'വിഭജിക്കുന്ന വി. കുര്‍ബാന'

'വിഭജിക്കുന്ന വി. കുര്‍ബാന'

ചെറിയ അജഗണങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ക്രിസ്തു ആരംഭിച്ചത്. ലോകത്തിന്റെ അതിരുകളിലേക്ക് പിന്നീട് ശിഷ്യത്വം വികസിച്ചപ്പോള്‍ സഭ സംഘടിത സാന്നിധ്യമായി രൂപപ്പെട്ടു. കോണ്‍സ്റ്റന്‍ന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അതിന് രാഷ്ട്രീയ പരിണാമം സംഭവിക്കുകയും സാര്‍വ്വത്രിക മതമായി മാറ്റപ്പെടുകയും ചെയ്തു. അതോടെ രക്തസാക്ഷികളുടെ സഭ വേദസാക്ഷികളുടെ സഭയായി പൊരുത്തപ്പെട്ടു.

സഭയുടെ അരയില്‍ കെട്ടിയ കച്ച മേലങ്കിയായി മാറിയതോടെ ശുശ്രൂഷ അധികാരമായി പുനഃനിര്‍വ്വചിക്കപ്പെടുകയും അല്മായര്‍ക്കുമേല്‍ പൗരോഹിത്യ മേല്‍ക്കോയ്മ ഉറപ്പിക്കപ്പെടുകയും ചെയ്തു.

'നീ രാജാവാണോ' എന്ന ചോദ്യം രാജതുല്യനായ പീലാത്തോസില്‍ നിന്നും ക്രിസ്തുവിന്റെ വിചാരണവേളയില്‍ ഉയര്‍ന്നപ്പോള്‍ 'തന്റെ രാജ്യം ഐഹികമല്ലെന്ന' അവിടുത്തെ അസന്നിഗ്ദ്ധമായ മറുപടിയില്‍ ഭൗതികരാജസങ്കല്പങ്ങളില്‍ നിന്നുള്ള വേര്‍പിരിയല്‍ വ്യക്തമായിരുന്നു.

നേരത്തെ സമാനമായ സംശയങ്ങള്‍ തന്റെ ശിഷ്യര്‍ക്കിടയില്‍ നേതൃത്വ തര്‍ക്കമായുയര്‍ന്നപ്പോള്‍ വിജാതീയരുടെ 'യജമാനത്വ'ഭാവത്തിന്റെ അധികാര പ്രയോഗങ്ങളെ ക്രിസ്തു തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. ''വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം'' (മത്താ. 20:25-27).

സമൂഹത്തില്‍ അവസാനത്തവനോടൊപ്പം അവന്റ നിരയില്‍ നില്‍ക്കുന്ന ചെറുതാകലിന്റെ നേതൃത്വശുശ്രൂഷയെ ശിഷ്യര്‍ തിരിച്ചറിയണമെന്ന നിര്‍ബ ന്ധമുണ്ടായിരുന്നതിനാല്‍, ഒടുവിലത്തെ അത്താഴവേളയില്‍ കുനിഞ്ഞിരുന്നും കാലുകഴുകിയും ക്രിസ്തു അത് സ്ഥിരീകരിച്ചു; തന്റെ അനുയായികള്‍ ആവര്‍ ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

ക്രിസ്തുവിന്റെ രാജത്വത്തെ ദാസിത്വവുമായി സമന്വയിപ്പിക്കുന്ന സന്ദേശങ്ങള്‍ കൊണ്ട് സമൃദ്ധമാണ് സുവിശേഷം. എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യരെ അനുഗമിക്കുന്ന ക്രിസ്തു, കൂടെ നടക്കുന്ന, ശ്രവിക്കുന്ന നേതൃത്വ ശൈലിയെ പരിചയപ്പെടുത്തുകയാണ്. ഒറ്റിക്കൊടക്കുന്നവനെപ്പോലും 'സ്‌നേ ഹിതാ' എന്നു വിളിക്കുവോളം വിയോജിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന നേതൃത്വത്തിന്റെ അജപാലനശൈലിയെ പഠിപ്പിക്കുന്നു. ഉപേക്ഷിച്ചുപോയവര്‍ക്കായി തിബേരിയൂസ് കടല്‍ത്തീരത്ത് പ്രാതലൊരുക്കി തേടിയിറങ്ങുന്ന, കാത്തിരിക്കുന്ന നല്ല ഇടയന്റെ സൗഹാര്‍ദ്ദശൈലിയെ ഓര്‍മ്മിപ്പിക്കുന്നു.

എന്നാല്‍, വി. കുര്‍ബാനയുടെ ഏകീകരണവിഷയത്തില്‍ സിനഡ്, വിശ്വാസികളെ കേള്‍ക്കാതിരുന്നപ്പോള്‍, ക്രിസ്തു തള്ളിപ്പറഞ്ഞ വിജാതീയരുടെ യജമാനത്വശൈലി സഭയിലേക്ക് വന്നതിന്റെ സങ്കടമാണ് ലോകം കണ്ടത്. അത് സഭയുടെ ഔദ്യോഗിക നേതൃത്വം കാണാതെ പോയതിലുള്ള വിലാപമാണ് (സൈബര്‍) തെരുവുകളെ ബഹളമയമാക്കിയത്. എന്നാല്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ മാര്‍പാപ്പ ശ്രവിച്ചപ്പോള്‍ ''കുര്‍ ബാനയര്‍പ്പണത്തെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം നടപ്പാക്കുന്നതുവഴി ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെ'' വിവേകപൂര്‍വ്വം വിലയിരുത്തപ്പെടുകയും അത് പൗരസ്ത്യ തിരുസംഘാധ്യക്ഷനായ കാര്‍ഡി. സാന്ദ്രിയുടെ കത്തിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തു.

ഐക്യം പുറത്തുനിന്നും അകത്തു പ്രവേശിക്കുന്നതല്ല, അകത്ത് പൂവണിഞ്ഞ് പുറത്തു സൗരഭ്യം പരത്തുന്നതാണ്. അത് തിരിച്ചറിയാനാകാത്തതിനാലാണ് ഐകരൂപ്യത്തിന്റെ അച്ചടക്ക ഖഡ്ഗമുയര്‍ത്തി അനുസരണത്തെ ആധിപത്യത്തിന്റെ മര്‍ദ്ദനോപകരണമാക്കാനുദ്യമിച്ചത്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ ഉരുകുന്ന പിതാക്കന്മാര്‍ വേണം; 'ഉരുക്കു' മെത്രാന്മാരെ ക്രിസ്തുവിന്റെ സഭയ്ക്ക് ആവശ്യമില്ല. ചര്‍ച്ചകളെ ഭയക്കുന്നതെന്തിനാണ്? 'ഭിന്നിതമായ സമൂഹത്തെ അനുരഞ്ജനപാതയിലൂടെ നയിക്കുന്ന മെത്രാന്മാര്‍ ദൈവപുത്രരാകുന്ന അഷ്ഠഭാഗ്യത്തെക്കുറിച്ച്' ഈയിടെ ഇറ്റാലിയന്‍ മെത്രാന്‍സംഘത്തോട് പാപ്പ പറഞ്ഞത് നമ്മുടെ പിതാക്കന്മാര്‍ക്ക് മനസ്സിലാ കാത്തതാണോ? ആടിന്റെ മണമുള്ള ഇടയന്‍ വത്തിക്കാനില്‍ മാത്രം മതിയോ?

സഭാചരിത്രം പരിശോധിച്ചാലറിയാം പരിശുദ്ധ സൂനഹദോസുകളില്‍ അത്ര പവിത്രമല്ലാത്ത പലതും നടന്നിട്ടുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളില്‍ പലതിലും അധിനിവേശത്തിന്റെ ആഘോഷമായ തീര്‍പ്പുകള്‍ കാണാം. ശീശ്മയെന്ന് ആരോപിച്ച് തള്ളിപ്പറഞ്ഞവയിലധികവും ഭാഷാ പ്രശ്‌നത്താല്‍ മനസ്സിലാകാതെ പോയ വെളിപാടുകളായിരുന്നുവെന്ന് സഭ പിന്നീട് കുറ്റബോധത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. നെസ്‌തോറിയന്റെ അനാഫറ സീറോ മലബാര്‍ ആരാധനാക്രമത്തിന്റെ ഭാഗമായത് അത്തരമൊരു തിരിച്ചറിവിന്റെയും വീണ്ടെടുപ്പിന്റെയും നല്ല തെളിവാണ്. കാനന്‍ 1538 ന്റെ ഒഴിവനുവാദം ആരാധനക്രമ വിഷയത്തില്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്ന തെറ്റിദ്ധാരണ സിനഡിനകത്തും പുറത്തും പരത്തിയതാണ് പവിത്രമല്ലാത്ത പരിപാടികളില്‍ ഒടുവിലത്തേത്. മാര്‍പാപ്പയുടെ പ്രത്യേക ഇടപെടലിലൂടെ 'പുനഃസ്ഥാപിക്കപ്പെട്ട' ഈ ഒഴിവവകാശം ജനാഭിമുഖ കുര്‍ബാന ആഗ്രഹിക്കുന്ന മറ്റ് രൂപതകള്‍ക്ക് അനുവദിക്കുമോ എന്നാണറിയേണ്ടത്. വിശ്വാസികളെ കേട്ട് തന്നെയാണ് സൂനഹദോസുകള്‍ വിശുദ്ധമാകേണ്ടത്.

കൂടെ നടക്കുന്ന സൗഹാര്‍ദ്ദശൈലിയുടെ പുനഃപ്രതിഷ്ഠയ്ക്കായി ഫ്രാന്‍ സിസ് പാപ്പയുടെ നേതൃത്വത്തില്‍ സാര്‍വ്വത്രിക മെത്രാന്‍ സിനഡിനായി ആഗോള സഭയൊരുങ്ങുമ്പോള്‍, വിശ്വാസികള്‍ക്ക് പുറംതിരിയുന്ന സീറോ മലബാര്‍ സിനഡ് ആത്മപരിശോധന ചെയ്യണം. ഒരുക്കത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങല്ലാതെ മറ്റെന്തെങ്കിലും ഇവിടെ ഇതുവരെയും നടന്നതായി അറിയില്ല. പ്രാദേശിക സഭാതലത്തില്‍ ആശയരൂപീകരണത്തിനുള്ള സമയപരിധി പാപ്പ നീട്ടി നല്കിയത് അടിത്തട്ട് തൊടുന്ന വിശാല ചര്‍ച്ചകളെ സത്യമാക്കാനാണ്. സംഭാഷണങ്ങള്‍ തന്നെയാണ് സത്യത്തിലേക്കുള്ള വഴി; സിനഡല്‍ സഭയിലേക്കും.

മറച്ചു പിടിച്ചും, മാറ്റിപ്പറഞ്ഞും ഐക്യത്തെ സാധ്യമാക്കാനാവില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. തെരുവില്‍ തല്ലുന്നത് ശത്രുക്കളല്ല സഭാ മക്കള്‍ തന്നെയെന്ന് നേതൃത്വം തിരിച്ചറിയണം. ഇന്നലെ വരെയും ഒരേ വി. കുര്‍ബാനയില്‍ ഒന്നായിരുന്നവര്‍ തന്നെയാണവര്‍...! വിഭജിച്ച് ഭരിക്കാനല്ല, വിഭജിച്ച് വിളമ്പാനാണ് വി. കുര്‍ബാന, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org