കടമെടുക്കല്‍ കരുത്താകുമോ?

കടമെടുക്കല്‍ കരുത്താകുമോ?

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി കേന്ദ്ര അവഗണനയെ അവതരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധത്തിനായി, ഫെബ്രുവരി 8-ന് ഡല്‍ഹിയില്‍ സമരമുഖം തുറക്കുകയാണ്. ഇതേ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി കാത്തിരിക്കുന്നതിനിടയിലാണ് ആദ്യം സമ്മേളനമായും പിന്നെ സമരമായും രൂപാന്തരപ്പെട്ട തലസ്ഥാന നഗരിയിലെ പ്രതിരോധ പരിപാടികള്‍.

അടിമുടി ഉപഭോഗസംസ്ഥാനമായി അടയാളപ്പെട്ട കേരളത്തിലെ സമകാലിക സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ ആരെന്ന ചോദ്യത്തിന് കെടുകാര്യസ്ഥതയും ധൂര്‍ത്തുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുമ്പോള്‍, കേരളത്തിന് അര്‍ഹതപ്പെട്ടത് നല്കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അവഗണനതന്നെയെന്ന നിലപാടിലുറച്ചാണ് സംസ്ഥാന സര്‍ക്കാര്‍. പക്ഷേ, സമരത്തിന് പ്രതിപക്ഷ പിന്തുണയില്ല.

2016 ജൂണില്‍ ആദ്യപിണറായി സര്‍ക്കാരിന്റെ ധനമന്ത്രിയായി സ്ഥാനമേറ്റ ഡോ. തോമസ് ഐസക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ വിശദീകരിച്ചുകൊണ്ടിറക്കിയ ധവളപത്രത്തില്‍, 2011-16 ല്‍ കേരളത്തിന്റെ പൊതുക്കടം 78,673.44 കോടി രൂപയില്‍ നിന്നും 1,50,000 കോടിയായി ഉയര്‍ന്നതായി ചൂണ്ടിക്കാട്ടി. എന്നാല്‍ 7 കൊല്ലത്തിനിപ്പുറം രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റെ പൊതുക്കടം നാലു ലക്ഷം കോടിയാണ്. കടവും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം 38% മാണ്. ഇത് അയല്‍ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ അധികമാണെന്നറിയണം. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണോ എന്ന ആശങ്ക തുടരുന്നതിനിടയിലാണ് കേരളീയവും, നവകേരള സദസ്സുമൊക്കെയായി, സര്‍ക്കാര്‍ ധൂര്‍ത്ത് നിലവിട്ടാടിയത് എന്നതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. 'കേരളീയ'ത്തിന്റെ മുഴുവന്‍ കണക്കുകള്‍ ഇതുവരെയും വെളിച്ചത്ത് വരാതിരിക്കുന്നതും 'നവകേരള നിര്‍മ്മിതി'യുടെ പൊതുസ്വഭാവത്തെ തന്നെയാണ് പ്രകടമാക്കുന്നത്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്നു പറയുന്നതിനേക്കാള്‍ പൊതുധനകാര്യ പ്രതിസന്ധിയാണ് പ്രധാന പ്രശ്‌നമെന്നാണ് സാമ്പത്തിക വിദഗ്ദ്ധനായ കെ പി കണ്ണനെപ്പോലുള്ളവരുടെ അഭിപ്രായം. ഇത് യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രതിസന്ധിയാണ്. സര്‍ക്കാരിന്റെ ധനകാര്യ വൈദഗ്ദ്ധ്യം ദുര്‍ബലമായതിന്റെ ബാക്കിപത്രമാണിത്. പ്രത്യക്ഷ ഉല്പാദന പ്രവര്‍ത്തനങ്ങളിലൂടെ ആഭ്യന്തര വരവ് അസാധ്യമായ കേരളം പോലുള്ള സംസ്ഥാനത്ത് വരുമാനത്തിന്റെ വലിയൊരളവ് നികുതിയില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി കേരളം വരുമാനക്കമ്മി നേരിടുന്നുണ്ട്. വരവിനേക്കാള്‍ കൂടുതലാണ് ചെലവ്. നികുതിയും നികുതിയിതര വരുമാനങ്ങളും പിരിച്ചെടുക്കുന്നതിലുള്ള കുറ്റകരമായ അനാസ്ഥയെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാര്‍ ഇനിയും അഭിസംബോധന ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. സര്‍ക്കാര്‍ വരുമാനത്തിന്റെ 77% നികുതി-നികുതിയിതര വരുമാനമാണ്. 23% മാണ് വായ്പാവരുമാനം. റവന്യൂ ചെലവ് എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മൂലധന നിക്ഷേപം നടത്താനാവുന്നില്ല. മൂന്നു വര്‍ഷംകൊണ്ട് മൂന്നുലക്ഷം കോടിയുടെ സ്വകാര്യനിക്ഷേപം വഴി ഉത്പാദനം കൂട്ടാനാണ് 2024-25-ലെ ബഡ്ജറ്റ് നിര്‍ദേശം. അപ്പോഴും ധനകാര്യത്തകര്‍ച്ചയെ നേരിടാന്‍ ശക്തമായ തീരുമാനങ്ങളൊന്നും ബഡ്ജറ്റിലില്ല. അധിക വിഭവ സമാഹരണമായി പറഞ്ഞത് വെറും 1074 കോടി മാത്രമാണ്.

പുറം പണം ഉള്‍പ്പെടുത്താതെയുള്ള നമ്മുടെ ആഭ്യന്തര വരുമാനം പത്തുലക്ഷം കോടി രൂപയാണെന്നിരിക്കെ അതിന്റെ നാലു ശതമാനം എന്നാല്‍ 40,000 കോടി രൂപയാണ്. 2022-23 കാലഘട്ടത്തിലെ ബജറ്റില്‍ കടമെടുപ്പ് നിര്‍ദ്ദേശം 39,926 കോടിയുടേതായിരിക്കെ തനതു നികുതി വരുമാനത്തില്‍ 4% വര്‍ധനവുണ്ടായാല്‍ പോലും കടമില്ലാതെ മുന്നോട്ടു പോകാമെന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ എന്തുകൊണ്ട് ഗൗരവമായെടുക്കുന്നില്ല എന്ന ചോദ്യമുണ്ട്. സാമ്പത്തിക വിദഗ്ദ്ധരുടെ ഇത്തരം കണക്കുകള്‍ കാര്യം പറയുമ്പോള്‍ 'ക്യാപ്‌സൂളു'കള്‍ നല്കുന്ന കഥകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് മൗനം പാലിക്കുക സ്വഭാവികം. കേന്ദ്ര അവഗണനയെ പ്രതിരോധിക്കുമ്പോള്‍ തന്നെ നിര്‍വഹിക്കപ്പെടാതെ പോകുന്ന കടമകളും പ്രധാനപ്പെട്ടതല്ലേ?

നികുതി വരവിലെ ശോഷണത്തിനു പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഭീമമായ കുടിശ്ശികയും വലിയ തോതിലുള്ള നികുതിവെട്ടിപ്പും. 2023 മെയില്‍ ജി എസ് ടി ഇന്റലിജന്‍സ് മൂന്നു ജില്ലകളിലെ 33 സ്വര്‍ണ്ണാഭരണ ശാലകളില്‍ മാത്രം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 1000 കോടി രൂപയിലേറെയുള്ള നികുതിവെട്ടിപ്പാണ്.

അരവിന്ദ് പനഗാരിയെ അധ്യക്ഷനായി 16-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പുനസംഘടിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കലാണ് കമ്മീഷന്റെ പ്രധാന ദൗത്യം. മുമ്പെന്നതുപോലെ ജനനസംഖ്യയും ദാരിദ്ര്യനിരക്കും വിഹിത നിര്‍ണ്ണയത്തിനുള്ള പ്രധാന സൂചികകളാക്കിയാല്‍ കേരളത്തിനുള്ള വിഭവ വിഹിതം ഇനിയും കുറയാനാണ് സര്‍വസാധ്യതയും. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും, ജനസംഖ്യാ നിയന്ത്രണത്തിലും നല്ല പ്രകടനം നടത്തിയ കേരളം പോലുള്ള സംസ്ഥാനങ്ങളെ അക്കാരണങ്ങളില്‍ തന്നെ അര്‍ഹതപ്പെട്ടത് നല്കാതെ അവഗണിക്കുന്നത് ഒട്ടും ശരിയല്ലെന്ന് മാത്രമല്ല അത് വിപരീത സന്ദേശം നല്കലുമാണ്.

അധിക വിഭവ സമാഹരണത്തിനുള്ള സമഗ്ര പരിപാടികളുമായി ഇച്ഛാശക്തിയോടെ മുന്നോട്ടുപോവുകയെന്ന വലിയ വെല്ലുവിളിയെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്നതിനെ ആശ്രയിച്ചു തന്നെയാണ് അതിന്റെ സാമ്പത്തികായുസ്സും അതിജീവനവും. കടമെടുപ്പു പരിധിയെ വിപുലീകരിക്കുകയെന്ന പതിവു പരിപാടിയിലൂന്നിയാണ് ഇനിയും സാമ്പത്തികാസൂത്രണമെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയും പരിധിവിടുമെന്നോര്‍ക്കണം. (കടമെടുക്കുന്നതു തന്നെയും ശമ്പള വിതരണത്തിനും ധൂര്‍ത്തിനുമാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം) സമാന പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മറ്റ് സംസ്ഥാനങ്ങളെ ഒന്നിച്ചുകൂട്ടി ഒരുമിച്ചുള്ള പ്രതിരോധത്തിനാകണം ശ്രമം. സമകാലിക പ്രതിസന്ധിയെ രാഷ്ട്രീയ മുദ്രാവാക്യമാക്കുന്നതിനപ്പുറം വികസിത കേരളത്തിനായുള്ള വിശദമായ പദ്ധതികളുടെ ആസൂത്രണവും അവലോകനവുമായി കേന്ദ്രത്തെ സമീപിക്കുമെങ്കില്‍ ആനുകൂല്യങ്ങളെക്കുറിച്ചല്ല, അവകാശങ്ങളെക്കുറിച്ചുതന്നെ ആധികാരികമായി സംസാരിക്കാം.

'തന്നതിന്റെ കണക്കെവിടെ' എന്ന് കേന്ദ്രം ചോദിക്കുമ്പോള്‍ 'മോദിയുടെ പടമുള്ള പദ്ധതിയാണെങ്കില്‍ വേണ്ടെ'ന്ന മറുപടിയുമായി സമാന്തര സ്വഭാവത്തോടെ സഞ്ചരിക്കാനാണ് ഇരുകൂട്ടരുടെയും ഭാവമെങ്കില്‍ നഷ്ടമാകുന്നത് കേരളമാണ്, കഷ്ടപ്പെടുന്നത് ജനങ്ങളും, മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org