വീഴ്ചകളുടെ വില

വീഴ്ചകളുടെ വില

'പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം.' ക്രൂരമായി കൊല്ലപ്പെട്ട ഡോ. വന്ദനയെ കേരളം ആദ്യമായി അറിഞ്ഞത് ഇങ്ങനെയാണ്. എം ബി ബി എസ് പഠനത്തിനുശേഷം കൊട്ടാരക്കര താലൂക്ക് ആശൂപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന യുവഡോക്ടറുടെ ജീവിതം കാഷ്വാലിറ്റിയില്‍ 2023 മെയ് 10-ന് രാവിലെ അപ്രതീക്ഷിതമായി അവസാനിച്ചപ്പോള്‍ മനോനില തെറ്റിയ ഒരു വ്യക്തിയുടെ അവിചാരിതാക്രമമായി മാത്രമല്ല; വഴിതെറ്റിയ വ്യവസ്ഥിതിയുടെ സമ്പൂര്‍ണ്ണാപചയം, ആസൂത്രിതമായി അനുവദിച്ച അതിക്രൂരമായ കൊലപാതകമാണ് അതെന്നു തന്നെ പറയേണ്ടി വരും.

പ്രതിയെയല്ല, പരാതിക്കാരനെയാണ് ആശുപത്രിയിലെത്തിച്ചതെന്ന പൊലീസിന്റെ ആദ്യവാദം പൊളിഞ്ഞത് പൊലീസു തന്നെ കോടതിയില്‍ പിന്നീട് ഹാജരാക്കിയ അക്രമിയുടെ ശബ്ദലേഖനത്തിലാണ്. ജീവന്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ഡോക്ടര്‍ ആക്രമിക്കപ്പെട്ട വേളയില്‍ ലാത്തിതപ്പി പോയതിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു. ലാത്തിയുടെ ഉപയോഗം, പെരുവഴിയില്‍ ആളുകളെ അനാവശ്യമായി തടഞ്ഞുനിറുത്തുമ്പോഴും, പിന്നെ ലോക്കപ്പിലും മാത്രം പരിചയമുള്ള കേരള പൊലീസിന് അപമാനകരമായി, എഫ് ഐ ആറില്‍ പോലും വന്ന വീഴ്ചകള്‍. ഇത്രയും പ്രമാദമായ ഒരു കേസുപോലും പൊലീസ് കൈകാര്യം ചെയ്യുന്നവിധം കാണുമ്പോള്‍ നമ്മുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം നമുക്ക് മാത്രമാണെന്ന് നാം ഞെട്ടലോടെ സമ്മതിക്കേണ്ടി വരും.

വ്യവസ്ഥിതിയിലധിഷ്ഠിത കൊലപാതകമെന്ന് (institutional murder) നിസ്സംശയം വിളിക്കാവുന്ന സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട് വന്ദനയുടെ ദാരുണ്യാന്ത്യത്തില്‍. മയക്കുമരുന്നുപയോഗമോ, അമിതമായ മദ്യാസക്തിമൂലമോ അപകടകരമാംവിധം അക്രമാസക്തരായ മാനസികരോഗികളെ സുരക്ഷിതമായി ചികിത്സിക്കാനും, ഭയരഹിതരായി കൈകാര്യം ചെയ്യാനും നമുക്കുള്ള സംവിധാനങ്ങള്‍ ഇപ്പോഴും പരിമിതമോ, പാതിവഴിയിലോ ആണെന്ന് തിരിച്ചറിയുമ്പോഴാണ് വന്ദനയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായല്ലായെന്ന് മനസ്സിലാകുന്നത്.

നിരവധിയാളുകള്‍ തിക്കിത്തിരക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാതെ ഇത്തരം ആളുകളെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതിന്റെ യുക്തി എന്താണ്? ഇതിനിടയില്‍ യുവഡോക്ടറുടെ പരിചയക്കുറവാണ് ദുരന്തമുഖത്തു നിന്നും ഓടിമാറുന്നതിനു തടസ്സമായത് എന്ന മട്ടില്‍ ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് നല്കിയ ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദമായി. പരിചയക്കുറവ് യുവഡോക്ടര്‍ക്കല്ല, അപ്രതീക്ഷിത ദുരന്ത സാഹചര്യങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ്, ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാരോഗ്യവും പരിചയക്കുറവുമാണെന്ന് സമ്മതിച്ചു തുടങ്ങുന്നിടത്താണ് ശരിയായ 'ചികിത്സ' തുടങ്ങുന്നത്. പരാതിക്കാരനെ (പ്രതിയെ) സമീപിക്കുന്നതു മുതല്‍ അയാളെ ആശുപത്രിയില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമഗ്രവും സമുചിതവുമായ നിയമ-ആരോഗ്യ-സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ ശരിയായ ഏകോപനം വഴി സുസജ്ജമാണെന്ന് ഉറപ്പുവരുത്തണം. അതിനുള്ള നിയമ നടപടികളും അവയുടെ കര്‍ക്കശമായ നടത്തിപ്പും സാധ്യമാകണം. അപ്പോള്‍ മാത്രമെ വന്ദനയുടെ മൃതദേഹത്തിനരികിലെ മുഖ്യമന്ത്രിയുടെ അലിവോടെയുള്ള നില്പും, ആരോഗ്യമന്ത്രിയുടെ ആര്‍ദ്രതയോടെയുള്ള ചേര്‍ത്തുപിടിക്കലും അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതവരുടെ കൈയ്യിലിരിപ്പുകൊണ്ടാണെന്ന് നിയമസഭയില്‍പ്പോലും പ്രസംഗിച്ച സമാജികരുടെ നാട്ടില്‍ ഓര്‍ഡിനന്‍സുമായി വൈകിയുണരുന്ന സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പാവം ആരോഗ്യ കേരളം!

ഡോ. വന്ദനയെ ആക്രമിച്ച ജി സന്ദീപ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കഞ്ചാവില്‍ നിന്നും എം ഡി എം എ പോലുള്ള രാസലഹരിയിലേക്ക് കേരളയുവത 'പുരോഗമി'ക്കുമ്പോള്‍ അത് വ്യക്തിപരം എന്നതിനേക്കാള്‍ ഒരു സാമൂഹ്യദുരന്തമായി മാറുന്ന പുതിയ കാല സാഹചര്യമാണിത്. രാസലഹരിക്ക് അടിമയായവരെ അവരുടെ ശരീരഭാഷയില്‍ തിരിച്ചറിയുക പ്രയാസമാണെന്ന മറ്റൊരു പ്രശ്‌നവുമുണ്ട്. പൊതുവിടങ്ങളിലും, പാതയോരങ്ങളിലും ലഹരിക്ക് അടിമയായ ഒരാള്‍ അപ്രതീക്ഷിതമായി അക്രമാസക്തനായി നിരപരാധികളെ ആക്രമിക്കുന്നതിനെ എങ്ങനെയാണ് 'സുരക്ഷിതകേരളം' നേരിടേണ്ടത്?

മദ്യവും ലോട്ടറിയും ഇപ്പോള്‍ റോഡിലെ പിഴയും പ്രധാന വരുമാനമാര്‍ഗമായി കൊണ്ടാടുന്ന സര്‍ക്കാര്‍, വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങിനും വഴിയോരങ്ങളിലെ പരസ്യബോര്‍ഡിനും അപ്പുറം എന്ത് പ്രബോധന, പ്രതിരോധ സംരക്ഷിത മാര്‍ഗങ്ങളാണ് ലഹരിയടിമകളുടെ മോചനത്തിനായി കൈക്കൊണ്ടിട്ടുള്ളത്? ഏറ്റവുമൊടുവില്‍ 25,000 കോടിയുടെ ലഹരിവസ്തുക്കളാണ് കൊച്ചിയുടെ പുറംകടലില്‍ നിന്നും പിടിച്ചത്. കടലില്‍ മുക്കിയതിന്റെ കണക്കുവേറെ.

കേരളമെന്ന അപകടത്തെക്കുറിച്ച് മുന്‍കൂട്ടിപ്പറയാന്‍ യു എന്‍ നിരീക്ഷകന്‍ മുരളി തുമ്മാരുകുടിക്കു മാത്രമല്ല ആര്‍ക്കും കഴിയുംവിധം അത്രമേല്‍ ദുര്‍ബലവും അടിമുടി അഴിമതിബദ്ധവുമായ ഒരു സംവിധാനമായി ദൈവത്തിന്റെ സ്വന്തംനാട് മാറിക്കഴിഞ്ഞു. യഥാര്‍ത്ഥ പ്രതികളിലേക്കോ പ്രതിവിധികളിലേക്കോ എത്താന്‍ അനുവദിക്കാത്ത അന്വേഷണാസംബന്ധങ്ങള്‍ തന്നെയാണ് അതിനുള്ള നല്ല തെളിവ്.

മലയാളിയുടെ സമൂഹശരീരത്തെ അതിഭീകരമാംവിധം അനുദിനം കീഴ്‌പ്പെടുത്തുന്ന ലഹരിയുടെ ദൂഷിതവലയങ്ങളെയും, അതിന്റെ അതിസുലഭ്യതയെയും നിയന്ത്രിക്കാനും നിരോധിക്കാനും കഴിയാത്ത വ്യവസ്ഥിതി, ഇത്തരം അതിക്രമങ്ങളെ ഇനിയും അനുവദിക്കുമെന്നുറപ്പാണ്. ഡോ. വന്ദന അവസാനത്തെ ആളാകാതെയുമാകാം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും മറയാക്കി ലഹരി കടത്തുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന വാര്‍ത്തകള്‍ വരുമ്പോള്‍, ഒരാഴ്ചപോലും ആയുസ്സെത്താത്ത ആരംഭശൂരത്വത്തിന്റെ പ്രാരംഭ നടപടികള്‍ക്കപ്പുറത്ത്, നിതാന്തമായ ജാഗ്രതയാവശ്യപ്പെടുന്ന നിരന്തരമായ പരിപാടികള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുമോ? വിദ്യാലയങ്ങളും, കുടുംബങ്ങളും കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും പുനരധിവാസ പരിപാടികളും അടിയന്തരമായി ക്രമീകരിക്കണം.

തുടര്‍ച്ചയായ വീഴ്ചകളുടെ വലിയ വിലയായി ഒരു ഡോക്ടറുടെ ജീവന്‍ കൂടി പൊലിയുമ്പോള്‍ പരസ്പരം പഴിചാരി പരാജയപ്പെടാന്‍ നാം ഇനിയും നമ്മെ അനുവദിച്ചുകൂടാ. വന്ദന വെറുമൊരു ഓര്‍മ്മയാകാതെ, ഓര്‍മ്മപ്പെടുത്തലായി നമുക്കിടയില്‍ തുടരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org