
രണ്ടു വര്‍ഷത്തെ നിരന്തരമായ ഒരുക്കത്തിനൊടുവില്‍ സഭയില്‍ സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും നവാന്തരീക്ഷം ഉറപ്പാക്കാമെന്ന ലക്ഷ്യത്തോടെ സിനഡാലിറ്റിയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ സിനഡ് ഒക്‌ടോബര്‍ 4-ന് റോമില്‍ ആരംഭിച്ചു. വോട്ടവകാശത്തോടെ 70 അല്‍മായ പ്രതിനിധികളുടെ പങ്കാളിത്തം സിനഡിനെ നിര്‍ണ്ണായകമാക്കുന്നു. 54 പേര്‍ വനിതകള്‍ പങ്കെടുക്കുന്നുവെന്നത് മറ്റൊരു ചരിത്രം.
സിനഡല്‍ അസംബ്ലിക്ക് നല്കിയ ഹൃദയസ്പര്‍ശിയായ സന്ദേശത്തില്‍ സമ്മേളനത്തിന്റെ മുഖ്യശില്പിയായി പരിശുദ്ധാത്മാവിനെ ഫ്രാന്‍സിസ് പാപ്പ പ്രതിഷ്ഠിച്ചു. എല്ലാ ശബ്ദങ്ങളും ആദരവോടെ കേള്‍ക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ട പാപ്പ എല്ലാവരെയും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനായി ക്ഷണിച്ചു.
പരസ്പരം ശ്രവിക്കാനും ആദരിക്കാനുമുള്ള അംഗങ്ങളുടെ സന്നദ്ധതയെ അടയാളപ്പെടുത്തും വിധം എല്ലാവരം മുഖാമുഖമാകുന്ന വട്ടമേശ സമ്മേളനങ്ങളിലൂടെ സംവാദത്തിന്റെ ശരീരഭാഷ തന്നെയാണ് സിനഡ് സമ്മേളനം പ്രത്യേകമായി പ്രത്യക്ഷീകരിക്കുന്നത്. സഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദി യായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യോഗത്തിലെ അംഗങ്ങളുടെ ഇരുപ്പ് രീതിയില്‍ നിന്നും വ്യത്യസ്തമായി ചെറിയ കൂട്ടങ്ങളുടെ കൂട്ടായ്മയിലേക്ക് പരി. പിതാവുള്‍പ്പെടെയുള്ള സിനഡംഗങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍, മാറ്റത്തിനുള്ള ആഗ്രഹം സത്യസന്ധമാണെന്ന് മനസ്സിലാകുന്നു. (അഗ്രാസനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ അടയാളമാക്കിയാണ് ഇപ്പോഴും ഇവിടെ ചില സഭാ പ്രമാണികള്‍ എന്നത് മറക്കുന്നില്ല).
സിനഡ് സമ്മേളനത്തിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ചകളെത്തി എന്നത് ശുഭകരമാണ്. സഭാശുശ്രൂഷകളിലെ സ്ത്രീ പങ്കാളിത്തം, ദരിദ്രരോടുള്ള ഐക്യദാര്‍ഡ്യം, യുക്രൈന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ അടിയന്തര പരിഗണനാ പ്രശ്‌നങ്ങളായി എന്നതില്‍ നിന്നും ചര്‍ച്ചകള്‍ അടച്ചമുറിയിലാണെങ്കിലും വിഷയങ്ങള്‍ അങ്ങനെയല്ലെന്ന് മനസ്സിലായി.
'സഭയും ലോകവും അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അടിയന്തരമായി അഭിസംബോധന ചെയ്യാനാകും വിധം അര്‍ത്ഥവത്തായ സംഭാഷണത്തില്‍ ഏര്‍പ്പെടാനും, കൂട്ടായ്മയെ പരിപോഷിപ്പിക്കാനും ഈ സിനഡിലൂടെ ലക്ഷ്യമിടുമ്പോള്‍', അതിനു വിരുദ്ധമായ ചിലത് സീറോ മലബാര്‍ സഭയില്‍ സംഭവിക്കുന്നു എന്നത് സങ്കടകരമാണ്.
സഭയിലെ പൊതുവായ പ്രശ്‌നങ്ങളെ സുവിശേഷാത്മകമായി സമീപിച്ച് പരിഹരിക്കാന്‍ വിസമ്മതിക്കുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പൗരോഹിത്യത്തിന്റെ ശുശ്രൂഷാവേദിയോട് താല്‍ക്കാലികമായി വിട പറഞ്ഞ് വേറിട്ട വഴിയിലൂടെ സഹയാത്ര തുടരാനാഗ്രഹിച്ച താമരശ്ശേരി രൂപത വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിച്ചുവെന്ന വാര്‍ത്ത, സിനഡാലിറ്റിയുടെ പുതിയ കാലത്ത് അവിശ്വസനീയതയോടെയാണ് വിശ്വാസികള്‍ക്കൊപ്പം പൊതുസമൂഹവും ശ്രവിച്ചത്.
അവസാനത്തവനെയും കേള്‍ക്കണമെന്ന സിനഡാത്മകതയുടെ സംവാദ സത്യത്തെ സമൂലം തിരസ്‌ക്കരിക്കുന്ന ഇത്തരം സഭാ നടപടികള്‍ ശിക്ഷിച്ച് ശരിയാക്കാമെന്ന മധ്യശതക സഭാവിജ്ഞാനീയത്തിന്റെ ആധുനിക പതിപ്പുകളാണെന്നതില്‍ സംശയമില്ല. വൈദികനെ കൂടുതലായി കേള്‍ക്കാനാണ് കോടതി സ്ഥാപിച്ചതെന്നാണ് രൂപതാ നേതൃഭാഷ്യം. കൂടെയുള്ളവരെ മാത്രമല്ല, അതിരുകള്‍ക്കപ്പുറത്തുള്ളവരെയും കൂടുതലായി കേട്ടതിന് കോടതി ശിക്ഷ ഏറ്റുവാങ്ങിയതാണ് ക്രിസ്തുസാക്ഷ്യം! രണ്ട് കോടതികളുടെ വിചാരണ വഴികളില്‍ രക്തംവിയര്‍ത്ത ക്രിസ്തു കേട്ട പഴി മുഴുവന്‍ നിയമ ലംഘനങ്ങളുടെ നീണ്ട നിരയുടേതായിരുന്നു.
കുര്‍ബാനത്തര്‍ക്കത്തില്‍ മുങ്ങി മാസങ്ങളായി അടഞ്ഞുകിടക്കുന്ന സഭയുടെ ആസ്ഥാനദേവാലയ ദൃശ്യം ഉത്തരവാദിത്വപ്പെട്ടവരെ വേദനിപ്പിക്കാത്തതെന്തേ എന്ന് തുടങ്ങി, നേതൃത്വം സ്വീകരിച്ച ചില കക്ഷി രാഷ്ട്രീയ നിലപാടുകള്‍ സഭാമക്കള്‍ക്ക് നല്കിയ ഉതപ്പുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യങ്ങളായുയര്‍ന്നപ്പോള്‍, അസഹിഷ്ണുതയുടെ അരിശം ആസുരഭാവം കൊണ്ടതാണ് ഇപ്പോഴത്തെ കോടതി സ്ഥാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.
വിയോജിപ്പുകളെ പുറത്താക്കി വാതിലടയ്ക്കുന്നതാണ് കുറച്ചുകാലമായി സഭയുടെ സമ്പ്രദായം. ആദ്യഘട്ടത്തില്‍ത്തന്നെ ഒരു മേശയുടെ ഇരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്ന കുര്‍ബാനത്തര്‍ക്കത്തെ സംഘര്‍ ഷങ്ങളിലേക്ക് വളര്‍ത്തി വഷളാക്കിയതില്‍ നേതൃത്വത്തിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. ഏറ്റവും ഒടുവില്‍ ഉരുത്തിരിഞ്ഞ അനുരഞ്ജന ഫോര്‍മുല പോലും പാതിവഴിയില്‍ പലതായി പിരിഞ്ഞതിലും വ്യക്തമായ മറുപടിയില്ലാതെ അവര്‍ ഇരുട്ടിലാണ്. കേസിന്റെ ബലത്തില്‍ പൊലീസ് സുരക്ഷയില്‍ അര്‍പ്പിക്കപ്പെടുന്നത് വി. കുര്‍ബാനയല്ലെന്നിരിക്കെ അത്തരം വാര്‍ത്തകളില്‍ ആഹ്‌ളാദഭരിതമാകുന്നവരുടേതാണ് ആധുനികസഭയെന്നത് വല്ലാതെ ഭയപ്പെടുത്തുന്നു.
ആരെയും വിധിക്കരുതെന്നാണ് നിത്യവിധിയാളന്റെ അരുള്‍ വാഴ്ത്ത്. പാപിനിയായ സ്ത്രീയെ കൊല്ലപ്പെടേണ്ടവളായി കൂടെയുള്ളവര്‍ കുറ്റം ചാര്‍ ത്തി അലറിയാര്‍ക്കവെ, അവളോടൊപ്പം കുനിഞ്ഞിരുന്നതിനാല്‍ കൂമ്പിയ മിഴികളിലെ കണ്ണീര്‍ക്കഥയൊക്കെയും അടുത്തറിയവെ, പിടഞ്ഞുണര്‍ന്ന് അവന്‍ വ്യക്തമായി പറഞ്ഞു. 'ഞാന്‍ നിന്നെ വിധിക്കുന്നില്ല. സമാധാനത്തോ ടെ പോവുക.' വിചാരിപ്പ് മുറിയില്‍ വികൃതമാകുന്നത് വിധികര്‍ത്താക്കളുടെ തന്നെ മുഖമാകാം എന്നതും ക്രിസ്തുമൊഴിയാണ്. കണ്ണിലെ തടിക്കഷണം കാഴ്ച മറയ്ക്കുമെന്ന് ഇനിയും മനസ്സിലാകാത്തവര്‍ തന്നെയാണ് അപരനിലേക്ക് വിരല്‍ ചൂണ്ടി നിര്‍ദയം നില്‍ക്കുന്നതും.
അഭിപ്രായം പറയുന്നത് അപരാധമാകുന്ന സഭയില്‍ 'നിഷ്‌ക്കളങ്ക രക്ത ത്തെ ഒറ്റിക്കൊടുത്തു'വെന്ന അക്കല്‍ദാമയുടെ കഠിന വിലാപം സിനഡാത്മകതയുടെ സിനഡു ഹാളില്‍ പ്രതിധ്വനിക്കാതിരിക്കട്ടെ. കാരണം റോമില്‍ ഇപ്പോള്‍ തുടരുന്ന സിനഡ് ചര്‍ച്ചകള്‍ സഭ ക്രിസ്തുവിന്റേതാകാനുള്ള അവസാനശ്രമത്തിന്റെ ഭാഗമാണ്, നിയമത്തിന്റെ കര്‍ക്കശതകൊണ്ടല്ല കുരിശാഴമുള്ള കാരുണ്യത്താല്‍ ലോകരക്ഷ സാധിച്ച ക്രിസ്തുവിന്റെ, മറക്കരുത്.