എലിയെ പേടിച്ച് ഇല്ലം ചുടുന്നവര്‍

എലിയെ പേടിച്ച് ഇല്ലം ചുടുന്നവര്‍

ചീട്ടുകളിയിലെ തുറുപ്പുചീട്ട് പ്രയോഗംപോലെ തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഈ ട്രംപ് കാര്‍ഡ് പ്രയോഗം അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഏഴു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കുന്ന ട്രംപിന്‍റെ ഉത്തരവിനെ 'എലിയെ പേടിച്ച് ഇല്ലം ചുടുന്നു'വെന്ന നാട്ടുചൊല്ലിനോട് ഉപമിക്കാം. മുസ്ലീം വിരോധത്തിനും തീവ്രവാദഭയത്തിനും അടിപ്പെട്ട് ട്രംപ് കൈക്കൊണ്ട ഈ തീരുമാനം തകര്‍ത്തുകളഞ്ഞതു സര്‍വതിനെയും ഉള്‍ക്കൊള്ളുന്ന അമേരിക്കന്‍ പാരമ്പര്യത്തെയും നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രത്തിന്‍റെ അനുഭവപാഠങ്ങളെയുമാണ്. ഈ ഉത്തരവിലെ ട്രംപിന്‍റെ കയ്യൊപ്പു ചാര്‍ത്തല്‍ പ്രതിസന്ധിയിലാക്കിയത് അമേരിക്കയിലെ രണ്ടു കോടി 18 ലക്ഷം പ്രവാസികളെയാണ്.
സുപ്രധാനങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന എം.ടി.യുടെ ഓര്‍മപ്പെടുത്തല്‍ മനസ്സിലുണ്ടാകുന്നതു നല്ലതാണ്. വികാരത്തള്ളലിലും സമീപ ഭൂതകാലത്തിലെ ദുരനുഭവങ്ങളുടെ വെളിച്ചത്തിലും എടുത്തുചാടിയെടുക്കുന്ന തീരുമാനങ്ങള്‍ക്കും വിധികള്‍ക്കും കാലത്തിന്‍റെ മുമ്പില്‍ നാം കണക്കു കൊടുക്കേണ്ടി വരും.
അമേരിക്കയിലേക്കുള്ള വിദേശ ഭീകരരുടെ പ്രവേശനത്തില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കുന്ന നിയമം എന്ന പേരില്‍ ട്രംപ് എടുത്ത ഈ തീരുമാനം വിവേകശൂന്യവും യുക്തിക്കു നിരക്കാത്തതുമാണെന്ന് അമേരിക്കയിലെതന്നെ ഒരു പ്രാദേശിക കോടതിയും അമേരിക്കയിലെ ക്രിസ്തീയ നേതൃത്വവും പ്രതികരിച്ചു കഴിഞ്ഞു. ട്രംപ് കുടിയേറ്റം നിരോധിച്ച രാജ്യങ്ങളില്‍ ഒന്നില്‍ നിന്നുപോലും ഒരൊറ്റ ഭീകരനും കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് അമേരിക്കയില്‍ ആക്രമണം നടത്തിയിട്ടില്ല. മാത്രവുമല്ല, ഈ രാജ്യങ്ങളില്‍ നിന്നുള്ള ആളും അര്‍ത്ഥവും പ്രകൃതിവിഭവങ്ങളുംകൂടി ഉപയോഗിച്ചാണ് അമേരിക്ക ലോകത്തിന്‍റെ ഒന്നാംനിരയിലേക്ക് ഉയര്‍ന്നതും.
ഭീകരരും തൊഴിലില്ലായ്മയും ദാരിദ്ര്യവും അഴിഞ്ഞാടുന്ന ഈ രാജ്യങ്ങളിലെ ഇന്നത്തെ ദുരവസ്ഥകള്‍ക്കുള്ള ഒരു കാരണം ലോക പൊലീസായി സ്വയം അവരോധിച്ച അമേരിക്കയുടെ ചില അധികാര ദുര്‍വിനിയോഗങ്ങള്‍ തന്നെയാണ്. ആ രാജ്യങ്ങളിലെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അവരെ ക്രിയാത്മകമായി സഹായിക്കുന്നതിനു പകരം ഒരു ന്യൂനപക്ഷം വഴി ഉണ്ടായേക്കാവുന്ന അപകടത്തെ അടക്കാന്‍ നിര്‍ദോഷികളായ ഭൂരിപക്ഷത്തിന്‍റെ ജീവിതങ്ങള്‍ക്കു മുന്നില്‍ ആശ്രയത്തിന്‍റെ കവാടങ്ങള്‍ കൊട്ടിയടയ്ക്കുന്നതു സംസ്കാരരാഹിത്യമാണ്. പാപത്തെ എതിര്‍ക്കുന്നതിനു പകരം പാവങ്ങളെ തകര്‍ക്കുന്ന ഈ നിലപാട് "In God We Trust" എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തിനു ചേര്‍ന്നതല്ല.
ട്രംപ് ആധുനികസഭയിലെ ചില വിശ്വാസികളുടെ ദൃശ്യബിംബമാണ്. നമ്മുടെ ഇടവകകളിലും സഭാപ്രസ്ഥാനങ്ങളിലും നാമെടുക്കുന്ന പല കര്‍ശന നിലപാടുകളിലും പ്രവര്‍ത്തനശൈലികളിലും നാമറിയാതെ ഈ 'ട്രംപ്-ടച്ച്' കടന്നുവരുന്നുണ്ടോ എന്ന് ആത്മാര്‍ത്ഥമായി പരിശോധിക്കേണ്ടിയിരിക്കുന്നു. മക്കളുടെ വിവാഹാലോചനകള്‍ക്കു മുതിരുമ്പോള്‍, പാരീഷ് കൗണ്‍സില്‍ – കേന്ദ്ര കമ്മിറ്റി – കുടുംബ യൂണിറ്റ് തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, സഭാപ്രസ്ഥാനങ്ങളുടെ തലപ്പത്തേക്കുള്ള നാമനിര്‍ദ്ദേശാവസരത്തില്‍, ഈ പ്രവണത നമ്മെയും ഭരിക്കുന്നുണ്ടോ? ആ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കഴിവിനേക്കാളും പ്രാപ്തിയേക്കാളും തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ലിംഗവും ജാതിയും കുടുംബപാരമ്പര്യവുമെല്ലാം മേല്‍ക്കൈ നേടുന്നുണ്ടോ? എങ്കില്‍ നമ്മിലും ഒരു ട്രംപ് ഒളിഞ്ഞിരിക്കുന്നു. "പരിധികളില്ലാത്ത അധികാരം പരിധികളില്ലാതെ നമ്മെ ദുഷിപ്പിക്കുന്നു" എന്ന ബ്രിട്ടീ ഷ് എഴുത്തുകാരന്‍ ലോര്‍ഡ് ആക്ടന്‍റെ വാക്കുകള്‍ ഇക്കൂട്ടര്‍ക്കുള്ള മുന്നറിയിപ്പാണ്. 'കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്' എന്ന മോശയുടെ നിയമം കാലഹരണപ്പെട്ടുവെന്നതു മറക്കാതിരിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org