പരിഹാരശ്രമങ്ങളെ പരിഹസിക്കരുത്

പരിഹാരശ്രമങ്ങളെ പരിഹസിക്കരുത്

മൂന്നു വര്‍ഷത്തിലധികമായിത്തുടരുന്ന സീറോ മലബാര്‍ സഭയിലെ പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വി. കുര്‍ബാനയുടെ ഏകീകരണത്തര്‍ക്കം സമയോചിതമായി പരിഹരിക്കുന്നതില്‍ സഭാ നേതൃത്വത്തിന്റെ മെല്ലെപ്പോക്ക് ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും റോമിലെ ആഗോള മെത്രാന്‍ സിനഡില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിനുശേഷവും പ്രശ്‌ന പരിഹാരത്തിന് സിനഡാത്മകമായ സമീപനം സ്വീകരിക്കാത്തതില്‍ വിശ്വാസികള്‍ കടുത്ത ആശങ്കയിലും.

സീറോ മലബാര്‍ സഭയിലെ ഇക്കഴിഞ്ഞ സിനഡില്‍ വച്ച് വിവിധ സന്യാസ സഭകളിലെ മേജര്‍ സുപ്പീരിയേഴ്‌സുമായി സിനഡ് പിതാക്കന്മാര്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി മാര്‍ ബോസ്‌ക്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സിനഡല്‍ കമ്മിറ്റിയുമായി അതിരൂപതയിലെ വൈദികരുടെ അഡ്‌ഹോക്ക് കമ്മിറ്റി നടത്തിയ സംഭാഷണം പ്രശ്‌നപരിഹാരവഴിയിലെ ഏറ്റവും ശ്രദ്ധേയമായ നീക്കമായിരുന്നു.

പല തലങ്ങളില്‍ പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ധാരണകള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ സിനഡില്‍ അവതരിപ്പിച്ചു. രണ്ടോ മൂന്നോ മെത്രാന്മാര്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും മേജര്‍ ആര്‍ച്ചുബിഷപ്പ് ഉള്‍പ്പെടെ ഭൂരിപക്ഷം മെത്രാന്മാരും വോട്ടെടുപ്പ് ഇല്ലാതെ തന്നെ പ്രസ്തുത നിര്‍ദേശങ്ങള്‍ അംഗീകാരത്തിനായി റോമിലേക്കയയ്ക്കാന്‍ തീരുമാനിച്ചത്, സംഭാഷണത്തിലൂടെ മാത്രം സംഭവ്യമാകുന്ന പ്രശ്‌നപരിഹാര വഴിയുടെ സിനഡാത്മക സമീപനത്തെയാണ് സാധൂകരിച്ചത്. സിനഡ് പോസിറ്റീവ് നോട്ടോടെ റോമിലേക്കയച്ച ധാരണകള്‍ക്ക് മാസങ്ങള്‍ക്കു ശേഷം എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും കൂട്ടരും ഇരുട്ടില്‍ തപ്പുമ്പോള്‍, പ്രശ്‌ന പരിഹാരത്തിന്റെ യഥാര്‍ത്ഥ തടസ്സം നേതൃത്വം തന്നെയെന്ന് സംശയിക്കുന്നവരുണ്ട്.

സിനഡിന്റെ പിന്തുണയോടെ റോമിലേക്കയച്ച നിര്‍ദേശങ്ങളില്‍ സിനഡു കുര്‍ബാനയെ തത്വത്തില്‍ അംഗീകരിച്ച്, സഭയിലെ പ്രധാന തിരുനാള്‍ ദിനത്തില്‍ ഏകീകൃത കുര്‍ബാനയര്‍പ്പിക്കാന്‍ സമ്മതിക്കുവോളം ഉദാരപൂര്‍വകമായ സമീപനമാണ് ചര്‍ച്ചയിലുടനീളം അഡ്‌ഹോക്ക് കമ്മിറ്റി സ്വീകരിച്ചതെന്നാണ് മനസ്സിലാകുന്നത്. പൊതു സമൂഹത്തിനു പോലും സ്വീകാര്യമായ ധാരണകളെ ഇപ്പോള്‍ ഇരുട്ടില്‍ നിറുത്തുന്നവര്‍, ഈ പ്രശ്‌നം ഒരിക്കലും അവസാനിക്കരുതെന്ന് ചിന്തിക്കുന്നവരാണോ എന്നും വിശ്വാസികള്‍ ഭയപ്പെടുന്നു.

''സംഭാഷണം, പരസ്പര പഠനം, ഒരുമിച്ച് നടക്കല്‍ എന്നിവയുടെ യുക്തി സഭയുടെ അജപാലനശൈലിയായി മാറണം'' എന്ന സന്ദേശത്തോടെ റോമില്‍ സമാപിച്ച ആഗോള സിനഡിന്റെ ചൈതന്യം, അതില്‍ പങ്കെടുത്ത് ഇവിടെ തിരിച്ചെത്തിയവരുടെ ശരീരഭാഷയാകാത്തത് സങ്കടകരമാണ്.

'എന്ന് ചൊല്ലിത്തുടങ്ങും എന്ന് കൃത്യമായി പറയാതെ'പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്ന വാശി തുടരുമ്പോള്‍ പ്രായോഗികതയുടെ അജപാലന ശൈലിയെക്കുറിച്ച് സിനഡിലുടനീളം പാപ്പ ഫ്രാന്‍സിസ് പറഞ്ഞത്, ചിലര്‍ക്കു മാത്രം മനസ്സിലാകാതെ പോകുന്നത് ആശ്ചര്യപ്പെടുത്തുന്നു.

സഭാനേതൃത്വത്തിന്റെ നിഷ്ഠൂരമായ നിസ്സംഗതയുടെ നേര്‍സാക്ഷ്യമായി ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്ന സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയും, രണ്ട് മാസത്തിലേറെയായി അടച്ചിരിക്കുന്ന അതിരൂപതാ മൈനര്‍ സെമിനാരിയും കാലത്തോടു കണക്കു ചോദിക്കാന്‍ കാത്തു കിടക്കുകയാണ്. 'എല്ലാം ശരിയാക്കാനായി' എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും 'ഇപ്പോ ശരിയാക്കിത്തരാം' എന്ന ധാരണയിലെത്തിയ അപ്പസ്‌തോലിക് ഡലഗേറ്റും, വൈദികരെ പഴിചാരിയും, വിശ്വാസികളെ പഴി പറഞ്ഞും നിസ്സഹായരായിത്തുടരുമ്പോള്‍, അതിരൂപതയിലെ പ്രത്യേകമായ അജപാലന സാഹചര്യം തിരിച്ചറിഞ്ഞ് സാവകാശം തേടിയ അപ്പസ്‌തോലിക് വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയിലിന്റെ നിലപാടായിരുന്നു ശരിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആടിന്റെ മണമുള്ള ഇടയനിരയിലെ അവസാനത്തെയാളെയും ജനാധിപത്യവിരുദ്ധമായ ഊരുവിലക്കിലൂടെ അതിക്രൂരമായി 'അവസാനിപ്പിച്ച'തോടെ, സീറോ മലബാര്‍ സഭയിലെ സിനഡാത്മകത സമ്പൂര്‍ണ്ണമായി!!

നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തി നടപ്പാക്കാനൊരുങ്ങിയ വി. കുര്‍ബാനയുടെ ഏകീകരണത്തിന്, ദൈവശാസ്ത്രയടിത്തറയില്ലാത്തതിനാല്‍, അനുസരണത്തിലൂടെ അടിച്ചേല്പിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചതും, എപ്പോഴും പരാജയപ്പെട്ടതും. പൊതുമധ്യത്തില്‍ പരി. പാപ്പയെപ്പോലും പരിഹാസ്യമാക്കുവോളം കുര്‍ബാനവിഷയം വത്തിക്കാനിലേക്ക് വലിച്ചു നീട്ടിയതും ഇതേ നേതൃത്വം തന്നെ. പ്രശ്‌നപരിഹാരച്ചുമതല അതിരൂപതയുടെ തലയില്‍ മാത്രം നിക്ഷിപ്തമാക്കുന്നതിന്റെ അപകടം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ അടുത്ത 'കത്തിനാ'യി കാത്തിരിക്കുമ്പോള്‍, അത് അവസാനത്തേതാകാനിടയില്ലെന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യാത്തതെന്താണ്? ധാരണയോ, നിര്‍ദേശങ്ങളോ എന്തുമാകട്ടെ, വത്തിക്കാനിലേക്കയച്ച പരിഹാരശ്രമങ്ങളെ ഇനിയും പരിഹസിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org