
തൃക്കാക്കര നിയമസഭാ സാമാജികനായിരുന്ന പി.ടി. തോമസിന്റെ നിര്യാണത്താല്‍ ഒഴിവുവന്ന മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ, മറ്റൊരു ഉപതിരഞ്ഞെടുപ്പിന്റെ ഉമ്മറപ്പടിയിലാണ് കേരളം. മെയ് 31 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 3-ന്.
ചരിത്രവിജയം സമ്മാനിച്ച 99 എന്ന രണ്ടക്കത്തില്‍ നിന്നും 100 എന്ന മൂന്നക്ക മാന്ത്രികനേട്ടത്തിലേക്ക് തൃക്കാക്കരയിലെ വിജയം ചേര്‍ത്ത്, തുടര്‍ ഭരണ ത്തിന്റെ ആക്കം കൂട്ടാന്‍ ഇടതു മുന്നണിയൊരുങ്ങുമ്പോള്‍, പി.ടി.യെന്ന വികാരത്തെ പരമാവധിയുണര്‍ത്തി മണ്ഡലം നിലനിര്‍ത്തുക മാത്രമല്ല, ഇടതിന്റെ വലതു വികസന നയങ്ങള്‍ക്കൊരു തിരിച്ചടിയും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഐക്യമുന്നണിയും ലക്ഷ്യമിടുന്നു.
തൃക്കാക്കരയുടെ സാരഥിയായി പി.ടി. തോമസിന്റെ സഹധര്‍മ്മിണി, ഉമാ തോമസിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയത് പി.ടിയോടുള്ള ആദരസൂചകമെന്നതിലുപരി മറ്റെന്തു പേരും അവസാനിക്കാത്ത തര്‍ക്കത്തിലേക്ക് എത്തിക്കുമെന്ന അപകടത്തെ അതിജീവിക്കാന്‍ കൂടിയായിരുന്നു.
പതിവിനു വിരുദ്ധമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയതും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിവാദമായതും ഇക്കുറി ഇടതു ക്യാമ്പിലായിരുന്നു. സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിസ്സി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോ ജോസഫിന്റെ പേര് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് മാധ്യമങ്ങള്‍ മാത്രമല്ല, ഇടതു സഖാക്കള്‍കൂടിയായിരുന്നു. അവസാന നിമിഷം വരെയും സസ്‌പെന്‍സ് നിലനിര്‍ത്താനായത് നേട്ടമായി പാര്‍ട്ടി കണക്കുകൂട്ടുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ ജില്ലാ - സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം നീണ്ടതു മൂലമാണതെന്ന നിഗമനത്തിലാണ് മുഖ്യധാരാ മാധ്യമങ്ങളെത്തിയത്. ചരിത്രത്തിലാദ്യമായി സ്ഥാനാര്‍ത്ഥിക്കായൊരുക്കിയ ചുവരെഴുത്തുകള്‍ മായിക്കപ്പെട്ടത് അതിനാധാരമായി അവര്‍ അവതരിപ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ആശുപത്രി പരിസരത്തില്‍ പരിചയപ്പെടുത്തിയത് വിവാദമായി. അവിചാരിതമായി സംഭവിച്ചതാണെന്ന വിശദീകരണവുമായി പിന്നീട് പാര്‍ട്ടിയും ആശുപത്രി അധികൃതരും രംഗത്തെത്തിയെങ്കിലും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമ ചര്‍ച്ചകള്‍ സജീവമായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭാ നേതൃത്വം നേരിട്ട് ഇടപെട്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സഭാ ആസ്ഥാനത്തു നിന്നും പത്രക്കുറിപ്പ് ഇറക്കിയതും ശ്രദ്ധേയമായി.
കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ട് കുറച്ചുകാലമായി. സ്ഥാനാര്‍ത്ഥി തീരുമാനം മുതല്‍ പ്രചാരണ കോലാഹല ങ്ങളിലെ വ്യക്തിഹത്യയുള്‍പ്പെടെ, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍പ്പോലും അതിന്റെ അരാഷ്ട്രീയത അരങ്ങ് വാഴുന്നുവെന്നതാണ് വാസ്തവം. സ്ഥാ നാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ സാമുദായിക പ്രീണനങ്ങളും മതമേധാവിത്വ മുന്‍തൂക്കങ്ങളും സജീവമാകുന്നിടത്ത് തന്നെയാണ് അതിന്റെ അപചയാരംഭം. എല്ലാവര്‍ക്കും പ്രാതിനിധ്യം നല്കുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് പ്രീണന രാഷ്ട്രീയത്തിന്റെ പിറവി. പ്രാതിനിധ്യത്തിന്റെ അടിസ്ഥാനം മതസാമുദായിക താല്പര്യങ്ങള്‍ മാത്രമാകുന്നതാണ് ജനാധിപത്യത്തെ യഥാര്‍ത്ഥത്തില്‍ അപകടത്തിലാക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുമ്പോള്‍ സമൂഹത്തിന്റെ സ്വാഭാവിക സംതുലിതയാണ് സമ്മര്‍ദ്ദത്തിലാകുന്നത്. ഇക്കാര്യത്തില്‍ ഇടതു വലതു വ്യത്യാസമില്ലാതെയാണ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍.
ഏതെങ്കിലും സഭാ/സംഘടനാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങി അതിലുള്‍പ്പെടുന്നവര്‍ അന്ധമായി വോട്ട് കുത്തും എന്ന ചിന്തയാല്‍ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും നയിക്കപ്പെടുന്നത് അത്ഭുതമായി തോന്നുന്നു. ഒരു ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുകയാണിവിടെ. 'സ്വന്തം സ്ഥാനാര്‍ത്ഥി'യെ നിറുത്തി അവഹേളിതമായ സമകാലിക സംഭവങ്ങള്‍ ഉദാഹരണമായി മുന്നിലുണ്ടെങ്കിലും 'നിര്‍ദ്ദേശിക്കുന്നവര്‍'ക്കും, 'നിറുത്തുന്നവര്‍'ക്കും ഇപ്പോഴും കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്ന് വേണം കരുതാന്‍.
സഭയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ അത് ഏതെങ്കിലും പ്ര ത്യേക പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നതോ, രാഷ്ട്രീയ താത്പര്യങ്ങളെ ശരിവയ്ക്കുന്നതോ അല്ല. പരി. ഫ്രാന്‍സ്സിസ് പാപ്പ ഓര്‍മ്മപ്പെടുത്തുന്നതുപോലെ, എല്ലാവരിലേയ്ക്കുമിറങ്ങുന്ന ഉപവിയുടെ ഉന്നതമായ ദര്‍ശനത്തിലൂന്നിയാണ് അതിന്റെ സാഹസസഞ്ചാരം. ബഹുസ്വരതയെ സാധൂകരിക്കുന്ന ജനാധിപത്യത്തിലധിഷ്ഠിതമായ സാമൂഹ്യക്ഷേമമാണതിന്റെ ലക്ഷ്യം. അവസാനത്തെയാള്‍ക്കും നീതിയുറപ്പാക്കുന്ന നിലപാടിലുറച്ച താണതിന്റെ കാര്യക്രമവും.
''എല്ലാ ജനങ്ങളും നമ്മുടെ സഹോദരീ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക ചങ്ങാത്തത്തിന്റെ രീതികള്‍ തെരയുന്ന'' പുതിയ രാഷ്ട്രീയത്തെയാണ് 'നാം സോദരര്‍' എന്ന ചാക്രികലേഖനത്തിലൂടെ (FT 180) ഫ്രാന്‍സിസ് പാപ്പ പരിചയപ്പെടുത്തിയത്. അതിന്റെ ആത്മാവായി 'സാമൂഹിക ഉപവി'യെയാണ് മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നത്. ''പൊതു നന്മയെ തെരയുന്നിടത്തോളം വൈശിഷ്ട്യമാര്‍ന്ന ദൈവവിളിയും ഉപവിയുടെ അത്യുന്നത രൂപങ്ങളിലൊന്നുമാണത്.'' ഈ ഉപവി ''ബൃഹത്തായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങളെ സ്പര്‍ശിക്കു ന്നതാകണമെന്നും'' പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിലവിലെ കേരള രാഷ്ട്രീയ ഭൂപടത്തില്‍ കാര്യമായ ചലനമുണ്ടാക്കാനിടയില്ല. എന്നാല്‍ തെര ഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ സഭാ പശ്ചാത്തലം പൊതു സമൂഹത്തില്‍ ഇത്രമേല്‍ ചര്‍ച്ചയായ സാഹചര്യം സമാനതകളില്ലാത്തതാണ്. രാഷ്ട്രീയനേതൃത്വത്തിന്റെ സാമുദായിക താല്പര്യങ്ങളും, സമുദായ നേതൃത്വത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളും അവിശുദ്ധമായി പരസ്പരം പെരുമാറിയതിന്റെ പേരുദോഷം തുടര്‍ചര്‍ച്ചയാക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണം. അതിനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണം. 'ദൈവത്തിനുള്ളതു കൂടി സീസറിനു കൊടുക്കരുത്.'