

ക്യാമ്പസുകളിലും ജോലിസ്ഥലങ്ങളിലും ഇടവകകളിലും കുടുംബങ്ങളിലും യുവജനങ്ങൾക്കു മാതൃകകളിലൂടെ മാർഗദർശനം നല്കാൻ യുവജനപ്രേഷിതർക്കെന്ന പോലെ മറ്റാർക്കും സാധിക്കില്ല.
“ആരും നിന്റെ പ്രായക്കുറവിന്റെ പേരിൽ നിന്നെ അവഗണിക്കാൻ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റ ത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികൾക്കു മാതൃകയായിരിക്കുക” (1 തിമോ 4:12).
കേരളത്തിന്റെ സഭാഭൂമികയിൽ മുളപൊട്ടി വളർന്നു, ലോകത്തിനാകെ സൗരഭ്യം പകർന്നു പടർന്ന കത്തോലിക്കാ കരിസ്മാറ്റിക് യുവജന പ്രസ്ഥാനമാണല്ലോ ജീസസ് യൂത്ത്. വിശ്വാസികളുടെ അന്താരാഷ്ട്രസംഘടന യെന്ന പദവി വത്തിക്കാൻ ജീസസ് യൂത്തിനു സ്ഥിരമായി സമ്മാനിച്ചു. ജൂബിലി ആഘോഷിക്കുന്ന ഈ പ്രസ്ഥാന ത്തിനു മേൽ പത്രോസിന്റെ പിൻഗാമി ചാർത്തിയ കൈയൊപ്പ്.
1976-ൽ യുവജനധ്യാനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങുമ്പോൾ രൂപകർത്താക്കൾ, ഈ സഹസ്രാബ്ദമോ ഇതിന്റെ രണ്ടാം പാദമോ മുമ്പിൽ കണ്ടിരുന്നുവോ എന്നറിയില്ല. ഇന്ന്, ആ സമയബിന്ദു കടന്ന്, അര നൂറ്റാണ്ടു പിന്നിട്ടു കുതിക്കുമ്പോൾ സ്ഥാപകരിലൂടെ സംഭവിച്ചത് പരിശുദ്ധാത്മാവിന്റെ ഇടപെടലായിരുന്നു എന്നു വിശ്വസിക്കാനെളുപ്പമാണ്.
കേരളസഭയിൽ അല്മായരുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ പങ്കാളിത്തത്തിന് പുതിയൊരു ദിശയും മാനവും നല്കാൻ ജീസസ് യൂത്തിനു സാധിച്ചു. വ്യക്തിബന്ധങ്ങൾ, വചനധ്യാനം, കൗദാശികജീവിതം, കൂട്ടായ്മ, സുവിശേഷവത്കരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ വശങ്ങളിലേക്കും ശ്രദ്ധയൂന്നുന്ന ഒരു സമീപനമാണ് അവർ പുലർത്തിയത്. ദൈവത്തോടും സഹോദരങ്ങളോടും ഗാഢമായ ബന്ധം സ്ഥാപിച്ചു കൊണ്ട്, പൊതുസമൂഹത്തിൽ പുതിയ മേഖലകൾ തേടി പുറപ്പെട്ടിറങ്ങാൻ ധാരാളം യുവജനങ്ങളെ ഓരോ വർഷവും ജീസസ് യൂത്ത് സജ്ജരാക്കിക്കൊണ്ടിരുന്നു.
സുവിശേഷപ്രചാരണം ഗൗരവത്തിലെടുക്കുകയും അതിനു കാലികമായ പ്രായോഗികമാർഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു എന്നതാണ് ജീസസ് യൂത്തിനെ ഇതര അല്മായ പ്രസ്ഥാനങ്ങളിൽനിന്ന് വേറിട്ടു നിറുത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിലാരംഭിച്ച ഫുൾ ടൈമർമാരുടെ ശുശ്രൂഷ ചരിത്രപരമായ ഒരു ഇടപെടലായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ഒരു വർഷം പൂർണസമയം സഭാ, സമൂഹസേവനത്തിനു വേണ്ടി മാറ്റി വയ്ക്കുന്നവർ. ആവശ്യമായ പരിശീലനം നല്കി ഇത്തരം ധാരാളം യുവജനങ്ങളെ കേരളത്തിനകത്തും പുറത്തും അയയ്ക്കാൻ ജീസസ് യൂത്തിനു സാധിച്ചു. ഒരു വർഷത്തെ സേവനത്തിനപ്പുറം, ജീവിതമാകെ മിഷൻ തീക്ഷ്ണത നിലനിറുത്തുന്ന അനേകം വ്യക്തികളും കുടുംബങ്ങളും രൂപപ്പെട്ടു. സ്വാഭാവിക പരിണതിയെന്നോണം പുരോഹിതരും സന്യസ്തരുമാകാൻ ധാരാളം ദൈവവിളികളും ജീസസ് യൂത്തിൽ നിന്നുണ്ടായി. ഇന്നു ജീസസ് യൂത്തിനുവേണ്ടി അഭിഷിക്തരാകുന്ന വൈദികരിൽ അതെത്തി നിൽക്കുന്നു.
ക്രമത്തിൽ, കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള പ്രവർത്തനങ്ങൾ വർധിച്ചുവന്നു. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ വൻകരകളിലെ അമ്പതിലധികം രാജ്യങ്ങളിൽ ജീസസ് യൂത്ത് ഇന്ന് സജീവമാണ്. പ്രവാസികൾക്കായി അജപാലന സംവിധാനങ്ങൾ കെട്ടിപ്പടുക്കുകയെന്ന ശ്രമകരമായ ദൗത്യത്തിൽ സീറോമലബാർ, മലങ്കര സഭകൾക്കു പ്രവാസനാടുകളിൽ ജീസസ് യൂത്ത് നല്കിയ സഹകരണവും ശ്രദ്ധേയമാണ്. അതേസമയം, മലയാളികളല്ലാത്ത കത്തോലിക്കായുവജനങ്ങൾക്കിടയിലും പ്രവർത്തനങ്ങൾ വ്യാപകമായി. ഇന്ന് മലയാളിസാന്നിധ്യം താരതമ്യേന കുറഞ്ഞതും തീരെ ഇല്ലാത്തതുമായ ഘടകങ്ങളും ചില രാജ്യങ്ങളിൽ ജീസസ് യൂത്തിനുണ്ട്.
യുവജനങ്ങൾക്കുവേണ്ടിയും യുവജനങ്ങളെ ഉപയോഗിച്ചുമുള്ള പ്രേഷിതപ്രവർത്തനങ്ങളുടെ പ്രസക്തി ഇന്നു വളരെയേറെ വർധിച്ചിരിക്കുന്നു. നിർമിതബുദ്ധിയുടെ വിപ്ലവം ജാഗ്രതാപൂർവം കൈകാര്യം ചെയ്യേണ്ട ഇക്കാലത്ത് യുവജന ങ്ങളുടെ സഹകരണം സഭയ്ക്ക് എന്നത്തേക്കാളും ആവശ്യമാണ്. ക്യാമ്പസുകളിലും ജോലിസ്ഥല ങ്ങളിലും ഇടവകകളിലും കുടുംബങ്ങളിലും യുവജനങ്ങൾക്കു മാതൃകകളിലൂടെ മാർഗദർശനം നല്കാൻ യുവജനപ്രേഷിതർക്കെന്നപോലെ മറ്റാർക്കും സാധിക്കില്ല.
പഴയനിയമത്തിലെ ജോസഫും സാമുവലും ദാവൂദും സോളമനും റൂത്തുമെല്ലാം യൗവനം ജീവിക്കുന്നവരായി രുന്നു. ദൈവപുത്രൻ മനുഷ്യാവതാരമെടുത്തപ്പോളാ കട്ടെ, തന്റെ പരമദൗത്യങ്ങൾ നിറവേറ്റുന്ന ജീവിതഘട്ട മായി യൗവനം തന്നെ തിരഞ്ഞെടുത്തു. സഭ കാലികമായി പുതുക്കപ്പെടുകയും സദാ യൗവനം നിലനിറുത്തുകയും വേണം. അതിനു യുവജനങ്ങളുടെ സാന്നിധ്യവും സഹകരണവും സഭ വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
സി എൽ സി, സി എം എൽ, കെ സി വൈ എം, സെന്റ് വിൻസെന്റ് ഡി പോൾ സഖ്യം, ഫ്രാൻസിസ്കൻ അല്മായസഭ എന്നിങ്ങനെ അനേകം പ്രസ്ഥാനങ്ങൾ അന്തർദേശീയവും ദേശീയവുമായ തലങ്ങളിൽ പ്രവർത്തി ക്കുന്നു. കുട്ടികളെയും സ്ത്രീകളെയും ദമ്പതികളെയും ഏകസ്ഥരെയുമെല്ലാം ഒത്തുചേർക്കുന്ന സഭാസംഘടന കളുണ്ട്. വിവിധ സംഘടനകളെയും പ്രതിനിധികളെയും കോർത്തിണക്കുന്ന ഔദ്യോഗികമായ പൊതുസമിതി കളും ധാരാളം. തനതായ സിദ്ധികൾക്കും സ്ഥാപക ലക്ഷ്യങ്ങൾക്കുമനുസൃതം അവ സഭയ്ക്കും സുവിശേഷ ത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. അല്മായർക്കും അവരിലെ യുവജനങ്ങൾക്കും അനുയോജ്യമായ അവസരങ്ങളെല്ലാം നല്കുക, അർഹ മായ അംഗീകാരങ്ങളെല്ലാം അനുവദിക്കുക, അവരുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുക എന്നതാണ് സഭയ്ക്കു മുന്നോട്ടു പോകാനുള്ള മാർഗം. ജീസസ് യൂത്തിന്റെ ജൂബിലിയും വത്തിക്കാന്റെ അംഗീകാരവും അല്മായ-യുവജനസംഘടനകൾക്കാകെ പ്രചോദനം പകരട്ടെ.