ബുദ്ധി നിര്‍മ്മിക്കുന്ന മനുഷ്യര്‍

ബുദ്ധി നിര്‍മ്മിക്കുന്ന മനുഷ്യര്‍

ഭൂമിയെന്ന പൊതുഭവനത്തിന്റെ സുസ്ഥിരത കഴിഞ്ഞാല്‍, ആഗോളസഭയും ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ന് ജാഗ്രതാപൂര്‍വം പിന്തുടരുന്ന ഒരു വിഷയമാണ് നിര്‍മ്മിതബുദ്ധി. നിര്‍മ്മിതബുദ്ധിയും ജെനറേറ്റീവ് നിര്‍മ്മിതബുദ്ധിയും മനുഷ്യവംശത്തിനു കിട്ടിയ വിലതീരാത്ത വരദാനങ്ങളാണെന്ന കാര്യത്തില്‍ പാപ്പയ്‌ക്കോ സഭയ്‌ക്കോ സംശയമേതുമില്ല. എന്നാല്‍, ധര്‍മ്മാധര്‍മ്മവിവേചനത്തോടെ വേണം അതിന്റെ പ്രയോഗമെന്ന നിലപാടും സഭയ്ക്കുണ്ട്; അതങ്ങനെ തന്നെയായിരിക്കുമോ എന്ന ആശങ്കയും.

ശാസ്ത്രസാങ്കേതികവിദ്യകളുടെ അതിദ്രുതവികാസം മനുഷ്യര്‍ക്കു നന്മകള്‍ മാത്രമല്ല പ്രദാനം ചെയ്തിട്ടുള്ളതെന്ന ചരിത്രപാഠം നമ്മുടെ മുമ്പിലുണ്ട്. ഉദരത്തിലെ മനുഷ്യജീവന്‍ നേരിടുന്ന ഉപജാപങ്ങള്‍ മുതല്‍, കൂട്ടനശീകരണശേഷിയുള്ള ആയുധങ്ങള്‍ വരെയുള്ള കെടുതികള്‍ ശാസ്ത്രം മനുഷ്യര്‍ക്കു മുമ്പില്‍ വച്ചുകൊടുത്തതാണ്. ഭ്രൂണഹത്യയും ഒരൊറ്റ ഭ്രൂണത്തിനുവേണ്ടി ഒരുകൂട്ടം ഭ്രൂണങ്ങളെ ജനിപ്പിച്ചു കൊല്ലുന്ന കൃത്രിമഗര്‍ഭധാരണവിദ്യകളും മനുഷ്യശരീരത്തെ ക്രയവിക്രയവസ്തുവാക്കുന്ന വാടകഗര്‍ഭവും ഡിസൈനര്‍ ശിശുക്കളെ നിര്‍മ്മിക്കുന്ന യൂജെനിക്‌സും കാരുണ്യവധത്തെ അധികമധികം സ്വീകാര്യമാക്കി മാറ്റുന്ന സംവാദങ്ങളുമെല്ലാം ശാസ്ത്രപുരോഗതിയുടെ ഉപോല്‍പന്നങ്ങളാണല്ലോ. പൊതുഭവനത്തിന്റെ പാരിസ്ഥിതിക നിലനില്‍പിനെ സംശയമുനമ്പിലാക്കിയതും ശാസ്ത്ര സാങ്കേതികവികാസം സൃഷ്ടിച്ച വ്യവസായവിപ്ലവമാണെന്നും നമുക്കറിയാം.

കണ്ണുതുറന്നു പിടിച്ചുകൊണ്ട് ലോകം ഒരു മഹാഗര്‍ത്തത്തിനു നേരെ കുതിച്ചുപായുമ്പോള്‍, അതു വിളിച്ചു പറയുന്ന ലോകമനസ്സാക്ഷിയുടെ പങ്കു നിര്‍വഹിക്കുക സഭയുടെ സുപ്രധാനമായ ഉത്തരവാദിത്വമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെയും മഹായുദ്ധങ്ങളുടെയും ജൈവധാര്‍മ്മികാപചയത്തിന്റെയും കാര്യത്തില്‍ സഭ അതു സാഹചര്യാനുസൃതം ചെയ്തുപോന്നിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും പുതുതായി മാനവമനസ്സാക്ഷിയുടെ മുമ്പില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിഷയമാണ് നിര്‍മ്മിതബുദ്ധി. അതിനെയും പരമമായ മനുഷ്യനന്മയുടെ മാനദണ്ഡം വച്ച് വിലയിരുത്താനും വഴികാണിക്കാനും സഭക്കു കഴിയണം.

നിര്‍മ്മിത ബുദ്ധിയുടെ തീരുമാനങ്ങള്‍ മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായിരിക്കേണ്ടതു മനുഷ്യാന്തസിന്റെ ആവശ്യമാണെന്ന് ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യരുടെ കഴിവ് എടുത്തുമാറ്റി, അവരെ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിനു വിട്ടുകൊടുത്താല്‍ മനുഷ്യവംശത്തിന്റെ ഭാവി പ്രത്യാശാരഹിതമാകും. നിര്‍മ്മിതബുദ്ധിയുടെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മേല്‍ മനുഷ്യരുടെ ശരിയായ നിയന്ത്രണത്തിനുള്ള ഇടം നാം ഉറപ്പാക്കണം - മാര്‍പാപ്പ വിശദീകരിച്ചു.

വിസ്മയകരവും ഭയജനകവുമായ ഒരു ഉപകരണമെന്ന് നിര്‍മ്മിതബുദ്ധിയെ വിശേഷിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ മെച്ചപ്പെട്ട ഭാവി പടുത്തുയര്‍ത്തുന്നതിനും ജനനന്മ ലക്ഷ്യമാക്കുന്നതിനും അത് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യര്‍ സൃഷ്ടിച്ച ലളിതമായ ഉപകരണങ്ങള്‍ പോലും അവരുടെ തന്നെ നാശത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

കലയും സാഹിത്യവും മുതല്‍, വൈദ്യശാസ്ത്രവും ആയുധനിര്‍മ്മാണവും വരെയുള്ള രംഗങ്ങളിലേക്കു നിര്‍മ്മിതബുദ്ധി കടന്നു കയറുകയും സകലമേഖലകളെയും സ്വാധീനിക്കുകയും ചെയ്യും. വെറുമൊരു പുതിയ സാങ്കേതികവിദ്യാ കണ്ടുപിടിത്തമല്ല നിര്‍മ്മിതബുദ്ധി. അതു വൈദ്യുതി പോലെയും വിവരസാങ്കേതികവിദ്യ പോലെയും പുതിയ ഇന്ധനങ്ങളുടെ കണ്ടെത്തല്‍ പോലെയും പ്രപഞ്ചവ്യവഹാരങ്ങളെയാകെ നിശ്ചയമായും സ്വാധീനിക്കുന്നയൊന്നാണ്.

തങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യരുടെ കഴിവ് എടുത്തുമാറ്റി, അവരെ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിനു വിട്ടുകൊടുത്താല്‍ മനുഷ്യവംശത്തിന്റെ ഭാവി പ്രത്യാശാരഹിതമാകും.

ആവിഷ്‌കര്‍ത്താക്കള്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത സദ്ഫലങ്ങള്‍ മാത്രമല്ല, പ്രത്യാഘാതങ്ങളും നിര്‍മ്മിതബുദ്ധി സൃഷ്ടിച്ചേക്കും. പല രംഗങ്ങളില്‍ നിന്നും അതിനുള്ള സൂചനകള്‍ ഇതിനകം ലഭ്യമായിക്കഴിഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് അപ്രതീക്ഷിതവും അത്ഭുതാവഹവുമായ പരിഹാരങ്ങള്‍ അവതരിപ്പിക്കാന്‍ മാത്രമല്ല, പരിഹാരം അതിവിദൂരസ്ഥമായ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും നിര്‍മ്മിതബുദ്ധിക്കു കഴിയും. അതുകൊണ്ടാണ് ലോകമെങ്ങും ഉത്തരവാദിത്വമുള്ള മനുഷ്യര്‍ നിര്‍മ്മിതബുദ്ധിയുടെ നൈതികത രൂപപ്പെടുത്താനായി ആലോചനാപൂര്‍വം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സുതാര്യത, നിഷ്പക്ഷത, ഉത്തരവാദിത്വബോധം, വിശ്വാസ്യത, സുരക്ഷ, സ്വകാര്യതാസംരക്ഷണം തുടങ്ങിയവ എഐ നൈതികതയുടെ അടിസ്ഥാനസ്തംഭങ്ങളായിരിക്കണമെന്ന് സന്മനസ്സുള്ളവരെല്ലാം ആഗ്രഹിക്കുന്നു. സഭയെ സംബന്ധിച്ച് സകലതിന്റെയും അളവുകോലായി എന്നും നിലനില്‍ക്കുന്നത് മനുഷ്യാന്തസ്സാണ്. സമഗ്ര മനുഷ്യവികസനത്തിനു ചാലകശക്തികളാകുകയാണ് ശാസ്ത്രസാങ്കേതികവിദ്യകളുടെയെല്ലാം ധര്‍മ്മം. മനുഷ്യാന്തസ്സിനെ പ്രത്യക്ഷമായോ പരോക്ഷമായോ ഹനിക്കാവുന്ന യാതൊന്നും മനുഷ്യരുണ്ടാക്കരുത്. നിര്‍മ്മിതബുദ്ധിരംഗത്തു പ്രവര്‍ത്തിക്കുന്ന അനേകര്‍ ഇതിനെ മനുഷ്യകേന്ദ്രീകൃതമായി നിറുത്താനും നന്മ ലക്ഷ്യമിടുന്നതാക്കാനും സവിശേഷമായ ശ്രദ്ധ കൊടുക്കുന്നവര്‍ തന്നെയാണ്. അതേസമയം തന്നെ, ഇതു കൂടുതല്‍ പ്രചരിക്കുകയും കൂടുതല്‍ പേരുടെ കൈകളിലെത്തുകയും ചെയ്യുമ്പോള്‍ അപഭ്രംശങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും മുന്നില്‍ കാണണം. ഐക്യരാഷ്ട്രസഭയും വിവിധ രാജ്യാന്തരസംഘടനകളും വന്‍ സാങ്കേതികവിദ്യാസ്ഥാപനങ്ങളും ഭരണകൂടങ്ങളും മതനേതാക്കളും നിര്‍മ്മിതബുദ്ധിയുടെ നൈതികത ഒരു ശ്രദ്ധാവിഷയമായി ഇനി നിലനിറുത്തേണ്ടതുണ്ട്.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ലോകത്തിലെ സമ്പന്നദരിദ്ര വിടവു വര്‍ധിപ്പിക്കാനും കാരണമായിട്ടുണ്ടെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിമര്‍ശനം മനസ്സില്‍ വച്ചുകൊണ്ട്, നിര്‍മ്മിതബുദ്ധിയുടെ നേട്ടങ്ങള്‍ സമത്വാധിഷ്ഠിതമായി എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുണ്ടെന്നുറപ്പാക്കാനും ലോകത്തിനു ബാധ്യതയുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച ബുദ്ധി മനുഷ്യനെ നിര്‍മ്മിക്കുകയും സ്വാധീനിക്കുകയും ചെയ്യാതെ, അതെപ്പോഴും മനുഷ്യന്റെ കൈയിലെ ഒരുപകരണമായി തന്നെ നിലനില്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org