ഉള്‍ക്കൊള്ളലിന്റെ ഉള്ളടക്കം

ഉള്‍ക്കൊള്ളലിന്റെ ഉള്ളടക്കം

'നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ പിറവിത്തിരുനാള്‍ മനുഷ്യരാശിയോടുള്ള ദൈവസ്‌നേഹത്തിന്റെ രഹസ്യത്തിലേക്ക് നമ്മെ ഒരിക്കല്‍ക്കൂടി കൊണ്ടുവരുന്നു. ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യശരീരം സ്വീകരിക്കുന്നു. ഈ ശരീരത്തില്‍ സ്വയം വെളിപ്പെടുത്തുന്നു. അതിന്റെ എല്ലാ ബലഹീനതകളും പരിമിതികളും ഉള്‍ക്കൊള്ളുന്നു.'

2023 ഡിസംബര്‍ 21 ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് സിറില്‍ വാസില്‍ നല്കിയ ഈ ക്രിസ്മസ് സന്ദേശത്തിലൂടെ ഉള്‍ക്കൊള്ളലിന്റെ ജൈവികാടിത്തറയെ മനുഷ്യാവതാരത്തിന്റെ മഹാരഹസ്യമായി സമര്‍പ്പിക്കുമ്പോള്‍, വിപരീതങ്ങളെ വിരുദ്ധമായെണ്ണാതെ അവയെ സമവായത്തിലേക്ക് സമന്വയിപ്പിച്ചുകൊണ്ടാണ് തിരുപ്പിറവിയുടെ സമാധാനത്തെ നാം സ്വന്തമാക്കേണ്ടത് എന്ന് സമര്‍ത്ഥിക്കുകയാണ്.

'ഉള്‍ക്കൊണ്ടില്ല' എന്ന സങ്കടം തന്നെയാണ് നാളിതുവരെയുള്ള സഭാ പ്രതിസന്ധിയുടെയും കാതല്‍. അതിനാധാരമായി സംഭവിക്കേണ്ട അര്‍ത്ഥവത്തായ സംഭാഷണം സാധ്യമാകാതിരുന്നതാണ് പ്രധാന പ്രതിസന്ധിയും. പരസ്പരം ആദരവോടെ കേള്‍ക്കാതെ പോയതിന്റെ സങ്കടം തെന്നയാണ് രോഷമായും, പ്രതിഷേധമായും, ആദ്യം സൈബര്‍ ചുവരുകളെയും പിന്നീട് പൊതുവിടങ്ങളെയും അസാധാരണമാം വിധം മലിനമാക്കിയത്. പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ രണ്ടാം വരവ് വ്യത്യസ്തമായത് സംഭാഷണത്തിന്റെ ഉള്‍ ക്കൊള്ളല്‍ ശൈലി സ്വീകരിച്ചതിനാലാണ്. 'ബാഹ്യശക്തികളുടെ നിയന്ത്രണമില്ലാതെ' ഇരുകൂട്ടരും ഹൃദയം തുറന്നപ്പോള്‍ തെറ്റിദ്ധാരണകള്‍ നീങ്ങിയെന്നു മാത്രമല്ല പരസ്പരമുള്ള തെറ്റുകളും മനസ്സിലായി. മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പാക്കേണ്ടത് സിനഡാ ലിറ്റിയുടെ പാപ്പാശൈലിയില്‍ത്തന്നെ വേണമെന്ന തിരിച്ചറിവിലാ ണ് എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ നീണ്ടത്. പാതിരാകഴിഞ്ഞിട്ടും മടുപ്പില്ലാതെ അത് തുടരാനിടയായത് പ്രശ്‌ന പരിഹാരത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് അത് പ്രധാന ചുവടു വയ്പ്പാകുമെന്ന പ്രതീക്ഷയിലായിരുന്നു. പതിനൊന്നിന ധാരണ കളിലൂടെ പുരോഗമിച്ച സംഭാഷണം സഭയില്‍ സമവായത്തിന്റെ യും സമാധാനത്തിന്റെയും അന്തരീക്ഷമുറപ്പിച്ചുവെന്ന് കരുതിയ നിമിഷം തന്നെയായിരുന്നു എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ടുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ അപ്രതീക്ഷിതവും ഏകപക്ഷീയവുമായ പിന്‍മാറ്റം!

ഇത്തരം പിന്‍നടത്തം മുന്‍പും സഭയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭൂമിവിവാദത്തിന്റെ ആരംഭനാളുകളില്‍ പ്രശ്‌നപരിഹാരത്തിലേക്ക് എല്ലാവരും ഒരുമിച്ചെത്തിയെന്നു കരുതിയ സമയത്തായിരുന്നു, കര്‍ദിനാളിന്റെ ബന്ദിനാടകവും! കാര്യങ്ങള്‍ കൈവിട്ടുപോയതും ഇന്നും തുടരുന്ന കോടതി വ്യവഹാരങ്ങളും തുടര്‍ ചരിത്രം!

'സിനഡിന്റെ തീരുമാനമനുസരിച്ച് വി. കുര്‍ബാനയര്‍പ്പിക്കുന്നത് കേവലം ചില നിയമങ്ങള്‍ പാലിക്കുന്ന പ്രശ്‌നമല്ല. മറിച്ച്, അതിലുപരി, സഭയുടെ ഐക്യത്തെ ബാധിക്കുന്ന കാര്യമാണ്' എന്ന് ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ തുടര്‍ന്നെഴുതുമ്പോള്‍, 'ചില നിയമങ്ങള്‍ പാലിക്കാന്‍ വേണ്ടി' സഭയുടെ ഐക്യം തകര്‍ത്തതിന്റെ പ്രശ്‌നവും പ്രതിസന്ധിയുമാണ് കുര്‍ബാന തര്‍ക്ക വിവാദം എന്ന് സൗകര്യപൂര്‍വം മറന്നു പോകുന്നുണ്ട്. വി. കുര്‍ബാനയിലെ വൈദികന്റെ സ്ഥാനം അടിസ്ഥാനപരമായി റൂബ്രിക്‌സിന്റെ വിഷ യം മാത്രമാണെന്നിരിക്കെ, അത് ആദ്യം മാര്‍പാപ്പയ്ക്ക് എതിരെയുള്ള നിലപാടായും, സഭാകൂട്ടായ്മയിലെ വിഘടിതപ്രവര്‍ത്തി യായും വ്യാഖ്യാനിച്ച് വഷളാക്കിയതോടെ, പ്രശ്‌ന പരിഹാര വഴിയിലെ പ്രധാന ഇടപെടലായാണ് ചര്‍ച്ചകളെ എല്ലാവരും കണ്ടതും ആശ്വസിച്ചതും.

'അജ്ഞാത ഫോണ്‍ കോള്‍' എല്ലാം അവസാനിപ്പിച്ചുവോ എന്ന സന്ദേഹം തുടരുമ്പോഴും, ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ജനുവരിയിലെ സിനഡിലവതരിപ്പിച്ച് സമവായത്തിന്റെ സംഭാഷണവഴിയില്‍ നിര്‍ണ്ണായക നീക്കവുമായി മാര്‍ ബോസ്‌കോ പിതാവ് മുന്‍നിരയിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. (സിറില്‍ പിതാവിന്റെ ഒടുവിലത്തെ നിര്‍ദേശവും അതായിരുന്നല്ലോ.)

മാര്‍പാപ്പയുടെ അതിരൂപതയ്ക്കുവേണ്ടിയുള്ള വീഡിയോ സന്ദേശത്തിലെ വസ്തുതാപരമായ വൈരുദ്ധ്യങ്ങള്‍ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, പാപ്പാ സ്ഥാനത്തെപ്പോലും പ്രതിസന്ധിയിലാക്കുവോളം പ്രശ്‌നം ഇനിയും ഗുരുതരമാക്കരുത് എന്ന് ചിന്തിക്കുന്നവരാണധികവും.

പാപ്പായുടെ ആഹ്വാനമനുസരിച്ച് ക്രിസ്മസ് ദിനത്തില്‍ അതിരൂപതയില്‍ അര്‍പ്പിക്കപ്പെട്ട ഏകീകൃത കുര്‍ബാനയെ പ്രശ്‌നപരിഹാരവഴിയിലെ അതിപ്രധാന നീക്കമായി വിലയിരുത്തണം. ഒന്നും വിട്ടു കളയുന്നതല്ല; വിട്ടുവീഴ്ച ചെയ്യുന്നതാണ്, മറക്കരുത്.

'ഈ അതിരൂപതയും അതിലെ അല്‍മായരും സമര്‍പ്പിതരും വൈദികരും മാര്‍പാപ്പയോടും, സഭയോടുമുള്ള സ്‌നേഹം പ്രഖ്യാപിച്ചിട്ടുണ്ട്.' ഇതുതന്നെയാണ് അതിരൂപതയുടെ ചരിത്രവും വര്‍ത്തമാനവും ഇനി ഭാവിയും. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനായി സഭയും സമൂഹവും പ്രത്യാശയോടെ കാത്തിരിക്കുമ്പോള്‍, അത് സമവായത്തിന്റെയും സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും നേതൃമാറ്റമാകട്ടെ എന്ന പ്രാര്‍ത്ഥന ഓരോ വിശ്വാസിയുടേതുമാണ്. സത്യശുശ്രൂഷകരുടേതുമായി സഭ മാറുമ്പോള്‍, ക്രിസ്തു സുവിശേഷം സാര്‍വത്രികമാകും. ഉള്‍ക്കൊള്ളല്‍ ക്രിസ്തു ഉള്ളടക്കമാകയാല്‍ അതു സഭയുടേതാക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. 'ദിക്കി'ലേക്ക് തിരിയുമ്പോള്‍ ദിശ തെറ്റുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org