അസഹിഷ്ണുതയുടെ ആയുധീകരണം

അസഹിഷ്ണുതയുടെ ആയുധീകരണം

'യുദ്ധം ആര് ശരിയാണെന്ന് നിര്‍ണ്ണയിക്കുന്നില്ല. ആര് അവശേഷിക്കണം എന്നു മാത്രമാണ് അത് തീരുമാനിക്കുന്നത്' എന്നു പറഞ്ഞത് തത്വചിന്തകനായ ബര്‍ട്രാന്റ് റസ്സലാണ്. മറ്റൊരു മഹായുദ്ധത്തിലേക്ക് റഷ്യ-യുക്രൈന്‍ സംഘര്‍ഷം വഴിമാറിയ സാഹചര്യത്തില്‍ യുദ്ധത്തിന്റെ തന്നെ നൈതികത ഒരിക്കല്‍കൂടി ചര്‍ച്ചയാകുകയാണ്.

യുദ്ധം എപ്പോഴും ലോകസമാധാനത്തെയാണ് വെല്ലുവിളിക്കുന്നത് എന്നതിനാല്‍ റഷ്യയുടെ കയ്യേറ്റവും യുദ്ധാതിക്രമവും യുക്രൈന്‍ മേല്‍ മാത്രമല്ല മാനവരാശിയോടാണ് എന്നതില്‍ സംശയമില്ല. നാറ്റോ സഖ്യത്തില്‍ അംഗമാകാനുള്ള യുക്രൈന്റെ ശ്രമം റഷ്യയുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ന്യായത്തിലൂന്നിയാണ് ആ രാജ്യത്തിന്റെ യുക്രൈന്‍ അധിനിവേശമെങ്കിലും യുക്രൈനെ ഒരു അയല്‍രാജ്യമായി പോലും അംഗീകരിക്കാനാകാത്ത റഷ്യയുടെ അസഹിഷ്ണുതയും യുദ്ധവെറിയുമാണ് പുതിയ പടയൊരുക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്.

നീതീകരിക്കാനാവാത്ത പ്രാകൃതനീക്കമാണിതെന്നാണ് ലോക നേതാക്കളുടെ പ്രതികരണം. പ്രമുഖ ലോകരാഷ്ട്രങ്ങള്‍ റഷ്യയ്‌ക്കെതിരായ ഉപരോധം കടുപ്പിച്ചും യുക്രൈന് ആയുധങ്ങളെത്തിച്ചും നിലപാട് വ്യക്തമാക്കി. എന്നാല്‍ യുക്രൈനിലെ വിമത പ്രവിശ്യകളായ ഡൊണെറ്റ്‌സ്‌ക്കിനെയും ലുഹാന്‍സ്‌ക്കിനെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച് അവരുടെ രക്ഷയ്‌ക്കെത്തുന്ന വിധത്തില്‍ സം ഘര്‍ഷങ്ങളെ അയവില്ലാതാക്കുന്ന സമീപനം റഷ്യ തുടരുകയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായെണ്ണുന്ന പുടിന്‍ രണ്ടു ദശകം പിന്നിടുന്ന തന്റെ ഭരണകാലത്ത് വിമതശബ്ദങ്ങളെ ഒന്നൊന്നായി അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഒട്ടേറെ മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിച്ചും പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചുമാണ് 2018 മാര്‍ച്ചില്‍ നാലാംവട്ടം അദ്ദേഹം പ്രസിഡന്റായത്. 2024-ല്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാലും തുടരാനനുവദിക്കുന്ന ഭരണഘടനാഭേദഗതി 2020-ല്‍ കൊണ്ടുവന്നതോടെ അടുത്ത രണ്ടു ദശകങ്ങളിലും റഷ്യയുടെ സര്‍വ്വാധിപതിയായി ഭരിക്കാന്‍ പുടിനു കഴിയും. ആയോധന കലയില്‍ അതിസമര്‍ത്ഥനായ ഒരാള്‍ക്ക് അടിച്ചമര്‍ത്തലിന്റെ ഭാഷ സ്വാഭാവികമായതില്‍ അത്ഭുതം വേണ്ട.

രണ്ടാം ലോക മഹായുദ്ധത്തിനിടയാക്കിയ അതിതീവ്ര ദേശീയ വാദത്തിന്റെ ചുവടുപിടിച്ചാണ് പുടിന്റെ പടനീക്കമെന്നത് ശ്രദ്ധേയമാണ്. യുക്രൈനെ നിരായൂധീകരിക്കുകയും നാസി മുക്തമാക്കുകയുമാണ് തന്റെ പോരാട്ട ലക്ഷ്യമെന്ന പുടിന്റെ ന്യായീകരണത്തില്‍ അതിദേശീയതയുടെ വിഷയുക്തി മറഞ്ഞിരിക്കുന്നുണ്ടെന്നത് നമ്മെ ഭയ പ്പെടുത്തണം.

ദേശീയത തീവ്രദേശീയതയ്ക്ക് വഴിമാറുന്ന പുതിയ ലോകക്രമത്തില്‍ ജനാധിപത്യം പക്വതയോടെ പ്രയോഗിക്കുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുവെന്നതാണ് വാസ്തവം. അസഹിഷ്ണുതയെ ആയുധമണിയിക്കുന്ന അപരവിദ്വേഷം അടങ്ങാത്ത ആര്‍ത്തിയായി പരിണമിക്കുമ്പോള്‍, അക്രമം സ്വാഭാവിക നീതിയായി നിലനിര്‍ത്തുന്നതിന്റെ പരിഹാസ്യതയാണ് പുതിയ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. അപരവത്കരണം അനിവാര്യമാക്കുന്ന ആയുധപ്പുരയ്ക്ക് അരികില്‍നിന്നുമാണ് എല്ലാ തരത്തിലുമുള്ള യുദ്ധ ന്യായീകരണങ്ങളും തങ്ങളിന്മേലുള്ള പുടിന്റെ സര്‍വ്വാധിപത്യത്തെ സര്‍വ്വാത്മന അംഗീകരിച്ച റഷ്യന്‍ ജനത ഫാസിസത്തിന് അതിവേഗം കീഴടങ്ങുന്ന പുതിയകാല ജനാധിപത്യ അപചയത്തിന്റെ ഒടുവിലത്തെ ഉദാരണമാണ്.

ബലാറസിലെ ചര്‍ച്ചയെ അപഹാസ്യമാക്കും വിധം കുഞ്ഞുങ്ങളെ കൊന്നുേപാലും യുദ്ധവ്യാപ്തി റഷ്യ കടുപ്പിക്കുമ്പോള്‍ സമാധാനം അകലെയാണോ എന്ന ആശങ്ക വര്‍ദ്ധിക്കുന്നുണ്ട്. റഷ്യക്കെതിരെ നാറ്റോ സഖ്യമെന്നാല്‍ 30 രാഷ്ട്രങ്ങള്‍ മറുഭാഗത്ത് അണിനിരക്കുന്ന ലോകമഹായുദ്ധം എന്നു തന്നെയാണ് അര്‍ത്ഥം. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത പോരെന്ന ആക്ഷേപം കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ചേരിചേരാ നയത്തിന്റെ നല്ല പാരമ്പര്യ സ്മരണയില്‍ മാറി നില്‍ക്കുന്ന അടവു നയമല്ല, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന സമാധാനത്തിന്റെ സജീവ വക്താവായി ഇന്ത്യ മാറണം, ഇടപെടണം.

പ്രോട്ടോക്കോള്‍ മറികടന്ന് റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി സമാധാനത്തിനായിക്കേണ പോപ്പ് ഫ്രാന്‍സിസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥനാകാമെന്ന് സമ്മതിച്ചെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. യുദ്ധമുഖത്ത് മലയാളി കന്യാസ്ത്രീകളുള്‍ പ്പെടെയുള്ളവരുടെ പുനരധിവാസ ശ്രമങ്ങള്‍ ആശ്വാസത്തോടെയാണ് ലോകം കണ്ടത്.

'നല്ല യുദ്ധം മോശം സമാധാനം എന്നൊന്നില്ല' എന്ന് ബഞ്ചമിന്‍ ഫ്രാങ്കഌന്‍ നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍ യുദ്ധ സന്നദ്ധരായി നില്‍ക്കുന്നവരൊക്കെയും മാനവരാശിയുടെ മഹാവിപത്തായി തന്നെ നാം തിരിച്ചറിയണം. ഇനിയൊരു യുദ്ധം വേണ്ട എന്ന തീരുമാനം ആത്മാര്‍ത്ഥമാകണം. അതിനുള്ള പരിശ്രമങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടാകണം. നാളെ നാം ഇവിടെ തുടരാനുള്ള കാരണം അതു മാത്രമാണ്. മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org