നിര്‍മ്മിത ബുദ്ധിയും നിയന്ത്രണങ്ങളും

നിര്‍മ്മിത ബുദ്ധിയും നിയന്ത്രണങ്ങളും
Published on

'ഏകാധിപതികള്‍ ജനങ്ങളെ അടിച്ചമര്‍ത്താനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന' സാം ഓള്‍ട്ട്മാന്റെ പ്രസ്താവന അമ്പപ്പോടെയാണ് ശ്രവിച്ചത്. ലോകമാകെ തരംഗമായ എഐ സോഫ്റ്റ്‌വെയറായ 'ചാറ്റ്ജിപിറ്റി'യുടെ സ്രഷ്ടാവില്‍ നിന്നുതന്നെ വന്ന ഈ മുന്നറിയിപ്പില്‍ ലോകം ഭയക്കേണ്ട പലതുമുണ്ട്. 'ആണവോര്‍ജം പോലെയാണ് എഐ. നന്മയ്ക്കും തിന്മയ്ക്കും അതുപയോഗിക്കാം.'

മനുഷ്യരാശിയുടെ ഭാവിയെ അതിശയകരമായ വിധത്തില്‍ നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയായി വളരുകയാണ് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - എഐ). മനുഷ്യന് ബുദ്ധിയുപയോഗിച്ച് ചെയ്യാവുന്ന ഏതു കാര്യവും അതുപോലെ ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യ എന്ന സങ്കല്പമാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിനെക്കുറിച്ചും അക്കാദമിക് വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്, നിര്‍മ്മിത ബുദ്ധികളെ സൃഷ്ടിക്കുന്ന അതിനിര്‍മ്മിത ബുദ്ധിയാണത്. ഒരു പക്ഷെ, മനുഷ്യന്റെ അവസാനത്തെ കണ്ടുപിടുത്തം പോലും അതാകും. തുടര്‍ന്നുള്ളതിന്റെയെല്ലാം സ്രഷ്ടാവും കര്‍തൃത്വവും അത് ഏറ്റെടുത്തുകൊള്ളും.

വെബ് ആദ്യമായി വലിയ തോതില്‍ സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിച്ച് തുടങ്ങിയത് ഇ-മെയിലിന്റെ വരവോടെയായിരുന്നു. ഇന്ത്യക്കാരനായ സബിര്‍ ഭാട്ടിയ 1996-ല്‍ തുടക്കമിട്ട ഹോട്ട്‌മെയിലിലൂടെയായിരുന്നു അത്. ഇ-മെയില്‍ സേവനരംഗത്ത് പിന്നീട് 'യാഹൂ' എത്തി. ഇപ്പോള്‍ എല്ലായിടത്തും 'ജി-മെയിലായി.'

സേര്‍ച്ച് എന്‍ജിന്‍ സേവന ദാതാക്കളില്‍ മുഖ്യപങ്കാളിത്തം ഗൂഗിളിനു മാത്രമായി തുടരുന്നതിനിടയിലായിരുന്നു, മൈക്രോസോഫ്റ്റിന്റെ ഉല്പന്നമായി കടന്നുവന്ന 'ചാറ്റ്ജിപിറ്റി. 'ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍' എന്നാണ് പൂര്‍ണ്ണരൂപം. 'ഓപ്പണ്‍ എഐ' എന്ന കമ്പനി വകയായി 2022 നവംബറില്‍ മാത്രം ലഭ്യമായി തുടങ്ങിയ ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിറ്റി എന്ന് ലളിതമായി പറയാം. പത്തു ലക്ഷം ഉപയോക്താക്കളിലേക്കെത്താന്‍ വെറും 5 ദിവസം മാത്രമെ വേണ്ടിവന്നുള്ളൂ എന്നതില്‍ നിന്നും ചാറ്റ്‌ബോട്ടുകളില്‍ ചാറ്റ്ജിപിറ്റിയുടെ ജനപ്രിയതയും സേവനവൈപുല്യവും വ്യക്തമാണ്.

നമ്മുടെ അനുദിനജീവിതത്തെ അവിശ്വസനീയമാം വിധം മാറ്റിപ്പണിയാനുള്ള പലതും ഉള്ളടങ്ങിയിട്ടുള്ള അതിനൂതനമായ സാങ്കേതിക വിജ്ഞാന വിതരണ രീതിയാണ് ചാറ്റ്ജിപിറ്റി. സയന്‍സ് ഫിക്ഷനുകളിലെ സാങ്കല്പിക ലോകത്തേക്കുള്ള അകലം കുറഞ്ഞു വരുന്നതിന്റെ സാങ്കേതികാടയാളമായി ഈ ബൗദ്ധികവ്യതിയാനത്തെ വിവക്ഷിക്കണം.

വിവരങ്ങള്‍ ഓര്‍ത്തു വയ്‌ക്കേണ്ടതില്ലെന്നും, ആവശ്യാനുസരണം അത് വിരല്‍ത്തു മ്പകലത്തില്‍ സംലഭ്യമാണെന്നും മാലോകരറിഞ്ഞത് ഇന്റര്‍നെറ്റിന്റെ വരവോടെയാണ്. വിവിധതരം വിവരങ്ങളിലേക്കുള്ള ലിങ്കുകളുടെ ലിസ്റ്റുമായി ഒരു വഴികാട്ടിയെപ്പോലെ ഗൂഗിള്‍ പ്രത്യക്ഷപ്പെട്ടിടത്ത്, സ്വയം വഴിയും ലക്ഷ്യവുമാകുന്ന അറിവിന്റെ അപഗ്രഥനലോകത്തെയാണ് ചാറ്റ്ജിപിറ്റി അവതരിപ്പിക്കുന്നത്. എന്നു മാത്രമല്ല, അതേറ്റവും വേഗത്തില്‍ ലളിതമായി പറഞ്ഞു തരികയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ ചെയ്യേണ്ട ജോലികൂടി ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ടാണ് വിവരവിജ്ഞാനലോകത്തെ സാങ്കേതികാതിശയവും മഹാവിപ്ലവവുമായി ചാറ്റ്ജിപിറ്റി ആഘോഷിക്കപ്പെടുന്നത്.

ചാറ്റ്ജിപിറ്റിയുടെ ഉപയോഗങ്ങള്‍ വിപുലവും വ്യത്യസ്തവുമാണ്. ലാംഗ്വേജ് പ്രോസസ്സിംഗ്, ലേഖനങ്ങളുടെ ഉള്ളടക്കം തയ്യാറാക്കല്‍, വിവര്‍ത്തനം എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. ചാറ്റ്ജിപിറ്റി ഒട്ടേറെപ്പേരുടെ തൊഴില്‍ നഷ്ടപ്പെടുത്താനിടയാക്കുന്നതും ഇങ്ങനെയാണ്. അനേകം കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പകരം ഇനി മുതല്‍ ഒരു ചാറ്റ്‌ബോട്ട് മതിയാകും.

വൈദ്യശാസ്ത്ര രംഗത്തും മാനവശേഷി വികസന മേഖലയിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനം വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുന്നുണ്ട്. കണ്ണിന്റെ ഫോട്ടോ മാത്രമെടുത്ത് തിമിരത്തോതളക്കുന്ന നൂതന സാങ്കേതികവിദ്യ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പുതിയതായി സ്ഥാപിച്ച് വിവാദമായ എഐ ക്യാമറകള്‍ ഈ സാങ്കേതികവിദ്യയുടെ ഏറ്റവും ലളിതവും സാധാരണവുമായ സംഭാവന മാത്രമാണ്.

മനുഷ്യനെ 'നിര്‍മ്മിത മനുഷ്യന്‍' പുറത്താക്കുമോ എന്ന ചോദ്യമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അത്യാധുനിക യുഗത്തിലെ പ്രധാന ധാര്‍മ്മിക പ്രശ്‌നം. ഭാവിയിലെ സൃഷ്ടികര്‍മ്മം നിര്‍മ്മിത മനുഷ്യന്റേതാകുമ്പോള്‍, ധാര്‍മ്മികത മാത്രമല്ല, അവന്റെ / അവളുടെ അസ്തിത്വം തന്നെ അപകടത്തിലാകും.

ചാറ്റ്ജിപിറ്റി വഴി ലഭ്യമാകുന്ന വസ്തുതകളുടെ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യപ്പെടുമെന്നു മാത്രമല്ല, അധികാരകേന്ദ്രങ്ങള്‍ക്ക് ആവശ്യാനുസരണം അവയെ ദുരുപയോഗിക്കാനുള്ള സര്‍വസാധ്യതയുമുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് വ്യാജവാര്‍ത്തകളുടെ വന്‍തോതിലുള്ള വിതരണ കേന്ദ്രമായി അത് വഴിതെറ്റാനുള്ള അപകട സാധ്യതയെയും അവഗണിക്കാനാവില്ല. എഐ ഗോഡ്ഫാദര്‍ ജഫ്രി ഹിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പോലും ഈ പുതിയ സാങ്കേതികവിദ്യയെ മനുഷ്യവിരുദ്ധമായി കണ്ട് നിരാകരിക്കുന്നതും അതുകൊണ്ടാണ്.

നമ്മുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് നമുക്കു വേണ്ടതൊക്കെ നിരത്തിവയ്ക്കുന്ന വെബ് വിസ്മയത്തിനപ്പുറത്ത്, നമ്മുടെ താല്പര്യങ്ങളെപ്പോലും അപകടകരമായി നിര്‍ണ്ണയിക്കുന്ന വിധത്തിലേക്ക് എഐയുടെ അനന്തസാധ്യതകള്‍ പുരോഗമിക്കുമ്പോള്‍, സവിശേഷ ബുദ്ധിജീവിയായി പരിണമിച്ച മനുഷ്യന്റെ മേല്‍ക്കോയ്മ അവനു തന്നെ നഷ്ട മാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വഷളാകുന്നു എന്നതാണ് ഈ പ്രതിസന്ധിയുയര്‍ ത്തുന്ന അടിയന്തിര ധാര്‍മ്മികപ്രശ്‌നം.

ഈ മേഖലയില്‍ സമഗ്രമായ ഇടപെടല്‍ സഭയുടെ ഭാഗത്തു നിന്നും ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടേതായി ഇനിയുമുണ്ടായിട്ടില്ലെന്നത് ഭാവിയിലെ വിശ്വാസപ്രതിസന്ധിയാകും.

ഞാനറിയാതെ എനിക്കുവേണ്ടി മറ്റൊരാള്‍ തീരുമാനമെടുത്ത് പെരുമാറുന്നതാണ് ഇതിന്റെ ഏറ്റവും ലളിതമായ അപകടയുക്തി. മനുഷ്യന്റെ സര്‍ഗാത്മകതയിന്മേലുള്ള സാങ്കേതികവിദ്യയുടെ സര്‍വാധിപത്യ ശ്രമമാണിതെന്നതിനാല്‍ വിപുലമായ ചര്‍ച്ചകളും, വിശദമായ വിലയിരുത്തലുകളും ഇവിടെ അനിവാര്യമാണ്. സമ്പൂര്‍ണ നിരോധനമല്ല, ശരിയായ നിയന്ത്രണമാണ് അഭികാമ്യം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org