ഒരു ഇന്ത്യന്‍ 'സ്വകാര്യ' പ്രണയ കഥ

ഒരു  ഇന്ത്യന്‍ 'സ്വകാര്യ' പ്രണയ കഥ
Published on

ഇന്‍ഡിഗോ എന്ന സ്വകാര്യ സ്ഥാപനത്തിലെ സങ്കേതികമായ തടസ്സം/പ്രതിസന്ധി ഒരു രാജ്യത്തിന്റെ ചലനാത്മകതയെ അങ്ങോളം ഇങ്ങോളം ബാധിക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞയാഴ്ച നമ്മുടെ നാട് സാക്ഷിയായി. എയര്‍പോര്‍ട്ടുകള്‍ നിറഞ്ഞു. ജനം വലഞ്ഞു. ഇതിന് മുമ്പും പലപ്പോഴും വിമാന കമ്പനികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. ഫ്‌ലൈറ്റുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും സര്‍ക്കാരിന് അടിയന്തര സ്വഭാവത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടി വന്നിട്ടില്ല. ഒരു കമ്പനിയെ മാറ്റി നിര്‍ത്തി രാജ്യത്തിന് സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ ആവാത്ത അവസ്ഥ സമീപകാല ഇന്ത്യയുടെ ഭരണ സംവിധാനത്തിലെ നയപരമായ വ്യതിയാനങ്ങളുടെ ബാക്കി പത്രങ്ങളില്‍ ഒന്നാണ്.

സ്വകാര്യകമ്പനികള്‍ രാജ്യത്തിന്റെ അടിസ്ഥാന സേവന സൗകര്യങ്ങളുടെ ഭാഗമാകുമ്പോള്‍, അവ വളര്‍ന്ന് സര്‍വാതിശായിയായി മാറുമ്പോള്‍ സംഭവിക്കുന്ന ഒന്ന്! ഒരു സ്വകാര്യ സംവിധാനത്തെ ഭരണകൂടത്തിന് ബൈപ്പാസ് ചെയ്യാന്‍ ആവാത്ത വിധം ശക്തമാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഭരണകൂടത്തിന്റെ സ്വാധീനത്തോടെ നില്‍ക്കുന്ന സ്വകാര്യ കുത്തക സംവിധാനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

'ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള സമ്പൂര്‍ണ്ണ ലയനമാണ് ഫാസിസം' എന്ന് പറഞ്ഞത് മുസോളിനി തന്നെ ആണ്.

ഡിജിറ്റല്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ആയ അനിവര്‍ അരവിന്ദ് പുതിയകാല ഇന്ത്യയില്‍ ഒരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതിന് 3 ചോദ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്ന്, സംരംഭം പൂര്‍ണ്ണമായി സര്‍ക്കാരിന് ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്നതാണോ? രണ്ട്, ഈ സംരംഭത്തിന് സമാന്തരമായി മറ്റൊന്ന് നിര്‍മ്മിക്കാന്‍ കഴിയുമോ? മൂന്ന്, പൗരന് ഇത് എപ്പോള്‍ വേണമെങ്കിലും വേണ്ടെന്നു വയ്ക്കാന്‍ സാധിക്കുമോ? മൂന്നിനും ഇല്ല എന്നാണ് ഉത്തരം എങ്കില്‍ അത് ഗവണ്‍മെന്റ് ആശീര്‍വാദമുള്ള സ്വകാര്യ കുത്തക സംവിധാനം ആയിരിക്കും, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആയിരിക്കില്ല എന്നാണ് നിരീക്ഷണം. ആധാര്‍, യു പി ഐ പണമിടപാടുകള്‍, റിലയന്‍സ് ജിയോ കണക്ടിവിറ്റി, അദാനി സപ്ലൈ ചെയിന്‍, ഡിജിറ്റല്‍ കൊമേഴ്‌സും ഡേറ്റയും നിയന്ത്രിക്കാനെത്തുന്ന പുതിയ കുത്തകകള്‍ ഒക്കെ ഇത്തരം റീപ്ലേസ് ചെയ്യാന്‍ ആകാത്ത സാധ്യതകളിലേക്ക് കടക്കുന്നു അദ്ദേഹം ഉദാഹരിക്കുന്നുണ്ട്.

പൊതുമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്വകാര്യവല്‍ക്കരണവും കരാര്‍വല്‍ക്കരണവും ഉപയോഗിക്കുന്നതു നവകാല പൊതുഭരണ തന്ത്രജ്ഞതയുടെ ഭാഗമാണ്. എങ്കിലും പൊതുമേഖലകളില്‍ വിറ്റഴിക്കപ്പെടേണ്ട ഓഹരികള്‍ എത്ര വരെ ആകാം എന്ന്, സ്വകാര്യ സംരംഭങ്ങളുടെ പ്രാതിനിധ്യ പരിധികള്‍ എത്രമാത്രം എന്ന് ഒക്കെ ഗവണ്‍മെന്റിനു കൃത്യമായ ദര്‍ശനം ഉണ്ടാകണം. കാരണം ഇത്തരം സ്വകാര്യ കമ്പനികള്‍ ലക്ഷ്യമിടുന്നത് പൊതുനന്മയോ സമത്വമോ സാമൂഹ്യനീതിയോ അല്ല, ലാഭവും കുത്തകയും ആണ്. അവര്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നത് സമാന സ്വഭാവത്തിലുള്ള സംരംഭകരയും അവ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ സാധ്യതകളെയും ആണ്.

ഒരു രാജ്യത്തിന്റെ പ്രതിരോധം, ആശയവിനിമയം, ഊര്‍ജ്ജ വിതരണം, ഗതാഗതം എന്നിവ തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യങ്ങള്‍ ആണ്. ഈ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു സ്വകാര്യ കമ്പനി ആധിപത്യം നേടാന്‍ ഇടവരുന്നത് ദേശീയ സുരക്ഷ സംബന്ധിച്ച പഠനങ്ങളില്‍ വലിയ വീഴ്ചയായി ദേശീയ സുരക്ഷാ പഠനങ്ങള്‍ കണക്കാക്കുന്നു. പ്രത്യേകിച്ച് ഡിജിറ്റല്‍ രംഗത്തും ഗതാഗത മേഖലയിലും കുത്തകകള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു തരം സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമാണ്. ഇത് കുത്തകളെ തകര്‍ക്കാന്‍ കഴിയാത്ത വിധം വലുതാക്കുന്നു. തോല്‍ക്കാന്‍ കഴിയാത്ത വിധം അജയ്യരാക്കുന്നു. അവരെ നിയന്ത്രിക്കേണ്ട ഭരണകൂടം തന്നെ അവര്‍ തകര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഭയന്ന് നിസ്സഹായരാകേണ്ടി വരുന്നു. ഇത്തരം പ്രതിസന്ധികളില്‍ ചിലപ്പോള്‍ നിയന്ത്രിക്കേണ്ടവര്‍ പോലും കുത്തകളുടെ തടവിലായി എന്നും വരാം. അതിനെതിരെ ശബ്ദിക്കുവാന്‍ സര്‍ക്കാറിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യവും ഉണ്ടാകാം. കാരണം കമ്പനിയെ ശിക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോഴെല്ലാം ശിക്ഷിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും രാജ്യം തന്നെ ആകുന്ന അവസ്ഥ.

കുത്തകകള്‍ പ്രതിസന്ധിയിലാകുമ്പോള്‍ അവര്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍, വിദേശനിക്ഷേപം, രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ എന്നിവ പരിഗണിച്ച് ഇവര്‍ക്ക് പ്രത്യേക പരിഗണനയും ഇളവും കൊടുക്കേണ്ടി വരുന്നു. ഭാരപ്പെടുന്നത് സാധാരണക്കാരും. ഇത് ഒരു തരം 'സ്വയം ബന്ദിയാകല്‍' ആണ്.

വികസിത രാജ്യങ്ങളെ വരിഞ്ഞുമുറുക്കിയ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ഒരു പരിധിവരെ ബാധിക്കാതിരുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ചിലത് റിസര്‍വ് ബാങ്ക്, വിവേചന രഹിതമായ വായ്പകള്‍ക്ക് വച്ചിരുന്ന നിഷ്ഠയാര്‍ന്ന നിയമങ്ങളും സ്വകാര്യ സംരംഭകരെ കൃത്യമായി അകലത്തില്‍ നിലനിര്‍ത്തി, പൊതുമേഖല നിക്ഷേപങ്ങളില്‍ ഗവണ്‍മെന്റ് കാണിച്ച ശ്രദ്ധയും കൂടി ആയിരുന്നു.

എന്നാല്‍ ഇന്ന് ഒരു ക്ഷേമ രാഷ്ട്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ കാല സ്റ്റാര്‍ട്ടപ്പ് തന്ത്രജ്ഞത ഉപയോഗിച്ച് നടപ്പിലാക്കുമ്പോള്‍ ഗൗരവമായ ഇന്‍ഡിഗോ സമാന പ്രതിസന്ധികള്‍ ആമുഖം മാത്രമാണ്. അത് പൗരന്മാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സുതാര്യതയും നിഷേധിക്കും.

'ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള സമ്പൂര്‍ണ്ണ ലയനമാണ് ഫാസിസം' എന്ന് പറഞ്ഞത് മുസോളിനി തന്നെ ആണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org