'ഇരവാദത്തിന്റെ ഇരകള്‍'

ചെറിയതോതിലുള്ള ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കുംവിധം നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
'ഇരവാദത്തിന്റെ ഇരകള്‍'

ചെറിയതോതിലുള്ള ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കുംവിധം നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സമ്മിശ്ര പ്രതികരണത്തിന് വഴിതെളിച്ചിരിക്കുകയാണ്. ലഹരി ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള 1985-ലെ 'നാര്‍ കോട്ടിക്ക്, ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ്' (എന്‍.ഡി.പി.എസ്.) നിയമത്തിലെ 27-ാം വകുപ്പാണ് ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തിരുത്താനൊരുങ്ങുന്നത്.

നിലവില്‍ ഈ നിയമമനുസരിച്ച് 10,000 രൂപ പിഴയോ, ആറുമാസം തടവോ, രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ട കുറ്റമാണ്, ലഹരിക്കടിമകള്‍ ഇരകള്‍ മാത്രമാണെന്ന പുതിയ ന്യായത്തിലൂന്നി ഭേദഗതി ചെയ്യുന്നത്. അതോടെ കര്‍ശനമായ ജാമ്യവ്യവസ്ഥകളിലും ഇളവുണ്ടാകുമെന്ന് കരുതപ്പെടുന്നു. ചെറിയ അളവില്‍ ആദ്യമായാണ് ഒരാള്‍ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നതെങ്കില്‍ ലഹരി മോചന കേന്ദ്രങ്ങളിലെ 30 ദിവസത്തെ കൗണ്‍സലിംഗിലൂടെ ലഹരി ഉപയോഗത്തില്‍നിന്നും പിന്തിരി പ്പിക്കാനുള്ള അവസരമൊരുക്കും വിധമാണ് ഭേദഗതി നീക്കം.

രാജ്യം അതിവേഗം ലഹരിമാഫിയയുടെ പിടിയില്‍ അതിദാരുണാംവിധം അമര്‍ന്നൊതുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വല്ലാതെ പെരുകുന്ന പുതിയ കാലത്ത്, ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ നിയമ നിര്‍മ്മാണം അനിവാര്യമായിരിക്കെ 'ഇരവാദം' തിരിച്ചടിയാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു കഴിഞ്ഞ സെപ്തംബറില്‍ 21,000 കോടി വിലയുള്ള ഹെറോയിന്‍ പിടികൂടിയിരുന്നു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ 1,500 കിലോ കഞ്ചാവ് എന്‍ സിബി സംഘം പിടിച്ചെടുത്തതും വാര്‍ത്തയായി. ഏറ്റവും ഒടുവില്‍ രാജ്യാന്തര വിപണിയില്‍ 600 കോടി വിലയുള്ള 120 കിലോ ഹെറോയിന്‍ കച്ചിലെ നവല്‍ഖി തുറമുഖത്തുനിന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയതാണ് ഈ നിരയില്‍ ഏറ്റവും ഒടുവിലത്തേത്. അന്താരാഷ്ട്ര സ്വഭാവമുള്ള ലഹരിക്കടത്തു ശ്രമങ്ങള്‍ രാജ്യവ്യാപകമായി സജീവമായി തുടരുമ്പോള്‍ നിയമത്തിന്റെ കര്‍ക്കശതയും സംവിധാനത്തിന്റെ കാര്യക്ഷമതയും പൊതുസമൂഹത്തിന്റെ ജാഗ്രതയും അത്യന്താപേക്ഷിതമായിരിക്കെ ലഹരി ഉപയോഗത്തെത്തന്നെ കുറ്റവിമുക്തമാക്കുന്ന സര്‍ക്കാര്‍ നടപടി നാടിന് നല്ലതോ എന്നു ചിന്തിക്കണം.

മയക്കുമരുന്നു കടത്തുന്നവര്‍ തന്നെ പലപ്പോഴും അതിനടിമകളാകുന്ന സാഹചര്യമുള്ളപ്പോള്‍ അത് കൈവശം വയ്ക്കുന്നതിന്റെ അളവും, ആദ്യ ഉപയോഗമെന്ന ഇളവും പുതിയ നിയമ ഭേദഗതിക്കാധാരമാക്കുമ്പോള്‍ ലഹരി ഉപയോഗം ഒരു തലമുറയുടെ തന്നെ സര്‍വ്വനാശമെന്ന ആപല്‍സാധ്യതയെ ലഘൂകരിക്കാനിടയാക്കും എന്ന് ഭയപ്പെടുന്നവരുണ്ട്. ആദ്യ ഉപയോഗവേളയിലല്ലാതെ ആദ്യമായി പിടിക്കപ്പെടുന്ന സമയത്ത് ഒരാള്‍ നിയമത്തിന്റെ മുമ്പില്‍ ഇരമാത്രമായി പരിഗണിക്കപ്പെടുന്ന പുതിയ നിയമ ഭേദഗതി ലഹരി നിര്‍മ്മാര്‍ജ്ജനത്തെ സഹായിക്കാനാണെന്ന് കരുതുക വയ്യ. ലഹരി അതിന്റെ ഏതളവിലും ഉപയോഗ തീവ്രതയെയും അടിമത്ത സാധ്യതയെയും സജീവമാക്കുമെന്നിരിക്കെ, നിയമങ്ങള്‍ കര്‍ക്കശമാക്കി വ്യാപക വ്യാപനം തടയുകയാണ് വേണ്ടത്.

മയക്കുമരുന്നിന് അടിമപ്പെട്ടവരെ ചികിത്സിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ ആധുനീകരണവും അവരോടുള്ള സഹാനുഭൂതിയുടെ സൗഹാര്‍ദ്ദശൈലിയും പുതിയ നിയമ ഭേദഗതിയുടെ ഭാഗമാകുന്നത് സ്വാഗതാര്‍ഹമാണ്. അപ്പോഴും ബോധവല്‍ക്കരണം മാത്രമല്ല, 'മരുന്നി'ന്റെ അലഭ്യതയും പ്രധാനപ്പെട്ടതാണെന്ന് മറക്കരുത്. വീടുകളില്‍ കുട്ടികള്‍ തനിച്ചായിരിക്കുന്ന സാഹചര്യങ്ങള്‍ അധികമാകുന്ന ആധുനിക കാലത്ത് ലഹരിയുടെ ചെറിയ അളവിലുള്ള കൈവശാനുവാദം പോലും അചിന്തനീയമാണ്; സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും, ചെറിയ കുട്ടികളെപ്പോലും ലക്ഷ്യം വച്ചും ലഹരി മാഫിയകള്‍ കൂട്ടംചേരുമ്പോള്‍ ബോധവല്‍ക്കരണത്തിലൂന്നിയുള്ള നിതാന്ത ജാഗ്രത അധ്യാപകരുടെയും, മാതാപിതാക്കളുടെയും കൂട്ടുത്തരവാദിത്വമാണ്. ലഹരിയിലേക്കുള്ള ആദ്യക്ഷണം പോലും വലിയ അപകടമാണെന്നിരിക്കെ 'ഇരവാദം' കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനിടയാക്കുമെന്നുറപ്പാണ്. 'റേവ്' പാര്‍ട്ടികളില്‍ പെരുകുന്ന തീക്ഷ്ണയൗവനക്കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്.

മദ്യപാനശീലം അതിന്റെ ആദ്യഅടയാളങ്ങളില്‍ തന്നെ പ്രകടമാകുമ്പോള്‍ മയക്കുമരുന്നുപയോഗം ആപത്ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടാകും. കോവിഡ് കാലത്ത് കുട്ടികള്‍ കടന്നുപോകുന്ന വിഷാദാനുഭവത്തെ അതിജീവിക്കാന്‍ ലഹരി സംഘങ്ങളെ അവര്‍ അഭയമാക്കിയേക്കാം.എളുപ്പത്തില്‍ പണമുണ്ടാക്കാമെന്ന പ്രലോഭനക്കുരുക്കില്‍ അവര്‍ വേഗം വീണുപോയെന്നും വരാം. കൗതുകത്തിനും ചിലപ്പോള്‍ സമ്മര്‍ദ്ദത്തിനും വഴങ്ങി ആരംഭിക്കുന്ന ലഹരി ഉപയോഗം പിന്നീട് അനിവാര്യമായ ദുരന്തമായിത്തീരുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. വീട്ടില്‍നിന്നും വിദ്യാലയത്തിലേക്കുള്ള 'പൊതുവഴി'യിലെ ഇത്തരം ആപത്തുകളെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് ധാരണയുണ്ടാകണം.

സഭയില്‍ വിശ്വാസപരിശീലനവേദികള്‍ വീണ്ടും സജീവമാകുന്ന വേളയില്‍ ലഹരി ഉപയോഗത്തിനെതിരെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറെക്കൂടി കര്‍ക്കശമാക്കണം.വ്യക്തിപരമായ അനുഗമനത്തിന്റെ അനുകമ്പാനുഭവം കുട്ടികള്‍ക്ക് ലഭിക്കത്തക്കവിധം അധ്യാപകരും അജപാലകരും ജാഗ്രതയുള്ളവരാകണം. കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍പോലും ശ്രദ്ധയോടെ ശ്രവിക്കുംവിധം കൗണ്‍സലിംഗ് സൗകര്യങ്ങള്‍ സാധ്യമാക്കണം. മയക്കുമരുന്നുപയോഗത്തിന്റെ നിയമസാധുതയിലൂടെ പ്രതികരണശേഷിയില്ലാത്ത ഭാവി ഇന്ത്യയെ പ്രതീക്ഷിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭേദഗതി നീക്കം മനസ്സിലാകും. എന്നാല്‍ ലഹരി ഉപയോഗ നിയന്ത്രണ നിയമത്തിലെ പുതിയ ഇളവു പ്രഖ്യാപനങ്ങളോടുള്ള സഭയുടെ ഔദ്യോഗിക പ്രതികരണം ഇനിയും വൈകുന്ന താണ് മനസ്സിലാകാത്തത്.

അന്താരാഷ്ട്ര കണ്ണികളുടെ ബലത്തില്‍ സാമ്രാജ്യത്വ അധിനിവേശ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സമാന്തര ഭരണ രീതിയാണിപ്പോള്‍ നാര്‍കോട്ടിക് മാഫിയ. അത് രാജ്യങ്ങളോടുള്ള നിശബ്ദ യുദ്ധരീതിപോലുമാണ്. അരാജകത്വത്തിന്റെ തീവ്ര നിലപാടിനെ രാഷ്ട്രീയവ്യവസ്ഥയാക്കിയ അഫ്ഘാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികശേഷിയുടെ നിര്‍ണ്ണായകഘടകം കറുപ്പു കൃഷിയാണെന്നോര്‍ ക്കണം. മയക്കുമരുന്നിന് മതമില്ല; മാനവീകതയ്‌ക്കെതിരായ മനുഷ്യത്വരഹിത മദസമീപനം മാത്രമേയുള്ളൂ.

തലമുറകളെ തകര്‍ക്കുന്ന, രാജ്യത്തിന്റെ ക്രിയാശേഷിയെ നിര്‍വ്വീര്യമാക്കുന്ന ഇത്തരം വിധ്വംസക ശക്തികള്‍ക്കെതിരെ മതവര്‍ഗ്ഗരാഷ്ട്രീയ ചേരികള്‍ മറന്ന് സര്‍വ്വരും ഒരുമിക്കണം, ഒരുമിച്ചെതിര്‍ക്കണം. നാളെ നമ്മളിവിടെ തുടരാന്‍ അതനിവാര്യമാണ്, മറക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org