ശാന്തം ശ്രേഷ്ഠം

ശാന്തം ശ്രേഷ്ഠം

കാലത്തില്‍ കയ്യൊപ്പു ചാര്‍ത്തി കാലാതീതനായി കടന്നുപോകുന്ന പരി. പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് വിശ്വവന്ദനം! വിജ്ഞാനത്തികവില്‍ വിനീതനായ പാപ്പ, വിശുദ്ധരുടെ നിരയിലേക്ക് വിരിഞ്ഞുയരുമ്പോള്‍ സഭയുടെ പ്രാണപ്രണാമം, ലോകത്തിന്റെയും.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്കുശേഷം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആഗോള കത്തോലി ക്കാ സഭയുടെ 265-ാമത്തെ പാപ്പയായത് അപ്രതീക്ഷിതമായല്ലെങ്കിലും, മുന്‍ഗാമിയുടെ നിഴലില്‍ നിന്നും പല കാരണങ്ങളാല്‍ മാറിനിന്ന പാപ്പയായാണ് സഭയും ലോകവും അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത്.

ആയിരം വര്‍ഷത്തിനിടെ മാര്‍പാപ്പയായ ആദ്യ ജര്‍മ്മന്‍കാരനായ ബെനഡിക്ട് പാപ്പയുടെ ജനനം ബവേറിയായില്‍ 1927 ഏപ്രില്‍ 16-ലെ ഈസ്റ്റര്‍ പ്രഭാതത്തിലായിരുന്നു. പൊലീസ് ഓഫീസറായ ജോസഫ് റാറ്റ്‌സിംഗര്‍ സീനിയറിന്റെയും മരിയയുടെയും മകനായി ജനിച്ച ജോസഫ് 1951 ജൂണ്‍ 29-ല്‍ വൈദികനായി. 1977 മാര്‍ച്ച് 24-ന് മെത്രാനായും അതേ വര്‍ഷം ജൂണ്‍ 27-ന് കര്‍ദിനാളായും ഉയര്‍ത്തപ്പെട്ടു. 1981 നവംബര്‍ 15-ന് വിശ്വാസതിരുസംഘത്തി ന്റെ തലവനായി നിയമിതനായ അദ്ദേഹം പിന്നീട് കര്‍ദിനാള്‍ സംഘത്തിന്റെ തലവനായി ചുമതലയേറ്റു. 2005 ഏപ്രില്‍ 19-ന് മര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. എട്ടു വര്‍ഷത്തെ ധീരോചിതവും കാലോചിതവുമായ വലിയ മുക്കുവന്റെ ഇടയധര്‍മ്മം പൂര്‍ത്തിയാക്കി 2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്തു.

ഒരേസമയം പുരോഗമനവാദിയും യാഥാസ്ഥിതികനുമായാണ് ബെനഡിക്ട് പാപ്പ വിലയിരുത്തപ്പെടുന്നത്. സഭയില്‍ മാറ്റ ത്തിന്റെ കാറ്റു വീശിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ആദ്യന്തം പങ്കെടുത്ത ഫാ. ജോസഫ് എന്ന ദൈവശാസ്ത്രജ്ഞന്‍ പു രോഗമനപരമായ പല നിലപാടുകളുടെയും നെടുംതൂണായി നിലകൊണ്ടു. എന്നാല്‍ പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്ത് വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷസ്ഥാനത്തെത്തിയതോടെ വിമോചന ദൈവശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങളിലും, സ്വവര്‍ഗരതി, ഗര്‍ഭച്ഛിദ്രം പോലുള്ള ധാര്‍മ്മിക പ്രശ്‌നങ്ങളിലും സഭയുടെ പാരമ്പര്യ നിലപാടുകള്‍ക്കൊപ്പം കര്‍ക്കശനിലപാടെടുത്തു. പാവങ്ങളോടു പക്ഷം ചേരുമ്പോഴും ലിബറേഷന്‍ തിയോളജിയുടെ മാര്‍ക്‌സിസ്റ്റ് രീതി ശാസ്ത്രത്തോട് അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയെ സന്ദര്‍ശിക്കുകയെന്ന വിപ്‌ളവകരമായ നീക്കത്തിനും അദ്ദേഹം മുതിര്‍ന്നു. കത്തോലിക്കാ സഭയ്ക്ക് സമഗ്രവും ആധികാരികവുമായ സാര്‍വത്രിക മതബോധനഗ്രന്ഥം തയ്യാറാക്കി നല്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് ബെനഡിക്ട് പതിനാറാമന്‍. അരുതുകള്‍ കൊണ്ട് അതിരുകള്‍ നിശ്ചയിച്ച അതേ പാപ്പ തന്നെയാണ് 'ലോകത്തില്‍ എത്ര മനുഷ്യരുണ്ടോ അത്രയും വഴികളുണ്ട് ദൈവത്തിലേക്കെത്താന്‍' എന്ന നിലപാടിന്റെ നേരവകാശിയും. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ കുരുതിക്കളമാക്കിയതത്രയും അടുത്തറിഞ്ഞതിന്റെ അനുഭവച്ചൂടില്‍ ലോകസമാധാനശ്രമങ്ങള്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്കി.

സഭകളുടെ ഐക്യത്തെ വലിയ സുവിശേഷ സാക്ഷ്യമായി കണ്ട പാപ്പയാ യിരുന്നു ബെനഡിക്ട് പതിനാറാമന്‍. സഭകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവര്‍ക്കും മാന്യവും മഹനീയവുമായ ഇടം ഉറപ്പാക്കണമെന്ന് പാപ്പ ആവര്‍ ത്തിച്ച് ആവശ്യപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തിക്കൊണ്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയും ഡല്‍ഹി കേന്ദ്രമാക്കി ഫരിദാബാദ് രൂപതയും തമിഴ്‌നാട്ടില്‍ രാമനാഥപുരം രൂപതയും സ്ഥാപിച്ചും സീറോ മലബാര്‍ സഭയോടുള്ള പ്രത്യേക താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചു.

2013 ഫെബ്രുവരി 28-ലെ ബെനഡിക്ട് പതിനാറാമന്റെ സ്ഥാനത്യാഗം സഭയെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചു. 'ദൈവം തന്റെ രാജി ആവശ്യപ്പെട്ടു' എന്നാണ് പാപ്പ പിന്നീട് അതിനെക്കുറിച്ച് പറഞ്ഞത്. നൂറ്റാണ്ടുകള്‍ ക്കിപ്പുറം ഒരേ സമയം രണ്ട് പാപ്പമാരുടെ അനാദൃശ്യ സാന്നിധ്യം സഭയും ലോകവും കൗതുകത്തോടെയാണ് കണ്ടത്. ധന്യമായ ആ വാനപ്രസ്ഥം പവിത്രമായ മറ്റൊരു ദൗത്യമായിരുന്നു.

ഇടയധര്‍മ്മത്തിന്റെ അധികാരവഴികളില്‍ മരണത്തിലൂടെയല്ലാതെയും പൂര്‍ണ്ണവിരാമമാകാമെന്ന പുതിയ വഴക്കം സഭ മുഴുവനിലും സ്വീകാര്യതയുടെ പുതിയ പാരമ്പര്യമാകുമോ എന്നാണറിയേണ്ടത്. 'സ്ഥാനാര്‍ത്തി'കള്‍ പെരുകുന്ന പുതിയ കാലത്ത് സ്ഥാനത്യാഗം അസാധാരണമായ അനുഭവം തന്നെയാണ്.

സഭയുടെ ആരാധനാക്രമത്തിന്റെ നിര്‍ണ്ണായക വഴികളില്‍ പാമ്പര്യത്തിന്റെ ഓരം ചേര്‍ന്ന് നടന്നയാള്‍ എന്ന മട്ടിലാണ് ബെനഡിക്ട് പാപ്പ ഓര്‍മ്മിക്കപ്പെടുന്നതെങ്കിലും, ജീവിതബദ്ധമാകാത്ത ആരാധനയെ അദ്ദേഹം അകറ്റി നിര്‍ത്തി എന്നതാണ് സത്യം. ''ലിറ്റര്‍ജിയുടെ ബാഹ്യകര്‍മ്മങ്ങള്‍ ആന്തരിക സമര്‍പ്പണത്തിന് ഉപരിയും അതീതവുമായി, അത്യന്താപേക്ഷിതമെന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ലിറ്റര്‍ജി 'സമൂലം തെറ്റിദ്ധരിക്കപ്പെട്ടതായി' മാറുന്നു!'' ലിറ്റര്‍ജിയുടെ പുറമല്ല അകം തന്നെയാണ് പ്രധാനമെന്ന് പാപ്പയ്ക്കുറപ്പുണ്ടായിരുന്നു.

ഏഴാം വയസ്സില്‍ ഈശോയ്‌ക്കെഴുതിയ കത്തില്‍ അവിടുത്തെ ഹൃദയം ചോദിച്ച ജോസഫ് എന്ന ബാലന്‍ സുദീര്‍ഘമായ ജീവിതയാത്ര പൂര്‍ത്തിയാ ക്കി തന്റെ നാഥനിലേക്ക് മടങ്ങുമ്പോള്‍, ആ ''പാതയിലെ ഇരുളടഞ്ഞതും ദുഷ്‌കരവുമായ ദൂരങ്ങള്‍ പോലും തന്റെ രക്ഷയ്ക്കുവേണ്ടിയായിരുന്നു'' എന്ന തിരിച്ചറിവോടെയാണ് പൂര്‍ത്തിയാക്കുന്നത്. 'എപ്പോഴും നല്ലവനായിരിക്കും' എന്ന വാക്ക് ജീവിതംകൊണ്ട് പൂരിപ്പിച്ച് 'ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ എളിയദാസന്‍' മടങ്ങുമ്പോള്‍ സകലരും കൈകൂപ്പിപ്പറയുന്നു ശാന്തമായ ജീവിതം ശ്രേഷ്ഠം തന്നെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org