ഒരു റിപ്പബ്ലിക്കൻ പുനഃസമർപ്പണം

ഒരു റിപ്പബ്ലിക്കൻ പുനഃസമർപ്പണം
Published on

നമ്മുടെ സ്വതന്ത്രഭാരതത്തിനു സ്വന്തമായൊരു ഭരണഘടന നിലവില്‍ വന്നതിന്‍റെ സ്മരണ, റിപ്പബ്ലിക് ദിനം. ഈ സ്വയം പരമാധികാരമുദ്ര ചാര്‍ത്തപ്പെട്ട ഭാരതത്തിന് 69 വയസ്സ്. ആസിയാന്‍ രാഷ്ട്രത്തലന്മാരുടെ സാന്നിദ്ധ്യമായിരിക്കും ഈ വര്‍ഷത്തെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുക.

സാമ്പത്തിക വളര്‍ച്ചയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും സാംസ്കാരിക അഭ്യുന്നതിക്കുമുള്ള ലക്ഷ്യങ്ങളോടെയാണ് ആസിയാന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ ആരംഭം. ഭാരതത്തിന്‍റെ ഭരണഘടന തയ്യാറാക്കിയ നേതാക്കള്‍ കണ്ട സ്വപ്നത്തിനു ഭീഷണി നേരിടുന്ന ഒരു സാമൂഹ്യ-രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലാണു നാം. അതിനാല്‍ത്തന്നെ ജനുവരി 25-ന് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുന്നു.

"ആഴമേറിയ സമുദ്രത്തില്‍ തുഴയുന്നതിനേക്കാള്‍ ദുഷ്കരമാണു നമ്മുടെ ഭാവിയിലേക്കുള്ള തുഴച്ചില്‍" എന്ന ടോള്‍ സ്റ്റോയിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ആനുകാലിക ഭാരതീയ സംഭവവികാസങ്ങള്‍. ഭാരതത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തന്നെയാണു ഭാരതത്തിന്‍റെ റിപ്പബ്ലിക് സ്വഭാവം നേരിടുന്ന പ്രധാന വെല്ലുവിളി.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അസാധാരണമാംവിധം വര്‍ദ്ധിച്ചുവരികയാണ് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായ ഇന്ത്യയില്‍. ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയിലെ മുന്‍നിരയിലേക്ക് ഇന്ത്യയില്‍ നിന്നുളളവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അതേ ഇന്ത്യയില്‍ത്തന്നെയാണു പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും ജോലിയില്ലായ്മയും വര്‍ദ്ധിച്ചുവരുന്നതും. സമൂഹത്തിന്‍റെ ഉന്നതിക്കുതകേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും സമൂഹത്തിന്‍റെ ബഹുഭൂരിപക്ഷത്തിന്‍റെയും നട്ടെല്ലൊടിക്കുന്നു; ശ്വാസം മുട്ടിക്കുന്നു; കുത്തക മുതലാളിമാര്‍ക്കു കൊഴുക്കാന്‍ അവ വളമാകുകയും ചെയ്യുന്നു. പതിനായിരം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തവനു ജപ്തിയും കോടികളുടെ വായ്പാ ബാദ്ധ്യത ഉണ്ടാക്കിയവനു നിയമപരിരക്ഷയും. ആധുനിക ഭാരതത്തിന്‍റെ റിപ്പബ്ലിക് സ്വഭാവത്തിന് ഇതൊരു കളങ്കം തന്നെ.

വിശ്വാസം ജീവിക്കുന്നതിനും വൈവിദ്ധ്യങ്ങളെ സംരക്ഷിക്കുന്നതിനും ആധുനികഭാരതത്തിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന ഭീഷണികള്‍ ഭാരതത്തിന്‍റെ റിപ്പബ്ലിക് സ്വഭാവം നേരിടുന്ന പ്രതിസന്ധികളാണ്.

അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സഭ ആഗോളതലത്തില്‍ പ്രത്യേകം സ്മരിക്കുന്ന മാസമാണു ജനുവരി. ഭാരതപൗരത്വം പേറുന്നവരായിരുന്നിട്ടും അഭയാര്‍ത്ഥിത്വത്തിന്‍റെയും കുടിയേറ്റ വംശത്തിന്‍റെയും വിലാസം പേറേണ്ട ദുര്യോഗം അനുഭവിക്കേണ്ടി വരുന്ന അനവധി ചെറു സമൂഹങ്ങളുണ്ട് ആധുനിക റിപ്പബ്ലിക് ഭാരതത്തില്‍. അര്‍ഹതയുള്ള ഇടങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം ചെറുസമൂഹങ്ങളുടെ നിലവിളി ഏറ്റെടുക്കാന്‍, അവയ്ക്ക് ഉത്തരം ഉണ്ടാക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.

ഭരണഘടന നിലവില്‍ വന്നതിനുശേഷം ആദ്യപ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തുകൊണ്ടു ഡോ. രാജേന്ദ്രപ്രസാദ് തന്‍റെ പ്രഥമ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ നമുക്കു ചാലകശക്തിയാണ്: "കാലം നമ്മോട് ഒരു പുനഃസമര്‍പ്പണം ആവശ്യപ്പെടുന്നു. നമ്മുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര സേനാനികളും സ്വപ്നം കണ്ട സന്തോഷവും സമാധാനവും നിറഞ്ഞതും വര്‍ഗരഹിതവുമായ ഒരു നവസമൂഹസൃഷ്ടിയുടെ സാക്ഷാത്കാരത്തിനായി വരൂ, നമുക്കു കൈകോര്‍ക്കാം."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org