ജൊഹാര്‍! ദ്രൗപതി മുര്‍മു

ജൊഹാര്‍! ദ്രൗപതി മുര്‍മു

രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ജൂലൈ 25-ന് ദ്രൗപതി മുര്‍മു അവരോധിതയായപ്പോള്‍ ആദരവോടെ കൈകൂപ്പിയത് ഭാരതം മാത്രമല്ല, ലോകസമൂഹം മുഴുവനുമാണ്. സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വര്‍ഷത്തില്‍ ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ആദ്യമായി ഒരു വനിത ആ സ്ഥാനത്തെത്തുമ്പോള്‍ സാമൂഹിക ജാതീയ വിവേചനങ്ങളെ അതിജയിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്താണ് പ്രത്യക്ഷമാകുന്നത്.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്ന് രാജ്യം അവളുടെ രാഷ്ട്രപതിയെ ദ്രൗപതി മുര്‍മുവില്‍ കണ്ടെത്തിയപ്പോള്‍ അത് പിന്നാക്ക പ്രാതിനിധ്യത്തിന്റെ പ്രത്യ ക്ഷ വിജയം മാത്രമല്ല, കോടിക്കണക്കിന് സാധാരണ സ്ത്രീകളുടെ ഉയര്‍ ത്തെഴുന്നേല്പിന്റെ അത്യുജ്ജ്വല അധ്യായം കൂടിയാണ്. ദീര്‍ഘകാലം ജനപ്രതിനിധിയായും മന്ത്രിയായും ഒടുവില്‍ ഗവര്‍ണ്ണറായും തിളങ്ങിയ ദ്രൗപതി മുര്‍മു പ്രതിപക്ഷ കക്ഷികളുടെ പോലും വോട്ടും പിന്തുണയും നേടിയാണ് ഡല്‍ഹിയിലെ റയ്‌സീന കുന്നിലെത്തിയത് എന്നതില്‍ നിന്നും അവരുടെ ഭരണമികവും സാര്‍വ്വത്രിക സ്വീകാര്യതയും വ്യക്തമാകുന്നുണ്ട്.

'ദളിത് സമൂഹത്തില്‍ നിന്നൊരാള്‍ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ദിവസം മാത്രമെ ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതായി കണക്കാക്കാന്‍ കഴിയൂ' എന്ന മഹാത്മാഗാന്ധിയുടെ സ്വപ്ന സാക്ഷാത്ക്കാരമായി ഈ അധികാര ലബ്ധിയെ ആഘോഷിക്കുന്നവരുണ്ട്. നേരത്തെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷിക വേളയില്‍ രാജ്യത്തെ ദളിത് ശാക്തീകരണത്തിന്റെ ഉജ്ജ്വല പ്രതീകമായി മലയാളിയായ കെ.ആര്‍. നാരായണന്‍ ഇന്ത്യയുടെ പ്രഥമ പൗരനായിരുന്നത് നാം മറന്നു കൂടാ. ആ 'പൂര്‍ണ്ണ സ്വാതന്ത്ര്യ' ലബ്ധിക്കു ശേഷം ഇന്ത്യന്‍ ദളിത് സമൂഹത്തിന് സംഭവിച്ചതെന്തെന്നതിന്റെ കണക്കെടുപ്പ് വേളയായിക്കൂടി ഈ ഗോത്രവംശജയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടതുണ്ട്.

രാജ്യത്ത് ഒരു ദിവസം എട്ടോളം ദളിത് സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നുണ്ട്. 2018-ല്‍ മാത്രം 2957 ദളിതരാണ് ബലാല്‍ക്കാരത്തിന് കീഴടങ്ങിയത്. ഇതില്‍ 871 പേരും 18 വയസ്സില്‍ താഴെയുള്ളവരാണ്. ആ വര്‍ഷം 239 ദളിതരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് നല്കുന്ന കണക്കാണ്.

പിന്നാക്ക ദളിത് വിഭാഗത്തിലെ കോടിക്കണക്കിന് സാധാരണക്കാര്‍ സമൂഹത്തിന്റെ വിളുമ്പുകളില്‍ ഇപ്പോഴും ഉപേക്ഷിക്കപ്പെട്ടതിന്റെ യഥാര്‍ ത്ഥ കണക്കുകള്‍ വെളിച്ചപ്പെട്ട് കിട്ടുകപോലും അസാധ്യമായ ഒരു രാജ്യ ത്ത് ദ്രൗപതി മുര്‍മുവിന്റെ വിജയാഘോഷം പൂര്‍ണ്ണമാണോ എന്ന് ചിന്തിക്കുന്നവരുണ്ട്. പ്രാന്തീകൃതമായ ഇത്തരം ഇടങ്ങളിലെ നിരാകൃതരുടെ പ്രതിരോധത്തെ രാജ്യശ്രദ്ധയിലെത്തിച്ചുകൊണ്ട്, അവഗണിതരുടെ ആത്മക്ഷോഭമായി ഉയര്‍ന്ന ഫാ. സ്റ്റാന്‍സ്വാമിയുടെ രക്തസാക്ഷിത്വത്തിന് ഒരു വയസ്സു തികഞ്ഞ വേളയിലായിരുന്നു രാജ്യം ഭരിക്കുന്ന ബി.ജെ.പി., മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് എന്നതും ഇതിനോടു ചേര്‍ത്തു വായിക്കണം. ശ്രീമതി മുര്‍മുവിന്റെ വിജയാഘോഷം ഒരു ലക്ഷം ഗ്രാമങ്ങ ളുടെ ഉത്സവമാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു എന്നതും ഓര്‍മ്മിക്കണം.

1991-ല്‍ ജാര്‍ഖണ്ഡിലെത്തിയതിനു ശേഷം മൂന്നു പതിറ്റാണ്ടിലധികം ഫാ. സ്റ്റാന്‍ സ്വാമി സ്വയം സമര്‍പ്പിച്ചത് ആദിവാസികളുള്‍പ്പെടെയുള്ള അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനായിരുന്നു. 2020 ഒക്‌ടോബര്‍ 8-ന് 'രാജ്യദ്രോഹ'ക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ അദ്ദേഹം ആ സമരം തുടര്‍ന്നു.

''എനിക്ക് സംഭവിക്കുന്നത് ഒറ്റ തിരിഞ്ഞ ഒരു കാര്യമല്ല. രാജ്യത്തുടനീളം അരങ്ങേറുന്ന വിപുലമായ ഒരു പ്രക്രിയയാണത്. ഭരണം കയ്യാളു ന്ന ശക്തികളോട് വിയോജിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെ യ്യുന്നതിനാല്‍ പ്രമുഖരായ എത്രയോ പേര്‍ ജയിലടയ്ക്കപ്പെട്ടു എന്ന കാ ര്യം നമുക്കറിയാം. ഞാന്‍ നിശബ്ദനായ ഒരു കാണിയല്ല. ഞാനുമതിന്റെ ഭാഗമായിരിക്കുന്നു. അതിന് വില നല്കാന്‍ ഞാന്‍ തയ്യാറാണ്.''

2021-ല്‍ മാത്രം 2244 യുഎപിഎ കേസുകളാണ് രാജ്യത്തുണ്ടായിരുന്നത്. സ്റ്റാന്‍ സ്വാമിയും അതിനിരയായി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചുവെന്നതായിരുന്നു കുറ്റം.

കേരളത്തില്‍പ്പോലും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ സുരക്ഷിതരാ ണോ? വിശപ്പ് ഒരു കുറ്റമാകയാല്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് നല്ലൊരു വക്കീലിനെ വെയ്ക്കാന്‍ വൈകിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയാണ്.

ഭൂമി നഷ്ടപ്പെട്ട ഗോത്ര വര്‍ഗ്ഗക്കാരില്‍ നിന്നും പ്രതികരിക്കുന്ന യുവതയെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഇല്ലാതാക്കുന്ന ഭരണകൂട ഭീകരതയുടെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായല്ല ഗോത്ര വംശജയായ ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി നാളുകളെങ്കില്‍, രാജ്യത്തിന് പ്രതീക്ഷയുണ്ട്. വിവാദങ്ങളൊഴിവാക്കുവാന്‍ ജനകീയ പ്രശ്‌നങ്ങളെ അവഗണിക്കുന്ന രാഷ്ട്രപതി ഭവന്‍ ജനപക്ഷത്താകുന്നതെങ്ങനെ എന്ന ചോ ദ്യം മുന്നനുഭവങ്ങള്‍ തരുന്ന മുന്നറിയിപ്പിന്റേതാണ്.

വ്യത്യസ്തതകളാല്‍ സമ്പന്നമായ ഇന്ത്യയെന്ന വൈവിധ്യ ഭൂമികയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന രാഷ്ട്രപതിയാണ് ദ്രൗപതിയെന്ന് തെളിയിക്കുന്ന അവരുടെ ആദ്യപ്രസംഗസൂചനകള്‍ പ്രതീക്ഷ നല്കുന്നുണ്ട്. ജാര്‍ ഖണ്ഡില്‍ ഗവര്‍ണ്ണറായിരുന്ന വേളയില്‍ ആദിവാസികള്‍ക്കു വേണ്ടി അവര്‍ കൈക്കൊണ്ട ധീരമായ നിലപാടുകള്‍ പ്രത്യാശയുടേതാണ്.

ശ്രീമതി ദ്രൗപതി മുര്‍മു അവകാശപ്പെടുന്നതുപോലെ അധഃസ്ഥിതരും, പിന്നാക്കക്കാരും, ഗിരിവര്‍ഗ്ഗക്കാരും പുതിയ രാഷ്ട്രപതിയില്‍ അവരവരെത്തന്നെ കാണുന്ന അനുഭവം അലങ്കാരികമായല്ല, അവസര സമത്വത്തിലൂടെ പൂര്‍ത്തിയാകുന്ന ഭരണഘടനാബാധ്യതയായി മാറേണ്ടതുണ്ട്. അപ്പോഴാണ് ഇതൊരു പദവിയല്ല, പരിപാടിയാണെന്ന സത്യം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. ജോഹാര്‍...!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org