കറുപ്പ് ഒരു നിറമല്ല

കറുപ്പ് ഒരു നിറമല്ല

കറുപ്പ് ഒരു നിറം മാത്രമല്ലെന്ന് വെളിപ്പെട്ട അസാധാരണ സംഭവ പരമ്പരകളിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. മനുഷ്യന്‍ മുഖത്ത് ധരിക്കുന്ന മാസ്‌ക്കിനെ കരിങ്കൊടിയുടെ ചെറുപ്പതിപ്പായി കണ്ട് അഴിപ്പിച്ചും, കറുപ്പു നിറത്തിലുള്ള വസ്ത്രധാരണം പോലും വിലക്കിയും, ധാര്‍ഷ്ട്യത്തിന്റെ അധികാര വഴികളിലൂടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അതിവേഗത്തില്‍ പാഞ്ഞപ്പോള്‍ കോട്ടയവും, കൊച്ചിയും, മലപ്പുറവും, കോഴിക്കോടും കണ്ണൂരും മാത്രമല്ല നാടുമുഴുവന്‍ നടുങ്ങിയൊതുങ്ങിയതിന്റെ അപരിചിതക്കാഴ്ചകളില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടന്നു, പ്രബുദ്ധകേരളം!!

നയതന്ത്രച്ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ കുറ്റാരോപിതയായി ജാമ്യത്തില്‍ത്തുടരുന്ന സ്വപ്നസുരേഷിന്റെ ഏറ്റവും പുതിയ വെളിെപ്പടുത്തലില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് വാര്‍ത്തയായപ്പോള്‍ അത് സര്‍ക്കാരിനെതിരെയുള്ള പുതിയ പോരാട്ടമായി തിരിച്ചറിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രതിഷേധത്തിന്റെ മുനകൂര്‍പ്പിച്ചതോടെ, കേരളം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ സ്വപ്ന പുറത്തുവിട്ടതാണ് വിവാദത്തുടക്കം. പല പ്രാവശ്യം മൊഴിമാറ്റിയ ഒരാളുടെ വെളിപ്പെടുത്തല്‍ ഇത്ര ഗൗരവമാക്കണോ എന്ന ചോദ്യവുമായി പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം ചെറുക്കുമ്പോ ഴും, കരിങ്കൊടി ഉയര്‍ത്തുന്നതു പോലും രാജ്യദ്രോഹക്കുറ്റമെന്ന മട്ടില്‍ ഇത്രയേറെ അസഹിഷ്ണുത എന്തിനെന്ന മറുചോദ്യത്തെ നേരിടാനാകാതെ സഖാക്കള്‍ പതറുന്നതും കേരളം കണ്ടു. ചെങ്കൊടികള്‍ക്കിടയില്‍ കരിങ്കൊടിക്കെട്ടിത്തന്നെയാണ് മുമ്പും പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സഖാക്കള്‍ നിരന്നതെന്ന 'സരിത' സമര പര മ്പരകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പ്രതിപക്ഷകക്ഷികള്‍ രംഗം കൊഴുപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വി.ഐ.പികളുടെ സുരക്ഷാ സംവിധാനങ്ങളില്‍ സമയോചിതമായ പരിഷ്‌ക്കരണങ്ങളും കര്‍ക്കശതകളും ഉള്‍പ്പെടുത്താറുമുണ്ട്. എ ന്നാല്‍ കരിങ്കൊടി കാണിക്കല്‍ പോലുള്ള പ്രതിഷേധ പരിപാടികളെ പ്പോലും അതികഠിനമായി വിലക്കിക്കൊണ്ട് ശരിയായ മുന്നറിയിപ്പുകള്‍ യഥാസമയം നല്കാെത, സുരക്ഷയുടെ പേരില്‍ ജനങ്ങളെ വളരെനേരം വഴിയാധാരമാക്കിക്കൊണ്ടുള്ള കഠിനശിക്ഷകള്‍ ആവര്‍ ത്തിച്ച് നല്കുന്നത് ന്യായീകരിക്കാനാവില്ല. മാമ്മോദീസ്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുഞ്ഞിനെയും കുടുംബത്തെയും മണിക്കൂറുകള്‍ വഴിയില്‍ ബന്ദിയാക്കി നിറുത്തിയതുള്‍പ്പെടെയുള്ള പീഡന പരമ്പരകള്‍ കേരളത്തിലുടനീളം പലവിധത്തില്‍ ആവര്‍ത്തിക്കപ്പെട്ടത് ജനാധിപത്യ കേരളത്തിന് ആശങ്കയുളവാക്കുന്നത് തന്നെയാണ്. ആരെയും ഭയമില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന വ്യക്തിതന്നെ എല്ലാവരെയും ഭയപ്പെടുത്തിപ്പായുന്നതിന്റെ യുക്തി സഖാക്കള്‍ക്കുപോലും ദഹിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. 'കറുത്ത മാസ്‌ക്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം' എന്ന ചോദ്യം പാര്‍ട്ടിയിലെ ഉന്നതന്‍ തന്നെ ഉയര്‍ത്തുമ്പോള്‍, മാറുമറയ്ക്കല്‍ സമരത്തിന്റെ പോ ലും പിതൃത്വം ഏറ്റെടുക്കാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യം അദ്ദേഹം മറന്നുപോയതാണോ, പറയുന്നത് പിന്നെയും മാറിപ്പോകു ന്നതാണോ എന്ന കണ്‍ഫ്യൂഷനില്‍ ഉറച്ച പാര്‍ട്ടിഭക്തര്‍ പോലുമുണ്ട്.

പ്രതിപക്ഷം ജനാധിപത്യസംവിധാനത്തില്‍ ആവശ്യഘടകമാണ്. പ്രതിഷേധം അതിന്റെ നിര്‍വ്വഹണരീതിയും. എതിര്‍സ്വരങ്ങളെ ആദ്യം അവഗണിച്ചും പിന്നെ അടിച്ചമര്‍ത്തിയും ഫാസിസം പ്രായോഗികമായി പ്രബലമാകുമ്പോള്‍, ജനാധിപത്യം ഭരണഘടനാപ്പുസ്തകത്തിന്റെ അലങ്കാരവാക്കായി അവശേഷിക്കും. എപ്പോഴും, കാതുകളും ചുണ്ടുകളും, അടയ്ക്കുകയും, നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി മാത്രം കാതോര്‍ത്തിരിക്കുകയും ചെയ്യുക എന്ന അവസ്ഥയുണ്ടാക്കാന്‍ മനുഷ്യരെ മൂകരാക്കണം എന്നു ഫാസിസത്തിന് നന്നായി അറിയാം. 'ക്യാപ്ഷണുകള്‍' തൊണ്ട തൊടാതെ വിഴുങ്ങി ക്യാപ്റ്റനു ജയ് വിളിക്കുന്ന പാര്‍ട്ടി അണികള്‍ അവരറിയാതെ ഒരു ഫാസിസ്റ്റ് പരമാധികാര കേന്ദ്രത്തെ അനുകൂലിക്കുകയാണ്. ''അയാള്‍ക്ക് താ ത്പര്യമുള്ള അഭിപ്രായങ്ങള്‍ക്ക് മാത്രമായി, പ്രവര്‍ത്തന പദ്ധതികള്‍ ക്കു മാത്രമായി കാതോര്‍ത്തിരിക്കുകയും ആ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു 'തെരഞ്ഞെടുത്ത കേള്‍വി' മാത്രമുള്ള വ്യക്തിയായി പതുക്കെ രൂപാന്തരപ്പെടുകയും ചെയ്യുന്നു.'' മലയാളത്തിന്റെ ദാര്‍ശനിക മുഖമായിരുന്ന വിജയന്‍ മാഷിന്റെ ഈ ദീര്‍ഘദര്‍ശനത്തില്‍ സമകാലിക രാഷ്ട്രീയത്തിന്റെ അപചയാശങ്കകളുടെ അടയാളെപ്പടുത്തലുണ്ട്. പ്രത്യേകം തെരഞ്ഞെടുത്ത പൗരപ്രമുഖസദസ്സില്‍വെച്ച് നാടിന്റെ വികസന വേഗത്തിന്റെ ദിശ നിര്‍ണ്ണയിക്കു ന്നിടത്ത് 'കേള്‍വിയുടെ ഇന്‍ക്ലൂസീവ്‌നെസ്സ്' എന്ന പ്രശ്‌നമുണ്ട്. അങ്ങനെയായൊരാള്‍ 'അഗ്നിച്ചിറകുള്ള വ്യക്തിയായി' ആഘോഷിക്കപ്പെടുന്നത് സഭാസ്വാഗതപ്രസംഗവേദിയിലെ ആശംസാവചന മായി മാത്രം ചെറുതാക്കാനുമാവില്ല.

വ്യക്തിപൂജയ്ക്ക് വിലക്കുള്ള പാര്‍ട്ടിയില്‍ വിശേഷവിധിയായി വരുന്ന ഇത്തരം എഴുന്നള്ളത്തുകള്‍ അനുചിതം എന്നു പൊതുജനം പരസ്യമായിപ്പറയുന്നെങ്കില്‍, ആ പാര്‍ട്ടിയില്‍ ഇപ്പോഴും പ്രതീക്ഷയുള്ളതുകൊണ്ടെന്നെങ്കിലും തിരിച്ചറിഞ്ഞ് തിരുത്തിയാല്‍ പാര്‍ട്ടിക്ക് നന്ന്, കേരളത്തിനും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org