
ഇരുപതുവര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക പിന്‍മാറുമ്പോള്‍, മതരാഷ്ട്ര വാദത്തിന്റെ തീവ്രധാരകളെ തരിപോലും തൊടാനാകാതെ നാലു കോടിയോളം വരുന്ന അഫ്ഗാന്‍ ജനതയെ അങ്ങേയറ്റം നിരാശയുടെ നിസ്സഹായതയില്‍ നിറുത്തിയാണ് ആ ദയനീയമടക്കമെന്നത് മാനവീകതയുടെ മഹാസങ്കടമായി മാറുകയാണ്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരുന്ന താലിബാന് മറ്റൊരു ലക്ഷ്യമുണ്ട്; ഇക്കുറി ലോകാംഗീകാരം ഉറപ്പിക്കുക എന്നതാണ്.
2021 ആഗസ്റ്റ് 31-നാണ് അമേരിക്കന്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്‍മാറ്റം. 2001 സെപ്തംബര്‍ 11-ന് തങ്ങളുടെ ആത്മാഭിമാനത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ടതിന്റെ ആഘാതത്തെ അമേരിക്ക നേരിട്ടവിധമായിരുന്നു അഫ്ഗാന്‍ അധിനിവേശം. അഫ്ഗാന്‍ ദൗത്യത്തിന് യു.എസ്. ചെലവാക്കിയത് 97800 കോടി ഡോളര്‍ (72 ലക്ഷം കോടി രൂപ). ഇതില്‍ 14300 കോടി ഡോളറും (11 ലക്ഷം കോടി രൂപ) ഉപയോഗിച്ചത് അഫ്ഗാനിസ്താന്റെ പുനരുദ്ധാ രണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 8800 കോടി ഡോളര്‍ അഫ്ഗാന്‍ സുരക്ഷാസേന യെ പരിശീലിപ്പിക്കുന്നതിനും, 360 കോടി ഡോളര്‍ ഭരണനിര്‍വ്വഹണത്തിനും വിനിയോഗിച്ചു. മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സ്ത്രീകളുടെ വിദ്യാഭ്യാ സ പ്രേത്സാഹനത്തിനും മറ്റും അമേരിക്ക വന്‍തോതില്‍ പണം മുടക്കിയിട്ടുണ്ട്.
2001 മുതല്‍ ഇതുവരെ 2300 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 20660 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 'രക്ഷാദൗത്യം' അവസാനിക്കുമ്പോള്‍, ഇരട്ട ടവര്‍ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ബിന്‍ലാദനെ ഇല്ലാതാക്കാനായി എന്നതു മാത്രമാണ് പ്രധാനനേട്ടം. "ഞങ്ങള്‍ അവിടെ രാഷ്ട്ര നിര്‍മ്മാണത്തിന് പോയതല്ല" എന്ന ബൈഡന്റെ കുറ്റസമ്മതം, അമേരിക്കയുടെ ഇതുവരെയുള്ള അധിനിവേശ ചരിത്രമറിയാവുന്നവരെ അത്ഭുതപ്പെടുത്തുകയില്ല.
അഫ്ഗാന്‍ സൈനികരെ ആയുധമണിയിച്ചതല്ലാതെ, അവരില്‍ മതാതീതമായ ദേശീയ ബോധത്തിന്റെ അഗ്നിജ്വലിപ്പിക്കുന്ന വിധത്തില്‍, ആന്തരിക സംസ്‌ക്കരണം ഉറപ്പുവരുത്തിയില്ല എന്നതിന്റെ നല്ല തെളിവാണ്, താലിബാന്റെ രണ്ടാം വരവിന്റെ 'അതിതീവ്രവ്യാപനം.' മലബാര്‍ കലാപപട്ടികയിലെ വെട്ടുംതിരുത്തും ചര്‍ച്ചയാക്കുന്നതിലാണ് പലര്‍ക്കും ഇപ്പോള്‍ താത്പര്യം.
താലിബാന്‍ എന്ന 'പഷ്തൗ' (Pashto) (അഫ്ഗാനിസ്താന്റെ ഔദ്യോഗിക ഭാഷ) വാക്കിന്റെ അര്‍ത്ഥം വിദ്യാര്‍ത്ഥി എന്നാണ്. പക്ഷേ, താലിബാന്‍ അറിവ് നേടുന്നത് മതത്തിന്റെ പ്രാകൃതപ്രയോഗങ്ങളിലും ഹിംസയുടെ അതിതീവ്ര സാധ്യതകളിലും മാത്രമാണെന്ന് അവരുടെ ഒന്നാം വരവ് തന്നെ വ്യക്തമാക്കിയതാണ്. 'ഇസ്‌ലാമിക് എമിറേറ്റ്‌സ്' എന്ന അഫ്ഗാനിസ്താന്റെ പുനഃനാമകരണത്തില്‍ മതാധിപത്യത്തിലെ മനുഷ്യത്വരഹിതമായതെല്ലാമുണ്ട്; എങ്ങനെയൊക്കെ വെള്ളപൂശിയാലും.
എന്നിട്ടും താലിബാന്റെ രണ്ടാം വരവ് കേരളത്തില്‍ ചിലരെ 'വിസ്മയിപ്പിക്കുന്നു' വെന്നത് സോഷ്യല്‍ മീഡിയായിലെ സാധാരണ സംഭവമായി ചെറുതാക്കാമോ എന്ന പ്രശ്‌നമുണ്ട്. ഏറ്റവും ഒടുവില്‍ ഐഎസ് ബന്ധമുള്ള കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവതികളെ എന്‍ഐഎ അറസ്റ്റു ചെയ്തു എന്ന വാര്‍ത്തകൂടി ഇത്തരം 'വിസ്മയ പ്രതികരണ'ങ്ങളോട് ചേര്‍ത്ത് വായിക്കുമ്പോള്‍, താലിബാന്‍ ഫാന്‍സുകാര്‍ നമ്മുടെ നാട്ടിലുമുണ്ട് എന്നത് നടുക്കത്തോടെ നാം തിരിച്ച റിയണം. ഇസ്‌ലാമിക് സ്റ്റേറ്റിനെ പൊതു ഇടങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് ഈ യുവതികളുടെ നിരന്തര നീക്കമെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. 'ക്രോണിക്കിള്‍ ഫൗണ്ടേഷന്‍' എന്ന ഗ്രൂപ്പുണ്ടാക്കിയായിരുന്നു ഇവരുടെ ആശയപ്രചരണം. കേരളത്തില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമാണെന്ന മുന്‍ പോലീസ് വകുപ്പ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന ഇതുവരെയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാത്തത് പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ നന്നായി പെട്ടിട്ടുണ്ട്.
ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയില്‍ യഥാര്‍ത്ഥത്തില്‍ നടന്നതെന്ത് എന്നതിനെ സംബന്ധിച്ച് അമേരിക്കന്‍ സോഷ്യോളജിസ്റ്റായ മോറിസ് ജാനോവിറ്റ്‌സി(1919-1988)ന്റെ വിശദീകരണം ഇവിടെ ശ്രദ്ധേയമാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ പോരാളികളോട് സംസാരിച്ചെത്തിയ നിഗമനങ്ങളാകയാല്‍ അവ പ്രസക്തവുമാണ്. 'ജര്‍മ്മന്‍ പടയാളികളെ നയിച്ചത് നാസി പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യം മാത്രമല്ല, ജര്‍മ്മന്‍ ഭാഷയില്‍ Kameradschaft എന്നും ഇംഗ്ലീഷില്‍ friendship എന്നും പറയുന്ന വികാരമുണ്ടല്ലോ, അതാണ് അവരെ വംശവിഛേദത്തിലേക്ക് നയിച്ച തീവ്രനിലപാടുകാരാക്കിയത്. ജര്‍മ്മനി 1000 വര്‍ഷത്തേക്ക് തുടരാനുള്ള പോരാട്ടമെന്നതിനേക്കാള്‍ തങ്ങള്‍ക്ക് അടുപ്പമുള്ളവര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ഇതെല്ലാം ചെയ്യുന്നു എന്ന വികാരമാണ് അവരെ എപ്പോഴും നയിച്ചത്.' മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വഭാവിക ഗുണവിശേഷങ്ങളായ സൗഹൃദം, ഐക്യദാര്‍ഢ്യം, വിശ്വസ്തത എന്നിവയുടെ ഹിംസാത്മക ദുരുപയോഗമാണ് യുദ്ധത്തില്‍ ദുരന്തം വിതച്ചത്.
പീഡിപ്പിക്കപ്പെടുന്ന അഫ്ഗാന്‍ ജനതയോട് എന്നതിനേക്കാള്‍ താലിബാന്റെ തീവ്ര മതനിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വിധത്തില്‍ മലയാളിയുടെ മാനസിക നില തകരാറാകുന്നതിനെയാണ് നാം യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളോ, എണ്ണം പറഞ്ഞ സാംസ്‌കാരിക നായകരോ അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയില്‍ ആകുലപ്പെടുന്നില്ലെന്നതും ഇതോടൊപ്പം ചേര്‍ത്ത് ചിന്തിക്കണം. പാലസ്തീന്‍ പ്രശ്‌നത്തില്‍ ഉണരുന്ന ജാഗ്രത അഫ്ഗാന്‍ വിഷയത്തിലില്ലാതെ പോകുന്നത് യാദൃശ്ചികമാണോ?
ഓര്‍ക്കുക 'താലിബാനിസം' ഒരു പ്രത്യേക ദേശത്തിന്റെയോ മതത്തിന്റെയോ മാത്രം പ്രശ്‌നമല്ല. തങ്ങളോടൊപ്പമല്ലാത്തവരെല്ലാം തങ്ങള്‍ക്കെതിരാണെന്ന അസംസ്‌കൃത അവബോധം മതബോധനമായി സ്വീകരിച്ച എല്ലാവരിലും, എല്ലായിടത്തും താലിബാനുണ്ട്. സ്വര്‍ഗ്ഗത്തിലെത്താന്‍ ഭൂമി നരകമാക്കുന്നത് മതജീവിതമല്ല, മതാന്ധതയാണ്. മനുഷ്യനെ മറന്നുള്ള മാധവസേവയാണ് യഥാര്‍ത്ഥ ദൈവനിന്ദ. പക്ഷെ 'ദൈവനിന്ദ'യെക്കുറിച്ചാണ് എവിടെയും ചര്‍ച്ച; എന്റെ വഴിക്ക് മറ്റുള്ളവരെ 'തിരിക്കാനാ'ണ് തിടുക്കം. താലിബാന്റെ രണ്ടാം ഭാവം കേരളത്തിന്റെ പുതിയ സ്വഭാവമാകരുത്.