
രാജ്യത്തെ സാമ്പത്തികപുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടി കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടെയും ഗണേശഭഗവാന്റെയും ചിത്രങ്ങള്‍ അച്ചടിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് മതേതരഭാരതം കേട്ടത്.
താനുന്നയിച്ച ആവശ്യം ആര്‍ക്കുമെതിരല്ലെന്നും വിനിമയ മൂല്യനിര്‍ണ്ണയത്തില്‍ ഡോളറിനോട് തുടര്‍ച്ചയായി തോറ്റുപോകുന്ന ഇന്ത്യന്‍ രൂപയെ ഉത്തേജിപ്പിക്കാന്‍ ഈശ്വരകടാക്ഷം കൂടിയേ തീരൂ എന്നും കേജ്‌രിവാള്‍ കത്തില്‍ വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്‍ഡോനേഷ്യയിലെ കറന്‍സി നോട്ടില്‍ ഗണേശഭഗവാന്റെ ചിത്രമുണ്ടെന്ന ന്യായവും തന്റെ വാദത്തെ ബലപ്പടുത്താന്‍ കേജ്‌രിവാള്‍ ഉപയോഗിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ചിത്രം മാറ്റാതെതന്നെ കറന്‍സിയുടെ മറുഭാഗത്താണ് ദൈവചിത്രങ്ങള്‍ ചേര്‍ക്കേണ്ടത് എന്നാണ് കേജ്‌രിവാളിന്റെ 'സാമ്പത്തിക നയം.'
കേജ്‌രിവാളിന്റെയും എ എ പിയുടെയും 'വൃത്തികെട്ട ഹിന്ദുത്വ വിരുദ്ധ മുഖം' മറയ്ക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമായിട്ടാണ് ഈ പ്രസ്താവനയെ ബി ജെ പി വിലയിരുത്തിയത്. ഗുജറാത്തിലുള്‍പ്പെടെ ആസന്നമാകുന്ന നിയമ സഭാ തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവച്ചാണ് 'അഭിനവ ഹിന്ദു'വായുള്ള കേജ്‌രിവാളിന്റെ അവതരണമെന്ന് കോണ്‍ഗ്രസ്സും കുറ്റപ്പെടുത്തി.
2011-ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ ക്യാപയിന്റെ (കിറശമ അഴമശിേെ ഇീൃൃൗുശേീി) ഉപോത്പന്നമാണ് 2012-ല്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി. 2013-ലെ ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആദ്യമായി മത്സരിച്ചു. 70-ല്‍ 28 സീറ്റ് നേടി. ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കി കേജ്‌രിവാള്‍ മുഖ്യമന്ത്രിയായെങ്കിലും 'ജന ലോക്പാല്‍' ബില്‍ പാസ്സാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജിവച്ചു. 2014-ലെ ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ പഞ്ചാബില്‍ 4 സീറ്റുകള്‍ നേടി ഡല്‍ഹിക്ക് പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം ആദ്യമായി അറിയിച്ചു. 2015-ലെ ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ എഎപി 70-ല്‍ 67 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തി. വെള്ളവും വൈദ്യുതിയും സാധാരണക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ജനകീയ നടപടികളിലൂടെ രാജ്യശ്രദ്ധ നേടി. 2020-ലെ തെരഞ്ഞെടുപ്പില്‍ 62 സീറ്റോടെ വീണ്ടും അധികാരം നിലനിര്‍ത്തി. ഇതിനിടയില്‍ 2022 ഫെബ്രുവരിയില്‍ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയത് സമാനതകളില്ലാത്ത നേട്ടമായി.
വളരെച്ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ രണ്ട് സംസ്ഥാനങ്ങളുടെ ഭരണച്ചുമതല, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായ ക സാന്നിധ്യം എന്നീ നിലകളില്‍ വേഗത്തില്‍ വളരുന്ന രാഷ്ട്രീയ പ്രസ്ഥാനമായി എ എ പി മാറിക്കഴിഞ്ഞു. എന്നാല്‍ രൂപീകരണ കാലം മുതല്‍ നയങ്ങളിലും നിലപാടുകളിലും സംഘപരിവാറിന്റെ ബി ടീം എന്ന ആക്ഷേപം പാര്‍ട്ടിയെ വിടാതെ പിന്തുടരുന്നുണ്ട്. ഇടതു വലതു രാഷ്ട്രീയ പരിപാടികള്‍ക്കിടയില്‍ രാജ്യ ത്തെ മധ്യവര്‍ത്തി സമൂഹത്തിന്റെ താത്പര്യസംരക്ഷണത്തിനുള്ള സുരക്ഷിത യിടമെന്ന നിലയിലാണ് എ എ പി സ്വന്തം രാഷ്ട്രീയ സ്വത്വത്തെ അടയാളപ്പെടുത്താനാഗ്രഹിക്കുന്നതെങ്കിലും ഹിന്ദുത്വ അജണ്ട തരംപോലെ ഉപയോഗിക്കുന്നുവെന്ന പരാതിക്കു സാധൂകരണമായി മാറുകയാണ് പാര്‍ട്ടി കണ്‍വീനറുടെ ഏറ്റവും പുതിയ സാമ്പത്തിക വെളിപാട്. ഭൂരിപക്ഷ മതചിഹ്നങ്ങളെ മറയില്ലാതെ അണിഞ്ഞും അവതരിപ്പിച്ചും നേരത്തെ തന്നെ കേജ്‌രിവാള്‍ തെരഞ്ഞെടുപ്പ് യുദ്ധം നയിച്ചിട്ടുണ്ട്. ഏകവ്യക്തിനിയമം നടപ്പാക്കണമെന്നുതന്നെയാണ് കേജ്‌രിവാളിന്റെ പ്രഖ്യാപിത നിലപാട്. ഏറ്റവും ഒടുവില്‍ ബി ജെ പിയെപ്പോലും ഞെട്ടിച്ചുകൊണ്ട് മതതീവ്രബോധത്തെ രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങ ളിലേക്ക് കൂടി കേജ്‌രിവാള്‍ കലര്‍ത്തി നല്കിയതിലൂടെ ഇന്ത്യന്‍ ജനാധിപത്യ അടിത്തറയിലെ അടിസ്ഥാന വൈരുദ്ധ്യം ഒരിക്കല്‍ക്കൂടി മറനീക്കി വരികയാണ്.
ഭരണഘടനാ അസംബ്ലി ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് അംബേദ്ക്കര്‍ പറഞ്ഞതിങ്ങനെ, ''ഇന്ത്യയിലെ ജനാധിപത്യത്തിന് അടിയുറപ്പില്ല. അത്, രാഷ്ട്രീയ ഭൂരിപക്ഷത്തെ വര്‍ഗ്ഗീയ ഭൂരിപക്ഷം കൊണ്ട് പകരം വയ്ക്കാവുന്ന സാധ്യത ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അത് ജനാധിപത്യത്തിന്റെ അന്ത്യമാണ്. കാരണം പൊളിറ്റിക്കല്‍ മെജോറിറ്റി എപ്പോഴും അസ്ഥിരമാണ്. ആളുകള്‍ക്ക് അതില്‍ പ്രവേശനമുണ്ട്. പുറത്തു കടക്കാം, അകത്ത് കയറാം. അങ്ങനെ അതിന്റെ ഭൂരിപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ കഴിയും. എന്നാല്‍ കമ്മ്യൂണല്‍ മജോറിറ്റിയില്‍ ഇതൊന്നും സാധ്യമല്ല. അത് സ്ഥിരമാണ്. അത് ആളുകളെ പുറത്താക്കുന്നതാണ്. അകത്തേക്ക് ഉള്‍ക്കൊള്ളുന്നതല്ല. അത് വര്‍ഗ്ഗീ യ ഭൂരിപക്ഷത്തിന്റെ സവിശേഷ സ്വഭാവമാണ്. ഇത് ഫലത്തില്‍ ജനാധിപത്യത്തിന് എതിരാണ്.''
ജനാധിപത്യം ഭൂരിപക്ഷാധിപത്യം മാത്രവും, മതവും ജാതിയും അതിലെ അതിനിര്‍ണ്ണായക ഘടകവുമെന്ന ആന്തരിക വൈരുദ്ധ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആധുനികാപചയമാകുമ്പോള്‍ അംബേദ്ക്കറിലെ ദീര്‍ഘദര്‍ശിത്വം സത്യമാവുകയാണ്.
ഒരു നിയമം (ഏകീകൃത സിവില്‍കോഡ്), ഒരു ഭാഷ, ഒരു മതം, ഒരു പൊലീസ് എന്നിങ്ങനെ ഐകരൂപ്യത്തെ ഐക്യത്തിന്റെ ഏകകമാക്കുന്ന ഭൂരിപക്ഷ മതബോധധാരകള്‍ അനുദിനം മേല്‍ക്കൈ നേടുന്ന പുതിയ കാലത്ത്, പൊതു കറന്‍സിപോലുള്ള അവശേഷിക്കുന്ന മതേതരയടയാളങ്ങള്‍ കൂടി അനാവശ്യമാണെന്ന അഭിപ്രായം അനുചിതം എന്നല്ല, അങ്ങേയറ്റം അപകടകരവുമാണ്.
മതാത്മക ദേശീയത എന്ന സങ്കല്പത്തെ അടിമുടി നിരാകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ദേശീയത നിലനില്‍ക്കുന്നത്. ഇന്ത്യ എന്ന ദേശ നാമം പ്രതിനിധീകരി ക്കുന്നതും മതനിരപേക്ഷതയിലധിഷ്ഠിതവും, സാമൂഹിക നീതിയെ ലക്ഷീകരിക്കുന്നതും ജനാധിപത്യ സ്വഭാവം ഉള്‍ക്കൊള്ളുന്നതുമായ ദേശീയതയെ മാത്രമാണ്.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിതന്നെ ഭൂരിപക്ഷ മതചിഹ്നങ്ങളെ ഔദ്യോഗികമാക്കാന്‍ ആവേശംകൊള്ളുമ്പോള്‍ പുരോഗമനപാര്‍ട്ടിയെന്ന് മേനി നടിക്കുന്ന എ എ പിയെപ്പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതുതന്നെ ആവര്‍ത്തിക്കുന്നിടത്ത് ജനാധിപത്യ മതേതര ഭാരതം വെറും ആശയം മാത്രമായി അവശേഷിക്കമോ എന്ന ഭയമുണ്ട്. ജനാധിപത്യം സാങ്കേതികം മാത്രമാകാതെ സാര്‍വ്വത്രികമാകുന്ന സാഹചര്യത്തിലേക്ക് ഇന്ത്യയെ തിരികെയെത്തിക്കാന്‍ പ്രതിപക്ഷ ഐക്യനിര ശക്തമാകുമോ എന്നാണറിയേണ്ടത്. കറന്‍സിയിലെ കയ്യേറ്റശ്രമം ഈ നിരയില്‍ അവസാനത്തേതാകട്ടെ.