അതിരൂപതാ സമ്മേളനം ആവശ്യപ്പെടുന്നതെന്ത്?

അതിരൂപതാ സമ്മേളനം ആവശ്യപ്പെടുന്നതെന്ത്?

'കേള്‍ക്കാനും വിമര്‍ശിക്കപ്പെടാനും സഭ ഭയപ്പെടരുത്' എന്ന ആത്മവിമര്‍ശനാധിഷ്ഠിതമായ ആഹ്വാനത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സിനഡ് സമ്മേളനം സമാപിച്ചു. 2022 ജൂണ്‍ 25-ന് തൃക്കാക്കര ഭാരതമാതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതയിലെ വൈദികരെയും സമര്‍പ്പിതരെയും അല്മായ സമൂഹത്തെയും പ്രതിനിധീകരിച്ച് 971 പേര്‍ പങ്കെടുത്തു. തുറവിയുടെയും തുറന്നു പറച്ചിലിന്റെയും വിമര്‍ശനവേദികള്‍ ആത്മാര്‍ത്ഥമായി തുറന്നിട്ട സിനഡ് സമ്മേളനം അതിനാല്‍ത്തന്നെ ചരിത്രമായി; അസാധാരണമായ കൂട്ടായ്മയുടെ അനുഭവവുമായി.

സിനഡെന്നാല്‍ വെറുമൊരു സമ്മേളനം മാത്രമല്ലെന്നും, അതൊരു ജീവിതരീതിയും പ്രവര്‍ത്തനശൈലിയുമാണെന്നും, സിനഡാത്മകതയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ഓര്‍മ്മെപ്പടുത്തി. സഭാജീവിതം സഹയാത്രയാണെന്നും സംഭാഷണത്തിലൂടെ പൂര്‍ത്തിയാക്കേണ്ട സംയുക്തദൗത്യമാണെന്നും അതുവഴി ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ''ഒരുമിച്ചുള്ള ഈ യാത്രയില്‍ എല്ലാവരെയും അറിയണം, എല്ലാവരെയും കേള്‍ക്കണം. എല്ലാവര്‍ക്കും അവസരങ്ങള്‍ ഉണ്ടാകണം, മേല്‍ക്കോയ്മകള്‍ അവസാനിപ്പിക്കണം. സഭയുടെ അടിസ്ഥാന സ്വഭാവമായ 'സിനഡാലിറ്റി' നഷ്ടപ്പെടുത്തുന്നതാണ് സഭയുടെ പരാജയ ത്തിനു കാരണം. എന്തെന്നാല്‍ സിനഡാലിറ്റി ഇല്ലാത്ത സഭ അതില്‍ത്ത ന്നെ വൈരുദ്ധ്യമാവുകയാണ്.''

വൈരുദ്ധ്യത്തിന്റെ ഈ വിരൂപസാക്ഷ്യം തുടര്‍ച്ചയായി നല്കിയ പരാജയ നാളുകള്‍ സഭയുടേതായതില്‍ സമകാലീക സംഭവങ്ങള്‍ക്ക് പങ്കുള്ള പശ്ചാത്തലത്തില്‍, ഈ തുറന്നുപറച്ചിലിന് ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അതിരൂപതാ സിനഡിനൊരുക്കമായി വിവിധ തലങ്ങളിലും വേദികളിലും സംഘടിപ്പിക്കപ്പെട്ട വ്യത്യസ്ത സിനഡു സമ്മേളന ങ്ങളില്‍ അവതരിപ്പിക്കപ്പെട്ട അഭിപ്രായപ്രകടനങ്ങളില്‍, താഴെയുള്ളവരെ വേണ്ടവിധം കേള്‍ക്കാതെ പോയതില്‍ സഭാ നേതൃത്വത്തിനുള്ള പങ്കിനെ പ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ വളരെ വ്യക്തമായിരുന്നു; ആത്മരോഷത്തോടെ അതവതരിപ്പിക്കപ്പെടുകയും ചെയ്തു.

മറ്റൊരു പ്രാദേശികസഭയ്ക്കും അവകാശപ്പെടാനാകാത്ത വിധം സമൂഹത്തില്‍ വിവിധ തുറയിലുള്ളവരുമായി അതിരൂപത തുറവിയോടെ സംവദിച്ച സംഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. കേള്‍ക്കാന്‍ കാതുകള്‍ മാത്രം പോരാ അസാധാരണമായ ധൈര്യവും വേണമെന്ന് തെളിയിക്കപ്പെട്ട സമ്മേളന ശ്രമങ്ങളായിരുന്നു അവ. കുട്ടികള്‍ മുതല്‍ വൈദികര്‍, അധ്യാപകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, അതിഥിത്തൊഴിലാളികള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്, വനിതകള്‍, വിധവകള്‍, വിവിധ മതസ്ഥര്‍ തുടങ്ങി സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകങ്ങളെയാകെ ആഴത്തില്‍ അറിഞ്ഞും ഉള്‍ക്കൊണ്ടും നടത്തിയ സിനഡു സമ്മേളനങ്ങള്‍ പങ്കാളിത്തത്തിന്റെ പ്രാമാണ്യം കൊണ്ടു മാത്രമല്ല, പ്രമേയങ്ങളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധേയമായി. കേള്‍ക്കാന്‍ ഭയപ്പെടുന്ന സഭ ക്രിസ്തുവിന്റെ സഭയല്ലെന്ന തിരിച്ചറിവില്‍ സംഘടിപ്പിക്കപ്പെട്ട ഇത്തരം ചെറുസമ്മേളനങ്ങള്‍ സഭയുടെ വലിയ പ്രവാചകദൗത്യത്തെത്തന്നെയാണ് സത്യമായും അടയാളപ്പെടുത്തുന്നത്.

അതിരൂപതയുടെ തനതായ തനിമയെ അഭിമാനത്തോടെ ഓര്‍ത്തെടുത്ത ധന്യനിമിഷങ്ങള്‍ക്കും സമ്മേളനം സാക്ഷിയായി. വര്‍ഗ്ഗീയതയ്ക്കും പ്രാദേശിക വാദത്തിനും ഈ മണ്ണില്‍ ഇടമില്ലെന്ന് സമ്മേളനം ഉറക്കെപ്പറഞ്ഞു. വിവിധ കത്തോലിക്ക-അകത്തോലിക്കാ സമൂഹങ്ങളുമായുള്ള സം വാദം അതിരൂപത ഇനിയും തുടരണമെന്ന് ആവശ്യപ്പെട്ടു. ഭൂമിവിവാദം, കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃത രീതി തുടങ്ങിയ വിഷയങ്ങളില്‍ അതിരൂപതയാകെ കലങ്ങി മറിഞ്ഞപ്പോഴും ഐക്യത്തോടെ ഒന്നിച്ചുപോകാനായതില്‍ സമ്മേളനം അഭിനന്ദനമറിയിച്ചു. കൂടിയാലോചനകളിലൂടെ അല്മായപങ്കാളിത്തം ഉറപ്പുവരുത്തുന്ന അതിരൂപതയുടെ തനതായ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ടു. ജനാഭിമുഖ ബലിയര്‍പ്പണം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തെ സാധൂകരിക്കുന്നതിനാല്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സമ്മേളനം അഭിപ്രായെപ്പട്ടു.

ഒപ്പം, സമ്മേളനങ്ങള്‍ മുന്നോട്ടു വച്ച ഭയാശങ്കകളും പ്രധാനപ്പെട്ടതാണ്. സഭയില്‍ യുവജനങ്ങള്‍ വേണ്ടവിധം കേള്‍ക്കെപ്പടുന്നില്ല എന്ന പരാതി സമ്മേളനത്തിലുയര്‍ന്നു. ക്രിസ്തുവിന്റെ സഭയായിത്തുടരുമ്പോഴും ഒറ്റ സമൂഹമായി പരിവര്‍ത്തിതമാകാത്തതും സഭാ സമീപനങ്ങളിലെ സമയോചിതമായ നവീകരണ ശ്രമങ്ങള്‍ വൈകുന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. തുറന്നു പറയുന്നവരെ തൂത്തുമാറ്റുന്ന അനുഭവങ്ങള്‍ വേദനാജനകമാണ്. വ്യക്തിയുടെ തീരുമാനങ്ങള്‍ പൊതുതീരുമാനങ്ങളായി അടിച്ചേല്പിക്കു ന്നതും ചര്‍ച്ചയായി. ആഘോഷവേദികളിലെ അതിരുവിടുന്ന ആഡംബരവും ധൂര്‍ത്തും എതിര്‍സാക്ഷ്യമാണെന്ന് വിലയിരുത്തപ്പെട്ടു. സഭാസ്ഥാപനങ്ങളിലെ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. പൊതുവായ അജപാലനാഭിമുഖ്യം വളര്‍ത്തിയെടുക്കണം. സഭാസ്ഥാപനങ്ങളില്‍ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണം.

''സിനഡാത്മകത ഒരു സംഭവമോ, മുദ്രാവാക്യമോ അല്ല. അത് ഒരു ശൈലിയും അവസ്ഥയുമാണ്. അത് വഴിയാണ്, സഭ അതിന്റെ പ്രേഷിത ദൗത്യം ലോകത്തില്‍ നിര്‍വ്വഹിക്കുന്നത്. ഈ പൊതുദൗത്യത്തില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരിക്കണം.'' ആഗോള സിനഡു നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങളുടെ കൈപ്പുസ്തകത്തിലെ ഈ സന്ദേശം ഉത്തരമായല്ല, ഉത്തരവാദിത്വമായാണ് നാം ഏറ്റെടുക്കേണ്ടത്. അതിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പാണ് എറണാകുളം-അങ്കമാലി അതിരൂപത സിന ഡുസമ്മേളനം. സീറോ-മലബാര്‍ സഭയുടെ പരിഛേദമായി തുടരുന്ന അതിരൂപതയുടെ സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാതിനിധ്യസ്വഭാവമുള്ളതിനാല്‍ ഗൗരവമേറെയാണ്. നന്നായതു സംഘടിപ്പിച്ചതിലഭിമാനിക്കുമ്പോഴും അതിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ നിലപാടായി നിലനില്ക്കുമോ എന്നതിനെ ആശ്രയിച്ചാണ് ക്രിസ്തുമാര്‍ഗ്ഗത്തിലുള്ള അതിരൂപതയുടെ ഭാവി, സഭയുടെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org