സംസ്ഥാനങ്ങളെ തകര്‍ക്കരുത്

സംസ്ഥാനങ്ങളെ തകര്‍ക്കരുത്
Published on

ഫെഡറലിസത്തിന്റെ തത്വങ്ങളെയും മര്യാദകളെയും ലംഘിച്ചുകൊണ്ട്, വൈരനിര്യാതനപരമായ സമീപനം കേന്ദ്രസര്‍ ക്കാര്‍ സംസ്ഥാനങ്ങളോടു സ്വീകരിക്കരുത്. അധികാരത്തിന്റെയും വിഭവസ്രോതസ്സുകളുടെയും ന്യായവും നീതിപൂര്‍വകവുമായ വികേന്ദ്രീകരണമാണ് ഫെഡറലിസത്തിന്റെ കാതല്‍. ആധുനിക ദേശരാഷ്ട്രങ്ങളുടെ പുരോഗതിക്കും വികസനത്തിനും ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏറ്റവും ജനാധിപത്യപരവും ശാസ്ത്രീയവുമായ സംവിധാനമാണ് ഫെഡറലിസത്തിലധിഷ്ഠിതമായ ഭരണനിര്‍വഹണം. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ എന്ന അടിസ്ഥാനനിര്‍വചനം തത്വത്തിലും പ്രയോഗത്തിലും വിസ്മരിക്കപ്പെടാവുന്നതല്ല.

എന്നാല്‍, ഹിന്ദുത്വശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം ഫെഡറലിസത്തെ അപകടപ്പെടുത്താനും അധികാരം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നുണ്ട്. അതിനുപുറമെയാണ് നിലവില്‍ ലഭ്യമായ അധികാരങ്ങളെല്ലാം ഉപയോഗിച്ച് സംസ്ഥാന ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കുന്ന നടപടികള്‍. ഇഷ്ടക്കാര്‍ക്കു വാരിക്കോരി നല്‍കുകയും ഇഷ്ടമില്ലാത്തവര്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും ചെയ്യുന്നതുവഴി ഒരു രാജ്യത്തിന്റെ ഭരണാധികാരികള്‍ സ്വയം അപമാനിക്കുകയാണ്. അത് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ദുരിതമാകുകയും ചെയ്യുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ഈ അനീതി വഴിയായി ഏറ്റവും കെടുതികളനുഭവിക്കുന്ന ഒരു ജനതയായി കേരളീയര്‍ മാറിയിരിക്കുന്നു.

കേന്ദ്രഗവണ്‍മെന്റിന്റെ കാവി നയസമീപനങ്ങളോട് രാഷ്ട്രീയമായും സാംസ്‌കാരികമായും വിയോജിപ്പു പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്ന പരാതി കേരളം മാത്രമല്ല ഉന്നയിച്ചിട്ടുള്ളത്. തമിഴ്‌നാടും കേരളവും ഉള്‍പ്പെടുന്ന തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ വിവേചനം നേരിടുന്നുണ്ട് എന്നു മാത്രം. ഇതിനെതിരായ ഒരു പോരാട്ടനിര തെക്കേന്ത്യന്‍ സംസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ രൂപപ്പെട്ടുവരുന്നത് കാര്യങ്ങളുടെ ഗൗരവം പ്രകടമാക്കുന്നു.

കാവിരാഷ്ട്രീയം സ്വീകരിക്കുന്നില്ല എന്ന കാരണത്താല്‍, അത്തരം സംസ്ഥാനങ്ങളിലെ ജനങ്ങളെ ഉപദ്രവിക്കുന്ന നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണം.

ഒട്ടെല്ലാ വികസന സൂചികകളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ എന്നും ബഹുദൂരം മുന്നിലാണ്. മിഷണറിമാരുടെ സാന്നിധ്യമുള്‍പ്പെടെയുള്ള അനേകം കാരണങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാക്ഷരത മുതല്‍ മാതൃശിശുമരണനിരക്കുള്‍പ്പെടുന്ന ആരോഗ്യസൂചികകളില്‍ വരെ കേരളം ഭാരതത്തിനു മാതൃകയാണ്. പക്ഷേ, ഇതേ നേട്ടങ്ങളുടെ പേരില്‍ കേരളത്തെ ശിക്ഷിക്കുന്ന വിചിത്രമായ നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

1971 ല്‍ കേരളത്തിന്റെ ജനസംഖ്യ രാജ്യത്തിന്റെ ജനസംഖ്യയുടെ 3.8 ശതമാനമായിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം അതു 2.8 ശതമാനമായി കുറഞ്ഞു. ജനസംഖ്യാനിയന്ത്രണം എന്നും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചുപോന്ന കേന്ദ്രസര്‍ക്കാര്‍ പക്ഷേ, ഇതിന്റെ പേരില്‍ കേരളത്തിന്റെ നികുതിവിഹിതത്തില്‍ കുറവു വരുത്തിയിരിക്കുന്നു. ജി ഡി പി യിലെ വിഹിതത്തിലും കേന്ദ്രത്തിനു നല്‍കുന്ന നികുതിവരുമാനത്തിലും ജനസംഖ്യാനുപാതത്തെ മറികടക്കുന്ന പ്രകടനം കേരളം എന്നും കാഴ്ചവയ്ക്കുന്നുണ്ടെന്നോര്‍ക്കണം. ഇതേ ശത്രുതാപരമായ സമീപനം വായ്പയെടുക്കുന്നതിനുള്ള കേരളത്തിന്റെ പരിശ്രമങ്ങളോടും കേന്ദ്രം കാണിക്കുന്നുണ്ട്. യൂണിയന്‍ സര്‍ക്കാരോ മറ്റു സംസ്ഥാനങ്ങളോ വിദേശവായ്പ തേടുമ്പോഴില്ലാത്ത മാനദണ്ഡങ്ങള്‍ കേരളത്തോടു മാത്രം സ്വീകരിക്കുന്നതിനെ ശത്രുതയെന്നല്ലാതെ എന്താണു വിളിക്കുക?

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരകളായവരോടു പോലും ഇതേ നിഷേധാത്മക നിലപാടു കേന്ദ്രം പുലര്‍ത്തിയെന്നു കാണുമ്പോഴാണ് ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന്റെ ധര്‍മ്മബോധത്തെ നമുക്കു സംശയിക്കേണ്ടി വരുന്നത്. മുന്നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും അനേകരെ കാണാതാകുകയും ഗ്രാമങ്ങള്‍ നിശ്ശേഷം തകര്‍ന്നടിയുകയും ചെയ്ത അതിഭീകരമായ ഒരു പ്രകൃതിദുരന്തത്തിനാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തു രാജ്യം സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നേരിട്ട് ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍, അതനുസരിച്ചുള്ള സഹായങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോള്‍ അതിന്റെ പുനരധിവാസ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വഹിക്കുകയും ധനസ്രോതസ്സുകള്‍ കേന്ദ്രഗവണ്‍മെന്റ് ലഭ്യമാക്കുകയും വേണമെന്നാണ് കേന്ദ്രധനകാര്യകമ്മീഷന്‍ തന്നെ ഇക്കാര്യത്തില്‍ എഴുതിവച്ചിട്ടുള്ള നിലപാട്. എന്നാല്‍, വയനാടു ദുരന്തത്തിന്റെ പേരില്‍, ധനസഹായമായി ഒന്നും തന്നെ തരാതിരുന്ന കേന്ദ്രഗവണ്‍മെന്റ് അടിസ്ഥാന സൗകര്യവികസനത്തിനുള്ള വായ്പയായിട്ടാണ് കുറച്ചു തുക ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. അതാകട്ടെ, മാര്‍ച്ച് മാസത്തിനു മുമ്പായി ചെലവഴിച്ചു തീര്‍ക്കണമെന്ന വിചിത്രമായ ഉപാധിയും വച്ചിരിക്കുന്നു. ദുരന്തബാധിതരെ സഹായിക്കുകയല്ല കേന്ദ്രഗവണ്‍മെന്റിന്റെ ലക്ഷ്യം, സംസ്ഥാനജനതയെ പാഠം പഠിപ്പിക്കലാണ് എന്നു കരുതാന്‍ വേറൊരു തെളിവ് ആവശ്യമില്ലാത്ത സ്ഥിതി.

ഇതിനെല്ലാം പുറമെയാണ് ലോക്‌സഭാമണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയമെന്ന വാള്‍ കേന്ദ്രമുയര്‍ത്തിയിരിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലപുനര്‍നിര്‍ണ്ണയം നടത്തുമ്പോള്‍ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം കുറയുകയും ഉത്തര്‍പ്രദേശിലും മറ്റും വര്‍ധിക്കുകയും ചെയ്യും. ഇത് ഇന്ത്യന്‍ യൂണിയനില്‍ കേരളത്തിന്റെയും സമാനസംസ്ഥാനങ്ങളുടെയും സ്ഥിതി പിന്നെയും ബലഹീനമാക്കും. കാവിരാഷ്ട്രീയം സ്വീകരിക്കുന്നില്ല എന്ന കാരണത്താല്‍, അത്തരം സംസ്ഥാനങ്ങളിലെ ജനങ്ങളെ ഉപദ്രവിക്കുന്ന നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org