സാഹോദര്യത്തിന്റെ ഉയിര്‍പ്പുതിരുനാള്‍

സാഹോദര്യത്തിന്റെ ഉയിര്‍പ്പുതിരുനാള്‍

ഇക്കുറി, ഈസ്റ്റര്‍ പുലരിയുണരുന്നത് യുദ്ധം കലുഷിതമാക്കിയ കറുത്ത ദിനങ്ങളിലേയ്ക്കാണ്. ഉക്രെയ്ന്‍ മേലുള്ള റഷ്യന്‍ അധിനിവേശം ഒന്നരമാസം പിന്നിടുമ്പോള്‍ അത് വംശഹത്യയിലേയ്ക്ക് വഷളാകുന്നതാണ് ലോകം കണ്ടത്. കീവ് നഗരത്തിന് സമീപം ബൂച്ച പട്ടണത്തില്‍ റഷ്യ സാധാരണക്കാരെ കൂട്ടക്കൊല നടത്തുന്നുവെന്ന ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍ സ്‌ക്കിയുടെ വിലാപം അതീവ ഗൗരവമുള്ളതാണ്. കൂട്ടക്കൊല യ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയെന്നാണ് ഉക്രെയ്‌ന്റെ അവകാശവാദം.

'മതിയായി. ഇനി നിറുത്തുക. ആയുധങ്ങളെ നിശബ്ദമാക്കുക. സമാധാനത്തിലേയ്ക്ക് ഗൗരവത്തോടെ നീങ്ങുക.' വത്തിക്കാന്‍ ചത്വരത്തിലെ തന്റെ പതിവ് ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ ലോകത്തെ നോക്കി സങ്കട പ്പെടുമ്പോള്‍ യുദ്ധം നാം എല്ലാവരുെടയും പരാജയമാണെന്ന് തിരിച്ചറിയണം. 'യുദ്ധം നമ്മെ തീര്‍ക്കും മുമ്പ് നാം അതിനെ തീര്‍ക്കണമെന്ന്' പാപ്പ പറയുന്നതും അതുകൊണ്ടാണ്.

മനുഷ്യാന്തസ്സിന്മേലുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ ആത്യന്തികാടയാളമായി ചരിത്രത്തിലെ ക്രിസ്തു തുടരുകയാണ്. 'അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെ യ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവ നെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു' (ഏശയ്യ 53:3).

പീലാത്തോസിന്റെ പ്രത്തോറിയത്തില്‍ നിന്ദിതനായി നിറുത്തപ്പെട്ട 'മനുഷ്യപുത്രന്‍' അന്യായമായ അതിക്രമങ്ങളുടെയും അനീ തിപരമായ ഇടപെടലുകളുടെയും അവഹേളനാടയാളമായി മാറി. ഇന്നും തുടരുന്ന അനീതിയുടെ വിധി തീര്‍പ്പുകളില്‍ വീര്‍പ്പുണങ്ങാത്ത അനേകായിരങ്ങളുടെ കണ്ണീരില്‍ അവന്റേതു കൂടി ചേര്‍ ന്നുറയുന്നുണ്ട്. അങ്ങനെയാണ് അവരെയൊക്കെയും അവന്‍ പ്രതിനിധീകരിക്കുന്നത്. അമേരിക്കയില്‍ വിവേചനത്തിന്റെ 'വെള്ള' ബൂട്ടിനടിയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡുമാര്‍ ഞെരിഞ്ഞില്ലാതാകുമ്പോഴും തെരുവിലും തടവിലും തുടരുന്ന ഒരു ക്രിസ്തുവുണ്ടെന്നോര്‍ക്കണം. അലംകൃതമായ അള്‍ത്താരയില്‍ ആരാധ നാവിഷയം മാത്രമായി ക്രിസ്തു ചെറുതാകുന്നതിനെതിരെ ജാഗ്രത വേണം.

റഷ്യന്‍ അധിനിവേശം ഉക്രെയ്ന്‍ മണ്ണിലേയ്ക്കു മാത്രമല്ല, പെണ്ണുടലുകളിലേയ്ക്കും കൂടിയെന്ന വാര്‍ത്തകളെ ശരിവയ്ക്കും വിധം റഷ്യന്‍ പട്ടാളക്കാരുടെ കൊടുംക്രൂരതകളുടെ കഥകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. 6 വയസ്സുകാരനായ മകന്റെ മുമ്പില്‍ അമ്മയെ ദിവസങ്ങളോളം ക്രൂരമായി, ബലാത്സംഗം ചെയ്ത സംഭവം അവയില്‍ ഒന്നു മാത്രമാണ്.

അധികാരത്തിന്റെ അധിനിവേശം സ്വതന്ത്രചിന്തകളിലേയ്ക്കും കൂട്ടായ തീരുമാനങ്ങളിലേയ്ക്കും അധീശാധിപത്യത്തോടെ പ്രവേശിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പും ചെറുത്തു നില്പുമാണ് ഫ്രാന്‍സിസ് പാപ്പയുടെ സിനഡാലിറ്റി. ഒരുമിച്ച് നടന്നും പരസ്പ രം ശ്രവിച്ചും അധികാരാജ്ഞകളുടെ അധിനിവേശത്തെ സഭയില്‍ അവസാനിപ്പിക്കാനാണ് പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. എല്ലാത്തരം അധിനിവിവേശങ്ങള്‍ക്കുമെതിരെ മനുഷ്യത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നവരുടെ അവകാശമായി ഈസ്റ്റര്‍ മാറിത്തീരുന്നത് അങ്ങനെയാണ്. സത്യത്തെ നുണയുടെ കല്ലറയിലട ച്ച മൂന്നു നാളുകള്‍ക്കു ശേഷം അതിനുയര്‍പ്പുണ്ടായെന്നു മറക്കരുത്. റഷ്യയുടേത് ഒരു സാംസ്‌കാരികാധിനിവേശം കൂടിയാണ്. ചരിത്രത്തില്‍ അവതീര്‍ണ്ണനായ ക്രിസ്തുവിനെ അനുരൂപണത്തി ലൂടെ വിവിധ സംസ്‌ക്കാരങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സൗഹാര്‍ ദ്ദശൈലി നമ്മുടെ സുവിശേഷീകരണത്തിന്റെ അടിസ്ഥാനഭാവമാകണം.

തിന്മയുടെ അധിനിവേശാനുഭവങ്ങള്‍ക്കെതിരായുള്ള വ്യക്തിപരമായ ജാഗ്രതയാണ് നോമ്പും ഉപവാസവും. അതുവഴി നമ്മില്‍ വിയര്‍ത്തുയര്‍പ്പിക്കേണ്ട വിശുദ്ധിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഉയിര്‍പ്പുതിരുന്നാളും.

മതത്തിന്റെ രാഷ്ട്രീയവത്ക്കരണവും, അന്ധമായ ആചാരാനുഷ്ഠാനങ്ങളില്‍ മനുഷ്യത്വരഹിതമായി കുടുങ്ങിയൊതുങ്ങിയ അതിന്റെ അപചയവും ചേര്‍ന്നൊത്ത എല്ലാത്തരം അനിധിവേശ ശ്രമങ്ങളെയും അതിജയിച്ചുയര്‍ത്തവനാണ് ക്രിസ്തു. കോണ്‍ സ്റ്റന്‍ന്റൈന്‍ സഭയില്‍നിന്നും സിനഡാത്മക സഭയിലേയ്ക്കുള്ള അതിന്റെ രൂപാന്തര വഴികളില്‍ സംവാദ പരിസരങ്ങളെ ബലപ്പെടുത്തിയാവണം തുടര്‍ യാത്ര. അതൊരു പീഡാനുഭവ യാത്ര തന്നെയാണ്. 'മൂന്നാം ദിന'ത്തിന്റെ ഉയിര്‍പ്പ് നല്കുന്ന പ്രത്യാശയില്‍, ഐകരൂപ്യത്തിന്റെ ബാഹ്യഭംഗിയിലല്ലാതെ, ആന്തരിക ഐക്യത്തില്‍ ആഴപ്പെട്ട് നമുക്ക് മുന്നേറാം.

ഏവര്‍ക്കും ഉയര്‍പ്പു തിരുനാള്‍ മംഗളങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org