ചെറുതാക്കാത്ത ചര്‍ച്ചകള്‍

ചെറുതാക്കാത്ത ചര്‍ച്ചകള്‍
Published on

വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ മടങ്ങിപ്പോയി. സഭയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കാനുള്ള തന്റെ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് ഡെലിഗേറ്റിന്റെ മടക്കം.

മൂന്നാഴ്ചയോളം നീണ്ട തന്റെ സന്ദര്‍ശനവേളയില്‍ സംഭവിച്ചതും അതിന്‍മേലുള്ള തന്റെ നിഗമനങ്ങളും മാര്‍പാപ്പയെയും പൗരസ്ത്യ തിരുസംഘാധ്യക്ഷനേയും അറിയിച്ചു എന്നാണ് അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗികക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.

വിശുദ്ധ കുര്‍ബാനയിലെ വൈദികന്റെ സ്ഥാനം അള്‍ത്താരയ്ക്കഭിമുഖമാക്കിയുറപ്പിച്ച് ഐകരൂപ്യം വരുത്തി സഭയില്‍ ശാശ്വത ഐ ക്യം കൊണ്ടുവരാനുള്ള സിനഡിന്റെയും അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററുടെയും നിരന്തരമായ (ബല)പ്രയോഗങ്ങള്‍ പരാജയപ്പെട്ട വേളയിലായിരുന്നു അപ്പസ്‌തോലിക്ക് ഡെലഗേറ്റിന്റെ ആഗമനം.

എന്നാല്‍ ചര്‍ച്ചയ്ക്കല്ല തീരുമാനം നടപ്പാക്കാനാണ് തന്റെ നിയോഗമെന്ന് ആദ്യമേ തന്നെ അസന്നിഗ്ദ്ധമായി അദ്ദേഹം അറിയിച്ചതോടെ ചര്‍ച്ചയ്‌ക്കൊരുങ്ങിയവര്‍ ചകിതരായി. കൂടിക്കാഴ്ചകള്‍ കൂടെയുള്ളവരുടെ എണ്ണമെടുക്കുന്ന സംഘടിത സമ്മേളനങ്ങളാണെന്ന് മനസ്സിലായതോടെ പരിഹാരം പ്രതീക്ഷിച്ചവര്‍ നിരാശരായി. അടച്ചിട്ട ബസിലിക്കാപള്ളി ബലമായി തുറന്ന് പൂര്‍ണ്ണമായും പൊലീസ് ബന്തവസ്സിലെ പരസ്യാരാധന പരിധിവിട്ട പരാക്രമമായി.

'അവസാനത്തവനെയും കേള്‍ക്കണം' എന്ന സംവാദ സത്യത്തെ സര്‍വത്രിക സഭയുടെ സമകാലിക ലക്ഷ്യമാക്കി വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ സിനഡിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാര്‍പാപ്പയുടെ മുമ്പില്‍ ആരെയും 'കേള്‍ക്കാതെ' എല്ലാം 'കേള്‍പ്പിച്ച്' മാത്രം മടങ്ങിയ ഡെലഗേറ്റ് എന്താണ് അവതരിപ്പിച്ചത് എന്നറിയാന്‍ സഭാ മക്കള്‍ക്ക് ആകാംക്ഷയുണ്ട്.

'അകത്തോ' 'പുറത്തോ' എന്ന അവസാന ചോദ്യത്തെ ആദ്യമുയര്‍ത്തി, ശിക്ഷകൊണ്ട് എല്ലാം ശരിയാക്കാമെന്ന (തെറ്റി)ധാരണയില്‍ എറണാകുളത്തെത്തിയ അപ്പസ്‌തോലിക്ക് ഡെലഗേറ്റ്, വിശുദ്ധ കുര്‍ബാനയിലെ അനുഷ്ഠാന തര്‍ക്കത്തെ മാര്‍പാപ്പയോടുള്ള വിധേയത്വവുമായി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചത് പ്രശ്‌നത്തെ വലിയ പ്രതി സന്ധിയാക്കി വഷളാക്കി. സഭാചരിത്രത്തില്‍ പല കാലങ്ങളില്‍ സംഭവിച്ച മഹറോന്‍ ശിക്ഷകളുടെ 'മഹനീയ ഫലങ്ങളാണ്' പലതായി പിരിഞ്ഞ സഭാ സമൂഹങ്ങളില്‍ ചിലതെങ്കിലും എന്നറിയാത്തവരാണോ ഇപ്പോള്‍ 'ഇന്‍ക്വിസിഷന്റെ' വാള്‍മുനയ്ക്ക് മൂര്‍ച്ചകൂട്ടുന്നത് എന്ന് അത്ഭുതപ്പെടുന്നവരുണ്ട്. ചരിത്രത്തില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ല എന്നതാണല്ലോ ഏറ്റവും വലിയ ചരിത്രപാഠവും! അതിരൂപതാ മൈനര്‍ സെമിനാരി പോലെ പ്രാഥമിക വൈദിക പരിശീലന കളരിയെ പോലും വിലകുറഞ്ഞ സഭാ രാഷ്ട്രീയ നാടക പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നില്ല എന്നത് വലിയ കഷ്ടമാണ്.

ആദിമ സഭയിലെ ജെറുസലേം സൂനഹദോസിലെ പ്രതിസന്ധിയൊഴിഞ്ഞത്, ഒടുവില്‍ പത്രോസിന്റെ വിധിയെ അന്തിമതീര്‍പ്പായി അംഗീകരിച്ചതിനാലാണെന്ന് വാദിക്കുന്നവര്‍, സൗകര്യപൂര്‍വം മറന്നു പോകുന്ന സത്യമുണ്ട്. വിജാതീയരുടെ നിര്‍ബന്ധിത പരിച്ഛേദനമെന്ന 'ഐകരൂപ്യ'ത്തിലൂടെ സഭയില്‍ എല്ലാവരും 'ഒരുപോലെ'യാകുന്ന ഐക്യ ശ്രമങ്ങളെ കുറിച്ചുള്ള സംവാദമായിരുന്നു, അത്. ഒടുവില്‍ സഭയുടെ പൊതു നന്മ എന്ന വലിയ ലക്ഷ്യത്തിലേക്ക് 'അപരിച്ഛേദിതര്‍' എന്ന വൈവിധ്യത്തെ കൂടി സഹര്‍ഷം സ്വാഗതം ചെയ്താണ് സമ്മേളനം സമാപിച്ചത് എന്ന് മറക്കരുത്. പിന്നീട് വന്ന പല തര്‍ക്കങ്ങളിലും ശ്ലീഹന്മാര്‍ക്ക് ബലവും അഭയവുമായത് 'മനുഷ്യരേക്കാള്‍ ദൈവത്തെ അനുസരിക്കുന്നതാണ് ശ്രേഷ്ഠം' എന്ന ബോധ്യമായിരുന്നു.

ഒടുവില്‍, സീറോ മലബാര്‍ സഭയുടെ മുപ്പത്തിയൊന്നാമത്തെ സിനഡിന്റെ മൂന്ന് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയാകാമെന്ന ധാരണയിലൂന്നി സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചത് പുതിയ വഴിത്തിരിവായി. സിനഡ് മെത്രാന്മാരില്‍ നിന്ന് 9 പേര്‍ വൈദികരുടെ പതിനാല് അംഗ സമിതിയുമായി നടത്തിയ പ്രശ്‌നപരിഹാര ചര്‍ച്ച പൂര്‍വ്വാധികം ക്രിയാത്മകവും യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളുന്നതുമായിരുന്നുവെന്ന പ്രതികരണങ്ങള്‍ പ്രത്യാശ നല്‍കുന്നു.

ഇരു കൂട്ടരും വിട്ടുവീഴ്ച മനോഭാവത്തോടെ, പരസ്പരമുള്ള നിലപാടുകളെ ആദരിച്ചുകൊണ്ട് സംസാരിച്ചപ്പോഴാണ് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് വഴിയൊരുങ്ങിയത് എന്നറിയുന്നു. അപ്പോഴും, വത്തിക്കാന്റെ അന്തിമാനുമതിക്കായി സമര്‍പ്പിക്കപ്പെട്ട പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്ത ഈയിടെ ഭയപ്പെട്ടതുപോലെ, 'അധാര്‍മ്മികമായ ഉപചാപങ്ങളും' (unholy instrumentalisation) 'വിശുദ്ധ സിനഡിലെ മാനുഷിക ഘടകങ്ങളും' (human elements) ഇടനിലക്കാരായി വന്നാല്‍ പ്രശ്‌നപരിഹാരം പ്രയാസമാകും; അല്ല അസാധ്യമാകും.

സ്‌നേഹം പരാജയപ്പെടുന്നിടത്താണ് നിയമം കര്‍ക്കശമാകുന്നതും അതിനെതിരെയുള്ള സ്വാഭാവിക പ്രതിരോധം ശക്തമാകുന്നതും. ആര്‍ക്കെങ്കിലും വഴങ്ങിയല്ല, വഴക്ക് തീര്‍ക്കേണ്ടത്. ആര് ജയിച്ചു, ആര് തോറ്റു എന്ന കണക്കെടുപ്പും ഇവിടെ അനാവശ്യമാണ്. പരസ്പര ബന്ധത്തെ പരിക്കുകളില്ലാതെ പരിപൂര്‍ണ്ണമാക്കുകയാണ് പ്രധാനം. തീരുമാനങ്ങള്‍ അനുഷ്ഠാനബദ്ധമെന്നതിനേക്കാള്‍ അജപാലനകേന്ദ്രീകൃതമാകട്ടെ. അത് നാളത്തെ സഭയെ ജാഗ്രതയോടെ ഓര്‍മ്മിച്ചുകൊണ്ടാകട്ടെ; ഇന്നത്തെ സഭയുടെ ആകുലതകളെ ആദരിച്ചു കൊണ്ടാകട്ടെ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യവെട്ടത്തില്‍ സിനഡാത്മക സഭയെ അടയാളപ്പെടുത്തുന്ന വിധത്തിലാകട്ടെ. വിശുദ്ധ കുര്‍ബാനയാണ് തര്‍ക്ക വിഷയം. അത് സ്വയം ശൂന്യമാക്കിയവന്റെ ബലിയോര്‍മ്മയാണ്, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org