കുരിശ് അവശേഷിക്കുന്നു, ക്രിസ്തു എവിടെ?

The cross remains, where is Christ?
Published on

തന്റെ പുരുഷ ജീവിത പങ്കാളിയോടൊപ്പം വാടക ഗർഭപാത്രം വഴി ഒരു കുഞ്ഞിന്റെ ജനനത്തിന് അവസരമൊരുക്കിയതിനെത്തുടർന്ന് ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്ന് ജെൻസ് സ്പാൻ രാജിവച്ചു (ജർമ്മൻ ചാൻസലർ വരെ ആകാൻ സാധ്യത ഉണ്ടായിരുന്ന ഒരാൾ). ജർമ്മൻ രാഷ്ട്രീയത്തിലെ ഒരു പാർട്ടി നേതാവിന്റെ രാഷ്ട്രീയ കാപട്യത്തെ (ജർമ്മനിയിൽ വാടക ഗർഭപാത്രം വഴി കുഞ്ഞിനെ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്) കുറിച്ചുള്ള ഒരു സാധാരണ വാർത്തയായി വേണമെങ്കിൽ ഇതിനെ മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ഒരു വായന അതർഹിക്കുന്നുണ്ട്.

ക്രൈസ്തവം എന്ന പേര് വഹിക്കുന്ന ഒരു പാർട്ടിയുടെ/ സ്ഥാപനത്തിന്റെ / പ്രസ്ഥാനത്തിന്റെ പൈതൃകം യഥാർത്ഥത്തിൽ അവർ ജീവിക്കുന്ന വിശ്വാസമാണോ അതോ കൊണ്ടുനടക്കുന്ന വിശ്വാസത്തിന്റെ ചിഹ്നങ്ങളും സാംസ്കാരിക ഓർമകളും ആണോ?

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജർമ്മനിയുടെ പുനർ നിർമാണത്തിൽ കോൺറാഡ് ആഡനൗവറിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ നിർണായക പങ്കുവഹിച്ചു. സ്വകാര്യ സമ്പത്തും സ്വതന്ത്ര സാമ്പത്തിക പ്രവർത്തനവും അംഗീകരിക്കുമ്പോഴും അവ മനുഷ്യന്റെ അന്തസ്സിനും സാമൂഹ്യനീതിക്കും കീഴെ ആയിരിക്കണം എന്നതായിരുന്നു അവരുടെ ഒരു പ്രധാനപ്പെട്ട നിലപാട്. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവൻ ആണെന്നുള്ള വിശ്വാസം, രാഷ്ട്രീയത്തിനും നിയമത്തിനും അപ്പുറമുള്ള ഒരു ധാർമിക അടിത്തറ ആയി. ഭരണകൂടത്തിന് നിയമങ്ങൾ നിർമ്മിക്കാം; എന്നാൽ മനുഷ്യന്റെ അന്തസ്സും സത്യവും നീതിയും രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ ഇഷ്ടപ്രകാരം നിർമ്മിക്കപ്പെടുന്നതല്ല, ഇതായിരുന്നു ക്രിസ്ത്യൻ സാമൂഹിക ചിന്തയുടെ ശക്തി. ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള പാർട്ടികളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയുമൊക്കെ അടിസ്ഥാന ചിന്ത ഇതായിരുന്നു.

ക്രിസ്ത്യൻ പേരുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ/സാമൂഹിക പ്രസ്ഥാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. എന്നാൽ അവരുടെ ക്രിസ്തീയത അളക്കേണ്ടത് അവർ ഉപയോഗിക്കുന്ന/ പറയുന്ന മത ചിഹ്നങ്ങളുടെ/ പേരുകളുടെ അടിസ്ഥാനത്തിലാണോ?

ജർമ്മനിയെ സംബന്ധിച്ച് നോക്കുമ്പോൾ 2018-ൽ ബവേറിയൻ സംസ്ഥാന സർക്കാർ പൊതു കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളിൽ കുരിശ് സ്ഥാപിക്കാനുള്ള നിയമം കൊണ്ടുവന്നു. പുറത്തുനിന്ന് നോക്കുമ്പോൾ അത് ക്രൈസ്തവ പൈതൃകത്തിന്റെ തിരിച്ചുവരവ് പോലെ തോന്നി. എന്നാൽ കുരിശിന്റെ ക്രിസ്തീയ അർഥത്തേക്കാൾ ബവേറിയൻ സാംസ്കാരത്തിന്റെ ചരിത്രപരമായ അടയാളം എന്ന നിലയ്ക്കാണ് അത് തിരികെയെത്തിയത്.

കുരിശ് ചുമരിൽ തുടർന്നു. എന്നാൽ അതിന്റെ മുമ്പിൽ നിൽക്കുന്നവരോട് ഒരിക്കൽ അത് ആവശ്യപ്പെട്ടിരുന്നതെന്തോ, അത് പതിയെ അവിടെനിന്ന് മാഞ്ഞുപോയി. കുരിശ് നിലനിന്നു. കുരിശിന്റെ സുവിശേഷം ഇല്ലാതായി.

ലോകത്ത് എവിടെയും കൾച്ചറൽ ക്രിസ്റ്റ്യാനിറ്റി ഉയർത്തുന്ന അപകടമാണിത്: ക്രിസ്തുമസ് ആഘോഷിക്കാം, ക്രിസ്തുവിന്റെ ദരിദ്രനെ മറക്കാം. പള്ളികളിലെ മണിമുഴക്കം നിലനിൽക്കാം, സുവിശേഷമുഴക്കം നിലയ്ക്കാം. കുരിശടികളും കപ്പേളകളും വഴിനീളെ നിറയാം, കുരിശ് ആവശ്യപ്പെടുന്ന ആത്മത്യാഗത്തെ സ്വകാര്യജീവിതത്തിൽ നിന്ന് പുറത്താക്കാം. ക്രൈസ്തവ പൈതൃകത്തിൽ അഭിമാനിക്കാം, പക്ഷേ അതുണർത്തുന്ന നൈതിക ആവശ്യങ്ങളോട് അസ്വസ്ഥത തോന്നാം.

ക്രൈസ്തവ സ്വത്വം ഒരു സാംസ്കാരിക അംഗത്വത്തിന്റെ ബാഡ്ജായി മാത്രം നിലനിൽക്കുന്നിടത്തെല്ലാം - ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ, ഒരു ചുമരിലെ കുരിശിൽ, തിരഞ്ഞെടുപ്പുകാലത്ത് ഓർമ്മിക്കപ്പെടുന്ന ഒരു “ക്രൈസ്തവ” വോട്ടുബാങ്കിൽ - ഇതേ വ്യാജരൂപം പ്രവർത്തിക്കുന്നുണ്ട്. ക്രൈസ്തവികതയുടെ വിജയകരമായ വ്യാജ രൂപമാണിത്.

കുരിശ് നിലനിർത്തണമോ എന്നതല്ല ഇന്നത്തെ സഭയോടുള്ള ചോദ്യം. കുരിശ് എന്താണ് നമ്മോട് ആവശ്യപ്പെടുന്നത് എന്നതാണ്. കുരിശ് ഒരു ചിഹ്നമോ രാഷ്ട്രീയപാർട്ടിയുടെ ലോഗോയോ പുരാവസ്തുവോ അല്ല. അത് മനുഷ്യനെ സ്നേഹിക്കാൻ, ശത്രുവിനോട് ക്ഷമിക്കാൻ, ദുർബലന്റെ പക്ഷത്ത് നിൽക്കാൻ, അധികാരത്തോട് സത്യം പറയാൻ, സ്വന്തം സ്വാർത്ഥതയെ ത്യജിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തുവിന്റെ അടയാളമാണ്.

ഇത് ജർമ്മൻ ക്രൈസ്തവികതയുടെ പ്രശ്നം മാത്രമാണോ? ലോകത്ത് എവിടെയും ക്രൈസ്തവ സാന്നിധ്യം എത്രത്തോളം ജീവിക്കുന്ന സുവിശേഷം ആവുന്നുണ്ട്? അതോ അതൊരു സാമൂഹിക- സാംസ്കാരിക ഐഡന്റിറ്റി മാത്രമായാണോ ആഘോഷിക്കാൻ ആഗ്രഹിക്കുന്നത്? സഭയ്ക്ക് സ്വന്തം ചിഹ്നങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്, ശരി തന്നെ. എന്നാൽ അതിനേക്കാൾ പ്രധാനമാണ് ചിഹ്നങ്ങൾ സൂചിപ്പിക്കുന്ന ജീവിതസാക്ഷ്യം.

ക്രൈസ്തവ നാമത്തിൽ രാഷ്ട്രീയമോ സാംസ്കാരികമോ ആയ സ്വാധീനം നേടിയിട്ടുള്ള എല്ലാ സമൂഹങ്ങളും ഇതേ വഴിത്തിരിവിന് മുന്നിലാണ്: ചിഹ്നം പിടിച്ചു നിർത്തി അതിന്റെ ഉള്ളടക്കം നിശ്ശബ്ദമായി നഷ്ടപ്പെടു ത്തണോ? അതോ ചിഹ്നത്തിന് സാമൂഹികമായോ രാഷ്ട്രീയമായോ വിലകൊടുക്കേണ്ടിവന്നാലും അതിന്റെ ഉള്ളടക്കം ഉയർത്തുന്ന അസ്വസ്ഥമാക്കുന്ന സാക്ഷ്യങ്ങൾ സ്വീകരിക്കണോ?

കുരിശ് ഒരു രാഷ്ട്രീയ ആയുധമല്ല. സാംസ്കാരിക ചിഹ്നവും അല്ല. അധികാരത്തെയും പൗരനെയും ഒരുപോലെ വിധിക്കുന്ന നൈതിക അടയാളമാണ്, രക്ഷയുടെ രൂപമാണ്.

logo
Sathyadeepam Online
www.sathyadeepam.org