മാനവമഹിമയ്‌ക്കെതിരായ ആക്രമണം

മാനവമഹിമയ്‌ക്കെതിരായ ആക്രമണം
Published on

യുദ്ധത്തിനിടയിലും ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര മാനവീക നിയമം അനുശാസിക്കുന്നു. രോഗികളും മുറിവേറ്റവരും അവരെ പരിചരിക്കുന്നവരുമാണ് ആശുപത്രികളിലുള്ളത്. മുറിവേറ്റു വീണവര്‍ പിന്നെ ശത്രുക്കളല്ല, അവര്‍ക്കാവശ്യമായ ശുശ്രൂഷ ലഭ്യമാക്കണമെങ്കില്‍ ആശുപത്രികളും പ്രവര്‍ത്തകരും സംരക്ഷിക്കപ്പെടണം. ഓര്‍ക്കുക, പരസ്പരം കൊല്ലാനും ചാകാനുമായി ആയുധങ്ങളെടുത്തു പോരാടുന്ന യുദ്ധവേദിയിലെ നിയമമാണിത്. പരിഷ്‌കൃതമനുഷ്യന്‍ മനുഷ്യജീവനു നല്‍കുന്ന മഹത്വവും മൂല്യവുമാണ് ഇതിലൂടെ പ്രകാശിതമാകുന്നത്.

മനുഷ്യജീവനുകള്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്നതുകൊണ്ടുതന്നെ ആശുപത്രികളുടെ സംരക്ഷണം ഏതെങ്കിലും സ്ഥാപനങ്ങളുടെയോ അതിലെ ജീവനക്കാരുടെയോ വിഷയമല്ല. അതു മാനവകുലത്തിന്റെയാകെ നിലനില്‍പിന്റെ അഭേദ്യഘടകമാണ്. അതുകൊണ്ടാണ് മറ്റു സ്ഥാപനങ്ങളില്‍ നിന്നും സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി ആശുപത്രികള്‍ക്കും അവ നടത്തുന്നവര്‍ക്കും പ്രത്യേകമായ സംരക്ഷണവും അതിനായുള്ള നിയമങ്ങളും ആധുനികസമൂഹം ഉറപ്പാക്കുന്നത്. ആശുപത്രികള്‍ സംരക്ഷിക്കുമ്പോള്‍ നാം സംരക്ഷിക്കുന്നതു മനുഷ്യജീവന്റെ മഹത്വമാണ്, ആശുപത്രിജീവനക്കാരെ പിന്തുണയ്ക്കുമ്പോള്‍ നാം പിന്തുണയ്ക്കുന്നത് മനുഷ്യരാശിയുടെ സ്വാസ്ഥ്യത്തെയാണ്.

പ. ബംഗാളിലെ ഡോക്ടറും ഉത്തരാഖണ്ഡിലെ നഴ്‌സും ക്രൂരമായി കൊല്ലപ്പെട്ടത് ഇന്ത്യയിലെങ്ങും വലിയ നടുക്കം സൃഷ്ടിച്ചു. പരിഷ്‌കൃതസമൂഹങ്ങളില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഈ അക്രമങ്ങളെന്ന ബോധ്യം സകലര്‍ക്കുമുണ്ട്. ആരോഗ്യപ്രവര്‍ത്തകരില്‍ ഈ സംഭവങ്ങളുണ്ടാക്കിയ ആശങ്ക സമാനതകളില്ലാത്തതാണ്. എല്ലാ സംസ്ഥാനങ്ങളിലും അവര്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെയും മനഃസമാധാനത്തെയും ഈ ദാരുണസംഭവങ്ങള്‍ വല്ലാതെ ബാധിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. അവരെ സമാശ്വസിപ്പിക്കാനും ആകുലതകള്‍ പരിഹരിക്കാനും പൊതുസമൂഹത്തിനു ബാധ്യതയുണ്ട്.

വിമാനത്താവളങ്ങള്‍ക്കും മറ്റും നല്‍കുന്നതുപോലുള്ള സവിശേഷമായ സുരക്ഷാസംവിധാനങ്ങള്‍ ആശുപത്രികള്‍ക്കും വേണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. അതിനാവശ്യമായ നിയമനിര്‍മ്മാണങ്ങളും അവരാവശ്യപ്പെടുന്നു. അനുചിതമല്ല, അസ്ഥാനത്തുമല്ല ഈ ആവശ്യങ്ങള്‍. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ആശുപത്രിസംരക്ഷണത്തിനായി ചില നിയമങ്ങള്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. അവയില്‍ പലതും ഇതേപോലുള്ള അനിഷ്ടസംഭവങ്ങളോടുള്ള പ്രതികരണങ്ങളായി കാലാകാലങ്ങളില്‍ രൂപപ്പെട്ടവയാണ്.

സ്വന്തം സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഭാസ്ഥാപനങ്ങളുടെ അധികാരികള്‍ പ്രത്യേകമായ ശ്രദ്ധ നല്‍കണം.

അത്തരം നിയമങ്ങളുടെ പാലനം ഉറപ്പാക്കണം, കാലാനുസൃതം പരിഷ്‌കരിക്കണം, ആവശ്യമെങ്കില്‍ പുതിയവ നിര്‍മ്മിക്കണം. കൂടാതെ, പ്രായോഗികമായ സംരക്ഷണമാര്‍ഗങ്ങള്‍ പൊലീസിന്റെയോ അര്‍ധസൈനികവിഭാഗങ്ങളുടെയോ സഹകരണം തേടി സജ്ജമാക്കണം. ചുരുങ്ങിയത്, മെഡിക്കല്‍ കോളേജുകള്‍, നിശ്ചിത എണ്ണത്തിലധികം കിടക്കകളുള്ള വന്‍കിട ആശുപത്രികള്‍ എന്നിവയുടെ സുരക്ഷയ്ക്കായി വിമാനത്താവളങ്ങളുടെയും വന്‍കിടവ്യവസായസ്ഥാപനങ്ങളുടെയും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതാണ്.

ഉത്പാദനക്ഷമതയേക്കാളും ഉപകരണങ്ങളേക്കാളും പ്രാധാന്യം നിശ്ചയമായും ജീവനക്കാര്‍ക്കുണ്ടെന്നു മറക്കരുതെന്ന്, തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചു പറയുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരുള്‍പ്പെടെയുളള ആശുപത്രിയുടമകളുടെ സമീപനവും ഇടപെടലും ജീവനക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ എത്രത്തോളം ഉത്തരവാദിത്വപൂര്‍വകമാണ്? കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം അരങ്ങേറിയത് ആശുപത്രിക്കുള്ളില്‍ വച്ചാണ്, ആശുപത്രിക്കു പുറമെ നിന്നല്ല അക്രമി എത്തിയത്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെടുന്ന സുരക്ഷാക്രമീകരണങ്ങള്‍ പലതും ഉണ്ടായിരുന്നുവെങ്കില്‍ കൂടിയും നടക്കാമായിരുന്ന ഒരു കൊലപാതകമാണിത്. അതുകൊണ്ടു തന്നെ ഇതരവീക്ഷണകോണുകളില്‍ നിന്നുള്ള ആലോചനകളും ഉയര്‍ന്നുവരേണ്ടതുണ്ട്.

ആതുരാലയങ്ങള്‍ കേവല സംരംഭങ്ങള്‍ക്കുപരിയായ പരിഗണന സമൂഹത്തില്‍ നിന്നര്‍ഹിക്കുന്നതുപോലെ, അവ കേവല സംരംഭങ്ങളായി ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കരുതെന്ന മറുവശവും പറയാതിരിക്കാനാവില്ല. മനുഷ്യജീവനെയും ആരോഗ്യത്തെയും വെറും കച്ചവടവസ്തുക്കളായി കണ്ടുകൊണ്ട്, ഏതുവിധേനയും ലാഭമുണ്ടാക്കാനുള്ള ഉപജാപങ്ങള്‍ ആരോഗ്യരംഗത്തു നിരുത്സാഹപ്പെടുത്തേണ്ടതാണ്. മരുന്നും മറ്റു ചികിത്സാവസ്തുക്കളും ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന വ്യവസായികളുടെ പിണിയാളുകളും പങ്കുകാരുമായി ആരോഗ്യരംഗത്തെ സംരംഭകരും പ്രവര്‍ത്തകരും മാറരുത്. കൊല്‍ക്കത്തയില്‍ നടന്ന കൊലപാതകത്തിന്റെ മുഴുവന്‍ വിവരങ്ങളും ശരിയായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്.

ആതുരാലയങ്ങളും ആതുരസേവകരുമായി ബന്ധപ്പെട്ട എന്തും കത്തോലിക്കാസഭയുടെ സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങളാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കത്തോലിക്കാസഭയെ പോലെ ആശുപത്രികളും ചികിത്സാകേന്ദ്രങ്ങളും നടത്തുന്ന മറ്റൊരു വിഭാഗവും ഇല്ല. ഇന്ത്യയില്‍ മൂവായിരത്തിലധികമാണ് കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തിലുള്ള ആതുരസേവനകേന്ദ്രങ്ങളുടെ എണ്ണം. മെഡിക്കല്‍ കോളേജുകളും ഗവേഷണകേന്ദ്രങ്ങളും മുതല്‍ ഡിസ്‌പെന്‍സറികളും മൊബൈല്‍ ക്ലിനിക്കുകളും വരെ നീളുന്നു അവ. അതുകൊണ്ടു തന്നെ ഇത്തരം ശുശ്രൂഷാസ്ഥാപനങ്ങളുടെയും അവയിലെ ജോലിക്കാരുടെയും സുരക്ഷ സഭയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഭാസ്ഥാപനങ്ങളുടെ അധികാരികള്‍ പ്രത്യേകമായ ശ്രദ്ധ നല്‍കണം. സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട നടപടികള്‍ക്കായി ഭരണാധികാരികളെ സമീപിക്കാനും സമ്മര്‍ദം ചെലുത്താനും സഭാനേതാക്കള്‍ തയ്യാറാകണം.

മനുഷ്യജീവന്റെ അന്തസ്സ് അലംഘനീയമാണ്. ഉദരത്തില്‍ ഉരുവാകുന്നതുമുതല്‍ സ്വാഭാവികാന്ത്യം സംഭവിക്കുന്നതുവരെ ദൈവദത്തമായ ജീവന്‍ കാത്തുസൂക്ഷിക്കുക നമ്മുടെ പ്രഥമവും പ്രധാനവുമായ കടമയാണ്. ഈ ദൗത്യനിര്‍വഹണത്തിനുള്ള മനുഷ്യരുടെ പ്രധാന ഉപാധിയാണ് ആശുപത്രികളും വൈദ്യചികിത്സയും. ആ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു സവിശേഷസംരക്ഷണം കൊടുക്കണം. ഒപ്പം, അമൂല്യമായ മനുഷ്യജീവനെ കച്ചവടവസ്തുവായി കണ്ട് കൊള്ളലാഭക്കൊയ്ത്തു ലക്ഷ്യം വച്ചു നടമാടുന്ന ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകള്‍ക്ക് അന്ത്യം കുറിക്കുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org