സംഭാഷണമോ സംഹാരമോ?

സംഭാഷണമോ സംഹാരമോ?

പ്രശ്‌നപരിഹാരത്തിനുള്ള പ്രധാനമാര്‍ഗം സംഭാഷണം തന്നെയെന്നുറപ്പിക്കുന്ന ഒന്നായിമാറി ഈയിടെ ഒത്തുതീര്‍പ്പായ വിഴിഞ്ഞം തുറമുഖസമരം. മലങ്കര കത്തോലിക്കസഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളാണ് മാസങ്ങള്‍ നീണ്ട വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാകാന്‍ ഇടയാക്കിയത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയിലൂടെ വ്യാപകമായി സംഭവിക്കുന്ന തീരശോഷണമുള്‍പ്പെടെയുള്ള തീരാത്ത പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം സമരം ചിലപ്പോള്‍ അക്രമാസക്തമാകുകയും തെരുവ് സംഘര്‍ഷങ്ങള്‍ക്ക് ഇടയാവുകയും ചെയ്തു. ഏറ്റവും ഒടുവില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണമുള്‍പ്പെടെയുള്ള സമാനതകളില്ലാത്ത സമരമുറകള്‍ക്കു കൂടി സമരവേദികള്‍ സാക്ഷ്യം വഹിക്കാനിടയായതോടെയാണ് സമരം ഒത്തുതീര്‍പ്പാകാനുള്ള പലവിധ ശ്രമങ്ങള്‍ക്ക് പിന്തുണയേറിയത്.

മുഖ്യമന്ത്രിയുമായും സമരനേതൃത്വപ്രതിനിധികളുമായും, ചീഫ് സെക്രട്ടറി തലത്തിലും അല്ലാതെയും കാതോലിക്കാബാവ നടത്തിയ അനുരഞ്ജനശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. തുറമുഖ നിര്‍മ്മാണത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തീരശോഷണമുള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധനയും ആഴമേറിയ പഠനവും അനിവാര്യമാണെന്നുള്ള സമരസമിതിയുടെ നിലപാടിന്റെ നൈതികതയെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അംഗീകരിച്ചതോടെയാണ് സംഭാഷണങ്ങള്‍ക്ക് തുറസ്സിടമുണ്ടായത്. സമരക്കാര്‍ രാജ്യദ്രോഹികളാണെന്ന നിലപാടില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്‍മാറിയതും ഒത്തുതീര്‍പ്പിനുള്ള അന്തരീക്ഷത്തെ സുഗമമാക്കി. നിയമസഭാ ചര്‍ച്ചകളും ഹൈക്കോടതിയുടെ ഇടപെടലുകളും വഴി സമരാവശ്യങ്ങളുടെ ഗൗരവം ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലായതും വഴിത്തിരിവായി. സംഭാഷണങ്ങള്‍ തന്നെയാണ് സമവായത്തിന് വഴിതുറന്നതെന്ന് വിഴിഞ്ഞം സമരത്തിന്റെ നാള്‍വഴികള്‍ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്.

സംഭാഷണങ്ങളെ സംഘര്‍ഷങ്ങള്‍ക്ക് പകരമാക്കണമെന്ന് നിരന്തരം നിര്‍ബന്ധിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സിനഡാത്മകതയുടെ സംവാദശൈലിയെ സീറോ മലബാര്‍ സഭയുടെ സമകാലിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഈയിടെ നിര്‍ദേശിച്ചത്, സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫാണ്. സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ദിവ്യബലിയെ, തര്‍ക്കത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും സംഘര്‍ഷവേദിയാക്കുന്നതിനെ ശക്തമായി വിമര്‍ശിച്ച്, സഭാനേതൃത്വത്തെ സംവാദത്തിന്റെ സിനഡാത്മകശൈലിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം നല്കിയ സ്‌നേഹാധിഷ്ഠിതാഹ്വാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ആരാധനാക്രമം നിയമപാലകരുടെ സംരക്ഷണബലത്തില്‍ മാത്രം അര്‍പ്പിക്കപ്പെടുമ്പോള്‍ അത് അനുരഞ്ജനത്തിന്റെയും ഒരുമയുടെയും ബലിയാകുന്നതെങ്ങനെയെന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേഹം. ആധികാരിക സംഭാഷണം മാത്രമാണ് യഥാര്‍ത്ഥ സമാധാനത്തിലേക്കുള്ള വഴിയെന്നാണ് അദ്ദേഹത്തിന്റെ വാദവും വ്യാഖ്യാനവും.

അനുസരണത്തെ ആധിപത്യത്തിന്റെ മര്‍ദകോപകരണമാക്കിക്കൊണ്ട് വി. കുര്‍ബാനയുടെ ഏകീകരണപ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമെന്ന് ചിന്തിക്കുന്നിടത്ത് സംഭാഷണം അനാവശ്യമാണെന്നു മാത്രമല്ല, അസാധ്യവുമാണ്. പൊലീസ് സംരക്ഷണബലത്തില്‍ അര്‍പ്പിക്കപ്പെടുന്നത്, അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും ബലിയാകുന്നതെങ്ങനെയെന്ന് ആകുലപ്പെടുന്നത് ഉന്നത നീതിപീഠത്തിലെ പ്രമുഖ ന്യായാധിപന്‍ മാത്രമല്ല, ഇന്നാട്ടിലെ സാധാരണ വിശ്വാസികള്‍ കൂടിയാണ്. ഇടയന്റെ വടി ആടുകളെ അടിക്കാനല്ല, അലിവോടെ ചേര്‍ത്തുനിര്‍ത്താനാണ് എന്ന് തിരിച്ചറിയുന്നിടത്താണ് അനുരഞ്ജനത്തിന്റെ വഴിത്താരകള്‍ വിശാലമാകുന്നത്. വിശുദ്ധ കുര്‍ബാനയില്‍ യേശു സന്തോഷത്തോടെ സന്നിഹിതനാകത്തക്കവിധം അനുരഞ്ജനത്തിന്റെ ബലിയര്‍പ്പിക്കാന്‍ സംഭാഷണത്തിന്റെ സൗഹാര്‍ദശൈലിയില്‍ സഭാനേതൃത്വം ഇനിയും മുന്നേറേണ്ടതുണ്ട്. അതിരൂപതയിലെ വൈദികര്‍ക്കും അല്മായര്‍ക്കുമെതിരെ കോടതിയില്‍ പരാതി നല്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുമോ എന്നാണറിയേണ്ടത്.

മാര്‍പാപ്പയുടെ കത്തിനെ കല്പനയാക്കിയ അതേ കൗടില്യം തന്നെയാണ് അന്ധമായ അനുസരണത്തെ ആയുധമാക്കി വിശുദ്ധ കുര്‍ബാനയെ വിവാദ വിഷയമാക്കിയത്. ഐകരൂപ്യം ഐക്യത്തെ അടയാളപ്പെടുത്തുന്നില്ല എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഫ്രാന്‍സിസ് പാപ്പായെത്തന്നെ, അര്‍പ്പണരീതിയുടെ ഏകീകരണശ്രമത്തിലൂടെ അപഹാസ്യമാക്കുന്നത് എന്തിനാണ്? 34 രൂപതകള്‍ക്ക് സാധ്യമായത് എറണാകുളം അതിരൂപതയ്ക്ക് അസാധ്യമാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സംവാദത്തിന്റെയല്ല, ആധിപത്യത്തിന്റേതാണ്. വിവിധ ഫലങ്ങളിലൂടെ സന്നിഹിതമാകുന്ന ഒരേ ആത്മാവിലാണ് നാമെല്ലാം സ്‌നാനമേറ്റത് എന്ന് ഓര്‍മ്മിക്കാത്തിടത്ത് സംഭാഷണമില്ല, സംഹാരം മാത്രമേയുള്ളൂ, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org