ചന്ദ്രനെ തൊട്ടും സൂര്യനെ കണ്ടും

ചന്ദ്രനെ തൊട്ടും സൂര്യനെ കണ്ടും

അഭിമാനവും ആവേശവും വാനോളമുയര്‍ത്തി ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തില്‍ ചന്ദ്രയാന്‍ 3 ലാന്റര്‍ മൊഡ്യൂള്‍ മൃദുവായി തൊട്ടപ്പോള്‍ ഇന്ത്യ കുറിച്ചത് പുതുചരിത്രം. പഴയ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം അസാധാരണമായ ചാന്ദ്രദൗത്യ നേട്ടത്തിന്റെ നിറുകയില്‍ ഇന്ത്യന്‍ പതാക പറക്കുമ്പോള്‍ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ഭാവി ദൗത്യങ്ങള്‍ക്ക് അത് വലിയ ഉത്തേജനവും ഊര്‍ജവും പകരുകയാണ്.

2023 ജൂലൈ 14-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നും 140 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ചന്ദ്രയാന്‍ 3 വിക്ഷേപണവാഹിനി മാര്‍ക്ക് 3 റോക്കറ്റിന്റെ കരുത്തിലേറി കുതിച്ചപ്പോള്‍, ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതിയ ഉയരങ്ങളിലേക്കായിരുന്നു ആ കുതിപ്പെന്നു ലോകമിപ്പോള്‍ തിരിച്ചറിയുന്നു.

ഇതുവരെയും ആരുമിറങ്ങിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രൂവത്തിന്റെ ഇരുള്‍ മറ, ഇന്ത്യയുടെ പ്രഗ്യാന്‍ റോവറിലൂടെ നീക്കം ചെയ്യ പ്പെടുമ്പോള്‍, അത് തണുത്തുറഞ്ഞ ആദിമ ജലത്തിന്റെ ആദ്യശ്രോതസ്സിനെ വെളിച്ചത്താക്കുന്നുവെന്നതില്‍ മാത്രം പൂര്‍ണ്ണമാകുന്നില്ല. പ്രപഞ്ചോല്പത്തിയുടെ പുതിയ രഹസ്യങ്ങളെ അത് അനാവരണം ചെയ്‌തേക്കുമെന്ന കൗതുകത്താല്‍ക്കൂടിയാണ് ശാസ്ത്രലോകം ആകാംക്ഷപ്പെടുന്നത്.

2022-ല്‍ ഐ എസ് ആര്‍ ഒ ചെയര്‍മാനായി നിയമിതനായ, എയ്‌റോ സ്‌പെയ്‌സ് എഞ്ചിനീയറായ ഡോ എസ് സ്വാമിനാഥാണ് ചാന്ദ്രദൗത്യത്തിന്റെ അമരക്കാരന്‍ എന്നത് ഓരോ മലയാളിയുടെയും അഭിമാനം ചന്ദ്രനോളമുയര്‍ത്തുന്നു. അദ്ദേഹത്തോടൊപ്പം നിരവധി മലയാളികളും ആ ചരിത്രദൗത്യത്തില്‍ പങ്കാളികളായി. ബഹിരാകാശ ഗവേഷണത്തിന്റെ ഇന്നവേറ്റീവ് ഹബ്ബായി ഇന്ത്യ മാറിത്തീരുന്ന പുതിയ കാലത്ത്, ഇവിടെത്തന്നെ തുടരാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രേരണയായി ഈ വിജയം മാറുമെന്നുറപ്പാണ്.

ചന്ദ്രയാന്‍ 2 പാളിപ്പോയതിന്റെ പരുക്കുകളില്‍ നിന്നാണ് ഇന്നത്തെ ഈ ചരിത്രവിജയം എന്നത് നേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുകയാണ്. 2019 ജൂലൈ 22-ന് ചന്ദ്രനിലേക്ക് കുതിച്ച ചന്ദ്രയാന്‍ 2 വിക്ഷേപണദിവസം മുതല്‍ 48 ദിവസം പ്രതീക്ഷിച്ചപോലെ മുന്നേറിയെങ്കിലും വിക്രം എന്ന ലാന്‍ഡര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അന്നത്തെ പിഴവുകളെ പാഠപുസ്തകമാക്കി പരിവര്‍ത്തിപ്പിച്ചതാണ് ഇന്നത്തെ നേട്ടത്തെ നിര്‍ണ്ണായകമാക്കിയത്.

ആയിരത്തോളം ശാസ്ത്രജ്ഞരുടെയും ഒട്ടനവധി സ്ഥാപനങ്ങളുടെയും അശ്രാന്ത പരിശ്രമത്തിലൊടുവിലാണ് നാസയുടെ ബഹിരാകാശ ബജറ്റിനെക്കാളും ചെറിയ ചെലവില്‍ ഈ അവിസ്മരണീയ വിജയം നാം നേടിയത്. ഇന്ത്യയുടെ ബഹിരാകാശ ബജറ്റ് 16000 കോടി മാത്രമാണെന്നോര്‍ക്കണം. അതില്‍ ചന്ദ്രയാന്‍ 3 ദൗത്യനിര്‍വഹണത്തിന് നാം ചെലവാക്കിയത് 625 കോടി മാത്രമാണ്.

1969 ലെ സ്വാതന്ത്ര്യദിനത്തിലായിരുന്നു ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒ രൂപീകരിച്ചത്. തിരുവനന്തപുരത്തെ തുമ്പയിലെ കടല്‍ത്തീരത്തെ പള്ളിമുറ്റത്തുനിന്നും 60 വര്‍ഷം മുമ്പ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന റോക്കറ്റ് കുതിച്ചപ്പോള്‍, അത് ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ശാസ്ത്രബോധത്തിന്റെയും കൂടി തെളിവുറ്റ സാക്ഷ്യമായി. ഇന്നിപ്പോള്‍ പതിനായിരത്തിലധികം കോടികള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിമ യ്ക്കും ക്ഷേത്ര നിര്‍മ്മാണ നവീകരണങ്ങള്‍ക്കുമായി ചെലവഴിക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ രാജ്യത്തെ നയിച്ചവരുടെ ക്രാന്തദര്‍ശിത്വത്തെ അവിശ്വസനീയതയോടെ ഓര്‍ത്തുപോകുന്നു.

മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലമില്ലാതാക്കും വിധം പാഠ്യപദ്ധതിയില്‍ പ്രത്യേക അജണ്ടകളോടെ മാറ്റംവരുത്തി. ചരിത്രത്തെ ഭൂരിപക്ഷ മതചരിത്രമായി മാത്രം അവതരിപ്പിക്കുന്ന പുതിയ കാലത്ത്, ശാസ്ത്രാവബോധത്തിന്റെ സാഹസികാനുഭവങ്ങളെ ഇന്ത്യന്‍ യുവതയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഇത്തരം നേട്ടങ്ങള്‍ പര്യാപ്തമാകേണ്ടതുണ്ട്.

140 കോടി ജനങ്ങള്‍ക്ക് തുല്യമായി അവകാശപ്പെട്ട ഈ ചരിത്രനേട്ടത്തെ തന്റെ പ്രത്യേക സാമര്‍ത്ഥ്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക നടപടികള്‍ പിന്നീട് വിമര്‍ശിക്കപ്പെട്ടു. ശാ സ്ത്രജ്ഞരെ ആദരിക്കാനായി നടത്തിയ 'ബാംഗ്‌ളൂര്‍ എഴുന്നള്ളത്തും' വിക്ഷേപണത്തറയ്ക്ക് 'ശിവശക്തി' എന്ന് പേര് നല്കിയതും, ശാസ്ത്രനേട്ടത്തെ രാഷ്ട്രീയ നേട്ടമാക്കി ചെറുതാക്കാനിടയാക്കിയെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവില്‍ പേരുമാറ്റശ്രമത്തിലൂടെ ഇന്ത്യ ഭാരതമായി ചുരുങ്ങിചെറുതാകുകയല്ല, രാജ്യം മോദി എന്ന ഒരൊറ്റ വ്യക്തിയിലേക്ക് ഒതുങ്ങിയില്ലാതാകുകയാണെന്നത് മറക്കരുത്. ഇതിനിടയില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം ഇതാദ്യമായി സ്ഥിരീകരിച്ചുകൊണ്ട് ചന്ദ്രയാന്‍ 3 അതിന്റെ ദൗത്യത്തിന്റെ നിര്‍ണ്ണായക വിജയം നേടി. ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് ഐ എസ് ആര്‍ ഒ യുടെ അറിയിപ്പ്. ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പുരോഗമിക്കുന്നതിനിടയില്‍ ഇന്ത്യയുടെ പ്രഥമ സൗരപര്യവേക്ഷണ പേടകം ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചത് മറ്റൊരു ചരിത്രനേട്ടമായി. നാലു മാസത്തിനകം ഭ്രമണപഥം നാലുതവണ ഉയര്‍ ത്തി ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനമായ ഒന്നാം എല്‍ 1 പോയിന്റില്‍ പേടകമെത്തും - സൂര്യന്റെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യങ്ങളില്‍ ചിലത്.

ചാന്ദ്ര ദൗത്യവും സൗരഗവേഷണവും, സമാനതകളില്ലാതെ മുന്നേറുമ്പോള്‍ ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഇന്ത്യ അടയാളപ്പെടും എന്ന് ഉറപ്പാണ്. 2014-നു ശേഷമുള്ള ഇന്ത്യയെക്കുറിച്ചു മാത്രം വാചാലമാകുന്ന മോദി സര്‍ക്കാര്‍, മുന്‍ഗാമികളുടെയും മുന്‍ സര്‍ക്കാരുകളുടെയും മുന്നൊരുക്കങ്ങളും ആധുനിക ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ പശ്ചാത്തല വികസനങ്ങളും മറന്നു പോകരുത്. മനഃപൂര്‍വമായ മറവികള്‍ക്കെതിരെ ഓര്‍മ്മകള്‍ തന്നെയാണ് ശക്തമായ പ്രതിരോധം. അത് ചരിത്രമായാലും ശാസ്ത്രമാണെങ്കിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org