഷന്‍ ചെയര്‍മാനായിരിക്കെ പിതാവ് നടത്തിയ സാംസ്കാരിക ഇടപെടലുകളെ സാഹിത്യ-ദാര്‍ശനികലോകം വലിയ ആദരവോടെയാണു കണ്ടത്. സഭയ്ക്ക് ഒരു സാംസ്കാരിക മുഖമുണ്ടാകണമെന്നു പിതാവ് എപ്പോഴും ആഗ്രഹിച്ചു. അതു സങ്കുചിതവുമായിരിക്കരുതെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. ഉജ്ജ്വല വാഗ്മിയായി തിളങ്ങിയ പിതാവിനും ശ്രോതാക്കള്‍ക്കുമിടയില്‍ അകൃത്രിമമായ ഒരു സംയോഗം നടന്നിരുന്നുവെന്നു ഡോ. കെ.എം. തരകന്‍ ഓര്‍മിക്കുന്നുണ്ട്. "നല്ല പ്രസംഗം, പ്രസംഗകലയുടെ മേല്‍ പ്രസംഗകനുള്ള ആധിപത്യംകൊണ്ടു മാത്രമല്ല, പ്രസംഗകന്‍റെ ആത്മാര്‍ത്ഥതയും സത്യസന്ധതയുംകൊണ്ടു കൂടിയാണു സംഭവിക്കുന്നത്." കാരണം മങ്കുഴിക്കരിപിതാവ് സത്യത്തെ പ്രിയം, അപ്രിയം എന്നിങ്ങനെ വേര്‍തിരിച്ചു കണ്ടിരുന്നില്ല.

മേല്‍പ്പട്ട സ്വീകരണവേളയില്‍ പിതാവിന്‍റെ മറുപടി ഇങ്ങനെ, "ധരിച്ചിരിക്കുന്ന ഈ ചുവന്ന വസ്ത്രം രക്തസാക്ഷിത്വത്തിന്‍റെ അടയാളമാണ്. ജീവിതം മുഴുവന്‍ ക്രിസ്തുവിനു സമ്പൂര്‍ണ സാക്ഷ്യമാകാനുള്ള നിയോഗമാണിത്." തിരുവസ്ത്രങ്ങളുടെ നിറത്തിലും നീളത്തിലും മാത്രം സഭാപാരമ്പര്യഗേവഷണങ്ങളെ പരിമിതപ്പെടുത്തുന്ന പുതിയ കാലത്ത്, ഉടുത്ത ഉടുപ്പിനേക്കാള്‍ എടുത്ത നിലപാടുകള്‍ക്കുവേണ്ടി ജീവിതവും ജീവനും സമര്‍പ്പിച്ച മങ്കുഴിക്കരിപിതാവു വ്യത്യസ്തനാവുക എന്നതു ദൈവനീതിയാണ്.

മാധ്യമവിചാരണമുറികളിലും സൈബര്‍ വാളുകളിലും സഭയുടെ നിലപാടുകള്‍ നിര്‍ദ്ദയം നിരാകരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മങ്കുഴിക്കരിപിതാവിനെ ശ്രദ്ധയോടെ ശ്രവിച്ചിരുന്നഒരു പൊതുസമൂഹത്തെ അവിശ്വസനീയതയോടെ ഓര്‍ത്തുപോകുന്നു. പിതാവു തുടങ്ങിവച്ച സഭയുടെ സാംസ്കാരിക-ദാര്‍ശനിക ഇടപെടലുകള്‍ക്കു തുടര്‍ച്ചയുണ്ടാകാതെ പോയതിന്‍റെ ആഘാതം, സ്ഥാപനങ്ങള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കില്‍ നാംശ്രദ്ധിക്കാതെയും പോയി. നമുക്കുവേണ്ടി സംസാരിക്കാന്‍ നാം മാത്രമേയുള്ളുവെന്ന അനിവാര്യമായ ഒറ്റപ്പെടലില്‍ ആ ദുരന്തം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. സഭ ഇപ്പോള്‍ കടന്നുപോകുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ പിതാവിന്‍റെ മേല്‍ 'നോട്ടം' എത്രയോ പ്രസക്തമാകുമായിരുന്നുവെന്ന് ഓര്‍ത്തുപോകുന്നു. അധികാരത്തിന്‍റെയല്ല, ക്രിസ്തുവിന്‍റെ ആധികാരി കതയുടെ അധികബലത്തില്‍ സഭയുടെ വേരും വാഴ്വും കണ്ടെത്താന്‍ ഈ 'മങ്കുഴിക്കരിസ്മൃതി' നമ്മെ സഹായിക്കട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org