ആസാദി ആരുടെ അമൃതാണ് സര്‍

ആസാദി ആരുടെ അമൃതാണ് സര്‍

സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് ഭാരതാംബ പ്രവേശിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഉത്സവനാളുകളിലാണ് രാജ്യം. വീടുകള്‍തോറും ത്രിവര്‍ണ്ണ പതാകയുയര്‍ത്തി അത് ആചരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം 'ആസാദി'യെ 'അമൃതാ'യി അവതരിപ്പിച്ചതിന്റെ ആഘോഷ പരിണതി തന്നെയാണ്.

ഇന്ത്യയുടെ ഭരണഘടന നമ്മുടെ രാഷ്ട്രത്തെ നിര്‍വ്വചിക്കുന്നത് ഒരു പരമാധികാര - മതേതര - സമത്വാധിഷ്ഠിത റിപ്പബ്‌ളിക് ആയിട്ടാണ്. അമേരിക്കന്‍ എഴുത്തുകാരനായ മൈക്കിള്‍ ഹാര്‍ട്ടും, ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയോ നെഗ്രിയും പൊതുബോധത്തിന് പരിചയപ്പെടുത്തിയ 'സാമ്രാജ്യം' (ദി എമ്പയര്‍) എന്ന സാര്‍വ്വദേശീയ മൂലധന ശക്തി, ആഗോളീകരണത്തിന്റെ ഫലമായി നിലവില്‍ വന്നതോടെ, നമ്മുടേതുപോലുള്ള രാഷ്ട്രങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം നന്നേ കുറഞ്ഞുവെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന് അകമ്പടി പോകുന്ന ആധുനിക സര്‍ക്കാരുകള്‍ അതിനെ അങ്ങേയറ്റം അപഹാസ്യമാക്കുന്നുമുണ്ട്.

നേടിയത് രാഷ്ട്രീയ സ്വതന്ത്ര്യം മാത്രമാണെന്ന്, അത് നേടിത്തരുന്നതില്‍ നിര്‍ണ്ണായക നേതൃത്വമേറ്റ മഹാത്മാഗാന്ധിതന്നെ അഭിപ്രായപ്പെട്ടിരിക്കെ നാം ആഘോഷിക്കുന്നത് ആരുടെ സ്വാതന്ത്ര്യമാണെന്നതും എന്തില്‍ നിന്നുള്ള മോചനമാണെന്നതും പരിചിന്തിതമാക്കണം.

''എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം' എന്ന സന്ദേശത്തെ പ്രഖ്യാപിത ലക്ഷ്യമാക്കിയവതരിപ്പിച്ചാരംഭിച്ച മോദിഭരണം 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 'എല്ലാവരു'മെന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ മത സമൂഹം മാത്രമാണെന്ന അര്‍ത്ഥവും പ്രയോഗവും പല വിധത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് നാം കണ്ടു. മതേതരത്വ ചിന്തയില്‍ നിന്നും ജനാധിപത്യ വിശ്വാസബോധ്യങ്ങളില്‍ നിന്നും ഇന്ത്യ സമീപകാലത്ത് 'സ്വാതന്ത്ര്യയായ'തിനു പിന്നിലെ സംഘടിത വിദ്വേഷ രാഷ്ട്രീയ സമീപനങ്ങളെ നാം ഭയത്തോടെ അറിഞ്ഞു.

ഭാരതത്തിന്റെ ദേശീയ ബിംബങ്ങളെപ്പോലും വികലമായി അവതരിപ്പിച്ചും, അതിനു മുമ്പില്‍ ഹൈന്ദവ രീതിയിലുള്ള പൂജാദികളര്‍പ്പിച്ചും ഭരണഘടനയുടെ 25-ാം അനുഛേദം അസന്നിഗ്ദ്ധമായി അവതരിപ്പിക്കുന്ന സെക്കുലര്‍ ദര്‍ശനത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രധാനമന്ത്രി തന്നെ അതിന്റെ പ്രതീകാഹൂതി നടത്തിക്കഴിഞ്ഞു. ഹിന്ദുരാഷ്ട്രമായി അതിനെ പുതുക്കിപ്പണിയുവാനുള്ള പരിപാടികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന്, നേരത്തെ 2020 ആഗസ്റ്റ് 5-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് സാക്ഷാല്‍ മോദി തന്നെ പ്രഖ്യാപിച്ചിരുന്നു.

ഭരണഘടനാ സ്ഥാപനങ്ങള്‍കൊണ്ട് തന്നെ ഭരണഘടനയെ നിരായുധമാക്കാനാകുന്ന ജനവിരുദ്ധ നീക്കങ്ങളെ സജീവമാക്കി ജനാധിപത്യത്തില്‍ നിന്നുള്ള മോചനത്തെ സര്‍വ്വസാധാരണമാക്കുയാണിപ്പോള്‍. ഗവര്‍ണ്ണര്‍ പദവിയെ (ദുരു)ഉപയോഗിച്ച് നേരത്തെ മദ്ധ്യപ്രദേശിലും, ഇപ്പോള്‍ മഹാരാഷ്ട്രയിലും 'താമര'കളെ പുതുതായി വിരിയിക്കുമ്പോള്‍ പൗരന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ തന്നെ അസ്ഥിരമാക്കിയാണ് ആസാദിയാഘോഷം എന്ന് മറക്കരുത്. ഇ.ഡിയെ എതിരാളികള്‍ക്കെതിരെയുള്ള മര്‍ദ്ദകോപകരണമാക്കി വികസിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക്, സര്‍വ്വാധികാര തീട്ടൂരം നല്കി സുപ്രീംകോടതി കൂടി ചൂട്ടു പിടിക്കുമ്പോള്‍, എല്ലാവരും ഭരണപക്ഷത്താകുന്ന അപകടത്തെയാണ് അനിവാര്യമാക്കുന്നത്.

ഭരണഘടനയുടെ 370-ാം അനുഛേദത്തെ അസ്ഥിരമാക്കി ജമ്മുകാശ്മീരിനെ വിഭജിച്ചില്ലാതാക്കിയതിന്റെ മൂന്നാം വാര്‍ഷികവേളയിലും അതിനെ നിര്‍ലജ്ജം ന്യായീകരിക്കുന്ന സര്‍ക്കാര്‍ നിലപാട്, ഫെഡറലിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും അനാവശ്യമാണെന്നാണ് പറയാതെ പറയുന്നത്.

ആസാദിയെ അമൃതായി ആഘോഷിക്കാന്‍ പറ്റിയ അവസരം ഇത് തന്നെയാണ്. ഇന്ധനവര്‍ദ്ധനവ് 110 കടന്നതിനോട് നാം ഇതിനോടകം പൊരുത്തപ്പെട്ടു കഴിഞ്ഞു...! തൊഴിലില്ലായ്മ പരിഹരിക്കാനാണ് 'അഗ്നിവീരരുടെ' ആഗമനമെന്ന് പ്രതിരോധമന്ത്രി പറഞ്ഞപ്പോള്‍ നമുക്ക് അത് വേഗം മനസ്സിലായി...! രൂപയുടെ മൂല്യം ഇടിഞ്ഞത് ഇപ്പോള്‍ മാത്രമല്ലെന്ന ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ നല്കിയത് ചെറിയ ആശ്വാസമൊന്നുമല്ല! ഏറ്റവും ഒടുവില്‍ പനി മാറാന്‍ കഴിക്കുന്ന 'ഡോളോ'പോലും എന്റെ തെരഞ്ഞെടുപ്പായിരുന്നില്ലെന്നും, അത് ഡോക്ടറെകൊണ്ട് ശുപാര്‍ശ ചെയ്ത വകയില്‍ 1000 കോടി മരുന്നുകമ്പനിയില്‍ നിന്നും അവര്‍ കൈപ്പറ്റിയിട്ടുണ്ടെന്നു കൂടി അറിഞ്ഞപ്പോള്‍ സ്വയം നിര്‍ണ്ണയാവകാശ സ്വതന്ത്ര്യപ്രാപ്തി പൂര്‍ത്തിയായി...!

കേരളത്തില്‍ പതിനൊന്നോളം ഓര്‍ഡിനന്‍സുകളില്‍ തുല്യം ചാര്‍ത്താന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത് വാര്‍ത്തയായതിലെ രാഷ്ട്രീയം മാറ്റിവച്ചാലും നിയമസഭയെ നോക്കുകുത്തിയാക്കുന്ന ഓര്‍ഡിനന്‍സ് രാജാണിതെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണോ എന്ന ചോദ്യമുണ്ട്. റോഡിലെ കുഴികളെ കേന്ദ്രത്തിന്റേതെന്നും കേരളത്തിന്റേതെന്നും തിരിച്ചെണ്ണി തീരാത്തതിനാല്‍ നികത്തിതുടങ്ങാത്തതിന്, നീതിപീഠം വിമര്‍ശിക്കുന്നതിലും രാഷ്ട്രീയം കാണണോ? നല്ലവഴിയിലൂടെയുള്ള നടപ്പവകാശം സ്വാതന്ത്ര്യത്തിന്റെ ജനകീയാധികാരമായി ഇടതുസര്‍ക്കാരിന് ഇനിയും തോന്നാത്തതെന്താണ്?

പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡ് ഉയര്‍ത്താന്‍ അനുവാദമില്ലാത്തവന്റെ കൈയ്യില്‍ സ്വാതന്ത്ര്യത്തിന്റെ മുവര്‍ണ്ണക്കൊടി കൊടുത്ത് നാം ആഘോഷിക്കുന്ന ആസാദി അമൃതം തന്നെ! ഇനി ഇതാരുടെ എന്നു കൂടിയേ അറിയാനുള്ളൂ.

ജയ് ഹിന്ദ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org