സമ്മേളനങ്ങള്‍ സമര്‍ത്ഥിക്കുന്നതെന്ത്?

സമ്മേളനങ്ങള്‍ സമര്‍ത്ഥിക്കുന്നതെന്ത്?

വര്‍ദ്ധിച്ച ജനപങ്കാളിത്തം കൊണ്ടും ഉയര്‍ത്തിയ ആവശ്യങ്ങളുടെ നൈതികത കൊണ്ടും ശ്രദ്ധേയമായ രണ്ട് സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു. തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച പ്രതിഷേധ സമരവും വ്യവസായിക നഗരിയെ ആവേശഭരിതമാക്കിയ വിശ്വാസ സംരക്ഷണ സംഗമവുമായിരുന്നു ആ സമ്മേളനങ്ങള്‍.

തീരദേശ ജനതയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ആവേശം കൊള്ളിച്ചു. പലയിടത്തും മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സമരവേദികള്‍ സംഘര്‍ഷഭരിതമായി. സമരം പൊളിക്കാന്‍ ആസൂത്രിത ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്നുമുണ്ടായി എന്ന ഗുരുതരമായ ആരോപണം തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ തന്നെ ഉന്നയിച്ചു. തീരദേശ ജനതയുടേത് ജീവന്‍ മരണ പോരാട്ടമാണെന്നും, ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്നും എമരിറ്റസ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം പിതാവും കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ തീരപ്രദേശം സമരപാതയിലെത്തിയിട്ട് നാളേറെയായി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അവസാന ഘട്ടത്തിലാകുമ്പോള്‍ തീരശോഷണവും കടലാക്രമണവും അതിരൂക്ഷമായിത്തുടരുന്ന സങ്കടമാണ് തലസ്ഥാന നഗരിയില്‍ പ്രതിഷേധത്തിരയായി ഉയര്‍ന്നത്. വിഴിഞ്ഞം തുറമുഖ സാന്നിദ്ധ്യം അടിമലത്തുറ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരമേഖലകളില്‍ മത്സ്യബന്ധനം അസാധ്യമാക്കുമെന്ന ആശങ്കയിലാണ് തീരവാസികള്‍. പതിനായിരങ്ങള്‍ പട്ടിണിയിലാകുമെന്ന അസാധാരണ സാഹചര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍ പ്പെടുത്താനാണ് കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് ഒരിക്കല്‍ വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വെള്ളത്തിലൂന്നേണ്ട വള്ളങ്ങളുമായി തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. 'ഓഖി'യുടെ ആഘാതം തകര്‍ത്ത ജീവിതങ്ങള്‍ അതിജീവനത്തിന്റെ ആദ്യപടവുകളില്‍ പിടഞ്ഞു നില്‍ക്കുമ്പോഴാണ് നീതിയ്ക്കുവേണ്ടിയുള്ള ഈ നിലവിളിയെന്ന് അധികാരികള്‍ ഓര്‍മ്മിക്കണം. വികസന വായ്ത്താരികൊണ്ട് വാമൂടാമെങ്കിലും വയറ് നിറയില്ലെന്നതും തിരിച്ചറിയണം.

കേരളം ശ്രദ്ധിച്ച മറ്റൊരു മഹാസമ്മേളനം നടന്നത് ആഗസ്റ്റ് 7-ന് കൊച്ചിയിലാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. ജനാഭിമുഖ ബലിയര്‍പ്പണം വിശ്വാസികളുടെ ആവശ്യവും അവകാശവുമായി തിരിച്ചറിഞ്ഞ് ഏറ്റു പറഞ്ഞ മഹാ സമ്മേളനം പങ്കാളിത്ത സഭയുടെ പ്രാമാണ്യത്തെക്കുറിച്ചാണ് വാചാലമായത്. അവസാനത്തെയാളെയും കേള്‍ക്കുകയും, വിയോജിക്കുന്നവരെപ്പോലും പരിഗണിക്കുകയും ചെയ്യുന്ന സിനഡാത്മകതയുടെ ആത്മാവ് ആരാധനാക്രമ പരിഷ്‌ക്കരണ തീരുമാനത്തില്‍ ഇല്ലാതെ പോയതിനെ ചോദ്യം ചെയ്ത സമ്മേളനം, ഐകരൂപ്യത്തിലൂടെയല്ല, നീതിയിലൂടെ കൈവരുന്ന സമാധാനമാണ് ശാശ്വതമെന്ന് പ്രഖ്യാപിച്ചു.

'ഒരുമിച്ച് നടക്കുന്നതില്‍ നിന്നും ആരെങ്കിലും ഒരാള്‍ തന്റേതായ നിര്‍ബന്ധബുദ്ധിമൂലം പിന്തിരിഞ്ഞാല്‍ അയാള്‍ക്കുവേണ്ടി മറ്റുള്ളവരെല്ലാം നടപ്പുപേക്ഷിക്കണോ?' എന്ന ചോദ്യമുയര്‍ത്തുന്ന സഭാനേതൃത്വം നൂറിലൊന്നിനെ നഷ്ടപ്പെട്ടപ്പോള്‍ 99-നെയും ഉപേ ക്ഷിച്ച് നഷ്ടപ്പെട്ടതിന്റെ പുറകെപോയ നല്ലിടയന്റെ സുവിശേഷം പുതിയ കാലത്തിന് പറ്റിയതല്ലെന്ന് പറയാതെ പറയുകയാണോ? കൂടെ നടക്കാത്തവരെ കൂട്ടത്തോടെ ഒഴിവാക്കുന്ന സിനഡാത്മകത ഫ്രാന്‍സിസ് പാപ്പയുടേതല്ല എന്ന് വ്യക്തമാണ്. പള്ളിയില്‍ വരാത്തവനോട് പോലും പട്ടക്കാരന്‍ മിണ്ടണമെന്ന് പാപ്പ പറയുമ്പോള്‍, അനുസരിക്കാത്തവര്‍ അകത്തുവേണ്ട എന്ന നിലപാടിലുറച്ചാണ് നേതൃത്വം! എഴുപത്തഞ്ചാണ്ടു പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിനെ സ്വാതന്ത്ര്യത്തിന്റെ അമൃതനുഭവമായി ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍, ഊരുവില ക്കു പോലുള്ള പ്രാകൃതനയങ്ങളുമായി 'മുന്നേറുന്ന' ഈ നേതൃത്വത്തെ ആരു തിരുത്തും എന്നാണറിയേണ്ടത്. അതോടൊപ്പം നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ സഭ്യതയുടെ സീമകള്‍ ലംഘിക്കാതിരിക്കാനും ശ്രദ്ധിക്കണം.

രണ്ട് സമ്മേളനങ്ങളിലും ഉയര്‍ന്ന നിലവിളിയ്ക്ക് ഒരു പൊതുസ്വഭാവമുണ്ട്. അധീനര്‍ക്ക് വേണ്ടതെന്തെന്നറിയാത്ത അധികാരികളുടെ അനീതിപരമായ നിലപാടുകളുടെ തീരാപ്രശ്‌നമാണിത്. ഒരിടത്ത് അത് തീരദേശവാസികളുടെ തീരാദുരിതങ്ങളുടെ സങ്കടം പറച്ചിലെങ്കില്‍, മറ്റൊരിടത്ത് മനഃപൂര്‍വ്വമായ അവഗണനയുടെയും സംഘടിതമായ ബധിരതയുടേയും അടിയന്തിര പ്രശ്‌നമാണ്.

നീട്ടിവയ്ക്കപ്പെടുന്ന നീതി അനാഥമാകുമ്പോള്‍, കണ്‍മുമ്പില്‍ കണ്ട ക്രൂരതകള്‍ കണ്ണിന്റെ കുറ്റമായി മാത്രം വ്യാഖ്യാനിക്കപ്പെടുമ്പോള്‍, അനുസരണത്തിലൂടെ ഉറപ്പിക്കപ്പെടുന്ന അധികാരം എല്ലാറ്റിന്റെയും അവസാനവാക്കാകുമ്പോള്‍, അശരണരുടെ അത്താണിയാകും എന്നുറപ്പുള്ളിടങ്ങളിലെ ഇടര്‍ച്ചകള്‍ ഏത് വിധമാണ് ന്യായീകരിക്കപ്പെടേണ്ടത്? ന്യായീകരിക്കാനിവിടെ ആളുണ്ടാകും. സൈബര്‍ സൈന്യം അതിനിവിടെ സജ്ജവുമാണ്. പക്ഷേ നീതി നിവര്‍ത്തിക്കാനോ? പ്രശ്‌നം തീരത്തായാലും തിരുസഭയിലായാലും പരിഹാരം ഉടനുണ്ടാകണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org