നിലപാടോ നിലനില്‌പോ?

നിലപാടോ നിലനില്‌പോ?
Published on

2023 ജനുവരി 2-ന് ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ തകര്‍ക്കപ്പെട്ട കത്തോലിക്കാ ദേവാലയം ക്രൈസ്തവ ന്യൂനപക്ഷ വേട്ടയുടെ സമകാലിക സാക്ഷ്യമായിത്തുടരുമ്പോള്‍, മതേതര ഭാരതത്തിന്റെ മുഖത്തേറ്റ മാരകമുറിവായി ഉത്തരവാദിത്തപ്പെട്ടവര്‍ പോലും അതിനെ മനസ്സിലാക്കാത്തത് സങ്കടകരമാണ്.

ഇത് ഒറ്റപ്പെട്ട സംഭവമായി അവതരിപ്പിച്ച് ഒഴിഞ്ഞുമാറുന്നവര്‍ മറന്നുപോകുന്ന ചില കണക്കുകളുണ്ട്. 2022 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം 302 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ല്‍ മാത്രം ഇത് 505 ആയിരുന്നു. ക്രൈസ്തവര്‍ക്കെതിരായുള്ള അക്രമപരമ്പരകള്‍ ക്കെതിരെ ബാംഗ്‌ളൂര്‍ ആര്‍ച്ചുബിഷപ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കോടതിയിടപെടല്‍ അനിശ്ചിതമായി നീളുന്നതിനിടയിലാണ് നാരായണ്‍പൂരിലെ ബംഗ്ലാപ്പാറയില്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തത്. 50 വര്‍ഷം പഴക്കമുള്ള പള്ളി 5 വര്‍ഷം മുമ്പാണ് പുതുക്കിപ്പണിതത്. സംഘടിച്ചെത്തിയ നൂറു കണക്കിന് അക്രമികളുടെ ആള്‍ക്കൂട്ടാക്രമത്തില്‍ നിന്നും വൈദികരും സിസ്റ്റേഴ്‌സും വിദ്യാര്‍ത്ഥികളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മതപരിവര്‍ത്തനാരോപണമുന്നയിച്ചായിരുന്നു അക്രമപരമ്പരകള്‍.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആയിരത്തോളം ക്രിസ്ത്യാനികള്‍ക്ക് ഇവിടെ ഭീഷണിഭയന്ന് നാടുവിടേണ്ടി വന്നു. നാരായണ്‍പൂര്‍ പരിസരം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. ആദിവാസി ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള ആര്‍ എസ് എസിന്റെ ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ഈ അതിക്രമങ്ങള്‍ എന്ന് വ്യക്തമാണ്.

പട്ടാപ്പകല്‍ നടന്ന ഈ ആസൂത്രിതാതിക്രമത്തെ നിസ്സാരവല്‍ക്കരിക്കുന്ന നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഭാരത് ജോ ഡോ യാത്രാ പരിപാടിയിലൂടെ വിഭാഗീയതയ്‌ക്കെതിരെ നടപ്പ് തുടരുന്ന രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലെ ഈ അതിക്രമത്തെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്തത് എന്തുകൊണ്ടാണ്? മൃദുഹിന്ദുത്വ നിലപാടുമായി ഹൈന്ദവ വോട്ടുകളെ ഏകീകരിക്കാനാവുമെന്ന പഴകിപ്പൊളിഞ്ഞ അടവുനയവുമായാണ് അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള 'ജോഡോ' യാത്രയെങ്കില്‍ ഭാരതത്തിന്റെ മതേതര മനസ്സ് അതിനൊപ്പമില്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. 2024 -ലെ പൊതു തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മ്മാണ നേട്ടത്തെ വലിയ വിജയാഘോഷാവസരമായി ബി ജെ പി കൊണ്ടാടാനൊരുങ്ങുമ്പോള്‍, തിലകവും ത്രിവര്‍ണ്ണവും കൂട്ടിച്ചേര്‍ത്തുള്ള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ അതിന് മതിയാകാതെ വരുമെന്നുറപ്പാണ്. മതേതരത്വം പ്രസംഗിച്ചാല്‍പ്പോരാ പ്രവൃത്തിയിലും വേണം.

ന്യൂനപക്ഷത്തിലെ ഒരു പ്രത്യേക വിഭാഗത്തിനു നോവുമ്പോള്‍ മാത്രം 'നോമ്പെടു'ക്കുന്ന ഇടതുപക്ഷ നേതാക്കളും ഛത്തീസ്ഗഡിലെ അതിക്രമങ്ങള്‍ അറിഞ്ഞമട്ടില്ല. കേരളത്തില്‍ എങ്ങനെയും വികസനം കൊണ്ടുവരാനുള്ള വെപ്രാളത്തില്‍ അത് വിട്ടുപോയതാകാനാണ് സാധ്യത. പലവട്ടം തയ്യാറാക്കിയിട്ടും അബദ്ധങ്ങളുടെ അപചയചിത്രമായി ബഫര്‍സോണ്‍ ഭൂപടം തുടരുകയുമാണ്. കുത്തകകള്‍ക്ക് തീരം തീറെഴുതിക്കൊടുത്തും, നാട്ടിലേക്ക് കയറുന്ന കാടിനെ കണ്ടില്ലെന്നു നടിച്ചും 'എല്ലാം ശരിയാക്കി' രണ്ടാം പിണറായി സര്‍ക്കാര്‍ മന്നേറുമ്പോള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി മുന്നോട്ട് നീങ്ങാനാകാതെയാണ് കേരളം. 'വിഷ' വിവരപ്പട്ടിക തൂക്കിയ ഹോട്ടലുകള്‍ അന്നംമുടക്കി നില്‍ക്കുമ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. വിവാദം വിഴുങ്ങി വെറുപ്പ് വിസര്‍ജിക്കുന്ന മലയാളിയുടെ വിഷാതുര മനസ്സ് ഇക്കുറി അതിനുള്ള 'ഇടം' തേടി കലോത്സവത്തിന്റെ കലവറയിലുമെത്തി എന്നതാണ് പുതിയ സങ്കടം.

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധം എന്നു പറയാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. തീവ്ര മതബോധത്താല്‍ മദം പൊട്ടിനില്‍ക്കുന്നവരുടെ മനസ്സില്‍ വീണ്ടും വര്‍ഗീയതയുടെ വിഷമിറ്റിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരും അത്തരം വ്യക്തികളെ സാമൂഹ്യവിരുദ്ധരായി തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ കഴിയുന്ന മതേതര ബോധമുള്ള സാമൂഹ്യാന്തരീക്ഷവും ശക്തിപ്പെടണം. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ആരംഭിച്ച ചെ റുതും വലുതുമായ അക്രമപരമ്പരകളുടെ തുടര്‍ച്ചയാണ് നാരായണ്‍പൂരിലെ പള്ളിയാക്രമണം. നിസ്സംഗതയുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നികൃഷ്ടവും നിഷ്ഠൂരവുമായി മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഇതിനിടയില്‍ പ്രൊട്ടസ്റ്റന്റ് സഭകളുടെ 'വിവേക'രഹിതമായ സുവിശേഷ പ്രഘോഷണങ്ങളുടെ അനന്തരഫലമാണ് ഇത്തരം അക്രമങ്ങള്‍ എന്ന് പരിതപിക്കുന്ന 'ഉത്തമ' കത്തോലിക്കരുടെ കമന്റുകളും കണ്ടു. ഇഷ്ടമതം പ്രഘോഷിക്കാനും തിരഞ്ഞെടുക്കാനുമുള്ള അനുവാദവും അവകാശവും ഭരണഘടനാ ബാധ്യതയായ ഒരു രാജ്യത്ത് മതപരിവര്‍ത്തനം മഹാ അപരാധമാകുന്നത് എങ്ങനെയാണ്? മാത്രവുമല്ല നിര്‍ബന്ധിത പരിവര്‍ത്തനാരോപണങ്ങള്‍ വ്യാജമാണെന്ന് പലവട്ടം തെളിഞ്ഞിട്ടുമുണ്ട്. സുരക്ഷിതമായ വചനപ്രഘോഷണം നിലപാടിന്റെയല്ല, നിലനില്പിന്റെ പ്രശ്‌നമാണ്. ബി ജെ പിയുടെ ആലയില്‍ കുഞ്ഞാടുകളെ കൂട്ടമായി എത്തിക്കാനുള്ള ഇടയനേതൃത്വത്തിന്റെ ആസൂത്രിത ശ്രമങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് പുതിയ ന്യായീകരണ ക്യാപ്‌സൂളുകള്‍ കണ്ടെത്തേണ്ടി വരും. പ്രധാനമന്ത്രിയുടെ 'സഭാദര്‍ശന'ത്തില്‍ സംപ്രീതനായ പുതിയ സി ബി സി ഐ പ്രസിഡന്റ്, ഛത്തീസ്ഗഡ് സംഭവത്തില്‍ പ്രതിഷേധിച്ച് ഇനിയും പ്രസ്താവനയിറക്കാത്തതില്‍ അത്ഭുതത്തിന് വകയുണ്ടെന്ന് കരുതുന്നില്ല.

ഗോത്രവംശജരായ ക്രൈസ്തവരുടെ ഘര്‍വാപസി ശ്രമങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന് വ്യക്തമാണ്. അത് തികച്ചും ആസൂത്രിതവുമാണ്. നിലപാടിനേക്കാള്‍ നിലനില്പ് പ്രധാനമാകുമ്പോള്‍ പ്രതികരണം വൈകും; പ്രതിഷേധവും. പൊളിച്ചത് പള്ളിയല്ല, മതേതരയിന്ത്യയുടെ മഹാമാതൃകയെയാണെന്ന് ഇനിയും തിരിച്ചറിയാത്തവര്‍ക്ക്, നല്ല നമസ്‌കാരം!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org