അധികാരഭ്രമയുഗം

അധികാരഭ്രമയുഗം

അധികാര പ്രമത്തതയുടെ അടിയൊഴുക്കുകളെ അസാധാരണമാംവിധം ആവിഷ്‌ക്കരിക്കുന്ന സിനിമയാണ് ഈയിടെ പ്രേക്ഷക പ്രശംസ നേടിയ, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായ ഭ്രമയുഗം. രാഹുല്‍ സദാശിവനാണ് സംവിധായകന്‍. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണം. വളരെക്കുറച്ച് അഭിനേതാക്കളെ അണിനിരത്തി, ഇടിഞ്ഞു തകര്‍ന്നു തീരാറായ പഴയൊരു മനയുടെ ഇത്തിരിയിടത്തില്‍ ക്യാമറവച്ച് 17-ാം നൂറ്റാണ്ടിലെ തെക്കന്‍ മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ പൂര്‍ണ്ണമായും കറുപ്പിലും വെളുപ്പിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

മാന്ത്രിക സിനിമയുടെ ജോണറിലാണ് കഥ പറച്ചിലെങ്കിലും അതിനുമപ്പുറം സഞ്ചരിക്കുന്ന വിധത്തിലാണ് അതിന്റെ കഥാ പരിസരസൃഷ്ടി. കൊടുമണ്‍ പോറ്റിയുടെ വേഷത്തില്‍ പകര്‍ന്നാടുന്ന മമ്മൂട്ടിയുടെ കഥാപാത്രം മഹാമാന്ത്രികനെന്നതിനപ്പുറം, പരമാധികാരത്തിന്റെ പൂമുഖത്ത് എന്നും കസേരയിട്ടിരിക്കാനാഗ്രഹിക്കുന്ന സര്‍വശക്തനായ ചാത്ത സ്വരൂപനായാണ് സിനിമയില്‍ ഉടനീളം പ്രത്യക്ഷീഭവിക്കുന്നത്.

ഒരാളുടെ സമയവും ആയുസ്സും പണയവസ്തുവായി സ്വീകരിക്കപ്പെടുവോളം വിധിയൊരുക്കുന്ന പകിട കളിയിലെ വെറും കരുക്കളായി ചുരുക്കപ്പെടുന്ന നിസ്സഹായ ജന്മങ്ങളുടെ ദുര്‍വിധിയുടെ കഥ കൂടിയാണിത്. കലിയുഗത്തിന്റെ അപഭ്രംശമായ ഭ്രമയുഗത്തില്‍ ദൈവനിരാസത്തെ സ്വാഭാവിക ജീവിതക്രമമായി തന്നെ സ്വീകരിച്ചിട്ടുമുണ്ട്. ഒരാള്‍ ഉടയവനും മറ്റേയാള്‍ അടിയാനുമാകുന്നത് വിധിയുടെ വിളയാട്ടമായി അനുഭവിപ്പിക്കുന്ന സിനിമാപരിസരം, സര്‍വാധിപത്യത്തിന്റെ അധികാര സ്വരൂപത്തെ സര്‍വകാലത്തിനുംവേണ്ടിയുള്ള സ്വാഭാവിക രീതിയും നീതിയുമായാണ് അടയാളപ്പെടുത്തുന്നതും.

'അടിമ സ്വതന്ത്രനാകാനല്ല, മറ്റൊരു ഉടയവനാകാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന' ഹെഗേലിയന്‍ വര്‍ഗാധിപത്യ തത്വത്തെ, സര്‍വഥാ സംവേദിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ കഥാതന്തു വികസിക്കുന്നതും സമാപിക്കുന്നതും. വിട്ടുപോകാനുള്ള അനുവാദം പോലും അടിമയുടെ ദാസിത്തത്തോട് ചേര്‍ന്ന് അപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഭ്രമയുഗത്തിലെ സര്‍വാധികാരി, മേലാളഭാവത്തെ അതിന്റെ സകല ആസുരതയോടെയും ആവിഷ്‌ക്കരിക്കുകയാണ്.

ന്യായീകരണ ക്യാപ്‌സൂളുകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്ന ആധുനിക അടിമയുഗത്തെ നന്നായി പ്രദര്‍ശിപ്പിക്കുന്ന സിനിമയില്‍ മദ്യം പോലും മയക്കുന്ന മറവിയുടെ പ്രതീകമായാണ് പ്രത്യക്ഷപ്പെടുന്നത്. മറവിയാണല്ലോ ഫാസിസത്തിന്റെ ആയുധമുനയും. സ്വന്തം പേരും വേരും മറക്കുവോളം അര്‍ജുന്‍ അശോകന്റെ തേവന്‍ എന്ന കഥാപാത്രം അധികാര പ്രയോഗത്തിന്റെ അതിക്രൂര വഴികളില്‍ മുട്ടിലിഴഞ്ഞ് വിധേയപ്പെടുമ്പോള്‍ അധികാരഭ്രമത്തിന്റെ ആന്തരികാടരുകള്‍ തന്നെയാണ് പ്രേക്ഷകസമക്ഷം വെളിവാകുന്നത്.

''അധികാരത്തിനെതിരായ സമരം മറവികള്‍ക്കെതിരെ ഓര്‍മ്മകള്‍ നയിക്കുന്ന സമരമാണെ''ന്ന് മിലന്‍ കുന്ദേര നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍, ''സ്മരണകള്‍ തന്നെയാണ് നമ്മെ പൂര്‍ണ്ണരാക്കുന്നത്'' എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ അതിന് നല്ല പൂരകമാകുന്നുണ്ട്. ഇവിടെ ഓര്‍മ്മകളെ മായിച്ചുകൊണ്ട് ഒരാളുടെ അസ്തിത്വത്തെ തന്നെ ഡിലീറ്റ് ചെയ്യുകയാണ്.

മറവിയെ ഒന്നാന്തരം രാഷ്ട്രീയായുധമാക്കുന്ന വിധത്തില്‍ കൃത്രിമമായി നിരന്തരം നിര്‍മ്മിച്ചെടുക്കുന്ന പ്രതിഛായയുടെ പ്രൊപ്പഗാണ്ട രാഷ്ട്രീയത്തിലൂടെ സാധാരണക്കാരുടെ സങ്കടങ്ങളെയാണ് മയക്കിമായിച്ചില്ലാതാക്കുന്നത്. അധികാരഭ്രമ നിര്‍ഭരമായ ആധുനികയുഗത്തില്‍ സര്‍വാധിപത്യം അങ്ങനെ സ്വാഭാവിക നീതിയാകുകയാണ്. താഴെയുള്ളവരെ തലയുയര്‍ത്താനനുവദിക്കാത്ത ഭ്രമയുഗത്തിലെ സര്‍വാധികാരിയെപ്പോലെ അവകാശങ്ങളെക്കുറിച്ചല്ലാതെ, ആനുകൂല്യങ്ങളെക്കുറിച്ച് മാത്രം വാചാലമാകുന്ന 'ഗ്യാരന്റി' രാഷ്ട്രീയം പൗരന്മാരെ പ്രജകളാക്കുന്ന പ്രതിലോമ പരിപാടി തന്നെയാണ്. രാജശാസനകളുടെ ചെങ്കോല്‍ രാഷ്ട്രീയമല്ല, അദാനിക്കു മാത്രമല്ലാതെ ആം ആദ്മിക്കും ഇടമുള്ള പൊതുജനക്ഷേമത്തിലൂന്നിയ ജനാധിപത്യരീതിയാണ് ഇവിടെ പുലരേണ്ടത്.

സമൂഹത്തില്‍ മാത്രമല്ല, സഭയിലും, സമാനമായ ഉടമ-അടിമബന്ധത്തിന്റെ സം'ഭ്രമ'ങ്ങള്‍ സാധാരണമാണിപ്പോള്‍. സിനിമ അവസാനിക്കുന്നത് ഒരു മോതിരമാറ്റത്തോടെയാണ്. പരമാധികാരത്തിന്റെ 'ചാത്തനിഗ്രഹ'ത്തിനുശേഷം തേവനെന്ന കീഴാള കഥാപാത്രമണിയുന്ന 'അധികാര മോതിരം' അധികാരപ്രമത്തതയുടെ അതിക്രൂര പരമ്പരകള്‍ അവസാനിക്കുന്നില്ലെന്ന സന്ദേശമാണ് സമ്മാനിക്കുന്നത്. ''കൂടുതലായി ഒരു ഭാരവും ആളുകളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനോടൊപ്പം അപ്പസ്‌തോലന്മാര്‍ക്കും തോന്നാനിടയാക്കിയ'' ജെറുസലേം സിനഡിന്റെ ചൈതന്യം (അപ്പ. 15:28) നഷ്ടപ്പെട്ട സിനഡു പിതാക്കന്മാര്‍ പാരമ്പര്യ സംരക്ഷണത്തിന്റെ പുതിയ ഭാരങ്ങള്‍ സഭാമക്കളുടെ മേല്‍ കഠിനമായേല്പിക്കുമ്പോള്‍ അവരില്‍ ചിലരെങ്കിലും വിരലിലണിയുന്ന 'വിവാഹമോതിരം' (മെത്രാന്‍ രൂപതയെ മണവാട്ടിയായി സ്വീകരിക്കുന്ന പാരമ്പര്യത്തിന്റെ പ്രതീകം) വൈരാഗ്യമോതിരമായി പരിണമിക്കുന്നുവോ എന്ന സംശയമുണ്ട്. സര്‍വാധികാരം അരിയിട്ട് വാഴുന്നിടത്ത് അനുസരണം വലിയ പുണ്യമായി വാഴ്ത്തപ്പെടും. അവസാനമില്ലാത്ത കോടതി വ്യവഹാരങ്ങളിലേക്ക് ആരാധനാവിഷയത്തെ വലിച്ചിഴയ്ക്കുമ്പോള്‍, പീലാത്തോസിന്റെ വിജാതീയ പ്രത്തോറിയത്തില്‍ മുറിവണിഞ്ഞ ക്രിസ്തു നിശബ്ദമായി നിലവിളിക്കുകയാണ്.

സമഗ്രാധിപത്യത്തിന്റെ അന്ധകാരശക്തികള്‍ തിമിര്‍ത്താടുന്ന ആധുനിക ഭ്രമയുഗത്തില്‍ സ്വതന്ത്രചിന്തയുടെ തീച്ചൂട്ടുകളാകാന്‍ ക്ഷണമുണ്ടാകുമ്പോള്‍ അത് സ്വീകരിക്കുന്നവരുടെ എണ്ണവും ഗുണവുമത്രെ ജനാധിപത്യ ഭാരതത്തിന്റെ ഭാവിയും, ഭാഗധേയവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org