ബജറ്റ് എന്ന ഗില്ലറ്റിന്‍

ബജറ്റ് എന്ന ഗില്ലറ്റിന്‍

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ബജറ്റവതരണങ്ങള്‍ പൂര്‍ത്തിയായതോടെ രാജ്യത്തിന്റെ പൊതുവിലും സംസ്ഥാനത്തിന്റെ പ്രത്യേകിച്ചും സമകാലിക സാമ്പത്തികചിത്രം വ്യക്തമായി. കേന്ദ്ര ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടപ്പോള്‍, സംസ്ഥാന ബജറ്റില്‍ പാവം ജനങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. നടുവൊടിക്കുന്ന നികുതി നിര്‍ദേശങ്ങളാല്‍ സാധാരണജീവിതം ദുരിതമയമാക്കുന്ന സകലതും ഇടംപിടിച്ച കെ എന്‍ ബാലഗോപാലിന്റെ ബജറ്റവതരണം, യഥാര്‍ത്ഥത്തില്‍ ഇടതു സര്‍ക്കാരിന്റെ സാമ്പത്തികപിടിപ്പുകേടിന്റെ നേര്‍സാക്ഷ്യമായി.

ജനങ്ങളുടെ പണം ജനങ്ങള്‍ക്കുവേണ്ടി ഉത്തരവാദിത്വത്തോടെ ചെലവഴിക്കാന്‍ സഹായിക്കുന്ന ശാസ്ത്രീയ സംവിധാനമാണ് ബജറ്റ് നിര്‍ദേശങ്ങള്‍. എന്നാല്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് സാധാരണക്കാര്‍ പിഴയൊടുക്കേണ്ട അസാധാരണ സാഹചര്യത്തെ അനിവാര്യമാക്കുന്ന നിര്‍ദയമായ നികുതി നിര്‍ദേശങ്ങളോടെയാണ് 2023-24 ബജറ്റ് നിയമസഭയുടെ മേശപ്പുറത്തെത്തിയത്.

അടഞ്ഞുകിടക്കുന്ന വീടുകളുള്‍പ്പെടെ പുതിയ നികുതി സാധ്യതകള്‍ ഗവേഷണ ബുദ്ധിയോടെ കണ്ടെടുത്തതിന്റെ ക്രെഡിറ്റും ധനമന്ത്രിയുടെ അക്കൗണ്ടിലായി. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമര പരമ്പരകള്‍ സംഘടിപ്പിച്ച ഇടതു മുന്നണി നയിക്കുന്ന സര്‍ക്കാര്‍, പ്രെട്രോളിനും ഡീസലിനും 2 രൂപ വീതം സെസ് ചുമത്തിയതിനെ ന്യായീകരിക്കാന്‍, 'കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരമായ അവഗണന, 'ഫെഡറല്‍ സംവിധാനം തകര്‍ന്നു,' തുടങ്ങിയ ന്യായീകരണ കാപ് സൂളുകള്‍ ഇറക്കി സൈബര്‍ സഖാക്കള്‍ കളം നിറയുന്നു എന്നതാണ് മറ്റൊരു തമാശ.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ക്രമമായി നല്കാന്‍ വേണ്ടിയാണ് മദ്യത്തിനും ഇന്ധനത്തിനും വിലകൂട്ടിയതെന്നാണ് സര്‍ക്കാര്‍വാദം. എന്നാല്‍ പുതിയ ബജറ്റില്‍ ക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷമായി പല പെന്‍ഷനുകളും ആളുകളിലെത്താതെ കുടിശ്ശികയായി തുടരുന്നുവെന്നതാണ് വാസ്തവം.

വാഹനനികുതി, വാഹനങ്ങളുടെ സെസ്, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില, ഫ്‌ളാറ്റ് കൈമാറ്റം, വൈദ്യുതി, വെള്ളം (മൂന്നിരട്ടിയാണ് വര്‍ധന), സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന സകലതിനും ബജറ്റിനകത്തും പുറത്തും നികുതിയും കരവും വര്‍ധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കി പിണറായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ നാട്ടില്‍ അവശേഷിക്കുന്നവരെക്കൂടി നാടുകടത്തുന്ന വിധത്തിലുള്ളതാണ് 2955 കോ ടിയുടെ നേരിട്ടുള്ള നികുതി നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാണ്.

കടം വാങ്ങി നിത്യചെലവ് കണ്ടെത്തുന്ന രീതിയിലേക്ക് കേരളം മാറിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ദുര്‍ച്ചെലവ് കുറയ്ക്കുന്ന വിധത്തിലുള്ള ഒരു നിര്‍ദേശവും മുന്നോട്ടു വയ്ക്കാതെയാണ് പുതിയ ബജറ്റെന്നത് ഭാവനാശൂന്യമായ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിന്റെ നല്ല തെളിവാണ്.

പണമെവിടെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെങ്കിലും വന്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ വേണ്ടുവോളമുണ്ട്. വിമാനയാത്രാക്കൂലി കുറയ്ക്കാന്‍ വിമാനം ചാര്‍ട്ടു ചെയ്യുന്നതിനായി കോര്‍പ്പസ് ഫണ്ടിനായി 15 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തവകയില്‍ കോടികളുടെ ബാധ്യത ഇപ്പോള്‍ത്ത ന്നെയുള്ളപ്പോള്‍ ചാര്‍ട്ടര്‍ വിമാന പദ്ധതി ആരെ സഹായിക്കാനാണെന്ന് വ്യക്തമല്ല. ധൂര്‍ത്ത് പുരോഗമിക്കുമ്പോള്‍ ചെലവ് കൂടും. ചെലവ് കൂടുമ്പോള്‍ കമ്മി വര്‍ധിക്കും. കമ്മി നികത്താന്‍ കടമെടുക്കും. കടത്തിന് പലിശ നല്കണം. എല്ലാം കൂടിച്ചേര്‍ന്ന വലിയ കടക്കെണിയിലേക്ക് കേരളം കൂപ്പുകുത്തും.

വന്‍പദ്ധതികള്‍ക്കുള്ള പണം കിഫ്ബി വായ്പ്പയിലൂടെ കണ്ടെത്തിയായിരുന്നു, ഇതുവരെയുള്ള വികസന പരിപാടികള്‍. എന്നാല്‍ കിഫ്ബി വായ്പ, സംസ്ഥാന കടത്തിന്റെ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതോടെ കിഫ്ബി പദ്ധതി ഏറെക്കുറെ നിശ്ചലമാകുമെന്നുറപ്പായി.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിക്കു ചുറ്റുമുണ്ടായിരുന്ന ഉപദേശകവൃന്ദം ഇക്കുറിയില്ലാഞ്ഞതിനാലാണോ, മുഖ്യമന്ത്രിക്ക് തന്നെയും ഭരണത്തിലുള്ള പിടി അയഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ഏതായാലും ഇടതു പ്രവര്‍ത്തകര്‍ക്കുപോലും നിരാശയുണ്ടാക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ വരവും പോക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന സന്ദേഹം പ്രഥമമായും പാര്‍ട്ടി അണികളുടേതാണ്.

മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍, പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സിയെ അദാനിക്കമ്പനിയില്‍ ലയിപ്പിക്കുന്നതുള്‍പ്പടെയുള്ള കോര്‍ പ്പറേറ്റ് പ്രീണനം ഒരുവശത്തു കൊഴുക്കുമ്പോള്‍, ഭരണം 'സംഘടിത' താല്‍പര്യങ്ങള്‍ക്കും, കുത്തകകള്‍ക്കും വേണ്ടി മാത്രമെന്ന സന്ദേശമാണ് നികുതി ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ നല്കുന്നത്. നിയമ സഭയില്‍ അദാനിയുടെ പേരുച്ചരിക്കാന്‍ ഭയന്ന മുഖ്യമന്ത്രി ആര്‍ക്കൊപ്പമാണ് എന്ന് പറയാതെ പറയുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ശേഷി ക്കെ പദ്ധതി വിഹിതത്തിന്റെ 49% മാത്രം ചെലവഴിച്ച 'മാതൃകാ' സര്‍ക്കാരിന്റെ മഹനീയ ഉദ്ദേശശുദ്ധിയെ എല്ലാവരും സംശയിക്കുന്നതിലാണ് സം സ്ഥാന ധനമന്ത്രിയുടെ സങ്കടം! കോളജ് അധ്യാപകരുടെ യു ജി സി ശമ്പളക്കുടിശ്ശികയ്ക്കുള്ള അപേക്ഷ യഥാസമയം നല്കാത്തതിനാല്‍ നഷ്ടപ്പെടുത്തിയ 750 കോടി, IGST റിട്ടേണുകള്‍ ഘടനാപരമായി പരിഷ്‌ക്കരിക്കാ ത്തതിനാല്‍ നഷ്ടമായ 25,000 കോടി (പ്രതിവര്‍ഷം 5,000 കോടി പ്രകാരം 5 വര്‍ഷത്തെ കണക്ക്) എന്നിവ സര്‍ക്കാര്‍ അനാസ്ഥയുടെ അമ്പരപ്പിക്കുന്ന തെളിവുകളാണ്.

പ്രതിപക്ഷ പ്രതിഷേധമവഗണിച്ചും അസംഘടിത ബഹുഭൂരിപക്ഷത്തെ അതികഠിനമായി അവഗണിക്കുന്ന ഇത്തരം (ദുര്‍) ഭരണനിര്‍വഹണം നിര്‍ബാധം തുടരുമ്പോള്‍ പാവം ജനത്തിന്റെ സഹനശക്തിയിലും ഓര്‍മ്മക്കുറവിലുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അവതരിപ്പിക്കപ്പെട്ടത്, ബജറ്റായിരുന്നില്ല, ഒന്നാന്തരം വധോപകരണമായ ഗില്ലറ്റിനായിരുന്നു; കഷ്ടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org