എന്തുകൊണ്ട് പുതിയ കല്പന

എന്തുകൊണ്ട് പുതിയ കല്പന

സ്‌നേഹം പൂര്‍ണ്ണമാകുന്നത് അതിലടങ്ങിയിരിക്കുന്ന സഹനത്തിന്റെ അളവിലാണ്. സഹനത്തിന്റെ പ്രതീകമാണ് കുരിശ്. അതായത് നിര്‍മ്മലസ്‌നേഹത്തിന്റെ മാനദണ്ഡം.

ഒരിക്കല്‍ ഒരു മനഃശാസ്ത്രജ്ഞന്‍ നാല്പതുപേരുള്ള ഒരു ഗ്രൂപ്പിന് ക്ലാസെടുക്കുകയായിരുന്നു. ഇന്റര്‍വെല്‍ സമയമായപ്പോള്‍ അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു, ''അടുത്ത ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും മുഖം നോക്കുന്ന ഓരോ കണ്ണാടി കൂടി കൊണ്ടുവരിക.''

ഇന്റര്‍വെല്‍ കഴിഞ്ഞ് അടുത്ത ക്ലാസ് തുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ''എല്ലാരും കണ്ണാടി കയ്യിലെടുത്ത് നിങ്ങളുടെ മുഖം കാണുക. കണ്ടിട്ടെന്തു തോന്നിയെന്നു ശ്രദ്ധിക്കുക.''

പക്ഷെ, ഒരു വ്യക്തിമാത്രം കണ്ണാടി കൊണ്ടുവന്നില്ല. അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഇതാണ്, ''എന്റെ വിരൂപമായ മുഖം കാണിച്ചുതരുന്ന കണ്ണാടിയോടു തന്നെ എനിക്ക് വെറുപ്പാണ്. അതിനാല്‍ ഞാന്‍ കണ്ണാടി ഉപയോഗിക്കാറില്ല.''

മറ്റൊരാള്‍ കണ്ണാടി കൊണ്ടുവന്നെങ്കിലും അതെടുത്ത് മുഖം നോക്കുന്നില്ല. അതിന്റെ കാരണമായി ആ വ്യക്തി പറഞ്ഞതിപ്രകാരമാണ്. ''ഞാന്‍ കണ്ണാടിയെടുത്ത് മുഖം നോക്കാറില്ല. കണ്ണാടി എടുക്കുന്നതു തന്നെ മുടി നന്നായിട്ടാണോ ഇരിക്കുന്നത് എന്നുമാത്രം നോക്കാനാണ്. എന്റെ മുഖം കാണുന്നത് എനിക്കിഷ്ടമല്ല.''

കണ്ണാടിയില്‍ മുഖം നോക്കിയ വേറൊരാള്‍ പറഞ്ഞതിതാണ്, ''മോന്തക്കിട്ടൊരു കുത്തു കൊടുക്കാന്‍ തോന്നി.''

ഈ മൂന്നുപേരോടും കൂടുതല്‍ സംസാരിച്ചപ്പോള്‍ മൂന്നുപേര്‍ക്കും സാമാന്യം തരക്കേടില്ലാത്ത ജോലിയുണ്ടെന്ന് ആ മനഃശാസ്ത്രജ്ഞന് മനസ്സിലാക്കാന്‍ സാധിച്ചു.

ലേവ്യരുടെ പുസ്തകം പത്തൊമ്പതാം അധ്യായം പതിനെട്ടാം വാക്യത്തില്‍ നാം വായിക്കുന്നു. ''നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക.'' അതായത് മറ്റുള്ളവരെ നാം സ്‌നേഹിക്കേണ്ട സ്‌നേഹത്തിന്റെ മാനദണ്ഡം (അളവുകോല്‍) നമുക്കു നമ്മോടു തന്നെയുള്ള സ്‌നേഹമാണ്. എന്നാല്‍ നമുക്ക് നമ്മോടുള്ള സ്‌നേഹത്തില്‍ വളരെ വലിയ ന്യൂനതകളുണ്ടെന്ന് നാം മുകളില്‍ കണ്ടുവല്ലോ? അതുകൊണ്ടാണ് യേശു നമുക്ക് ഒരു പുതിയ കല്പന നല്‍കിയത്.

യോഹന്നാന്റെ സുവിശേഷം പതിമൂന്നാം അധ്യായം മുപ്പത്തിനാലാം വാക്യത്തില്‍ നാം അതാണു കാണുക. ''ഞാന്‍ നിങ്ങള്‍ക്കൊരു പുതിയ കല്പന നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.''

യേശുവിന്റെ സ്‌നേഹത്തിന്റെ ചില പ്രധാന പ്രത്യേകതകള്‍

യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായം ഒന്‍പതാം വാക്യത്തില്‍ നാം വായിക്കുന്നു: ''പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു.'' പിതാവിന്റെ സ്‌നേഹത്തില്‍ ന്യൂനതകളോ കുറവുകളൊ ഇല്ല. സ്‌നേഹത്തിന്റെ പൂര്‍ണ്ണതയാണ് പിതാവിന്റെ സ്‌നേഹത്തില്‍ ഉള്ളത്. ആ സ്‌നേഹമാണ് യേശുവിന്റെ സ്‌നേഹത്തില്‍ നാം കാണുന്നത്, പൂര്‍ണ്ണമായ സ്‌നേഹം.

സ്‌നേഹം പൂര്‍ണ്ണമാകുന്നത് അതിലടങ്ങിയിരിക്കുന്ന സഹനത്തിന്റെ അളവിലാണ്. സഹനത്തിന്റെ പ്രതീകമാണ് കുരിശ്. അതായത് നിര്‍മ്മല സ്‌നേഹത്തിന്റെ മാനദണ്ഡം. ഒരമ്മ തന്റെ കൈക്കുഞ്ഞിനു രോഗം വന്നാല്‍ ഊണും ഉറക്കവുമുപേക്ഷിച്ച് ആ കുഞ്ഞിനെ ശുശ്രൂഷിക്കുന്നു. ആ അമ്മയുടെ കുഞ്ഞിനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം പ്രകടമാകുന്നത് സഹനത്തിലൂടെയാണ്.

കുരിശ് കണ്ടുപിടിച്ചതും അതിലൂടെയുള്ള വധശിക്ഷ നടപ്പിലാക്കിയിരുന്നതും പേര്‍ഷ്യാക്കാരായിരുന്നു. പിന്നീട് അത് റോമന്‍ ചക്രവര്‍ത്തിമാരും നടപ്പിലാക്കി. അത്രയ്ക്ക് നീചവും ഹീനവും വേദനാജനകവും ക്രൂരവുമായിരുന്നതിനാല്‍ കുരിശിലുള്ള വധശിക്ഷ റോമന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. അതിനാലാണ് പൗലോസ് ശ്ലീഹായെ ശിരഛേദം ചെയ്തത്. അങ്ങനെയുള്ള കുരിശുമരണമാണ് നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശു സ്വീകരിച്ചത്. അതിരില്ലാത്ത ദൈവസ്‌നേഹത്തിന്റെ ആഴവും പരപ്പും വിശാലതയുമാണ് തന്റെ കുരിശുമരണത്തിലൂടെ യേശു നമുക്ക് കാണിച്ചുതരുന്നത്.

യേശുവിന്റെ സ്‌നേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് സ്‌നേഹിതനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുക എന്നത്. സ്‌നേഹിതനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്നാണ് യേശു പഠിപ്പിച്ചത്. പഠിപ്പിക്കുക മാത്രമല്ല യേശു അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. യോഹന്നാന്‍ പതിനെട്ടാം അധ്യായം എട്ടാം വാക്യത്തില്‍ നാം ആ മാതൃകയാണ് കാണുന്നത്. ''നിങ്ങള്‍ എന്നെയാണന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.'' തന്റെ ജീവന്‍ സമര്‍പ്പിച്ചുകൊണ്ട് യേശു ശിഷ്യരെ രക്ഷിച്ചു.

യേശുവിന്റെ സ്‌നേഹത്തിന്റെ വീണ്ടുമൊരു പ്രത്യേകതയാണ് ക്ഷമിക്കുക എന്നത്. സ്വര്‍ഗസ്ഥനായ പിതാവെ എന്ന യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലാണ് യേശു അതു പറയുന്നത്. ''ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ.'' നമ്മള്‍ മറ്റുള്ളവരോട് ക്ഷമിക്കുന്നതിന്റെ തോതനുസരിച്ചാണ് നമ്മുടെ തെറ്റുകള്‍ ദൈവം നമ്മോടും ക്ഷമിക്കുക. ക്ഷമിക്കുക മാത്രമല്ല നമ്മെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് യേശു പഠിപ്പിച്ചത്. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം നാല്പത്തി നാലാം വാക്യത്തിലാണ് യേശു അങ്ങനെ പറയുന്നത്. ഈ മാതൃക സ്വന്തം ജീവിതത്തില്‍ പകര്‍ത്തി നടപ്പാക്കിയ ആദ്യത്തെ വിശ്വാസിയാണ് വിശുദ്ധ സ്റ്റീഫന്‍. തന്നെ കല്ലെറിഞ്ഞു കൊല്ലുന്നവര്‍ക്കുവേണ്ടി മരണത്തിന് അല്പം മുമ്പുവരെ അദ്ദേഹം പ്രാര്‍ത്ഥിച്ചു: ''കര്‍ത്താവെ ഈ പാപം അവരുടെ മേല്‍ ആരോപിക്കരുത്'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:60). ക്ഷമിക്കുന്ന സ്‌നേഹമുണ്ടെങ്കില്‍ ഭീകരവാദത്തിന് സ്ഥാനമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org