കറുപ്പ് കെട്ടതല്ല, വെളുപ്പ് വിശുദ്ധവും

കറുപ്പ് കെട്ടതല്ല, വെളുപ്പ് വിശുദ്ധവും

വെളുത്ത വര്‍ഗക്കാരന്‍ പട്ടാളക്കാരന്റെ മുട്ടിനു കീഴെ 'എനിക്ക് ശ്വസിക്കാനാവുന്നില്ല' എന്നു നിലവിളിച്ചു മരിച്ച കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ മറക്കാറായിട്ടില്ല. ശ്വസിക്കുക എന്നത് ഒരു ജൈവീക പ്രക്രിയ ആണെങ്കിലും അത്തരമൊന്ന് സമൂഹത്തിലും നടക്കുന്നുണ്ട്. ഭാഷ, ജാതി വര്‍ണ്ണഭേദം ഇല്ലാതെ സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുമ്പോഴാണ് സമൂഹജീവിതത്തിന്റെ ശ്വാസധമനികള്‍ സ്വസ്ഥതയുള്ളതാകുന്നത്. അല്ലെങ്കില്‍ അവ വലിഞ്ഞുമുറുകി സമൂഹജീവിതം ദുഷ്‌കരമാകും.

കറുത്തവനെ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്ന്, കറുത്തവര്‍ മോഹിനിയാട്ട മത്സരങ്ങള്‍ക്ക് പോകേണ്ടതില്ലെന്ന്, അവര്‍ അമ്പലങ്ങളിലും പള്ളിയിലും പോയി പ്രകടനം നടത്തിയാല്‍ മതിയെന്ന് ഒക്കെ പറയുന്ന സത്യഭാമ ടീച്ചര്‍മാരുടെ വിഷം പുരണ്ട വാക്കുകള്‍ ഉണ്ടാക്കുന്ന പരിക്കുകള്‍ ഏതൊക്കെ ദിശകളിലേക്ക് നീളും? കറുപ്പിന്റെ കോളങ്ങളില്‍ ആയിപ്പോയവരുടെ ജീവിതം അത് എത്രമാത്രം ദുഷ്‌കരമാക്കുന്നുണ്ടാവും? മാനസികവും സാമൂഹികവുമായി അത് അവരെ വലിച്ചു താഴ്ത്തുന്നുണ്ടാവും? അത്തരം അധിക്ഷേപങ്ങള്‍ ജാതീയമാണെന്ന് കൂടി അവര്‍ക്ക് തോന്നിയാല്‍?

സത്യഭാമ ടീച്ചര്‍ പറഞ്ഞതില്‍ ഒരു സത്യം ഉണ്ട്. സാംസ്‌കാരിക കേരളത്തില്‍ കറുത്തവനെയും കറുപ്പിനെയും കുറിച്ച് അവരുടെ ജാതിയെക്കുറിച്ച് അത്ര ആഴത്തിലുള്ള ഒരു പൊതുബോധം നിലനില്‍ക്കുന്നു എന്ന സത്യം. ഒരു കെ ആര്‍ നാരായണനോ ഒരു കലാഭവന്‍മണിക്കോ ഒരു ഐ എം വിജയനോ ആ പൊതുബോധത്തിന്റെ കരിമ്പാറക്കല്ല് ഇളക്കുവാനോ അരിക് പൊട്ടിക്കുവാനോ പോലും സാധിച്ചിട്ടില്ല എന്ന സത്യം.

ചെറിയ സ്‌കൂളുകളിലെ വലിയ മീറ്റിംഗുകളില്‍ വിശിഷ്ടാതിഥികള്‍ക്ക് ബൊക്കെ കൊടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്ന വെളുത്ത കുട്ടികള്‍ മുതല്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലോ സിനിമ മേഖലയിലോ മാധ്യമ സ്ഥാപനങ്ങളിലോ നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ വരെ കളറിസം മാനദണ്ഡം ആകുന്നുണ്ടോ?

വെളുത്ത വര്‍ഗത്തിലെ വനിതകള്‍ക്കു മാത്രം പ്രവേശനം ലഭിച്ചിട്ടുള്ള വൈറ്റ് ഹൗസിലെ വിശിഷ്ട സ്ഥാനത്തേക്ക് കയറിച്ചെന്നതിനെക്കുറിച്ച് ബറാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ ആത്മകഥയില്‍ എഴുതി: 'എനിക്കുമുന്‍പേ പ്രഥമ വനിതാപട്ടം ഏറ്റിട്ടുള്ള എല്ലാ വെളുത്ത സ്ത്രീകള്‍ക്കും ആദരവും അംഗീകാരവും ഡിഫോള്‍ട്ടായി ലഭിച്ചപ്പോള്‍ എനിക്കത് നന്നായി അധ്വാനിച്ച് നേടിയെടുക്കേണ്ടി വന്നതാണ്. ഞാന്‍ അവരില്‍ ഒരാള്‍ അല്ല എന്ന് അവര്‍ക്കും എനിക്കും നന്നായി അറിയാമായിരുന്നു.' ലിബറലിസത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്ന അമേരിക്കയുടെ അധികാരപദങ്ങളിലുള്ളവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ കറുപ്പില്‍ എണ്ണപ്പെടുന്നവര്‍ക്ക് എന്തുമാത്രം ഇന്നും അധ്വാനിക്കേണ്ടി വരുന്നുണ്ട്?

സര്‍വജ്ഞപീഠം കയറിയ ശങ്കരന്റെ മുന്‍പിലേക്ക് ഒരിക്കല്‍ ഒരു ചണ്ഡാളന്‍ എതിരെ നടന്നു വന്നു. ജാതീയ ചിന്ത മനസ്സിലെത്തിയ ശങ്കരന്‍ ചണ്ഡാളനോടു വഴി മാറാന്‍ ആവശ്യപ്പെട്ടത്ര. ഞാനാണോ മാറേണ്ടത് എന്നിലെ ദൈവാംശം ആണോ എന്ന് ചണ്ഡാളന്‍ തിരികെ ചോദിച്ചു. ആ നിമിഷം ശങ്കരന്‍ ചണ്ഡാളന്റെ കാല്‍ക്കല്‍ വീണു.

ദൈവത്തിന്റെ സൃഷ്ടികര്‍തൃത്വവും മനുഷ്യന്റെ സാഹോദര്യവുമാണ് സത്താപരമായ സത്യം. നിറവും ബുദ്ധിയും സൗന്ദര്യവും പണവും കലയും സംസ്‌കാരവും ഒക്കെ അതിന്മേല്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതാണ്. ഈ തിരിച്ചറിവിലേക്ക് നടക്കാന്‍ ഇനിയും നമ്മള്‍ എത്ര പ്രകാശവര്‍ഷം സഞ്ചരിക്കണം. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉരകല്ലിലാണ് ഇത്തരം പൊതുബോധങ്ങള്‍ ഉരഞ്ഞുതീരേണ്ടത്.

ദൈവത്തിന്റെ പിതൃത്വം വാഴ്ത്തുന്ന ക്രിസ്തീയ സഭാപരിസരങ്ങളിലെ വര്‍ണ്ണാവര്‍ണ്ണബോധവും പാരമ്പര്യചിന്തയും ആഢ്യത്വഭാവവും ഇതിനോടു ചേര്‍ത്തു നിരീക്ഷിക്കേണ്ടതുണ്ടോ? യൂറോപ്പിലെ വിശുദ്ധരേക്കാള്‍ ഒട്ടും പിന്നിലല്ല എന്നറിയിക്കാന്‍ ഫോട്ടോഷോപ്പിലെ വെളുത്ത നിറം കടമെടുക്കുന്ന നമ്മുടെ പ്രാദേശിക വിശുദ്ധരും (അഭിനവ വിശുദ്ധരും) ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗത്തിലും വര്‍ണ്ണവിവേചനം ഉണ്ടെന്ന് അറിയിക്കുകയാണോ?

ദളിതരുടെ വീടുകള്‍ കയറിയിറങ്ങി അവരെ പേര് ചൊല്ലി വിളിച്ചും അവര്‍ക്കൊപ്പം ഇരുന്നു അന്നം കഴിച്ചും ശമ്പളം പറ്റാതെ അവരെ പഠിപ്പിക്കാന്‍ ഒപ്പം ഉള്ളവരെ ശീലിപ്പിച്ചും മിന്നി മറഞ്ഞ രാമപുരം കുഞ്ഞച്ചനും അതിനും എത്രയോ മുന്‍പ് വിവിധ ജാതികളിലുള്ളവരെ ചേര്‍ത്തിരുത്തി സമൂഹസദ്യ നടത്തിയും പാഠശാലകള്‍ തുറന്നും ദളിതരുടെ കുറിപ്പുകള്‍ തങ്ങളുടെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചും അവര്‍ക്കായി അധ്വാനിച്ച ക്രിസ്ത്യന്‍ മിഷനറിമാരും ചാവറയച്ചനും റോക്കി പാലയ്ക്കല്‍ അച്ചനും മത്തായിമറിയവുമൊക്കെ ഏറ്റെടുത്ത ചരിത്രദൗത്യങ്ങളെ ആവേശത്തോടെ ഇന്നും പിന്‍പറ്റുന്നവര്‍ ഉണ്ടോ?

19-20 നൂറ്റാണ്ടുകളില്‍ ജാതിചിന്തയുടെ വേലിക്കെട്ടുകളാലാണ് ദളിതര്‍ക്ക് മുറിവേറ്റിരുന്നതെങ്കില്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ദളിതര്‍ സഭാസ്ഥാപനങ്ങളിലെ പ്രാതിനിധ്യ കുറവുകളാല്‍ മുറിവേല്‍ക്കപ്പെടുന്നുണ്ടോ? ക്രൈസ്തവസഭകള്‍, രൂപതകള്‍, സഭാപ്രസ്ഥാനങ്ങള്‍ എന്നിവ അവരുടെ പ്രാദേശിക ചരിത്രം രചിക്കുമ്പോള്‍ ദളിത് ക്രൈസ്തവരുടെ ചരിത്രത്തെ, ഇടങ്ങളെ, അവരുടെ കനല്‍വഴികളെ രേഖപ്പെടുത്താറുണ്ടോ? ഇരുണ്ടു പോയവരുടെയും ചതുപ്പിലായി പോയവരുടെയും വിളമ്പുകളില്‍ പെട്ടവരുടെയും ഉള്ളു തുരന്നാല്‍ അറിയാം പൊള്ളലേറ്റ ഹൃദയരേഖകളുടെ പിന്നാമ്പുറങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org