അധികാരപ്പെരുമയുടെ ശതാബ്ദി സ്മരണ

അധികാരപ്പെരുമയുടെ ശതാബ്ദി സ്മരണ
Published on

1923 ഡിസംബര്‍ 21-ന് സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിക്കപ്പെട്ടതിന്റെയും, എറണാകുളം വികാരിയാത്ത് സഭാ നേതൃപദവിയിലേക്കുയര്‍ത്തപ്പെട്ട്, അതിരൂപതയായി ആദരിക്കപ്പെട്ടതിന്റെയും ശതാബ്ദിയാഘോഷാരവങ്ങളുടെ നെറുകയിലാണ് നാം. സ്വയാധികാര സഭയിലേക്കുള്ള സഭാ ജീവിത പരിണാമത്തിലെ ആദ്യപടിയായി ഹൈരാര്‍ക്കി സ്ഥാപനത്തെ അംഗീകരിക്കുമ്പോള്‍, നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സഭയുടെ വളര്‍ച്ച യഥാര്‍ത്ഥ പ്രേഷിതാഭിമുഖ്യത്തെ സമഗ്രമായും സുവിശേഷാത്മകമായും സമീപിച്ചു തന്നെയായിരുന്നുവോ എന്ന പരിശോധന അനിവാര്യമാണ്.

സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചുകൊണ്ട് പരി. സിംഹാസനം നല്കിയ "Romani Pontifices' എന്ന തിരുവെഴുത്തിലൂടെ, എറണാകുളത്തെ, മെത്രാപ്പോലീത്തന്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്.

''എറണാകുളത്തെ, മെത്രാപ്പോലീത്തന്‍ രൂപതയുടെ പദവിയിലേക്കും മഹിമയിലേക്കും ഉയര്‍ത്തുകയും ശ്രേയസ്‌കരിക്കുകയും ചെയ്യുന്നു. ഇതു നിമിത്തം പ്രസ്തുത അതിരൂപതയ്ക്കും അതിന്റെ അതാതു കാലത്തെ മെത്രാപ്പോലീത്താമാര്‍ക്കും പൊതു നിയമ പ്രകാരവും സീറോ മലബാര്‍ സഭയിലെ ന്യായമായ വ്യവസ്ഥകളും നടത്തിപ്പുകളും അനുസരിച്ചുമുള്ള, അധികാരങ്ങള്‍, വിശേഷാവകാശങ്ങള്‍, ബഹുമതികള്‍, പ്രത്യേകാധികാരങ്ങള്‍ ഇവയെല്ലാം പൊതുവായും പ്രത്യേകം പ്രത്യേകമായും നല്കുന്നു.'' ഇതനുസരിച്ചു തന്നെയാകണം എറണാകുളം മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലിനും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും കര്‍ദിനാള്‍ പദവി നല്കപ്പെട്ടത്. ഈ പ്രാഥമ്യവും പ്രാമുഖ്യവും പരിഗണിച്ചു തന്നെയാണ്, ഈ സഭയെ 1992 ഡിസംബര്‍ 16-ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയാക്കി ഉയര്‍ത്തിയപ്പോള്‍ സഭയുടെ പേരുതന്നെ എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയെന്നാക്കി മാറ്റിയത്. ചരിത്രപരമായ ഈ പ്രാധാന്യവും പ്രാമുഖ്യവും തന്നെയാണ് എറണാകുളം എന്ന പേരിനൊപ്പം അങ്കമാലി എന്നുകൂടി കൂട്ടിച്ചേര്‍ക്കാനിടയായതും.

നസ്രാണി സഭയുടെ നാട്ടുവഴികളില്‍ വ്യാകുലവെട്ടമായി ഉരുകിയെരിഞ്ഞ് എറണാകുളം വികാരിയാത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുറപ്പിച്ച് രൂപതയെ പ്രോജ്ജ്വലിപ്പിച്ച അഭി. ലൂയീസ് പഴേപറമ്പില്‍ പിതാവും, യഥാര്‍ത്ഥമായ സഭാദര്‍ശനത്തിന്റെ ആധികാരികതയോടെയും സുതാര്യതയുടെ കര്‍ക്കശ്യതയോടെയും ദീര്‍ഘകാലം അതിരൂപതയെയും സഭ മുഴുവനെയും സ്തുത്യര്‍ഹമായി നയിച്ച ആദ്യ മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവും അജപാലനത്തിന്റെ ഇടയവഴികളെ അവിസ്മരണീയമാക്കിയവരാണ്.

പിന്നീട് സാരഥ്യമേറ്റെടുത്ത കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അതിരൂപത വ്യത്യസ്ത മേഖലകളില്‍ ഇന്ന് കൈവരിച്ച വലിയ നേട്ടങ്ങളുടെ നേരവകാശിയായി നിലനില്‍ക്കുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ സഭയുടെ ആരാധനാജീവിതത്തിന്റെ ആത്മാവാകണം എന്നാഗ്രഹിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രത്യേകമായ ഇടപെടലുകള്‍ ഭാരതസഭയുടെ മാത്രമല്ല, ആഗോള സഭയുെടപ്പോലും ആഭിമുഖ്യങ്ങളെ അടിമുടി നവീകരിക്കാന്‍ പര്യാപ്തമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ അദ്യന്തം പങ്കെടുത്ത അദ്ദേഹം, അതിന്റെ പ്രധാന ചൈതന്യമായ തുറവിയുടെ സംവാദാത്മകതയെ സഭാജീവിതശൈലിയുടെ അടിസ്ഥാന ഭാവമായി സമര്‍പ്പിക്കാന്‍ അത്യധ്വാനം ചെയ്തു.

സഭയുടെ സൗമ്യസ്മിതമായെത്തിയ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്റണി പടിയറ പിതാവിന്റെ കാലത്താണ് സ്വയാധികാര സഭാ പരിണാമം അതിന്റെ പ്രധാനഘട്ടത്തെ പ്രാപിച്ചത്. മാര്‍ വര്‍ക്കി കാര്‍ഡിനല്‍ വിതയത്തില്‍ പിതാവിന്റെ സമവായ ശൈലി, സംഭാഷണങ്ങളിലൂടെ മാത്രം സംജാതമാകുന്ന സമാധാനത്തെ ആധികാരികമാക്കി സര്‍വാദരവു നേടി.

ആദ്യമായി സിനഡിലെ തിരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച്ബിഷപ്പായെത്തിയ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിലൂടെ സഭയുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ കൂടുതല്‍ ആധികാരികവും വിപുലവുമായി. ഇന്ത്യയ്ക്കകത്തും പുറത്തും പുതിയ രൂപതകള്‍ സ്ഥാപിതമായതും, സഭയുടെ പ്രേഷിതാഭിമുഖ്യം ആഗോളീകരിക്കപ്പെട്ടതും ഈ കാലത്താണ്.

അതിരൂപതയുടെയും സഭ മുഴുവന്റെയും നിര്‍ണ്ണായക ഘട്ടങ്ങളില്‍ സുപ്രധാന സാന്നിധ്യവും ഇടപെടലുകളുമായി വന്ന മാര്‍ എബ്രാഹാം കാട്ടുമനപ്പിതാവും, വിവിധ കാലങ്ങളില്‍ സഹായമെത്രാന്മാരായി ശുശ്രൂഷ ചെയ്ത മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യേത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും അതിരൂപതയുടെ യശസ്സുയര്‍ത്തിയ ശ്രേഷ്ഠ കര്‍മ്മ ദീപങ്ങളാണ്.

അതിരൂപതയും സഭയും അതീവഗുരുതരമായ സ്വത്വപ്രതിസന്ധിയെ അപകടകരമായി അഭിമുഖീകരിക്കുന്ന കാലത്താണ് ഈ ശതാബ്ദിയാഘോഷം എന്ന പ്രത്യേകതയുണ്ട്.

ഏകദേശം 5 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിരൂപതയെയും, സഭയെത്തന്നെയും അടിമുടിയുലച്ച ഭൂമി വിവാദവും കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന വി. കുര്‍ബാനയര്‍പ്പണ രീതിത്തര്‍ക്കവും തെരുവുസംഘര്‍ഷമുള്‍പ്പെടെയുള്ള സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് വഴിതെളിച്ചത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി എത്തിയ മാര്‍ ജേക്കബ് മനത്തോടത്തിലൂടെ ഭൂമി വിവാദവിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി വത്തിക്കാന്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണാതെ പോയതിനു പുറകില്‍ സിനഡിന്റെ ഉത്തരവാദിത്വരഹിതമായ ഉദാസീനതയാണെന്ന വിമര്‍ശനം ഗൗരവമായ ചര്‍ച്ചകള്‍ക്കിടയാക്കി. കുറ്റാരോപിത കേന്ദ്രം സഭാധ്യക്ഷന്‍ തന്നെയായതും സഭയ്ക്കകത്തും പുറത്തുമുള്ള അധികാര കേന്ദ്രങ്ങളുടെ അനുചിത ഇടപെടലുകളും പ്രശ്‌ന പരിഹാരം അകലെയാക്കി എന്നതാണ് വാസ്തവം. സഭ നിയോഗിച്ച അന്വേഷണക്കമ്മീഷനുകളിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളവയായിരുന്നതിനാല്‍ സഭാധ്യക്ഷനായ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയ്ക്ക് അതിരൂപതയുടെ ഭരണചുമതലയൊഴിയേണ്ടി വന്നതായിരുന്നു വലിയ വഴിത്തിരിവ്.

ഭൂമി വിവാദമുയര്‍ത്തിയ ആക്ഷേപങ്ങള്‍ വലിയ അധിക്ഷേപങ്ങളായി സഭാന്തരീക്ഷത്തെ കലുഷിതമാക്കിയ നാളുകളില്‍ത്തന്നെയാണ് അത് മറയ്ക്കാനെന്ന വണ്ണം അപ്രതീക്ഷിതമായെത്തിയ വി. കുര്‍ബാനയര്‍പ്പണത്തര്‍ക്കം. വേണ്ടത്ര കൂടിയാലോചനകള്‍ക്കിട നല്കാതെ പതിറ്റാണ്ടുകളായി വിവാദമായിത്തുടരുന്ന പ്രശ്‌നത്തെ വെറും അനുസരണത്തിന്റെ വിഷയമാക്കിയവതരിപ്പിച്ച് പരിഹരിക്കാമെന്ന ചിന്ത അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് അതിരൂപതയില്‍ ഇനിയും അവസാനിക്കാത്ത പ്രതി ഷേധങ്ങള്‍. ഐക്യത്തിന്റെ കൂദാശയെ ഐകരൂപ്യശ്രമങ്ങളിലൂടെ സഭയില്‍ വലിയ വിഭാഗീയതയ്ക്ക് വിഷയീഭവിപ്പിച്ചതെന്തിനെന്ന ചോദ്യത്തെ ഇനിയും അഭിമുഖീകരിക്കാതെ, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി എത്തിയ മാര്‍ ആന്‍ഡ്രൂസ് താഴ ത്ത് പിതാവ് നിരന്തരം ഒഴിഞ്ഞു മാറുമ്പോള്‍, ആധിപത്യത്തിലൂടെ സ്ഥാപിതമാകുന്ന സമാധാനം ക്രിസ്തുവിന്റേതല്ലെന്ന് മറക്കുകയാണോ? അധികാരപ്രമത്തതയുടെ അന്തസ്സുകെട്ട ദാര്‍ഷ്ട്യം സഭയുടെ ആസ്ഥാനദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ കവാടങ്ങളെ അനിശ്ചിതകാലത്തേക്ക് അടച്ച് മുദ്രവച്ചതോടെ ജൂബിലിയുടെ കൃതജ്ഞതാബലി എവിടെ അര്‍പ്പിക്കും എന്ന സന്ദേഹത്തിലാണ് വിശ്വാസികള്‍. അജഗണങ്ങളെ ഭയക്കുന്നയാള്‍ അവരുടെ ഇടയനാകുന്നതെങ്ങനെയെന്നും ജനം ചോദിക്കുന്നു

''ചരിത്രത്തില്‍ കല്‍ദായ ലിറ്റര്‍ജി ഉപയോഗിച്ചുവെന്നത് സത്യമാണ്. എന്നാല്‍ കല്‍ദായസഭയില്‍നിന്നു വ്യത്യസ്തമായ ഒരുപാട് പാരമ്പര്യങ്ങളും ചരിത്രവും ഞങ്ങള്‍ക്കുണ്ട്.'' തൃശ്ശൂര്‍ വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായിരുന്ന മാര്‍ ജോണ്‍ മേനാച്ചേരിയുടെ ഈ സഭാദര്‍ശനം ജനാഭിമുഖ ബലിയര്‍പ്പണമുള്‍പ്പെടെ പിന്നീട് സഭയില്‍ നൈയാമികമായി സ്വീകരിക്കപ്പെട്ട പാരമ്പര്യങ്ങളെ ആധികാരികമാക്കുന്നുണ്ട്.

1999-ലെ വി. കുര്‍ബാനയുടെ ഏകീകൃതശ്രമങ്ങളെ താല്‍ക്കാലികമായെങ്കിലും അവസാനിപ്പിച്ചുകൊണ്ട് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്. "Time is Holy Spirit.' സമയത്തിന്റെ പൂര്‍ണ്ണതയില്‍ പ്രവര്‍ത്തിക്കുന്ന പരി. ആത്മാവിനുവേണ്ടി കാത്തിരിക്കാനുള്ള ക്ഷമയാണ് സമാധാനത്തിലേക്കുള്ള ഏകവഴിയെന്ന സമര്‍ത്ഥനമായിരുന്നു, ആ പ്രസ്താവനയുടെ സാരം. സംഭാഷണത്തിലൂടെ സംജാതമാകുന്ന സമവായത്തിന്റെയും സംയമനത്തിന്റെയും ആത്മാവിനെ പ്രത്യക്ഷമാക്കി വേണം പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍. മെത്രാപ്പോലീത്തന്‍ വികാരിയായി എത്തിയ മാര്‍ ആന്റണി കരിയില്‍ മെത്രാപ്പോലീത്തായുടെ ഇടപെടലുകള്‍ ആത്മാഭിഷേകത്താല്‍ ആധികാരികമായത് അങ്ങനെയാണ്. ദൈവഹിതത്തോടും ജനസ്വരത്തോടും ഒരിക്കലും 'രാജി'യാകാതിരുന്ന നല്ലയിടയനാണ് അദ്ദേഹം.

1895-ല്‍ നാട്ടുമെത്രാന്‍മാര്‍ക്കു വേണ്ടിയുള്ള അപേക്ഷകളുമായി പരി. സിംഹാസനത്തെ നേരിട്ട്, സമീപിച്ച ബഹു. ലൂയിസ് പഴേപറമ്പിലച്ചനുമായി പരി. പിതാവ് നടത്തിയ സംഭാഷണ മധ്യേ, ആകാംക്ഷയോടെ ആരാഞ്ഞത്, സഭയുടെ സ്ഥാവര ജംഗമവസ്തുക്കളുടെ ആസ്തി വൈപുല്യത്തെക്കുറിച്ചായിരുന്നില്ല. പിന്നെയോ സഭാംഗങ്ങളുടെ വി. കുര്‍ബാനയിലെ പങ്കാളിത്തം, മരിയഭക്തി തുടങ്ങിയ ആത്മീയ ജീവിതത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചായിരുന്നു.

സഭാധികാരത്തെയും അതിന്റെ പ്രയോഗത്തെയും സുവിശേഷാത്മകമായി സമീപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ഇടയധര്‍മ്മം സമ്പൂര്‍ണ്ണമായും ആത്മീയകാര്യങ്ങളില്‍ മാത്രമാക്കുന്ന സുറിയാനി പാരമ്പര്യം അടിയന്തരമായി വീണ്ടെടുക്കേണ്ടതുണ്ട്.

സമ്പൂര്‍ണ്ണമായും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആധുനിക സീറോ മലബാര്‍ സഭയുടെ അധികാരപ്പെരുമയുടെ ശതാബ്ദി സ്മരണവേളയില്‍ വിശ്വാസി സമൂഹത്തിന്റെ പ്രേഷിതാഭിമുഖ്യങ്ങളെ ദൈവോന്മുഖമായി ഉയര്‍ത്താനും, മനുഷ്യോന്മുഖമായി വളര്‍ത്താനും സഭാനേതൃത്വത്തിന് സാധിക്കണം. ആധിപത്യത്തിന്റെ ആക്രോശങ്ങളെ അവസാനിപ്പിച്ച് സിനഡാത്മകതയുടെ സംവാദതലങ്ങളെ അടിമുടി വിപുലീകരിച്ചും, അത്യന്തം വിശുദ്ധീകരിച്ചുമാണ് അതു സാധ്യമാക്കേണ്ടത് (1 പത്രോസ് 5:4). കൂടെ നടക്കുന്ന സഭാനുഭവം ക്രിസ്താനുഭവം തന്നെയാകയാല്‍ അതുറപ്പാക്കുന്ന ആദ്യയിടം നേതൃ അതിരൂപതയായ എറണാകുളത്തും അതിലൂടെ സഭ മുഴുവനിലും സംഭവിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org