

ഇന്ത്യയിലെ കാടുകളിൽ നിന്നു മാവോയിസ്റ്റുകളെ തുരത്തിയെങ്കിലും ദിമാഗി നക്സലുകൾ സമൂഹത്തിൽ വേരാഴ്ത്തി നിൽക്കുകയാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും യുവജനങ്ങളെ അവരിൽ നിന്നു മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിച്ചത്, പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയോ അതിന്റെ പ്രയോഗരീതികളെയോ കുറിച്ചറിയുന്നവരിൽ അമ്പരപ്പൊന്നും ഉണ്ടാക്കിയില്ല. എങ്കിലും, ഈ പ്രതിലോമരാഷ്ട്രീയം പരമോന്നതസ്ഥാനങ്ങളിൽ നിന്ന് ആവർത്തിച്ചു പ്രകടിപ്പിക്കപ്പെടുന്നത് യഥാർഥ രാജ്യസ്നേഹികളിൽ അസ്വസ്ഥത ഉണർത്താതെയുമിരുന്നില്ല.
വിമർശനവും വിയോജിപ്പും ഉയർത്തുന്നവരെ ചാപ്പ കുത്തുകയും അതിനായി പുതിയ പദപ്രയോഗങ്ങളാവിഷ്കരിക്കുകയും ചെയ്യുന്നത് മോദി ഇതാദ്യമായിട്ടല്ലല്ലോ. ‘ആന്ദോളൻജീവി’, ‘തുകടെ-തുകടെ ഗാങ്’ ‘പരജീവി’, ‘നക് ലി ഗാന്ധി’, ‘പരിവാർവാദ്’ എന്നു തുടങ്ങി രാജ്യദ്രോഹി എന്നതടക്കമുള്ള ചാപ്പകൾ ആവശ്യാനുസരണം ഉണ്ടാക്കുകയും ആളുകളുടെ മുതുകിൽ ആഞ്ഞു കുത്തുകയും ചെയ്യുന്നത് ഇന്ത്യ ഇതിനകം കണ്ടു മടുത്ത തന്ത്രമാണ്. ഈ പദാവലിയിലേക്കാണ് ദിമാഗി (ബൗദ്ധിക) നക്സലുകൾ എന്ന പുതിയ പ്രയോഗം കൂട്ടിച്ചേർത്തിരിക്കുന്നത്.
‘അർബൻ നക്സൽ’ എന്നു മുദ്രയടിക്കപ്പെട്ടവരിലൊരാളാണ് രക്തസാക്ഷിയെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഫാ. സ്റ്റാൻ സ്വാമി. അദ്ദേഹത്തെ അറിയുന്നവരെ സംബന്ധിച്ച്, അർബൻ നക്സൽ എന്ന പദപ്രയോഗത്തിന്റെ പരിഹാസ്യതയും പൊള്ളത്തരവും അതേസമയം വിഷവീര്യവും വ്യക്തമാണ്. സ്റ്റാൻ സ്വാമിയെ മാത്രമല്ല, ഭരണകൂട ഭീകരതകളോടു തികച്ചും മാന്യമായ വിമർശനമുയർത്തിയ മറ്റനേകരെ ഇവർ നക്സലുകളെന്നു മുദ്ര കുത്തി, യുദ്ധപ്രഖ്യാപനം നടത്തി. ആയുധമുപയോഗിച്ച യഥാർഥ നക്സലുകളെ ആയുധമുപയോഗിച്ചു നേരിട്ടു. ആശയങ്ങൾ കൊണ്ടു പോരാടുന്നവർക്കെതിരെ പക്ഷേ, ആശയങ്ങൾ ഉന്നയിക്കുകയല്ല മറിച്ച് അപവാദം പ്രചരിപ്പിച്ചു വ്യക്തിഹത്യ നടത്തുകയാണ്.
യുവാക്കൾക്കു നേരിടാൻ പുതിയൊരു സാങ്കൽപിക ശത്രുവിനെ സൃഷ്ടിച്ചുകൊടുക്കുകയാണു ദിമാഗി നക്സൽ പ്രയോഗനിർമ്മാണത്തിലൂടെ മോദിയും കൂട്ടരും ചെയ്യുന്നത്.
അപ്രതീക്ഷിതമായി പുതുതലമുറ രംഗത്തു വന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ നടത്തിയ പ്രക്ഷോഭങ്ങളും അതേൽപിച്ച ആഘാതവുമാണ് പുതിയ പ്രയോഗനിർമ്മിതിയുടെ യഥാർഥ കാരണമെന്നു കരുതാവുന്നതാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുന്ന സാഹചര്യം സൃഷ്ടിച്ച സിജെപിയുടെ പിന്നിൽ ബി.ജെ.പി അനുഭാവികളുടെ മക്കൾ പോലും അണിചേർന്നത് ബി.ജെ.പിയെയും ആർ.എസ്.എസിനെയും തീർത്തും അസ്വസ്ഥരാക്കിയിരുന്നു.
ജെൻ സി പ്രക്ഷോഭത്തിന്റെ പ്രഹരശേഷിയും സ്വാധീനവൈപുല്യവും സംഘപരിവാറിനു മനസ്സിലാകാതെയിരുന്നിട്ടില്ല. അതുകൊണ്ടാണല്ലോ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ 2,000-ത്തിലധികം വരുന്ന വിദ്യാർത്ഥികളോട് സംസാരിക്കവേ, പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്തരുതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പ്രസ്താവിച്ചത്. സമാധാനപരമായ വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയെ പാടേ വിട്ടുകളയാതെ, കൂടെ കൂട്ടാൻ കിട്ടുന്നവരെ ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രമെന്നതിൽ കവിഞ്ഞ പ്രാധാന്യം ഈ പ്രസ്താവനയ്ക്ക് ആരും കൽപിച്ചിട്ടില്ല.
ജെൻ സിയുടെ പ്രക്ഷോഭവിജയങ്ങളിൽ നിന്നു പ്രചോദനം സ്വീകരിച്ച ഹൈസ്കൂൾ വിദ്യാർത്ഥികളടക്കമുള്ള ‘ജെൻ ആൽഫ’യും മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങൾക്കായി പ്രക്ഷോഭങ്ങൾക്കിറങ്ങിയതോടെ ഇതു നിസ്സാരമായി തള്ളാവുന്നതല്ലെന്ന ബോധ്യം പരിവാർ കേന്ദ്രങ്ങൾക്കുണ്ടായിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്കൂൾ മാറ്റത്തിനെതിരെ പെൺകുട്ടികൾ നടത്തിയ പ്രതിഷേധവും, നൽസാർ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മാപ്പ് പറഞ്ഞതും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ശക്തി വെളിപ്പെടുത്തുന്നു.
യുവാക്കളുടെ ഇടയിൽ ഭയം കുറയുന്നതും സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്നതും ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു, യുവാക്കൾക്കു നേരിടാൻ പുതിയൊരു സാങ്കൽപിക ശത്രുവിനെ സൃഷ്ടിച്ചുകൊടുക്കുകയാണു ദിമാഗി നക്സൽ പ്രയോഗനിർമ്മാണത്തിലൂടെ മോദിയും കൂട്ടരും ചെയ്യുന്നത്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളായ തൊഴില്ലായ്മ, തകരുന്ന വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ എന്നിവയിൽ നിന്ന് ശ്രദ്ധതിരിക്കാനും അണികളെ കൂടെനിർത്താനും ഒരു ശത്രുവിനെ നിർമ്മിച്ചെടുക്കേണ്ടത് ഭരണവർഗത്തിന് ആവശ്യമായിരിക്കുന്നു.
പക്ഷേ, വികാരത്തേക്കാൾ വസ്തുതകൾക്കു വില കൽപിക്കുന്ന പുതിയ തലമുറയെ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടോ, അവർക്കു നിഴൽയുദ്ധം ചെയ്ത് ഊർജമൊഴുക്കിക്കളയാൻ വ്യാജശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടോ ഇനി മുന്നോട്ടു പോകാനാകില്ലെന്നു രാജ്യനേതൃത്വം തിരിച്ചറിയണം. യുവാക്കളുന്നയിക്കുന്ന ചോദ്യങ്ങൾ രാജ്യത്തിനെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളല്ല, അവർ ശത്രുക്കളുമല്ല. ചോദ്യങ്ങൾക്കാവശ്യം ഉത്തരങ്ങളാണ്, ചോദ്യകർത്താക്കൾക്കെതിരായ നുണപ്രചാരണമല്ല.