

"കുറ്റകൃത്യങ്ങൾ തടയുന്നതിൽ ദുർബലൻ", "വിദേശനയത്തിന്റെ കാര്യത്തിൽ വളരെ മോശം", "തീവ്ര ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് മാർപാപ്പ അവസാനിപ്പിക്കണം", "രാഷ്ട്രീയക്കാരനാകാതെ മികച്ച പാപ്പയാകണം", "പാപ്പാസ്ഥാനത്തിന് ട്രംപിന്റെ പ്രസിഡന്റ് പദവിയോട് ലിയോ പതിനാലാമൻ കടപ്പെട്ടിരിക്കുന്നു" എന്നിങ്ങനെ ചരിത്രത്തിൽ പതിവില്ലാത്ത വിധം ശക്തമായ ആക്ഷേപങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലിയോ മാർപാപ്പയ്ക്കെതിരെ കഴിഞ്ഞ ആഴ്ച ഉന്നയിച്ചത്.
പൊതുവേ മാധ്യമ ശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കുന്നതിൽ ശ്രദ്ധാലുവും ധ്രുവീകരണത്തിലേക്ക് നയിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കുന്നയാളുമായ പാപ്പ നാലു കാര്യങ്ങൾ പതിവിലധികം വ്യക്തതയോടെ സംസാരിച്ചു. ഒന്ന്, ഞാൻ രാഷ്ട്രീയക്കാരനല്ല. രണ്ട്, പ്രസിഡന്റുമായി ഒരു സംവാദത്തിന് ആഗ്രഹിക്കുന്നില്ല. മൂന്ന്, സുവിശേഷത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കും. നാല്, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല.
സഭയും രാഷ്ട്രീയ അധികാരവും തമ്മിൽ സംഘർഷത്തിലാകുന്നത് ചരിത്രത്തിൽ ആദ്യമല്ല.
ഏ.ഡി. 390-ൽ തെസ്സലോനിക്കയിൽ നിരപരാധികളെ കൂട്ടക്കുരുതി നടത്തിയതിന് ശക്തനായ റോമൻ ചക്രവർത്തി തിയോഡോഷ്യസിനെ പ്രായശ്ചിത്തമനുഷ്ഠിപ്പിച്ചതിനുശേഷം മാത്രം ദേവാലയത്തിൽ പ്രവേശിപ്പിച്ച മിലാനിലെ ബിഷപ്പ് വി. ആംബ്രോസ് ചരിത്രത്തിൽ ഉണ്ട്.
രാഷ്ട്രീയം പറയാൻ മടിയുണ്ട് എന്ന് പറയുകയും സുവിശേഷം പറയാൻ ഭയമില്ല എന്ന് അറിയിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷൻ കേരളസഭയ്ക്കും ഭാരത സഭയ്ക്കും ഒരു വഴി അടയാളമാണ്.
ഏ.ഡി. 494-ൽ ഗെലാസിയസ് ഒന്നാമൻ മാർപാപ്പ ബൈസന്റൈൻ ചക്രവർത്തിയായ അനസ്താസിയസ് ഒന്നാമന് ഒരു കത്തെഴുതി. മൊണോഫിസൈറ്റ് പാഷണ്ഡികളുമായുള്ള ഒരു ദൈവശാസ്ത്രപരമായ വിട്ടുവീഴ്ചയെ ചക്രവർത്തി പിന്തുണയ്ക്കുകയും, സഭ അത് അനുസരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്ത അക്കേഷ്യൻ ഭിന്നതയുടെ (acacian schism) പശ്ചാത്തലത്തിൽ ആയിരുന്നു എഴുത്ത്. ചക്രവർത്തിയുടെ ആഗ്രഹത്തെ പോപ്പ് ഗലാസിയോസ് നിരസിച്ചു. Duo sunt എന്ന പ്രാരംഭ വാക്കുകളിൽ അറിയപ്പെടുന്ന ആ കത്തിൽ ഏകീകൃത അധികാരത്തിനു കീഴിൽ ആത്മീയാധികാരത്തിന്റെയും ഭൗതിക അധികാരത്തിന്റെയും തലങ്ങളെ നിർവചിക്കുകയും ആത്മീയാധികാരത്തിന്റെ പ്രാമുഖ്യം അന്ത്യവിധിനാളിനെ മുൻനിർത്തി ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി രണ്ടാമന്റെ തെറ്റായ നയങ്ങളെയും സഭയ്ക്കുമേലുള്ള കടന്നുകയറ്റങ്ങളെയും എതിർത്തതിന് സ്വന്തം കത്തീഡ്രലിൽ വച്ച് രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന കാന്റർബറി ആർച്ച്ബിഷപ്പ് തോമസ് ബെക്കറ്റ് ഇന്ന് വിശുദ്ധനാണ്.
ഹിറ്റ്‌ലർക്കെതിരെ 1937-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പ ജർമ്മൻ ഭാഷയിൽ 'മിറ്റ് ബ്രെന്നെൻഡർ സോർഗെ' (Mit Brennender Sorge - ജ്വലിക്കുന്ന ആശങ്കയോടെ) എന്ന ചാക്രികലേഖനം എഴുതി, രഹസ്യമായി അച്ചടിച്ചു. ജർമ്മനിയിലെ മുഴുവൻ കത്തോലിക്കാ പള്ളികളിലും ഒരു ഞായറാഴ്ച വായിക്കപ്പെട്ട ആ ലേഖനം, ഫാസിസത്തിനെതിരെയുള്ള സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ധാർമ്മിക പോരാട്ടമായിരുന്നു. നാസി ഭരണകൂടം വിതയ്ക്കുന്ന വംശീയ വിദ്വേഷങ്ങളെയും, ഭരണകൂടത്തെ തന്നെ ഒരു ആരാധനാമൂർത്തിയായി മാറ്റുന്നതിനെയും (State Idolatry) മാർപാപ്പ അതിൽ കഠിനമായി അപലപിച്ചിരുന്നു.
രാഷ്ട്രീയം പറയാൻ മടിയുണ്ട് എന്ന് പറയുകയും സുവിശേഷം പറയാൻ ഭയമില്ല എന്ന് അറിയിക്കുകയും ചെയ്യുന്ന ലിയോ പാപ്പ സീസറിനുള്ളതും ദൈവത്തിനുള്ളതും കൃത്യമായി നിർവചിക്കുന്നുണ്ട്. ഭരണകൂടം ദരിദ്രരെ ചൂഷണം ചെയ്യുമ്പോഴോ, വംശീയതയുടെ പേരിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴോ, സാമ്രാജ്യത്വ മോഹങ്ങളോടെ മറ്റ് രാജ്യങ്ങൾക്ക് മേൽ കടന്നു കയറുമ്പോഴോ സഭയ്ക്ക് നോക്കിനിൽക്കാനാവില്ല. കാരണം, ക്രിസ്തുവിന്റെ സുവിശേഷം സ്നേഹത്തിന്റെ മാത്രമല്ല, നീതിയുടെയും കൂടെയാണ്. ഭൗതിക അധികാരവും സമ്പത്തും മാത്രമേ സീസറിന്റേതായുള്ളൂ. ജീവനും അതിന്റെ അന്തസ്സും ദൈവിക അധികാരത്തിൻ കീഴിലുള്ളതാണ്.
മനുഷ്യ ജീവന്റെ അന്തസ്സു ചവിട്ടി അരയ്ക്കപ്പെടുമ്പോൾ, മതസ്വാതന്ത്ര്യം കിട്ടാക്കനിയാകുമ്പോൾ, ദുർബലരായവരുടെ പ്രതിരോധം പൊടിഞ്ഞില്ലാതാകുമ്പോൾ, പൊതു നന്മയ്ക്കുവേണ്ടി നിലവിളികൾ ഉയരുമ്പോൾ സഭയ്ക്ക് സംസാരിക്കേണ്ടി വരും. അതിന് മതമില്ല, ജാതിയില്ല, രാജ്യാതിർത്തികൾ ഇല്ല, അധികാര കസേരകളിൽ ആരെന്ന് നോട്ടവും ഇല്ല.
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ (Catholic Social Teachings) കത്തോലിക്കർക്കുവേണ്ടി മാത്രം കുറിക്കപ്പെട്ടതല്ല. പട്ടിണി കിടക്കുന്നവനും കിടപ്പാടം നഷ്ടപ്പെടുന്നവനും വേതനം കിട്ടാത്തവനും ഭരണകൂട ഭീകരതയുടെ ഇരകളാകുന്ന ഹൈന്ദവനും ഇസ്ലാമിനും യുക്തിവാദിക്കും വേണ്ടി സംസാരിക്കാൻ സഭയ്ക്ക് ബാധ്യതയുണ്ട്. അവിടെ മതമല്ല, മനുഷ്യനാണ് അവന്റെ അന്തസ്സാണ് മാനദണ്ഡം.
രാഷ്ട്രീയം പറയാൻ മടിയുണ്ട് എന്ന് പറയുകയും സുവിശേഷം പറയാൻ ഭയമില്ല എന്ന് അറിയിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷൻ കേരളസഭയ്ക്കും ഭാരത സഭയ്ക്കും ഒരു വഴി അടയാളമാണ്. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയും സമുദായ വോട്ടുബാങ്ക് രൂപീകരിച്ചും, രാഷ്ട്രീയ പാർട്ടികളെയോ അവരുടെ പ്രത്യയശാസ്ത്രങ്ങളെയോ അന്ധമായി ഏറ്റെടുത്തും സ്വാധീനശേഷി വർദ്ധിപ്പിക്കുകയാണ് സഭയുടെ രാഷ്ട്രീയവും രാഷ്ട്രബോധവും എന്ന തെറ്റിദ്ധാരണകൾ പടരാതിരിക്കട്ടെ. ജീവനും അതിന്റെ അന്തസ്സും സ്വാതന്ത്ര്യവും കാത്തു പാലിക്കാൻ തക്ക രീതിയിൽ പൊതു സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മനസ്സാക്ഷി രൂപീകരണത്തിന് പ്രവാചക ശബ്ദമാവുക എന്നതാണ് സഭയും ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരും വിശ്വാസികളും ശ്രദ്ധിക്കേണ്ടത്.