ഇ ഡി യുടെ ഇലക്ഷന്‍

ഇ ഡി യുടെ ഇലക്ഷന്‍

ബി ജെ പി യുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മാറിയെന്ന പ്രതിപക്ഷാരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടല്‍ രാഷ്ട്രീയം. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റു ചെയ്ത് തീഹാര്‍ ജയിലിലടച്ച ഇ ഡി യുടെ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ സ്വേച്ഛാധിപത്യശൈലിയെന്ന വിമര്‍ശനം ഗൗരവമുള്ളതാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെയുള്ള കേസുകളില്‍ 95% പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നത് യാദൃച്ഛികമായി കരുതാനാകില്ല. കഴിഞ്ഞ ജനുവരി 31-ന് പ്രതിപക്ഷത്തെ മറ്റൊരു മുഖ്യമന്ത്രി ഹേമ ന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബി ജെ പിയിലെത്തിയാല്‍ ആരുടെയും അഴിമതിക്കറകള്‍ കഴുകി മാറ്റപ്പെടുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അശ്ലീലക്കാഴ്ചകള്‍ ജനാധിപത്യത്തിലെ പുതിയ നടപ്പു രീതിയാകുമ്പോള്‍, ഈ തിരഞ്ഞെടുപ്പു പോലും നേരത്തെ 'നിശ്ചയിച്ചുറപ്പിച്ച' ഗെയിമെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയാണെന്ന് തെളിയുന്നു. കേജരിവാളിന്റെ അറസ്റ്റിനെതിരെ അമേരിക്ക നടത്തിയ പ്രതികരണത്തെ ശക്തമായി നേരിട്ടത് രാജ്യത്തെ ഉപരാഷ്ട്രപതി നേരിട്ടായിരുന്നുവെന്നത് ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിച്ചു. ബി ജെ പിയുടെ പ്രതിപക്ഷ മുക്ത രാഷ്ട്രനിര്‍മ്മിതിയില്‍ ഉന്നതമായ ഭരണഘടനാപദവികള്‍ പോലും ദുരുപയോഗിക്കപ്പെടുന്ന അസാധാരണ സാഹചര്യം സമാനതകളില്ലാത്തതാണ്.

വേട്ടയാടല്‍ രാഷ്ട്രീയം ചില കേസുകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടികള്‍ തെളിയിക്കുന്നുണ്ട്. 2018-19 കാലയളവില്‍ നികുതി റിട്ടേണ്‍ നല്കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് പിഴയും പലിശയും ചേര്‍ത്ത് 210 കോടി അടയ്ക്കാനായിരുന്നു ആദായനികുതി വകുപ്പിന്റെ ഉത്തരവ്. തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ത്ത്, ആത്മവിശ്വാസം ചോര്‍ത്തി രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന അരാഷ്ട്രീയ അജണ്ടയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയെങ്കിലും ഇടപെട്ടില്ല. ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്നാണ് കോണ്‍ഗ്രസ് അനുകൂല വിധി നേടിയത്. നിഷ്പക്ഷമായി നേതൃത്വം നല്‌കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദിത്വപരമായ നിലപാടുകള്‍ നേരത്തെയും വാര്‍ ത്തയായിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള കമ്മീഷനംഗം അരുണ്‍ ഗോയലിന്റെ രാജി വിവാദമായിരുന്നു.

ഇതിനിടയില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രല്‍ ബോണ്ടിനെതിരെ സുപ്രീം കോടതി എടുത്ത ശക്തമായ നിലപാടുകള്‍ ജനാധിപത്യ ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളിലെ കള്ളപ്പണ സാധ്യതകള്‍ക്കെതിരായ കരുതല്‍ നീക്ക മായാണ് 2017-ല്‍ ഇലക്ട്രല്‍ ബോണ്ടിനെ ബി ജെ പി അവതരിപ്പിച്ചത്. നിലവിലെ നാലു നിയമങ്ങളില്‍ - കമ്പനി നിയമം, ആര്‍ ബി ഐ നിയമം, ജനപ്രാതിനിധ്യ നിയമം, നികുതി നിയമം - ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടുള്ള ബോണ്ട് നിര്‍ദേശം 2017-18 ബജറ്റിലെ പ്രധാന പദ്ധതിയായിരുന്നു.

ഇലക്ട്രല്‍ ബോണ്ടുപയോഗിച്ച് കണക്കില്ലാതെ പണമുണ്ടാക്കാനുള്ള അവസരം പ്രധാന പാര്‍ട്ടിയായ ബി ജെ പി ക്കു മാത്രം നല്കുന്ന വിധത്തിലായി രുന്നു നിയമ നിര്‍മ്മാണം. ബോണ്ട് സ്വീകരിക്കാനുള്ള യോഗ്യതയായി, നിശ്ചിത വോട്ട് ശതമാനം എന്ന കടമ്പ കടക്കാന്‍ അധികം പാര്‍ട്ടികള്‍ക്കായില്ല. ആര് ഏതു പാര്‍ട്ടിക്കു ബോണ്ട് കൈമാറി എന്നറിയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലാതിരുന്നതും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ഒന്നാന്തരം ഒളിയിടമൊരുക്കി. ലാഭ വിഹിതത്തിന്റെ 7.5 ശതമാനമേ കൊടുക്കാവൂ എന്ന നിബന്ധനയും ഇല്ലാതായതോടെ, വിദേശത്തു നിന്നുള്ള കള്ളപ്പണം പോലും വെളുപ്പിക്കാനുള്ള അനന്തസാധ്യതകളാണ് ബോണ്ട് തുറന്നിട്ടത്. വഴിവിട്ട് സമ്പാദിച്ച പണം കൊണ്ട് അനുകൂലമായ തീരുമാനങ്ങള്‍ ക്രമരഹിതമായി സ്വന്തമാക്കാന്‍ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്ന വലിയൊരു അഴിമതിയാണ് ഇലക്ട്രല്‍ ബോണ്ടെന്ന് പണം നല്കിയവരുടെ പരിമിതമായ ലിസ്റ്റ് വിളിച്ചു പറഞ്ഞു. അഴിമതിയെ ഇല്ലാതാക്കുകയല്ല, അതിനെ നൈയാമികമാക്കുകയാണ് ചെയ്തതെന്ന് ബോണ്ട് വിവാദം വെളിച്ചപ്പെടുത്തി.

ഇ ഡി അന്വേഷണം നേരിട്ട കമ്പനികള്‍ തന്നെയാണ് ബോണ്ടുകള്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടിയതെന്ന വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അഴിമതിയുടെ ഏജന്റുമാരാകുന്ന അസാധാരണ സാഹചര്യം രാഷ്ട്രത്തെ തന്നെയാണ് റദ്ദ് ചെയ്യുന്നത്.

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ദൂരം ഏതാനും ദിവസ ങ്ങളുടെ മാത്രമായിരിക്കെ, നിഷ്പക്ഷവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് സമ്മതിദായകരുടെ അടിസ്ഥാനാവകാശമാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ അപാകതകളെക്കുറിച്ചുള്ള ആക്ഷേപം രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി പല ഘട്ടങ്ങളില്‍ ഉന്നയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനങ്ങളില്‍ സ്വീകരിച്ച നടപടികളിലും കമ്മീഷനെതിരെ ഗൗരവമായ പരാതികളുണ്ട്. പ്രചാരണ വേദികളില്‍ 'കച്ചത്തീവിനെ' പ്പോലും ആയുധമാക്കുന്ന ബി ജെ പി ക്ക് ഒരു നോട്ടീസ് നല്കാന്‍ പോലും കമ്മീഷനായില്ല.

പതിനെട്ടാം ലോക്‌സഭയ്ക്കായുള്ള ഒരുക്കത്തില്‍ ജനാധിപത്യ വിശ്വാസികളുടെ നിതാന്ത ജാഗ്രതയാവശ്യമുണ്ട്. 146 എം പി മാരെയല്ല, പ്രതിപക്ഷ സ്വരത്തെ തന്നെയും സസ്‌പെന്‍ഡ് ചെയ്ത് നിശ്ശബ്ദമാക്കിയ സഭാചരിത്രം ആവര്‍ത്തിക്കപ്പെടണമോ? കുറഞ്ഞ സമയം കൊണ്ട് ചര്‍ച്ചകള്‍ കൂടാതെ കൂടുതല്‍ ബില്ലുകള്‍ പാസ്സാക്കിയ സഭയ്ക്ക് തുടര്‍ച്ചയുണ്ടാകണമോ? മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ 'കേരള സ്റ്റോറി'യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ? 'പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും' എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറു കണക്കിന് പള്ളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ലാം വിരുദ്ധതയെ വിഷയമാക്കണമോ? എല്ലാവരും ഇ ഡി പ്പേടിയിലാവുമ്പോള്‍ ഇടപെടല്‍ രാഷ്ട്രീയം ഇല്ലാതാകും. ചൂണ്ടുവിരലിലെ മഷിയടയാളം നാളത്തെ ജനാധിപത്യ മതേതര ഇന്ത്യയുടെ കൊടിയടയാളമാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org