
ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിലവതരിപ്പിച്ചു കൊണ്ട് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍! ആദ്യത്തേത് വധശിക്ഷയുമായി ബന്ധപ്പെട്ട് വിചാരണക്കോടതികള്‍ക്കുള്ള നിര്‍ദ്ദേശമെങ്കില്‍, രണ്ടാമത്തേത് ലൈംഗികത്തൊഴിലിന്റെ നിയമസാധുതയെ സംബന്ധിച്ചായിരുന്നു.
വിചാരണക്കോടതികള്‍ പലപ്പോഴും വധശിക്ഷ വിധിക്കുന്നത് പകവീട്ടും പോലെയാണെന്നും, പ്രതിയുടെ കുടുംബപശ്ചാത്തലമുള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം വിധി പറയാനെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഉന്നത നീതിപീഠം വ്യക്തമാക്കി.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഷണശ്രമത്തിനിടെ 3 സ്ത്രീകളെ കൊലെപ്പടുത്തിയ കേസില്‍ മൂന്നു പേരുടെ വധശിക്ഷ ജീവപരന്ത്യം തടവായി കുറച്ചുകൊണ്ട് ജസ്റ്റീസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു ഈ സുപ്രധാനവിധി.
പ്രതിയുടെയും കുടുംബത്തിന്റെയും ക്രിമിനല്‍, വിദ്യാഭ്യാസ സാമ്പത്തിക പശ്ചാത്തലം എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് നല്കണം. കുറ്റകൃത്യം നടത്താനിടയായ സാഹചര്യത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലിന് ഇത്തരം വിവരശേഖരണം പ്രധാനപ്പെട്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജയിലിലെ പ്രതിയുടെ പെരുമാറ്റവും തടവുകാലത്തെ മാനസികാരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടും വിധി പ്രഖ്യാപനത്തില്‍ നിര്‍ണ്ണായകമാക്കണം. മാനസാന്തരത്തിലേക്ക് നയിക്കാനിടയുള്ള സൂചനകള്‍ ജയിലില്‍ ആയിരുന്ന വേളയില്‍ പ്രതിക്കുണ്ടായോ എന്ന അന്വേഷണവും അന്തിമ തീരുമാനത്തില്‍ പ്രധാനപ്പെട്ടതാകണം. പ്രതിയുടെ പ്രായം, മാനസിക-വൈകാരിക സാഹചര്യങ്ങള്‍ എന്നിവയും പഠനാര്‍ഹമാകണം. പ്രതി സമൂഹത്തിന് ഗൗരവമായ ഭീഷണിയല്ലെങ്കില്‍ പുനരധിവാസ സാധ്യതകള്‍ കൂടി പരിഗണനാര്‍ഹമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്.
പകരത്തിനു പകരമെന്നത് പ്രാകൃതരീതിയാണ്. അതിനെ നീതിയുമായി അനാവശ്യമായും അവിശുദ്ധമായും ബന്ധപ്പെടുത്തുമ്പോള്‍ വധശിക്ഷ വൈരശിക്ഷയായി മാറാമെന്ന അപകടത്തെക്കുറിച്ചാണ് കോടതിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. കുറ്റകൃത്യങ്ങള്‍ സാമൂഹ്യ ദുരന്തമാണെന്നുറപ്പിക്കാനും ഓര്‍മ്മിപ്പിക്കാനും ശിക്ഷാ നടപടികള്‍ അനിവാര്യമാണ്. കുറ്റകൃത്യം തടയാന്‍ അത് ഒരു പരിധിവരെ സഹായകവുമാണ്. എന്നാല്‍ കുറ്റത്തിന്റെ ക്രൂരതയ്ക്ക് ആനുപാതികമായ ശിക്ഷ തന്നെ പ്രതിക്ക് നല്കണമെന്ന ശാഠ്യം വധശിക്ഷപോലുള്ള പരമമായ ശിക്ഷയെ എപ്പോഴും അനിവാര്യമാക്കുന്നുണ്ടോ എന്ന പരിശോധന അവധാനതയോടെ നടത്തണമെന്നാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.
വധശിക്ഷയെ ശിക്ഷയായി കണക്കാക്കുന്ന അപൂര്‍വ്വം ജനാധിപത്യ രാജ്യങ്ങളുെട പട്ടികയില്‍ ഇപ്പോഴും ഭാരതമുണ്ട്. 108 രാജ്യങ്ങള്‍ ഈ ശിക്ഷാരീതി പൂര്‍ണ്ണമായും അവസാനിപ്പിച്ചു. 'കൊന്നവനെയും കൊല്ലണ്ടേ' എന്ന വൈകാരിക ക്ഷോഭത്തിന്റെ പ്രാകൃത നിര്‍വ്വഹണം മാത്രമാണിതെന്നതാണ് സത്യം. കുറ്റവാളിയെ ഒന്നും പഠിപ്പിക്കാതെ നിത്യമായി അവസാനിപ്പിക്കുന്ന ഈ രീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണ് വാസ്തവം.
ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമല്ലെന്നും അതില്‍ ഏര്‍പ്പെടുന്നവരെ തടയരുതെന്നും പ്രഖ്യാപിച്ചുകൊണ്ട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് പൊതുസമൂഹത്തില്‍ ഈയിടെ ചര്‍ച്ചയായ മറ്റൊരു ഇടപെടല്‍.
നേരത്തെ, 2016-ല്‍ ലൈംഗികത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീംകോടതി തന്നെ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകളിന്മേലാണ് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബഞ്ചിന്റെ ഈ സുപ്രധാന നിര്‍ദ്ദേശം.
ലൈംഗികത്തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ നല്കണമെന്നാണ് അതില്‍ പ്രധാനം. പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളിയുടെ പൂര്‍ണ്ണ സമ്മതത്തോടെ ചെയ്യുന്ന തൊഴിലില്‍ പോലീസ് ഇടപെടല്‍ പാടില്ല. അവരുടെ കുട്ടികളെ അവരില്‍ നിന്നും വേര്‍പെടുത്തരുത്. ലൈംഗികത്തൊഴിലിന്റെ നിയമസാധുതയെ ഉറപ്പിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.
ശരീരം വില്‍ക്കുന്ന ലൈംഗികത്തൊഴിലിന് നിയമപരിരക്ഷ നല്കാനൊരുങ്ങുന്ന സുപ്രീം കോടതി ചൂഷിത സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് ആത്മാര്‍ത്ഥമായി പ്രവേശിച്ചുവോ എന്ന പ്രശ്‌നമുണ്ട്. സ്ത്രീകള്‍ക്കിടയിലെ നിരക്ഷരതയും, തൊഴിലില്ലായ്മയും, ദാരിദ്ര്യവുമാണ് ഇത്തരം അമാന്യമായ തൊഴിലിടങ്ങളിലേക്ക് അവരെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയയ്ക്കുന്നതെന്ന അടിസ്ഥാന വസ്തുതയെ പരിഗണിക്കാതെ, ഇപ്പോള്‍ അവര്‍ എത്തിപ്പെട്ടിരിക്കുന്ന, അടിമത്തതൊഴിലിനെ ന്യായീകരിച്ചും, സാധൂകരിച്ചും ഉത്തരവിറക്കുമ്പോള്‍, സ്ത്രീ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കോടതിപോലും നല്കുന്ന പിന്തുണയെന്തെന്ന് സംശയിച്ചുപോകുന്നു.
ഉടല്‍ വിറ്റുപോകുന്ന വിപണിയെ ടൂറിസം സാധ്യതയാക്കി മാറ്റിയ മറ്റ് രാജ്യങ്ങളിലെ അന്തസ്സുകെട്ട 'സ്ത്രീസ്വാതന്ത്ര്യം' നമ്മുടെ സംസ്‌കാരത്തിന് തല്ക്കാലം അപരിചിതമാണ്. എന്നാല്‍ അതിനെ നിയമപരമാക്കി നിലനിര്‍ത്താനുള്ള പുതിയ നിര്‍ദ്ദേശം ഉന്നത നീതിപീഠത്തിന്റേതാകുമ്പോള്‍ നിസ്സഹായരാകുന്നത് ഇവിടെ ദാരിദ്ര്യത്തില്‍ത്തുടരുന്ന സ്ത്രീലക്ഷങ്ങളാണ്. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ മാനം വിറ്റ് ജീവിക്കുന്ന പാവപ്പെട്ടവരെ സംരക്ഷിക്കാനും പുനഃരധിവസിപ്പിക്കാനുമുള്ള നിയമനിര്‍ദ്ദേശങ്ങളാണ് വേണ്ടത്. ആ നിര്‍ദ്ദേശങ്ങളെ ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരും. ലൈംഗികത്തൊഴിലിന്റെ നിയമസാധൂകരണം പ്രശ്‌നപരിഹാരമല്ല; ഒന്നാന്തരം ഒളിച്ചോട്ടമാണ്.
മനുഷ്യാന്തസ്സിന്റെ മഹത്വത്തെ മറന്നുപോകുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. പകയോടെ വധശിക്ഷയെ ന്യായീകരിക്കുമ്പോഴും, പോലീസ് കാവലില്‍ ശരീ രം വില്പനയ്ക്ക് വയ്ക്കുമ്പോഴും നഷ്ടപ്പെടുത്തുന്നത് മനുഷ്യത്വ മഹാത്മ്യ വും മാന്യമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശവുമാണ്. ഈ അവകാശസംരക്ഷണത്തിനാകണം ഇവിടെ കോടതിയും, നിയമവും, സര്‍ക്കാരും.