കരുതല്‍ തടങ്കലില്‍ ഒരു ജനത

കരുതല്‍ തടങ്കലില്‍ ഒരു ജനത

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയാക്കാനുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതിയുത്തരവ് ലക്ഷണക്കിന് കര്‍ഷകരെയും സാധാരണക്കാരെയും വഴിയാധാരമാക്കുമെന്നുറപ്പായ സാഹചര്യത്തില്‍ നാടെങ്ങും പ്രതിഷേധസ്വരങ്ങള്‍ കനക്കുകയാണ്. ജനവാസമേഖല ഒഴിവാക്കി കരുതല്‍ മേഖല (ബഫര്‍സോണ്‍) പുനഃനിര്‍ണ്ണയിക്കണമെന്നാവശ്യം മുന്‍നിറുത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകസം ഘടനകളും ഹര്‍ത്താലുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നേറുമ്പോഴും അവസാനവിധി തങ്ങള്‍ക്കെതിരാകുമോ എന്ന ആശങ്കയില്‍ത്തന്നെയാണ് കര്‍ഷകര്‍.

സംരക്ഷിത വനമേഖലയില്‍നിന്ന് (ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേ തങ്ങള്‍, പക്ഷിസങ്കേതങ്ങള്‍) പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ള ഭാഗത്ത് ഇ.എസ്.ഇസഡ് (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, സി.ആര്‍. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഈ മേഖലയില്‍ വ്യക്തികള്‍ക്കോ, സര്‍ക്കാരിനോ ഒരു വിധത്തിലുള്ള നിര്‍മ്മാണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ടാകില്ല. വീട് നിര്‍മ്മാണങ്ങള്‍ക്കുപോലും നിയന്ത്രണമുണ്ടാകും.

ഏകദേശം 3,211,7372 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീര്‍ണ്ണം ഇവയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ നാലു ലക്ഷം ഏക്കറോളം പ്രദേശം അതിന്റെ പരിധിയിലാകും. കൃഷിയിടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, ചെറുകിട കച്ചവട കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട് ഇവിടെയെ ല്ലാം നിയന്ത്രണം കടുപ്പിച്ചാല്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ 'കരുതല്‍' തടങ്കലിലാകും.

ആലപ്പുഴ ഒഴികെ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലെയും മലയോര മേഖലകളെ ഗുരുതരമായി ബാധിക്കുന്ന പുതിയ നിയന്ത്രണ നീക്കങ്ങള്‍ ജനദുരിതം ഇരട്ടിയാക്കുമെന്നുറപ്പാണ്. വയനാട് ജില്ലയില്‍ മാത്രം നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ നടപ്പായാല്‍ രണ്ടു ലക്ഷം പേരുടെ ജീവിതങ്ങളെ അത് നേരിട്ടു ബാധിക്കും. കേരളത്തിലെ ജനസംഖ്യയിലുള്ള കാലാനുസൃത വര്‍ദ്ധനവും കണക്കിലെടുക്കണം. 1991-ല്‍ ജനസംഖ്യ 2.90 കോടിയായിരുന്നെങ്കില്‍ 2021-ല്‍ 3.50 കോടിയാണ്. വനവിസ്തൃതിയുറപ്പാക്കുന്ന പുതിയ നിയമ നിയന്ത്രണ നീക്കങ്ങള്‍ പെരുകുന്ന ജനതയ്ക്കു പെരുമാറാനിടം ചുരുക്കുന്നുവെന്നത് കാണാതെ പോകരുത്.

കരുതല്‍ മേഖലയെ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ഭേദഗതി ഹര്‍ജി നല്കാനാണ് കേരള സര്‍ക്കാര്‍ നീക്കം. ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം ഉള്‍പ്പെെടയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രം തുടര്‍ നടപടികള്‍ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇരു സര്‍ക്കാരുകളെയും കുറ്റപ്പെടുത്തിയുള്ള രാഷ്ട്രീയ നേട്ടത്തിനാണ് വലതു മുന്നണിയുടെ ശ്രമം. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒളിച്ചുകളി നടത്തുന്നുവെന്ന വേദനയിലും വിലാപത്തിലുമാണ് കര്‍ഷക ലക്ഷങ്ങള്‍. 2019 ഒക്‌ടോബര്‍ 10-ലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ ഉദാഹരണമാക്കിയാണ് ഈ കര്‍ഷകസങ്കടം. സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ബഫര്‍സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുന്ന തീരുമാനമെടുത്തത് ഒന്നാം പിണറായി സര്‍ക്കാരായിരുന്നു. സംസ്ഥാനത്ത് പാരസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് കരടു വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനു പുറകില്‍ ഈ നിര്‍ദ്ദേശമാണെന്നാണ് പ്രതിപക്ഷയാക്ഷേപം. നടപ്പു നിയമസഭാ സമ്മേളനത്തില്‍ ഒരു നിയമ സഭാ സാമാജികനും ഈ വിഷയം ഇതുവരെയും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടില്ലായെന്നതില്‍ നിന്നും, രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യക്കുറവും ഇരട്ടത്താപ്പും വ്യക്തമാണ്. പാര്‍ട്ടിയാപ്പീസ് തകര്‍ത്തത് പ്രധാന വിഷയമാക്കിയാണ് സമ്മേളനം പുരോഗമിക്കുന്നത്!

സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ എംപവേര്‍ഡ് കമ്മറ്റിയെ (സി.ഇ.സി.) സമീപിക്കുകയാണ്, സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് എന്നാണ് കര്‍ഷകരുടെ ആവശ്യം. ബഫര്‍സോണ്‍ സംരക്ഷിത വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് പുതുക്കി നിശ്ചയിക്ക ണമെന്ന നിവേദനവും അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെടണം. അതിനായി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകളും പരിശോധിക്കണം. അതിനു പകരം ജനപ്രതിനിധികളുടെ ഓഫീസ് അടിച്ചു തകര്‍ത്തും തെരുവില്‍ ആളെ ഇറക്കിയും പതിവ് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമമെങ്കില്‍ നഷ്ടം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മാത്രം.

ജാതിമതഭേദമെന്യേ ലക്ഷക്കണക്കിനാളുകളുടെ ജീവനെയും സ്വത്തിനെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാകയാല്‍ പരിഹാര ശ്രമങ്ങളുടെ നേതൃത്വനിരയില്‍ സഭ സജീവമായുണ്ടാകണം. കര്‍ഷകദുരിതങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളില്‍ ആത്മാര്‍ത്ഥമായ പിന്തുണയുമായി സമുദായ സംഘടനകളും കൂടെയുണ്ടാകണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്തുണയുറപ്പാക്കുന്ന പൊതുസംവാദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കണം. മുഖ്യമന്ത്രിയെ കാണാന്‍ കെ.സി.ബി.സി. തനിച്ചു പോയത് ഇത് കത്തോലിക്കരുടെ മാത്രം പ്രശ്‌നമായി ചെറുതാക്കിയോ എന്ന സംശയമുണ്ടാക്കി. കെ.സി.ബി.സി യുടെ തന്നെ ചില മുന്‍കാല പ്രസ്താവനകള്‍ പോരാട്ടത്തിന്റെ പൊതുവിടം നഷ്ടപ്പെടുത്തിയതിനാലാണോ തനിച്ചു പോകേണ്ടി വന്നതെന്നും പരിശോധിക്കണം. നിവേദന സമര്‍പ്പണം, പടമെടുപ്പ് മുതലായ പതിവ് പരിപാടികള്‍ കൊണ്ട് ഇത്തവണത്തെ കര്‍ഷകപോരാട്ടം ജയിക്കാമെന്ന് കരുതണ്ട. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവിലല്ലായിരുന്നു ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ ഐതിഹാസിക വിജയമെന്നും മറക്കരുത്.

പ്രകൃതിസംരക്ഷണവും പരിസ്ഥിതി പരിപാലനവും നമ്മുടെ നാളെകളുടെ സമതുലിതമായ നിലനില്പിന് അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ ഭാഗമായി പുരയിലേക്ക് ചാഞ്ഞ മരം മുറിക്കുന്നതിനെ വിലക്കുന്നതും കൃഷി നശിപ്പിക്കാന്‍ കാട്ടുമൃഗങ്ങളെ അനുവദിക്കുന്നതും അനീതിയല്ലേ എന്ന ചോദ്യമുണ്ട്. മലയോരക്കര്‍ഷകര്‍ കയ്യേറ്റക്കാരല്ല. എല്ലാവരും പാറമട മുതലാളിമാരുമല്ല. അവരെ ഇറക്കി വിടുമ്പോള്‍ ഇറങ്ങിയില്ലാതാകുന്നത് കൃഷിയും കാര്‍ഷിക സംസ്‌കാരവുമാണ്. മറക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org