
ആലുവയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട 8 വയസ്സുകാരിയുടെ നിസ്സഹായതയുടെ നിലവിളികളെ അതേ പിടച്ചിലോടെ പകര്‍ ത്താന്‍ വാക്കുകളുടെ വ്യാപ്തി മതിയാകാതെയാണെന്നറിയാതല്ല പദാവലിയുടെ ഈ പ്രായശ്ചിത്തം. ഇനിയും പരിഹാരമാകാത്ത പ്രശ്‌നത്തോടുള്ള പ്രതിഷേധവുമാണിത്. 5 വയസ്സുള്ള മറ്റൊരു അതിഥി ബാലികയെ കഠിന പീഡനത്തിനിരയാക്കി, ഒന്നരമാസം തികയും മുമ്പാണ് നാടിനെ നടുക്കിയ ദാരുണസംഭവം എന്നോര്‍ക്കുമ്പോള്‍ നമ്മുടെ ആത്മധൈര്യം തന്നെയാണ് ചോര്‍ന്നില്ലാതാകുന്നത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യം ആലുവ നഗരത്തിന് അതീവ സുരക്ഷയുടെ 'ഇരട്ട'ക്കവചമൊരുക്കിയ ദിനംതന്നെ ഇപ്രകാരമൊരു ക്രൂരതയരങ്ങേറിയെങ്കില്‍ അത് ഗൗരവമായ സുരക്ഷാപ്പിഴവോ, നിയമസംവിധാനത്തോടുള്ള വലിയ വെല്ലുവിളിയോ എന്ന് വിലയിരുത്തേണ്ടതുണ്ട്. ഏതായാലും നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രതി ക്രിസ്റ്റില്‍ രാജിനെ വേഗം പിടികൂടാനായത് ആശ്വാസകരമായി.
കുട്ടികള്‍ കൂടുതലായി പീഡനത്തിനിരയാകുന്ന കേരളം ശിശു സൗഹൃദമല്ലെന്ന് മാത്രമല്ല, ആത്മവിശ്വാസത്തോടെ ജീവിക്കാനാവുന്ന ഇടംപോലുമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന സംസ്ഥാന ബാലാവകാശക്കമ്മീഷന്റെ റിപ്പോര്‍ട്ട് കുട്ടികള്‍ക്കെതിരായ ക്രൂരകൃത്യങ്ങളുടെ വലിപ്പവും വ്യാപ്തിയും വെളിപ്പെടുത്തുന്നുണ്ട്.
പോക്‌സോക്കേസുകളില്‍ ഭൂരിഭാഗവും നടന്നത് കുട്ടികളുടെ വീടുകളിലാണെന്നാണ് കണ്ടെത്തല്‍, 1004 കേസുകള്‍! പ്രതിപട്ടികയിലുള്ള 908 പേര്‍ കുട്ടികള്‍ക്ക് തിരിച്ചറിയാവുന്നവരാണെന്നും 601 പേര്‍ അയല്‍ക്കാരും 170 പേര്‍ അധ്യാപകരുമാണെന്നും കമ്മീഷന്റെ 2022-23 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിതരായ കുട്ടികളുടെ പട്ടികയില്‍ അധികവും 15-18 വയസ്സുള്ള പെണ്‍കുട്ടികളാണ്. കഴിഞ്ഞവര്‍ഷം മാത്രം 4582 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരയായ കുട്ടികളില്‍ 55 പേര്‍ 0-4 വരെ പ്രായമുള്ളവരാണ്. 367 പേര്‍ 5-9 വയസ്സുള്ളവരും. പോക്‌സോ നിയമം (2012) നിലവില്‍ വന്നതിനുശേഷം കേരളത്തില്‍ കേസുകള്‍ നാലിരട്ടിയായി എന്നത് നാം എത്തിനില്‍ക്കുന്ന അധഃപതനത്തിന്റെ അടിത്തട്ടിനെയാണ് അടയാളപ്പെടുത്തുന്നത്. 2013-ല്‍ 1002 കേസുകളായിരുന്നുവെങ്കില്‍ 2022-ല്‍ അത് 4582 ആയി വര്‍ധിച്ചു.
പെണ്ണുടലിനെ കിടക്കയോടു മാത്രം ചേര്‍ത്തു ചിന്തിക്കുന്ന ആണധീശകാലത്ത് മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ മ്ലേഛാവതരണങ്ങള്‍ തന്നെയാണ് വാഹനങ്ങളില്‍ സഹയാത്രികര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍. മിക്ക സംഭവങ്ങളിലും പ്രതികള്‍ മയക്കുമരുന്നിന് അടിപ്പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചില സംഭവങ്ങളിലെങ്കിലും ക്രിമിനല്‍ പശ്ചാത്തലവും മോശമായ ജീവിത സാഹചര്യങ്ങളും പ്രതികളുടെ 'തിരിച്ചറിയല്‍ രേഖ'യായി പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ തൊഴിലിടങ്ങളെ സവിശേഷമായി സ്വാധീനിക്കുന്ന 40 ലക്ഷത്തിലധികം വരുന്ന അതിഥിത്തൊഴിലാളികളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോവുക ഇനി അസാധ്യമാണ്. എന്നാല്‍ അവരില്‍ കൊടുംക്രിമിനലുകള്‍ക്ക് ഒന്നാന്തരം ഒളിയിടമൊരുക്കുന്ന സംസ്ഥാനമായി കേരളം മാറിത്തീരുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയും ഗൗരവത്തോടെ കാണാത്തത് ഭയപ്പെടുത്തുന്നു. 40 ദിവസങ്ങള്‍ക്കു മുമ്പ് ആലുവയില്‍ത്തന്നെ 5 വയസ്സുകാരിയുടെ ജീവനെടുത്ത, അതിഥിത്തൊഴിലാളിയായ അസഫാക് ആലം ഇതേ കുറ്റത്തിന് നേരത്തെ ക്രിമിനല്‍ നടപടികള്‍ നേരിട്ടയാളാണെന്നത് മറച്ചുവച്ചുകൊണ്ട് കേരളത്തില്‍ യഥേഷ്ടം വിഹരിച്ചുവെന്നത് നമ്മുടെ സുരക്ഷാ സംവിധാനങ്ങളെ നന്നായി പരിഹസിക്കുന്നുണ്ട്. നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികളുടെ പൊലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് ഇനിയും ഇവിടെ നിര്‍ബന്ധമാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍, അതിഥികളല്ല, അക്രമികള്‍ നാട്ടില്‍ കൂടുതലായെത്തുമെന്നുറപ്പാണ്. അവരുടെ എണ്ണമെത്രയെന്നറിയാതെ ഇപ്പോഴും ഇരുട്ടില്‍ത്തപ്പുന്ന സര്‍ക്കാര്‍ അവരുടെ രജിസ്‌ട്രേഷനുവേണ്ടി പല 'ആപ്പു'കള്‍ മാറിമാറി പരീക്ഷിച്ചിട്ടും പൂര്‍ണ്ണ പരിഹാരമാകാതെ പതറുകയാണ്. ഒരൊറ്റ വിളിയില്‍ അവരൊരുമിച്ചാല്‍ അത് ആയിരങ്ങളാണെന്നത് മറക്കരുത്.
മാരകമായ മയക്കുമരുന്നു വിപണിയുടെ 'സുരക്ഷിത ഹബ്ബായി' കേരളം മാറിത്തീര്‍ന്നിട്ട് നാളേറെയായി. മദ്യവില്പനയ്ക്ക് ടാര്‍ഗറ്റ് നല്കി പ്രോത്സാഹിപ്പിക്കുന്ന നാട്ടില്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍!? പ്രതിരോധ പ്രബോധന പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ മുറയ്ക്ക് സംഘടിപ്പിക്കുമ്പോഴും സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. എം ഡി എം എ പോലുള്ള മയക്കുമരുന്നിനടിപ്പെട്ട് മനോനില തെറ്റിയവരുടെ രതിവൈകൃതങ്ങളുടെ പുതിയ വിലാസമായി നവകേരളം 'പുരോഗമിക്കു'മ്പോള്‍, പീഡനവാര്‍ത്തകള്‍ കേട്ട് നാം ഇനിയും നടുങ്ങും; ക്ഷോഭിക്കും. പിന്നെ മറ്റ് വാര്‍ത്തകളിലേക്ക് അതിവേഗം ശാന്തരാകും. ഇതിനിടയില്‍ അടുത്ത ഇരയെ കാമക്രൗരക്കണ്ണുകള്‍ ഉറപ്പിച്ചിരിക്കും.
പഴുതടച്ച നിയമ സുരക്ഷയും, ശക്തമായ ശിക്ഷാനടപടികളും മാത്രമാണ് പരിഹാരം. അതിഥികള്‍ക്കിടയിലെ അക്രമികളെ കണ്ടെത്താനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാകണം. റെയില്‍വെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അവരുടെ വരവും പോക്കും, വാര്‍ഡുതലത്തില്‍ അവരുടെ ജോലിയും താമസവും കര്‍ക്കശമായ മേല്‍നോട്ടത്തിന് വിധേയമാക്കണം. മറ്റൊന്നും വേണ്ട ഇവിടെ സമാധാനമായി ജീവിക്കാനുള്ള അവകാശമെങ്കിലും നിലനിര്‍ത്തണം, പ്ലീസ്.