യുവജനസൗഹൃദസഭ: യുവജനവര്‍ഷത്തിന്റെ സ്വപ്‌നം

യുവജനസൗഹൃദസഭ: യുവജനവര്‍ഷത്തിന്റെ സ്വപ്‌നം

ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര

(സെക്രട്ടറി, കെ സി ബി സി യുവജനകമ്മീഷന്‍)

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ സിനഡല്‍ സഭയെന്ന സ്വപ്നം മുന്നോട്ടു വച്ചു. കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ പദങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തിയ 'സിനഡാലിറ്റിയെ കുറിച്ചുള്ള സിനഡിനു'ശേഷം കേരളസഭ അതേറ്റെടുത്തത് സഭാനവീകരണപദ്ധതിയുമായിട്ടായിരുന്നു. 2023 ദിവ്യകാരുണ്യവര്‍ഷമായും 2024 യുവജനവര്‍ഷമായും 2025 മിഷന്‍ വര്‍ഷമായും പ്രഖ്യാപിച്ചുകൊണ്ട് കേരളസഭ ആഗോളസഭയുടെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി.

2024 ജനുവരി 7 നു യുവജനവര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. യുവാവായ ക്രിസ്തുവിന്റെ മുഖം സഭയ്ക്കുണ്ടാകാന്‍ സഭയിലെ യുവജനങ്ങളുടെ മുഖം പ്രശോഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് യുവജനവര്‍ഷ പ്രഖ്യാപനത്തിന്റെ കാതല്‍. യുവജനസൗഹൃദസഭ (വൈ എഫ് സി) എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഈ യുവജനവര്‍ഷ പ്രഖ്യാപനം.

 • ആപ്തവാക്യം

''കണ്ണില്‍ കനിവും കരളില്‍ കനലും കാലില്‍ ചിറകുമുള്ള ക്രൈസ്തവ യുവത്വം'' എന്ന ആപ്തവാക്യം ഈ യുവജനവര്‍ഷത്തിന്റെ എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്നു. പിതാവിന്റെ കരുണയും പുത്രന്റെ തീക്ഷ്ണ യൗവനവും പരിശുദ്ധാത്മാവിന്റെ വേഗതയും ത്രിതൈ്വക ദൈവത്തിന്റെ ഐക്യവും പ്രകടമാകുന്ന ഇടമാണ് യുവജനസഭ. മൂന്നു വ്യത്യസ്ത റീത്തുകള്‍ ഒരേസ്ഥലത്ത് ആയിരിക്കുമ്പോള്‍ ഐക്യവും എന്നാല്‍ വ്യക്തിസഭകളുടെ തനിമയും ഒരുമിച്ച് ആഘോഷിക്കപ്പെടണമെന്ന് കേരള മെത്രാന്‍ സമിതി ആഗ്രഹിക്കുന്നു.

കേരളത്തില്‍ ഏറ്റവുമധികം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സഭയാണ്. അതിനായി കൈയും മെയ്യും മറന്ന് പോരാടുന്നത് യുവജനസഭയാണ്. അവരുടെ തീക്ഷ്ണമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സമൂഹമനസ്സാക്ഷിയുടെ പ്രതിഫലനങ്ങളായിരിക്കും. കാലില്‍ ചിറകുള്ള പക്ഷികളായി അവര്‍ കാലത്തിനു മുമ്പേ പറക്കുന്നു, പ്രഭാതം കാക്കുന്ന കാവല്‍ക്കാരെ പോലെ.

ആഴിയിലേക്കാഴ്ന്നു പോയ പത്രോസിനു മുമ്പില്‍ യേശു അവതരിക്കുന്നതുപോലെ സഭാസംവിധാനം മുഴുവന്‍ യുവജനങ്ങള്‍ക്കായി കൈ നീട്ടേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ യുവജനസൗഹൃദസഭ എന്ന സ്വപ്നം പൂവണിയൂ.

 • യുവജന സൗഹൃദസഭയുടെ ദര്‍ശനങ്ങള്‍

 1. യുവാവായ ക്രിസ്തുവിന്റെ മുഖം പ്രകടമാക്കുന്ന സഭ.

 2. യുവജനങ്ങളുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്ന സഭ.

 3. യുവജനങ്ങളെ അനുധാവനം ചെയ്യുന്ന സഭയാകാന്‍ യുവജന ശുശ്രൂഷയ്ക്കു പ്രാധാന്യം നല്‍കുന്ന പൗരോഹിത്യരൂപീകരണവും പരിശീലനവും.

 4. യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളേറ്റെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്ന സഭ.

 5. യുവജന ശുശ്രൂഷ ഐച്ഛികമല്ല, വിശ്വാസ പരിശീലനത്തിന്റെ അടുത്ത ഘട്ടമായ നിര്‍ബന്ധ ശുശ്രൂഷയായി കരുതുന്ന സഭ.

ഈ ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തി ദേവാലയങ്ങളില്‍ യുവജന ശുശ്രൂഷയ്ക്കു പ്രാധാന്യം ലഭിക്കാനായി ഒരു മാതൃകാ പദ്ധതി വേണം. അതിലുള്‍പ്പെടേണ്ട പ്രധാന കാര്യങ്ങള്‍:

 1. ഇടവകയിലെ യുവജനങ്ങളുടെ ഡേറ്റാ ബാങ്ക്.

 2. ഇടവകയിലെ യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനുള്ള അവസരം.

 3. ഇടവകയുടെ അജപാലനശുശ്രൂഷയില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ പങ്കാളിത്തം. (ബി സി സി കളില്‍, ഇടവക സമിതികളില്‍, സാമ്പത്തിക സമിതികളില്‍, തിരുനാള്‍ കമ്മിറ്റികളില്‍, മതബോധനവിഭാഗത്തില്‍, ആസൂത്രണ-നിര്‍മ്മാണ കമ്മിറ്റികളിലൊക്കെ ഇതു പാലിക്കപ്പെടുന്നു എന്നുള്ള ജാഗ്രത.)

 4. യുവജനങ്ങളുടെ ഏതെങ്കിലും ഒരു സംഘടനയെങ്കിലും ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം.

 5. യുവജനങ്ങള്‍ക്കു കൂടിച്ചേരാനും സംവദിക്കാനും ഇടം. യൂത്ത് സെന്ററുകള്‍, യുവജന സംഘടന ഓഫീസ്...

 6. പള്ളിപ്പരിസരങ്ങളും സ്ഥാപന പരിസരങ്ങളും കലാ-കായിക പരിശീലനത്തിനുള്ള ഇടങ്ങളാക്കി മാറ്റുക.

 7. പള്ളിയുടെ വരുമാനത്തിന്റെ നിശ്ചിത വിഹിതം യുവജനശുശ്രൂഷയ്ക്കായി നല്‍കുക.

 8. ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്‌സിന്റെയും ഇടവക പരിധിയിലുള്ള സന്യാസ സമൂഹങ്ങളുടെയും സാന്നിധ്യം നല്ല യുവജന മെന്റേഴ്‌സ് ആക്കി മാറ്റാനായി ഉപയോഗപ്പെടുത്തുക.

 9. മുന്‍കാല യുവജന നേതാക്കളെ ഇടവക യുവജന ആനിമേറ്റര്‍മാരായി നിയമിക്കുക.

 10. ഇടവകയിലെ യുവജന സൗഹൃദ പ്രോട്ടോക്കോള്‍ കാലികമായി പരിഷ്‌കരിക്കാനും നടപ്പിലാക്കാനുമായി അജപാലനസമിതിയുടെ നേതൃത്വത്തില്‍ ഒരു അവലോകനസമിതി ഉണ്ടാക്കുക.

 • സോഷ്യല്‍ മീഡിയാ പരിസരം

സഭയുടെ പഠനങ്ങളും നന്മകളും സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കാന്‍ യുവജനങ്ങള്‍ക്കാകും എന്നതുകൊണ്ടു തന്നെ അത്തരം സംരംഭങ്ങള്‍ക്കു പ്രോത്സാഹനവും മൂല്യബോധമുള്ള സമൂഹമാധ്യമ ഇടപെടലുകള്‍ക്കുള്ള പ്രചോദനവും നല്‍കേണ്ടതുണ്ട്.

മീഡിയ അസിസ്റ്റഡ് മിനിസ്ട്രി (എം എ എം) പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കേണ്ടതുണ്ട്, ദേവാലയങ്ങളിലും വിശ്വാസ പരിശീലന രംഗങ്ങളിലും യുവജന ശുശ്രൂഷകളിലും. സഭ നമ്മുടെ അമ്മയാണെന്നു തോന്നുന്ന തരത്തില്‍ സഭയുടെ അന്തരീക്ഷം മാറുമ്പോള്‍ 2024 കേരളസഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകും എന്നു നമുക്കു പ്രതീക്ഷിക്കാം.

സഭയിലെ യുവജനങ്ങള്‍ സഭയുടെ സ്വത്താണ്. അവരുടെ പ്രശ്‌നങ്ങള്‍ സഭയുടെ പ്രശ്‌നങ്ങളാണ്. പ്രവാസം, തൊഴിലിലെ അസ്ഥിരത, സാമ്പത്തിക പ്രശ്‌നങ്ങള്‍, ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നതിലെ സന്ദേഹങ്ങള്‍, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ അശാന്തികള്‍ ഒക്കെ അവരെ അലട്ടുമ്പോള്‍, ആഴിയിലേക്കാഴ്ന്നു പോയ പത്രോസിനു മുമ്പില്‍ യേശു അവതരിക്കുന്നതുപോലെ സഭാസംവിധാനം മുഴുവന്‍ യുവജനങ്ങള്‍ക്കായി കൈ നീട്ടേണ്ടിയിരിക്കുന്നു. അപ്പോള്‍ മാത്രമേ യുവജനസൗഹൃദസഭ എന്ന സ്വപ്നം പൂവണിയൂ.

യുവാവായ ക്രിസ്തുവെന്ന ദൈവം ജീവിക്കുന്നു, അവന്‍ നമ്മെ സ്‌നേഹിക്കുന്നു, രക്ഷിക്കുന്നു എന്ന 'ക്രിസ്തുസ് വിവിതി'ലെ വാക്യങ്ങള്‍ പോലെ, ക്രിസ്തു ജീവിക്കുന്ന സഭയായി കേരളസഭ മാറാന്‍, സഭ യുവജനസൗഹൃദസഭയായി മാറാന്‍ ഈ യുവജനവര്‍ഷം ഉപകരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org