കുടിയേറുന്നതെന്തിന്?

കുടിയേറുന്നതെന്തിന്?
കുടുംബത്തിനൊപ്പം കഴിയുക, നാട്ടുകാരും അയല്‍വാസികളുമായുള്ള ബന്ധങ്ങള്‍ നിലനിറുത്തുക, സമൂഹത്തിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ഗുണവശങ്ങള്‍ നാട്ടില്‍ കഴിയുന്നതുകൊണ്ടുണ്ട്. പൗരത്വം കിട്ടിയാലും കുടിയേറ്റക്കാര്‍ എന്ന നിലയിലുള്ള വിവേചനമോ സ്വത്വപ്രതിസന്ധിയോ ഒക്കെ നേരിടേണ്ടി വരാനുള്ള സാദ്ധ്യത വിദേശങ്ങളില്‍ തള്ളിക്കളയാനാവില്ല. അതിനെയൊക്കെ അവഗ ണിച്ചുകൊണ്ടും കുടിയേറാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആകര്‍ഷകമാണോ അവിടെ ലഭിക്കാന്‍ പോകുന്ന ജീവിതമെന്നും അത്രയും ദുഷ്‌കരമാണോ നാട്ടിലെ ജീവിതമെന്നും വിലയിരുത്തേണ്ടത് കുടിയേറുന്നവര്‍ തന്നെയാണ്.

വ്യക്തിപരമായി ഒരുപാട് ഉയര്‍ച്ചകള്‍ കുടിയേറ്റം മൂലം ഉണ്ടാകുമെങ്കിലും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷത്തിന് ഏല്‍ക്കുന്ന കോട്ടം, അളക്കാന്‍ സാധിക്കുന്നതിനുമപ്പുറമായിരിക്കും. തങ്ങളുടെ സഹ പാഠികളും സുഹൃത്തുക്കളും ബന്ധുക്കളും വിദേശങ്ങളിലേക്ക് കുടിയേറി, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുന്ന, സ്വാതന്ത്ര്യത്തിന്റെയും ആഘോഷത്തിന്റെയും ഫോട്ടോകളും വീഡിയോകളും, സ്വാഭാവികമായി യുവതലമുറയെ അത്തരത്തിലുള്ള കുടിയേറ്റത്തിന് പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ പോയി ജീവിക്കുന്നവരുടെ നാട്ടിലെ വേരുകള്‍ അറ്റുപോകുന്ന നിരവധി അനുഭവങ്ങള്‍ നേരില്‍ കണ്ടതുകൊണ്ടും, നാട്ടില്‍ കിട്ടുന്ന സൗകര്യങ്ങളില്‍ തൃപ്തനായതു കൊണ്ടുമാണ് വ്യക്തിപരമായി ഞാന്‍ കുടിയേറ്റത്തെ കുറിച്ചു ചിന്തിക്കാതിരുന്നത്. കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചു വരുമ്പോള്‍ സ്വാഭാവികമായും സമീപ പ്രദേശങ്ങളില്‍ സമപ്രായക്കാരായവര്‍ ഇല്ലാതെ വരുന്നു എന്ന വിഷമം ഉള്ളില്‍ ഉണ്ടാകുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ മാത്രമായിട്ടെന്തിന് ഇവിടെ തുടരുന്നു എന്ന ചിന്തയും മനസ്സിനെ പിടിച്ചുകുലുക്കാറുണ്ട് എന്നതും വാസ്തവം തന്നെ.

മികച്ച ജീവിതസാഹചര്യങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറയാണ് വിദേശത്തേക്ക് കുടിയേറ്റം നടത്തുന്നത് എന്ന് വ്യക്തമാണ്. കേരളത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ യുവജനങ്ങള്‍ വിദേശത്തേക്ക് കടക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം തര്‍ക്കവിഷയം ആകുന്നഒന്നാണ്. തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്നുവെങ്കില്‍ പോലും, തൊഴില്‍ ലഭിച്ചു നല്ല നിലയില്‍ എത്തുന്നവരുടെ എണ്ണം തീരെ ശുഷ്‌കമല്ല എന്നതും നാം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. നല്ല രീതിയില്‍ പഠിച്ചിറങ്ങിയ കുറച്ചുപേര്‍ ജോലി കിട്ടാതെ തൊഴിലില്ലായ്മയുടെ, സാമ്പത്തിക മാന്ദ്യത്തിന്റെ തിരയില്‍ പെട്ടുപോയിട്ടുണ്ടെങ്കിലും വളരെ മികച്ച ഉദ്യോഗങ്ങള്‍ സമ്പാദിച്ച ഒരുപാട് യുവജനങ്ങളും ഇവിടെയുണ്ട്.

കേരളം നിക്ഷേപസൗഹാര്‍ദം എന്ന് പല വേദികളില്‍ രാഷ്ട്രീയക്കാരും വ്യവസായ വകുപ്പ് മേധാവികളും മന്ത്രിമാരും പറയുമ്പോഴും, പത്രങ്ങളിലും വാര്‍ത്തകളിലും പുതിയ സംരംഭവുമായി നടക്കുന്ന വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉദ്യോഗസ്ഥ സമൂഹത്തിന്റെ മെല്ലെപോക്കും സംരംഭം തുടങ്ങുന്ന ഏതൊരു വ്യക്തിയെയും പിന്നോട്ട് അടിപ്പിക്കുന്ന സംഭവങ്ങളാണ്. സംരംഭം തുടങ്ങി വിജയിക്കുക എന്ന ലക്ഷ്യത്തിലേക്ക് കഠിനമായ ചുവടുകള്‍ മുന്നോട്ടുവെച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന പ്രതി സന്ധികള്‍മൂലം മനോവീര്യം കെടുത്തുന്ന പ്രവൃത്തികള്‍, ഒരുപാട് പേരെ സംരംഭം ഉപേക്ഷിച്ച് മറ്റു വഴികള്‍ തേടാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. ഈ വസ്തുത യുവജനങ്ങളെ പുതിയ സംരംഭം തുടങ്ങുക എന്ന ചിന്തയില്‍ നിന്നു പിന്‍വിലക്കുന്നു. താരതമ്യേന, ബുദ്ധിമുട്ട് കുറഞ്ഞ ഹോട്ടല്‍ മേഖലയിലേക്ക് യുവജനങ്ങള്‍ കൂടുതല്‍ തിരിയുന്നതു കാണാം. ഇതരമേഖലകളിലെ അനിശ്ചിതത്വമാണ് ഇതിനു കാരണം.

അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവിടെ ഭൂരിപക്ഷ ജനത വയോധികരായിരിക്കും എന്ന വലിയ വിപത്താണ് കേരളത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ശരാശരി പ്രായം ഇത്തരത്തിലുള്ള കുടിയേറ്റ നിരക്ക് മൂലം ഉയര്‍ന്നുകൊണ്ടിരിക്കും എന്നത് ഇവിടെ വരാന്‍ പോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദൗര്‍ലഭ്യതയിലേക്കു സൂചന നല്‍കുന്നു.

കുടിയേറ്റ പ്രവണതയ്ക്ക് ഗുണവും ദോഷവും ഉണ്ടെന്നിരിക്കെ, ചില സാഹചര്യങ്ങളിലെങ്കിലും അത് നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് തോന്നിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ കുടിയേറുന്നവര്‍ പഠിച്ച മേഖലയില്‍ ഉയര്‍ന്ന ജോലി സമ്പാദിക്കുന്നതിനു പകരം, വിദേശത്ത് നിലയുറപ്പിക്കാന്‍ വേണ്ടി മാത്രമുള്ള എന്തെങ്കിലും ഒരു ജോലി ചെയ്യുക എന്ന ചിന്താഗതി നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഉന്നതവിദ്യാഭ്യാസം തേടുക ആവശ്യമാണ്. എന്നാല്‍ എങ്ങനെയെങ്കിലും വിദേശത്തു താമസിക്കുക, ഏതു വിധത്തിലെങ്കിലും വിദേശപൗരനാകുക എന്ന തരത്തിലുള്ള മനോഭാവം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ഇതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെ യുവജനങ്ങള്‍ക്കു മനസ്സിലാക്കി കൊടുക്കണം. സ്വപ്നങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നതല്ല ഇതിനര്‍ത്ഥം. നമ്മുടെ നാട്ടിലും വികസിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങളെകുറിച്ചുള്ള തിരിച്ചറിവു കൊടുക്കുക എന്നതാണു പ്രധാനം. ഏതു നാട്ടില്‍ ആണെങ്കിലും കഠിനാധ്വാനം കൊണ്ട് നേടിയെടുക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ല എന്ന വലിയ ബോധ്യം, യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം. വിദേശത്തായാലും, സ്വദേശത്തായാലും കഠിനാദ്ധ്വാനത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നില്ല, അദ്ധ്വാനം ഫലം നല്‍കാതിരിക്കുകയുമില്ല.

നാട്ടില്‍ തന്നെ തുടരുന്നതിന്റെ ഗുണങ്ങള്‍ വിലയിരുത്തുന്നതില്‍ വീഴ്ച വരികയുമരുത്. കുടുംബത്തിനൊപ്പം കഴിയുക, നാട്ടുകാരും അയല്‍വാസികളുമായുള്ള ബന്ധങ്ങള്‍ നിലനിറുത്തുക, സമൂഹത്തിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി ഗുണവശങ്ങള്‍ നാട്ടില്‍ കഴിയുന്നതുകൊണ്ടുണ്ട്. പൗരത്വം കിട്ടിയാലും കുടിയേറ്റക്കാര്‍ എന്ന നിലയിലുള്ള വിവേചനമോ സ്വത്വപ്രതി സന്ധിയോ ഒക്കെ നേരിടേണ്ടി വരാനുള്ള സാദ്ധ്യത വിദേശങ്ങളില്‍ തള്ളിക്കളയാനാവില്ല. അതിനെയൊക്കെ അവഗണിച്ചുകൊണ്ടും കുടിയേറാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആകര്‍ഷകമാണോ അവിടെ ലഭിക്കാന്‍ പോകുന്ന ജീവിതമെന്നും അത്രയും ദുഷ്‌കരമാണോ നാട്ടിലെ ജീവിതമെന്നും വിലയിരുത്തേണ്ടത് കുടിയേറുന്നവര്‍ തന്നെയാണ്.

കേരളത്തിന്റെ സംസ്‌കാരവും, സാമൂഹ്യ അന്തരീക്ഷവും വലിയ മാറ്റങ്ങള്‍ക്ക് വിധേയപ്പെടാതെ മുന്നോട്ടു പോകണമെങ്കില്‍ കുടിയേറ്റ നിരക്കിനെ അല്‍പമെങ്കിലും നി യന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുമുന്‍പ് തന്നെ കേരളത്തില്‍ ജീവിക്കാനും വ്യവസായം ചെയ്യാനും ജോലി ചെയ്യാനും ഉള്ള സാഹചര്യങ്ങളും സംവിധാനങ്ങളും പിന്തുണയും സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നല്‍കണം. അപകടകരമായ മലിനീകരണങ്ങള്‍ ഇല്ലാത്ത ചെറുകിട വ്യവസായങ്ങളെ പോലും കണ്ണടച്ച് എതിര്‍ക്കുന്ന മലയാളിയുടെ പ്രവണത വീണ്ടു വിചാരത്തിന് വിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാടു വളരണമെങ്കില്‍ സംരംഭങ്ങള്‍ വേണമെന്നും വ്യവസായങ്ങള്‍ വേണമെന്നുമുള്ള തിരിച്ചറിവ് മലയാളി ആര്‍ജ്ജിക്കണം. പ്രകൃതിക്കും മനുഷ്യന്റെയും ആരോഗ്യത്തിനും യാതൊരുവിധ കോട്ടവും ഏല്‍പിക്കാത്ത ഹരിതസംരംഭ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്താനും കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കാനും സാധിക്കുന്ന സംരംഭക പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കപ്പെടണം. 3000 മില്ലിമീറ്റര്‍ മഴ ഓരോ വര്‍ഷവും ലഭിക്കുന്ന കേരളത്തില്‍ ജലക്ഷാമം എന്നത് വസ്തുതയാണെങ്കില്‍ നാം നമ്മുടെ സാങ്കേതിക പരിജ്ഞാനത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിന് പരാജയപ്പെട്ടു എന്നതിന് ഇതിലും വ്യക്തമായ തെളിവ് വേറെ അന്വേഷിക്കേണ്ട ആവശ്യമില്ല.

വിശ്വാസികളായ യുവജനങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സഭയ്ക്കു സാധിക്കുമെന്നും കൂട്ടിചേര്‍ക്കട്ടെ. കേരളത്തില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരെ കൂട്ടിച്ചേര്‍ത്തു സംരംഭക കൂട്ടായ്മകള്‍ രൂപീകരിച്ചു പരസ്പരം സഹകരിച്ചും സഹായിച്ചും, പരസ്പരം വളര്‍ത്തുന്നതിനും വളരാനും വേണ്ടിയുള്ള അവസരങ്ങളും വേദികളും സഭയുടെ സ്ഥാപനങ്ങളുടെ കീഴിലും സഭയുടെ സംവിധാനങ്ങളിലൂടെയും നല്‍കാന്‍ സാധിക്കണം. ഇട വക തലത്തില്‍ സംരംഭകരാകാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങളുണ്ടാകണം. ഓരോ സംരംഭത്തിലും സം ഭാവനകള്‍ ചെയ്യാന്‍ കഴിയുന്നവരുടെ വൈദഗ്ദ്ധ്യം എല്ലായിടങ്ങളിലേക്കും എത്തിക്കുന്ന തരത്തില്‍ വലിയ ഒരു ശൃംഖല സ്ഥാപിക്കാന്‍ സാധിക്കണം. അത് ഒരു പ്രത്യേക വ്യവസായത്തെ മാത്രം മുന്‍നിര്‍ത്തി ആയിരിക്കരുത്. മറിച്ച്, എല്ലാ തലത്തിലുമുള്ള കേരളത്തിന്റെ വിഭവങ്ങളെ മുഴുവനും പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത തരത്തില്‍ ഉപയോഗിക്കുന്ന നൂതന ആശയങ്ങളെയും സംരംഭങ്ങളെയും സഭ മുന്നിട്ടിറങ്ങി പ്രോത്സാഹിപ്പിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org