വിഭജിച്ചു നേടുന്ന വിജയം ശാശ്വതമല്ല

editorial Victory achieved through division is not lasting.
Published on: 
സാമൂഹിക മനഃശാസ്ത്രത്തിൽ Scapegoating എന്ന പദം ഉപയോഗിക്കാറുണ്ട്. ട്രംപിന്റെ രാഷ്ട്രീയശൈലിയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണത്.

ജനാധിപത്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനെക്കാൾ എളുപ്പമാണ് ഭിന്നിപ്പിക്കാൻ. മതത്തിന്റെ പേരിൽ, വംശത്തിന്റെ പേരിൽ, കുടിയേറ്റത്തിന്റെ പേരിൽ, ദേശീയതയുടെ പേരിൽ മനുഷ്യർക്കിടയിൽ മതിലുകൾ സ്ഥാപിക്കാം. ഭയവും സംശയവും വളർത്താം. ഒരു വിഭാഗത്തിന്റെ ആശങ്കകളെ മറ്റൊരു വിഭാഗത്തിനെതിരായ പ്രചരണായുധമായി മാറ്റാം. അതിന് രാഷ്ട്രീയനേട്ടങ്ങളും ഉണ്ടാകാം. എന്നാൽ വിദ്യാഭ്യാസവും രാഷ്ട്രീയബോധവും ജനാധിപത്യാനുഭവവുമുള്ള ഒരു സമൂഹത്തിൽ ഭിന്നിപ്പിനെ മാത്രം ആശ്രയിച്ച് അധികാരം നിലനിർത്താനാവില്ല. അമേരിക്കയിലെ ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് തിരിച്ചടിയെ വായിക്കേണ്ടത് ഈ ജനാധിപത്യപാഠത്തിന്റെ പശ്ചാത്തലത്തിലാണ്.

2026 നവംബർ 3-ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിടേണ്ടിവന്നത് ചരിത്രപരമായ തിരിച്ചടിയാണ്. ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടി. ലാറ്റിനോ വോട്ടർമാർ, യുവാക്കൾ, കറുത്തവർഗക്കാരായ പുരുഷന്മാർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ റിപ്പബ്ലിക്കൻ പിന്തുണ കുറഞ്ഞു. ടെക്സസ്, സൗത്ത് കരോലിന, കാൻസസ് തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ സ്വാധീനമേഖലകളിൽപ്പോലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം ഉണ്ടായി.

ജർമ്മൻ സാമൂഹികചിന്തകനായ യൂർഗൻ ഹാബർമാസ് പൊതുമണ്ഡല (Public Sphere) ത്തെ ക്കുറിച്ച് പറയുന്നുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവർക്ക് യുക്തിപൂർവം സംവദിക്കാനും പൊതുനന്മയെക്കുറിച്ച് തീരുമാനങ്ങളിലെത്താനും കഴിയുന്ന ഇടമാണ് ജനാധിപത്യസമൂഹം. അവിടെ എതിരാളിയുടെ ശബ്ദം ഇല്ലാതാക്കേണ്ടതല്ല; കേൾക്കേണ്ടതാണ്.

ട്രംപിന്റെ പരാജയത്തെ ഡെമോക്രാറ്റുകളുടെ വിജയം എന്നതിലുപരി അമേരിക്കൻ സമൂഹത്തിലെ ഒരു രാഷ്ട്രീയ-സാംസ്കാരിക തിരുത്തലായി കാണാം.

ട്രംപിന്റെ യുദ്ധവെറിയും ശൈലികളും മൂലം ജനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ചാണ് കൂടുതൽ ചിന്തിച്ചത്. ജീവിതച്ചെലവിലെ വർധന, ഇന്ധനവില, യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, ഭരണത്തിലെ അഴിമതി ആരോപണങ്ങൾ എന്നിവ ജനങ്ങൾ ഗൗരവമായി എടുത്തു. ജനങ്ങളുടെ യഥാർഥ ജീവിതപ്രശ്നങ്ങൾക്കു പകരം സാംസ്കാരിക യുദ്ധങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്കുന്ന രാഷ്ട്രീയം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് കരുതേണ്ടിവരും.

സാമൂഹിക മനഃശാസ്ത്രത്തിൽ Scapegoating എന്ന പദം ഉപയോഗിക്കാറുണ്ട്. ട്രംപിന്റെ രാഷ്ട്രീയശൈലിയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണത്. സാമ്പത്തിക പ്രതിസന്ധികൾക്കും തൊഴിലില്ലായ്മയ്ക്കും സാംസ്കാരിക അരക്ഷിതാവസ്ഥയ്ക്കും ഒരു പ്രത്യേക വിഭാഗത്തെ, ചില രാജ്യങ്ങളെ ഉത്തരവാദികളാക്കുന്ന പ്രവണത. സ്വന്തം പ്രശ്നങ്ങൾക്ക് കാരണക്കാരായി ചിലരെ പൊള്ളയായി വാർത്തെടുക്കുന്ന ശൈലി. എന്നാൽ യഥാർഥ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരും. ഭിന്നിപ്പിനെ രാഷ്ട്രീയ മൂലധനമാക്കുന്ന തന്ത്രത്തിന് ഒരു പരിധിയുണ്ടെന്നും ജനാധിപത്യസമൂഹത്തിന്റെ സാമൂഹികബോധത്തെ നിരന്തരം അവഗണിക്കാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി റോസ് ഡൗത്ത് നവംബർ 6-നു നടത്തിയ ഒരു അഭിമുഖം ഉണ്ട്. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചതിനുശേഷം ഡൗത്ത് ചോദിച്ചു: സ്വർഗത്തിൽ പ്രവേശിക്കാൻ ശത്രുക്കളോട് ക്ഷമിക്കേണ്ടി വന്നാൽ അതിനു കഴിയുമോ? ദൈവത്തിന്റെ ന്യായാസനത്തിനു മുന്നിൽ നിൽക്കുമ്പോഴും ഈ നിലപാട് തുടരുമോ? ചിലരോട് തനിക്ക് വെറുപ്പാണെന്നും അവരോട് ഒരിക്കലും ക്ഷമിക്കാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി. വ്യക്തിജീവിതത്തിലോ രാഷ്ട്രീയജീവിതത്തിലോ എതിരാളികളോട് സൂക്ഷിക്കുന്ന നിലപാടുകൾ നിർണ്ണായകമാണ്.

ഒരു തിരഞ്ഞെടുപ്പിലെ പരാജയം ഒരു സ്ഥാനാർഥിയുടെ വ്യക്തിപരമായ പരാജയം മാത്രമല്ല. അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ രാഷ്ട്രീയശൈലിയെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ കൂടിയാണ്. പ്രത്യേകിച്ച്, രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി ചിത്രീകരിക്കുകയും സാമൂഹികമായ വൈവിധ്യങ്ങളെ ദേശീയ ഐക്യത്തിന് ഭീഷണിയായി അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന് ജനാധിപത്യത്തിൽ എത്രത്തോളം ആയുസ്സുണ്ടെന്ന ചോദ്യവും അത് ഉയർത്തുന്നു.

വിദ്യാഭ്യാസം മനുഷ്യനെ ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുന്നു. ജനാധിപത്യാനുഭവം അധികാരത്തെ വിമർശനാത്മകമായി വിലയിരുത്താനും. അതുകൊണ്ടുതന്നെ ജനങ്ങളെ എന്നും ഭയത്തിന്റെ അന്തരീക്ഷത്തിൽ നിർത്തി രാഷ്ട്രീയമായി നിയന്ത്രിക്കാമെന്ന ധാരണ ദീർഘകാലം നിലനിൽക്കില്ല. ഒരു സമൂഹത്തിന്റെ വൈവിധ്യങ്ങളെ അതിന്റെ ദൗർബല്യമായി കാണുന്ന നേതൃത്വം ആ സമൂഹത്തിന്റെ യഥാർഥ ശക്തിയെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയാണ്.

ഇത് അമേരിക്കയുടെ മാത്രം പാഠമല്ല. മതം, ജാതി, വംശം, ഭാഷ, ദേശീയത തുടങ്ങിയവയുടെ പേരിൽ ജനങ്ങളെ വിഭജിച്ച് തിരഞ്ഞെടുപ്പിൽ വിജയം നേടാമെന്നു കരുതുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ യാഥാർഥ്യം മനസ്സിലാക്കണം. ഭിന്നിപ്പിലൂടെ ഭൂരിപക്ഷം സൃഷ്ടിക്കാം; എന്നാൽ പരസ്പര വിശ്വാസമുള്ള ഒരു രാഷ്ട്രം നിർമ്മിക്കാനാകുമോ? വിദ്വേഷപ്രചരണം വോട്ട് നേടിത്തരുമായിരിക്കാം. എന്നാൽ അതിലൂടെ സാമൂഹിക ഐക്യം രൂപപ്പെടുന്നത് എങ്ങനെയാണ്? സാമൂഹിക ഐക്യമില്ലാതെ രാഷ്ട്രപുരോഗതി സാധ്യമാണോ?

ട്രംപിന്റെ തിരഞ്ഞെടുപ്പു തിരിച്ചടി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അന്തിമവിധിയാണെന്ന് ഇപ്പോൾ പറയാനാവില്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ശൈലിയുടെ സ്വാധീനം അവസാനിച്ചിട്ടില്ല. എന്നാൽ ഈ തിരഞ്ഞെടുപ്പ് ഒരു മുന്നറിയിപ്പാണ്: ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം നല്കാതെ ശത്രുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാത്രം അധികാരം നിലനിർത്താനാവില്ല. രാഷ്ട്രീയത്തിന്റെ യഥാർഥ വിജയം എത്ര വ്യത്യസ്തരായ മനുഷ്യരെ ഒരുമിച്ച് നിർത്താൻ കഴിയുന്നു എന്നത് തന്നെയാവും.