സംരക്ഷണത്തിന്റെ മനനസാക്ഷ്യം

സംരക്ഷണത്തിന്റെ മനനസാക്ഷ്യം

'പിതൃഹൃദയത്തോടെ' (patris corde) എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വി. യൗസേപ്പിതാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സാഹചര്യം സാര്‍വ്വത്രിക സഭയില്‍ മാത്രമല്ല, കേരള സഭയിലും യഥാര്‍ത്ഥ ക്രിസ്തുസ്വത്വവിസ്തൃതി നേടാന്‍ ഇടയാക്കേണ്ടതുണ്ട്.
1870-ല്‍ ഒമ്പതാം പീയൂസ് പാപ്പ വി. യൗസേപ്പിതാവിനെ സാര്‍വ്വത്രിക സഭയുടെ മധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷിക വേളയിലാണ്, അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ദിനത്തിലെ ഈ സവിശേഷ വിളംബരത്തിലൂടെ സഭയുടെ പ്രാണപ്രണാമം.
വിശ്വാസത്തിന്റെ യഥാര്‍ത്ഥ നിക്ഷേപമായ ക്രിസ്തുരഹസ്യത്തെ സദാ കാത്തുപരിപാലിച്ച വി. യൗസേപ്പെന്ന തിരുസ്സഭാ മദ്ധ്യസ്ഥന്റെ സവിശേഷ സാന്നിദ്ധ്യം കോവിഡ് 19 ഉള്‍പ്പെടെയുള്ള പുതിയ വെല്ലുവിളികളില്‍ വലിയ ധൈര്യവും സ്ഥൈര്യവും പകരുമെന്ന പ്രത്യാശയും ഈ അപ്പസ്‌തോലിക ലേഖനത്തിലൂടെ പാപ്പ പങ്കുവയ്ക്കുന്നുണ്ട്.
വിശ്വാസികളുടെ പിതാവായി നിത്യം തുടരുവോളം വി. യൗസേപ്പിന്റെ പക്കലേയ്ക്കുള്ള നമ്മുടെ യാത്രകള്‍ നിരന്തരമാക്കണമെന്ന അപ്പസ്‌തോലിക നിര്‍ദ്ദേശം മാദ്ധ്യസ്ഥ്യത്തിനു വേണ്ടി മാത്രമല്ല, മാറ്റത്തിന്റേതു കൂടിയാകാനുള്ളതാണ്. "ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു." (മത്താ. 1:24). അരൂപിയിലേയ്ക്ക് ഒരാള്‍ നിരന്തരം ഉണരുമ്പോഴാണ് ദൈവദൂത് വ്യക്തമാകുന്നത്. സ്വപ്നങ്ങളിലെ മുന്നറിയിപ്പുകളെ (മത്താ. 2:13-19) മുന്‍വിധി കൂടാതെ സ്വീകരിച്ചുകൊണ്ട് പലായന യാത്രകളെ തീര്‍ത്ഥാടന പദങ്ങളാക്കി പരിവര്‍ത്തിപ്പിച്ചവനാണ് യൗസേപ്പ്. ഈജിപ്തില്‍ ചിതറിത്തീരാതെ നസ്രത്തിലേക്ക് തിരുക്കുടുംബം തിരികെയെത്തുന്നത് വെളിപാടിന്റെ വേരുകളില്‍ വ്യക്തി താല്പര്യങ്ങളുടെ വിഷം തീണ്ടാതിരുന്നതിനാലാണ്.
എന്നാല്‍ ദൈവിക വെളിപാടുകളുടെ മറവില്‍ ദൈവമക്കളില്‍ വിഷാദവും വിഭാഗീയതയും വിളമ്പുന്ന ആധുനിക വെളിപ്പെടലുകള്‍ വിശ്വാസികളുടെ സാമാന്യ ബോധത്തെ വെല്ലുവിൡക്കുന്നുവെന്ന് മാത്രമല്ല, പൊതുജനമധ്യത്തില്‍ വലിയ അവമതിപ്പിനിടയാക്കുന്നുമുണ്ട്. യാതൊരു ആധികാരികതയും അവകാശപ്പെടാനാകാത്ത ചില 'വാട്‌സ്ആപ്പ്' സന്ദേശങ്ങള്‍ പോലും ദൈവീക രഹസ്യങ്ങളുെട നിര്‍ദ്ദാരണമായി നിര്‍ദ്ദേശിക്കപ്പെടുവോളം ചില ധ്യാനപ്രസംഗകരുടെ അവതരണങ്ങള്‍ അതിരുകടക്കുന്നുണ്ട്. യോഗ്യമായ പ്രബോധനം മേല്പട്ട ശുശ്രൂഷയുടെ അവിഭാജ്യഘടകമായാണ് സഭ അതിന്റെ പ്രാരംഭം മുതല്‍ നിരീക്ഷിക്കുന്നത് (1 തിമോ. 3:1-7). മുന്‍ഗണനാക്രമങ്ങളിലെ വിട്ടുവീഴ്ചകളാണ് പുതിയ പ്രബോധന വേദികള്‍ക്ക് പിന്നീട് പിറവിയൊരുക്കിയത്. സഭാപ്രബോധനത്തിന്റെ ആധികാരിക വിശദീകരണം ദൈവശാസ്ത്ര വേദികളില്‍ നിന്നും ചില ധ്യാന കേന്ദ്രങ്ങളിലേയ്ക്ക് വഴിമാറിപ്പോയ കാലം മുതല്‍ ഈ അപചയം ഔപചാരികമായിട്ടുണ്ട്. സഭയുടെ ഔദ്യോഗിക വക്താക്കളായിപ്പോലും സ്വയം ചമഞ്ഞ് ഇക്കൂട്ടര്‍ നടത്തുന്ന പ്രസ്താവനകള്‍, അടുത്തകാലത്ത് സഭയിലുണ്ടാക്കിയ സംഘര്‍ഷങ്ങളും സമൂഹത്തിലുണ്ടാക്കിയ സംശയങ്ങളും സമാനതകളില്ലാത്തതാണ്. മുന്‍കാലങ്ങളില്‍ സഭയുടെ ആത്മീയ നവീകരണ ശ്രമങ്ങളെ വചനാത്മകമായി സമീപിച്ച, വിശ്വാസികളെ വചനം ആഴത്തിലറിയാന്‍ സഹായിച്ച കരിസ്മാറ്റിക് പ്രസ്ഥാനത്തെ, ആദരവോടെ ഓര്‍മ്മിച്ചുകൊണ്ടു തന്നെയാണ് ഇത് കുറിക്കുന്നത്. ഔദ്യോഗിക പ്രതികരണവേദികളെ വെളിവ് വേണ്ടാത്ത ഇത്തരം 'വെളിപാടുകള്‍' അനധികൃതമായി കയ്യേറുമ്പോള്‍ നഷ്ടമാകുന്നത് സഭയുടെ മുഖവും മൊഴിയുമാകയാല്‍, നേതൃത്വത്തിന്റെ അടിയന്തിരമായ ഇടപെടല്‍ ഈ വിഷയത്തില്‍ അനിവാര്യമാക്കുന്നുണ്ട്.
സാര്‍വ്വത്രിക സഭയുടെ സംരക്ഷകനായുള്ള വി. യൗസേപ്പിന്റെ ഈ പുനഃപ്രതിഷ്ഠാ വേളയില്‍ കേരള സഭയുടെ പുതിയ സംരക്ഷണ ശൈലികളും സംസാര വിഷയമാകണം. സംരക്ഷണം സത്യമാകുന്നതും സുവിശേഷ നീതിക്കു തുല്ല്യമാകുന്നതും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ്. ഞാന്‍, നീ; എന്റേത്, നിന്റേത് എന്നീ ദ്വന്ദ പ്രയോഗ പ്രതികരണങ്ങള്‍ എപ്പോഴും ആരെയൊക്കെയോ പുറത്തു നിര്‍ത്തുകയാണ്. വിേധയത്വം സത്യത്തോട് മാത്രം എന്ന നിലപാടിലുറച്ചു നില്‍ക്കാന്‍ വി. യൗസേപ്പിതാവിന്റെ മൗനവും മനനവും മാതൃകയാക്കണം. വിഭാഗീയതയുടെ വിഷം വിതറുന്ന വിളിച്ചുപറയലുകളെ സഭാ സംരക്ഷണത്തിന്റെ ഔദ്യോഗിക രീതികളാക്കുന്ന സാമൂഹ്യ മാധ്യമ ദുരുപയോഗശൈലികള്‍ തിരുത്ത പ്പെടണം. വിയോജിക്കുവാനുള്ള ഇടമല്ല വിടവുണ്ടാക്കുന്നത്. അത് വിരുദ്ധ യുക്തിയായി മാത്രം വിലയിരുത്തുമ്പോഴാണ് ചിലര്‍ക്കെങ്കിലും വിമര്‍ശനം അസഹ്യമായി തോന്നുന്നത്.
'ക്രിസ്തുവിന്റെ പരിമളമായി'ത്തുടരേണ്ട സഭാ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വി. പൗലോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെടുത്തലില്‍ യൗസേപ്പ് വിചിന്തനങ്ങളുടെ സമാഹരണങ്ങളുണ്ട് (2 കൊറി. 2:15). എളിമയിലുറച്ച ധാര്‍മ്മികതയുടെയും സുതാര്യജന്യമായ നീതിബോധത്തിന്റെയും പൂമരമായി പരിലസിക്കുന്ന വി. യൗസേപ്പിലെ വളര്‍ത്തപ്പന്റെ സംരക്ഷണം ഒതുങ്ങിനില്‍ക്കാനുള്ള മറയായിട്ടല്ല, അതിരുകളിേലയ്ക്ക് ഇറങ്ങി നില്‍ക്കാനുള്ള വിളിയായി വേണം സഭ സ്വീകരിക്കാന്‍. വണക്കമാസപ്പുസ്തക പുകഴ്ചകളില്‍ നിന്നും ഇക്കുറി യൗസേപ്പിറങ്ങി നില്‍ക്കുമ്പോള്‍ ആത്മീയതയിലെ പിതൃഭാവം സഭാ ശരീരഭാഷയാകുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org