അശ്രദ്ധയുടെ അപകടങ്ങള്‍

അശ്രദ്ധയുടെ അപകടങ്ങള്‍

നിരത്തില്‍ പൊലിയുന്ന ജീവിതങ്ങളുടെ നിലയ്ക്കാത്ത നിലവിളികള്‍ നിരന്തരമുയരുമ്പോഴും അശ്രദ്ധയുടെ അപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നുവെന്നതാണ് വാസ്തവം. ഇക്കഴിഞ്ഞ ദിവസം അങ്കമാലിക്കടുത്ത് തുറവൂരില്‍ 18 വയസ്സു മാത്രം പ്രായമുള്ള രണ്ട് കുട്ടികള്‍ വാഹനാപകടത്തില്‍ അതിദാരുണാംവിധം കൊല്ലപ്പെട്ടത് ഈ ദുഃഖപരമ്പരയിലെ അവസാനത്തേതാകില്ല എന്നതും മറ്റൊരു സത്യം.

നാഷ്ണല്‍ ക്രൈം ബ്യൂറോയുടെ (NCRB) ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ ഈ മേഖലയിലെ ചില സങ്കട യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. റോഡപകടങ്ങളില്‍ 2020-നെ അപേക്ഷിച്ച് 17% ന്റെ വര്‍ധനവ് 2021-ലുണ്ടെന്നാണ് കണ്ടെത്തല്‍. 2020-ല്‍ രാജ്യത്താകെ 1.33 ലക്ഷം പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെങ്കില്‍ 2021-ല്‍ അത് 1.55 ലക്ഷമാണ്. 2020-ല്‍ ആകെ റോഡപകടങ്ങള്‍ 3.54 ലക്ഷമായിരുന്നു. 2021-ല്‍ 4.03 ലക്ഷമായി അത് വര്‍ധിച്ചു. ഏറ്റവുമധികം മരണം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടപ്പോഴായിരുന്നു (44.5%). 3% മരണം ബസപകടം മൂലമായിരുന്നു. അമിതവേഗത ജീവനെടുത്തത് 87,000 പേരുടേതാണെങ്കില്‍ അശ്രദ്ധമായ വണ്ടിയോട്ടം 42,000 പേരുടെ ജീവന്‍ കവര്‍ന്നു. 2021-ല്‍ മാത്രം 3,73,884 പേര്‍ക്ക് വാഹനാപകടങ്ങളില്‍ പരിക്കേറ്റെങ്കില്‍, കൊല്ലപ്പെട്ടത്, 1,73,860 പേരാണ്.

കേരളത്തിലെ അപകടത്തോത് 2020-ലെ 27,998 ല്‍ നിന്നും 2021-ല്‍ 33,051 ആയി വര്‍ധിച്ചു. വാഹനാപകടങ്ങളില്‍ പ്രധാന വില്ലന്‍ വാഹനപ്പെരുക്കവും ഇടുങ്ങിച്ചുരുങ്ങിയ റോഡുകളും തന്നെയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ല വാഹനങ്ങളുടെ എണ്ണത്തിലും മുന്നിലാണ്. ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. 2022-ല്‍ മാത്രം രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ജില്ലയിലെ റോഡുകളിലേക്ക് വന്നത് 95,000 ലധികം വാഹനങ്ങളാണ്. ഇതില്‍ നല്ലൊരു ശതമാനം വാഹനങ്ങള്‍ നിരത്തില്‍ സജീവവുമാണ്. ജോലിക്കും മറ്റുമായി ഇവിടെയെത്തുന്ന അയല്‍ ജില്ലകളിലെ വാഹനപ്പെരുക്കവും കൂടിയാകുമ്പോള്‍ വാഹനബാഹുല്യം പലപ്പോഴും പരിധികടക്കും. 5 വര്‍ഷത്തിനിടയില്‍ എറണാകുളം സിറ്റി പരിധിയില്‍ മാത്രം 10,351 അപകടങ്ങളുമുണ്ടായി. 10,951 പേര്‍ക്ക് പരിക്കേല്ക്കുകയും 694 പേര്‍ മരിക്കുകയും ചെയ്തു. ഇ-സ്‌കൂട്ടറുകള്‍ വ്യാപകമായതോടെ ചെറിയ വഴികള്‍ പോലും അപകട മേഖലയായി.

സംസ്ഥാന-ദേശീയ പാതയില്‍ അപകടം കൂടുതലായ ഇടങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി അടയാളപ്പെടുത്തിയപ്പോള്‍ അതില്‍ 15% എറണാകുളം ജില്ലയിലാണ് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. നിലവാരം കുറഞ്ഞ റോഡുകളും റോഡുകളിലെ കുഴികളും അപകടങ്ങളെ അനിവാര്യമാക്കുന്നു.

ഇരുചക്രവാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് റോഡപകടങ്ങളുടെ എണ്ണവും മരണനിരക്കും വലിയ തോതില്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് കണക്കുകള്‍. നിരത്തുകളില്‍ കൊല്ലപ്പെടുന്നവരില്‍ നല്ലൊരു ഭാഗവും യുവജനങ്ങളാണ്, 3 ലക്ഷം വരെ വിലവരുന്ന ഉയര്‍ന്ന വേഗക്ഷമതയുള്ള ബൈക്കുകള്‍ നിരത്തുകളില്‍ നിറയുമ്പോള്‍ അപകടവും മരണവും പതിവാകുന്നു.

നിയന്ത്രണാതീതമായി പായുന്ന ഇത്തരം സൂപ്പര്‍ ബൈക്കുകള്‍ക്ക് വേഗപൂട്ടിടാന്‍ ഇവിടുത്തെ ട്രാഫിക് നിയമ സംവിധാനങ്ങള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? എ ഐ ക്യാമറകള്‍കൊണ്ട് റോഡുകളിലെ കുഴി കണ്ടെത്താന്‍ എളുപ്പമാണല്ലോ എന്ന് പരിഹസിച്ചത് കേരള ഹൈക്കോടതിയാണ്. ചെറിയ വാഹനങ്ങളുടെ നിയമലംഘനം മാത്രമെ എ ഐ യുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളൂ എന്ന ആരോപണവുമുണ്ട്. നിലവാര മില്ലാത്ത നിരത്തുകളിലെ നിരന്തരമായ നിയമലംഘനങ്ങള്‍ തന്നെയാണ് വില്ലന്‍. എങ്ങനെയോ സംഘടിപ്പിച്ചെടുത്ത ലൈസന്‍സിന്റെ ബലത്തില്‍ റോഡുകളില്‍ എന്തുമാകാമെന്ന രീതി, സാധാരണമാകുമ്പോള്‍ കാല്‍നടക്കാരാണ് കഷ്ടപ്പെടുന്നത്.

ജൂലൈ അവസാനം മൂവാറ്റുപുഴയില്‍ ഒരു വിദ്യാര്‍ത്ഥിനി കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ അപകടകരമായി വാഹനമോടിച്ചയാള്‍ അതിനുശേഷം നടത്തിയ പ്രതികരണം കൂസലില്ലായ്മയുടെ എന്നതിനേക്കാള്‍ ക്രൂരതയുടേതായിരുന്നു. 'വാഹനം ചിലപ്പോള്‍ ഇടിക്കും, ആളുകള്‍ മരിക്കും.' വാഹനം ഈവിധം മരണരഥമാക്കുന്നവര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുംവിധം വകുപ്പ് നിയമങ്ങള്‍ അടി യന്തിരമായി പരിഷ്‌ക്കരിക്കണം. തിരക്കേറിയ റോഡുകളിലെ അപകടകരമായ ബൈക്കഭ്യാസം ഈയിടെ നിയന്ത്രണാതീതമായിട്ടുണ്ട്.

യുവതലമുറയെ പാതിവഴിയില്‍ നഷ്ടമാകുന്ന ഇത്തരം 'മനഃപൂര്‍വമായ അപകടങ്ങള്‍'ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന മുന്നേറ്റങ്ങളും സഭയുടെ യുവജനസംഘടനകളും ഇത് അവരുടെ പ്രധാന പരിപാടിയായിത്തന്നെ ഏറ്റെടുക്കണം. ആവശ്യപ്പെടുമ്പോഴേക്കും അത്യാഡംബര ബൈക്കുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കളും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് മറക്കരുത്.

വാഹനവുമായി വഴിയിലേക്കിറങ്ങുന്നവര്‍ക്ക് 'നിരത്തു സാക്ഷരത' അനിവാര്യമാണ്. പരസ്പര ബഹുമാനത്തിന്റെ സംയമന ഭാഷ തന്നെയാണതിന്റെ അടിസ്ഥാനം. കാല്‍നടക്കാര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് പൊതുവഴികളെന്ന ബോധം വണ്ടിയിലിരിക്കുന്നവര്‍ക്കും വേണം. ക്യാമറയെ പേടിച്ചല്ലാതെയും നിയമം പാലിച്ചും, വാഹനസുരക്ഷാ നിരക്കുകള്‍ മൂന്‍കൂട്ടി വാങ്ങുന്ന സര്‍ക്കാര്‍ 'കാഴ്ചക്കാരാകാതെ നല്ല നിരത്തിന്റെ കാവല്‍ക്കാരായി' മാറിയും നിരത്തുകളെ സുരക്ഷിതമാക്കാം, നമ്മളെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org