വിദ്യാലയങ്ങളില്‍ വളരേണ്ട ലഹരി

വിദ്യാലയങ്ങളില്‍ വളരേണ്ട ലഹരി

ഹിന്ദി ചലച്ചിത്ര സംവിധായകന്‍ അഭിഷേക് ചൗബി എഴുതി സംവിധാനം ചെയ്ത 'ഉഡ്താ പഞ്ചാബ്' കൗമാര വിദ്യാലയ ജീവിതങ്ങളില്‍ നിറയുന്ന മയക്കുമരുന്നു ലഹരിയുടെ കഥ പറയുന്നു. യഥാര്‍ത്ഥ്യത്തില്‍ അല്പം നാടകീയത തിരുകിയ ഈ സിനിമ ഇന്ത്യയുടെ മയക്കുമരുന്ന് ഹബ്ബിന്‍റെ തലസ്ഥാനം എന്നു വിളിക്കാവുന്ന പഞ്ചാബിലെ കാമ്പസുകളുടെ കഥയാണ്. നടുങ്ങേണ്ട, അമൃത്സറിനും പൂനയ്ക്കുംശേഷമുള്ള മൂന്നാം സ്ഥാനം നമ്മുടെ സ്വന്തം കൊച്ചിക്കാണു; കൊച്ചി പഴയ കൊച്ചിയല്ല.
കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ കേരളത്തിലെ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും 9447178000 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിക്കാന്‍ പറഞ്ഞ ഋഷിരാജ്സിംഗ് സ്കൂള്‍ കുട്ടികളുടെ മാതാപിതാക്കള്‍ "ഉഡ്താ പഞ്ചാബ്" എന്ന സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
കേരളത്തിലെ സ്കൂളുകളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനു തടയിടാന്‍ സര്‍ക്കാര്‍ തലത്തിലും സ്കൂള്‍ തലത്തിലും അനവധി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നുണ്ട്. ലഹരി വിരുദ്ധ ക്ലബുകള്‍, ബോധവത്കരണ ക്ലാസ്സുകള്‍, പരാതിപ്പെട്ടികള്‍, കുട്ടികള്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. "കുട്ടിപ്പട്ടാളം" എന്ന പേരിലുള്ള എറണാകുളം സെന്‍റ് അഗസ്റ്റിന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ സമിതിക്കാണ് എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍റ് നല്കുന്ന ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ്.
എങ്കിലും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ പ്രകാരം അവരുടെ ഭരണകാലത്ത് 47,979 റെയ്ഡുകള്‍ നടന്നു; 13,334 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു; കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകള്‍ വില്പന നടത്തിയതിന് 12,946 പേരെ അറസ്റ്റ് ചെയ്തു. ഇപ്പോഴത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ നിരീക്ഷണത്തില്‍ കേരളത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 21-ല്‍ നിന്നു 14-ലേക്കു താഴ്ന്നു. ഒരു കിലോ കഞ്ചാവില്‍ താഴെ വില്പന നടത്തി പിടിക്കുന്നവരെ ജാമ്യമില്ലാ വാറണ്ടു നല്കി അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലാത്തതു ധാരാളം ചെറുകിട മയക്കുമരുന്നു മാഫിയകള്‍ സ്കൂള്‍ പരിസരങ്ങളില്‍ വളരാനും തുടരാനും സഹായിക്കുന്നുണ്ടെന്നു നാര്‍ക്കോട്ടിക് സെല്‍ വെളിപ്പെടുത്തുന്നു. പുകയില വിരുദ്ധദിനവും (മേയ് 31) ലഹരിവിരുദ്ധ ദിനവും (ജൂണ്‍ 26) ആഘോഷിച്ച ഈ കഴിഞ്ഞ മാസം മാത്രം ആയിരത്തോളം മയക്കുമരുന്നു വില്പന കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു; 950-ഓളം പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു.
വിദ്യ അഭ്യസിക്കുന്നു എന്ന ലഹരിയിലേക്കു നമ്മുടെ കലാലയപരിസരവും വിദ്യാര്‍ത്ഥികളും മടങ്ങിയില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വഴിതെറ്റിയ ഒരു തലമുറയാണെന്നതില്‍ സംശയമില്ല. കേവലം ക്ലാസ്സ് മുറികളില്‍ ഒതുങ്ങേണ്ടതല്ല അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം; അതു സഹഗമനത്തിന്‍റേതാകണം. എങ്കിലേ ജ്ഞാനാഭ്യസനം എന്ന യാഥാര്‍ത്ഥ ലഹരിയിലേക്കു നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം ഉണരൂ. പണ്ടുകാലത്തെ ഗുരു-ശിഷ്യബന്ധം അത്തരത്തിലുള്ളതായിരുന്നു. ക്ലാസ്സ് മുറിയില്‍ പുസ്തകത്തില്‍ നിന്നെടുക്കുന്ന അറിവെന്ന വിത്തിനെ ജീവിതത്തില്‍ പാകാനും പരിപോഷിപ്പിക്കാനും വിദ്യാര്‍ത്ഥിയുടെ ജീവിതവഴിയില്‍ കൂടെ നടക്കുന്ന ഗുരുവിനാകും.
സഹഗമനമെന്ന അദ്ധ്യാപകന്‍റെ ഈ ഉത്തരവാദിത്വത്തിന്‍റെ മകുടോദാഹരണം ലൂക്കായുടെ സുവിശേഷം 24:13-35 വരെ വാക്യങ്ങളിലുണ്ട്. കര്‍ത്താവിന്‍റെ സ്വര്‍ഗീയനഗരമായ ജെറുസലേമിലെ സത്യദീപത്തില്‍ നിന്ന് എമ്മാവൂസിലെ ഇരുളിലേക്കു നടന്നുപോയ ശിഷ്യന്മാരുടെ കൂടെ നടന്ന യേശുവിന്‍റെ സഹഗമനശൈലി നാം മാതൃകയാക്കണം. ശിഷ്യരുടെ സംസാര, സംവാദങ്ങളുടെ കൂടെ നടക്കാനും മ്ലാനമാനസരാകുമ്പോള്‍ പ്രവാചക പ്രബോധനങ്ങളുടെയും വിശുദ്ധ ലിഖിതങ്ങളുടെയും ഉള്‍പ്പൊരുള്‍ വ്യാഖ്യാനിച്ചു ദീപ്തമാക്കാനും അങ്ങനെ ശിഷ്യരുടെ കണ്ണു തുറപ്പിക്കാനും സഹഗമനം നടത്തുന്ന ഒരു ഗുരുവിനേ സാധിക്കൂ.
എങ്കിലും തിരുവനന്തപുരത്തെ സ്കൂള്‍ കുട്ടികള്‍ക്കായി ഋഷിരാജ്സിംഗ് നടത്തിയ ചോദ്യോത്തരവേളയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ അജയ് എ. ചോദിച്ച ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. അജയ്: "എന്നോടു ക്ഷമിക്കണം സാറെ, ഈ ചോദ്യം ചോദിക്കുന്നതിന്. ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് അകന്നു നില്ക്കണമെന്നു ഞങ്ങളോട് ആവര്‍ത്തിച്ചു പറയുമ്പോഴും എന്തുകൊണ്ടു ഗവണ്‍മെന്‍റ് ഈ വസ്തുക്കള്‍ വില്ക്കുന്നു?"

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org