യഹൂദ-കത്തോലിക്കാ സൗഹൃദത്തിന്‍റെ പുരോഗമനപാതകള്‍

യഹൂദ-കത്തോലിക്കാ സൗഹൃദത്തിന്‍റെ പുരോഗമനപാതകള്‍

ആന്‍ഡ്രിയ ടൊര്‍ണിയേലി

യഹൂദമതവുമായുള്ള സൗഹൃദം വളര്‍ത്തുന്നതിനു നിര്‍ണായക സംഭാവനകള്‍ നല്‍കിയവരാണ് വി. ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും. ഇവരില്‍ കൂടുതല്‍ ആഴമേറിയ സംഭാവന തീര്‍ച്ചയായും വി. ജോണ്‍ പോള്‍ രണ്ടാമന്‍റേതാണ്. ജനുവരി 17 കത്തോലിക്കാ-യഹൂദ സൗഹൃദ ദിനമായി സ്ഥാപിച്ചത് അദ്ദേഹമാണ്. നൂറ്റാണ്ടുകള്‍ നീണ്ട തെറ്റിദ്ധാരണകളുടെയും അധിക്ഷേപങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കഥയാണ് ഈ ബന്ധത്തില്‍ പാശ്ചാത്യ ക്രിസ്ത്യന്‍ യൂറോപ്പിനു പറയാനുള്ളത്. എന്നാല്‍, ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടന്ന യഹൂദ വംശഹത്യയ്ക്കു ശേഷം ഇരുപതാം നൂറ്റാണ്ടില്‍ ഇതിനു മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.
യൂറോപ്പ് യുദ്ധത്തിന്‍റെ വക്കിലെത്തി നില്‍ക്കെ 1938 സെപ്തംബറില്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു സംഘം കത്തോലിക്കരോടു പറഞ്ഞ വാക്കുകള്‍ വളരെ പ്രസിദ്ധമായി: "ആന്‍റിസെമിറ്റിസം അസ്വീകാര്യമാണ്. ആത്മീയമായി നമ്മളെല്ലാം സെമിറ്റിക്കുകളാണ്." പക്ഷേ അതേ വര്‍ഷം തന്നെ രണ്ടു മാസം മുമ്പ് ജൂലൈയില്‍ പ്രൊപ്പഗാന്തെ ഫിദെ കോളേജിലെ വിദ്യാര്‍ത്ഥികളോടു പയസ് പതിനൊന്നാമന്‍ പറഞ്ഞ വാക്കുകളും ഓര്‍ക്കണം, "മനുഷ്യവംശമൊന്നാകെ ഒരു ഏക, മഹാ, സാര്‍വ്വത്രിക മനുഷ്യജാതിയാണ്. ഇതാണ് സഭയുടെ വിശ്വാസം." ജര്‍മ്മന്‍ മാധ്യമങ്ങള്‍ ഈ പ്രസ്താവനയെ അന്നു അതിനിശിതമായി വിമര്‍ശിച്ചു. നാസി ജര്‍മ്മനിയുടെ സംസ്കാരത്തിനും അന്തസ്സിനും എതിരാണ് ഈ പ്രസ്താവമെന്ന് അവര്‍ മുദ്രകുത്തി.
അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ പയസ് പന്ത്രണ്ടാമന്‍ പാപ്പയുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതു തുടരുകയും ചെയ്യും. എങ്കിലും, സമകാലിക പത്രപ്രവര്‍ത്തനവും ചരിത്രപഠനവും അദ്ദേഹത്തിന്‍റെ പാപ്പാഭരണത്തെ കുറിച്ചു കൂടുതല്‍ വസ്തുനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ നമുക്കു നല്‍കുന്നുണ്ട്. പ്രത്യയശാസ്ത്രപരമായി പറഞ്ഞാല്‍, അദ്ദേഹം 'ഹിറ്റ്ലറുടെ പാപ്പ' ആയിട്ടാണ് അറിയപ്പെടുന്നത്. "നിശബ്ദത" എന്ന വിവാദവിഷയത്തിലേയ്ക്കു കടക്കാതിരുന്നാല്‍, റോമിലെ യഹൂദരെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പാപ്പ നേരിട്ടു ചെയ്തതും അനുമതി നല്‍കിയതുമായ നിരവധി കാര്യങ്ങള്‍ ഇവിടെ ഉദാഹരിക്കാനുണ്ട്.
പയസ് പന്ത്രണ്ടാമന്‍ തന്‍റെ ഹൈസ്കൂള്‍ കാലത്ത് ഗ്വിദോ മെന്‍ഡെസ് എന്നു പേരുള്ള ഒരു യഹൂദയുവാവുമായി സൗഹൃദത്തിലായതും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്‍ രാജാവിന്‍റെ രാജസദസ്സിലെ ഡോക്ടറായിരുന്ന ആളുടെ കാലത്തേയ്ക്കു നീളുന്ന പാരമ്പര്യമുള്ള, ഡോക്ടര്‍മാരും വൈദ്യശാസ്ത്ര പണ്ഡിതരുമുള്ള കുലീനമായ ഒരു കുടുംബത്തിലെ പിന്‍ഗാമിയായിരുന്നു അയാള്‍. പയസ് പന്ത്രണ്ടാമന്‍റെ മരണശേഷം, അപ്പോള്‍ ഇസ്രായേലില്‍ കഴിയുകയായിരുന്ന ഡോ.മെന്‍ഡെസ് പാപ്പായുമായുള്ള തന്‍റെ സൗഹൃദത്തെ ഓര്‍മ്മിച്ചുകൊണ്ട് ഒരു ഇസ്രായേലി പത്രത്തോടു പറഞ്ഞു, "ഒരു യഹൂദ വീട്ടിലെ സാബത്ത് വിരുന്നില്‍ സംബന്ധിക്കുകയും റോമിലെ യഹൂദസമുദായത്തിലെ പ്രമുഖരുമായി യഹൂദ ദൈവശാസ്ത്രം ചര്‍ച്ച ചെയ്യുകയും ചെയ്ത ആദ്യത്തെ മാര്‍പാപ്പയാണു പയസ് പന്ത്രണ്ടാമന്‍." 1938-ല്‍ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കിയ ലജ്ജാകരമായ ആന്‍റിസെമിറ്റിക് നിയമങ്ങള്‍ മെന്‍ഡെസ് കുടുംബത്തെ ബാധിക്കാതിരിക്കാന്‍ തന്‍റെ പരമാവധി സഹായം ചെയ്തു, അന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഭാവി പയസ് പന്ത്രണ്ടാമന്‍. അവര്‍ക്കു സ്വിറ്റ്സര്‍ലന്‍റിലേയ്ക്കു സുരക്ഷിതമായി കടക്കാന്‍ മാര്‍ഗമൊരുക്കിയത് കാര്‍ഡിനല്‍ പചെല്ലിയെന്ന പില്‍ക്കാല പയസ് പന്ത്രണ്ടാമന്‍ പാപ്പയാണ്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അവര്‍ ഇസ്രായേലിലേയ്ക്കും കുടിയേറി.
പത്തു നൂറ്റാണ്ടുകള്‍ക്കു ശേഷം ആരാധനക്രമത്തില്‍ യഹൂദര്‍ക്കനുകൂലമായ ചെറിയ ഭേദഗതികള്‍ വരുത്തിയ ആദ്യത്തെ പാപ്പയാണ് പയസ് പന്ത്രണ്ടാമന്‍ എന്നതും ഓര്‍ക്കണം. മഹാനായ ഗ്രിഗറി മാര്‍പാപ്പയുടെ കാലം മുതല്‍ ദുഃഖവെള്ളിയാഴ്ചത്തെ ആരാധനയില്‍ അവിശ്വാസികള്‍ എന്ന അര്‍ത്ഥം വരുന്ന പദം കൊണ്ട് യഹൂദരെ പരാമര്‍ശിച്ചിരുന്നു. ലത്തീന്‍ ഭാഷയിലുളള ബന്ധപ്പെട്ട പദത്തിന്‍റെ എല്ലാ യൂറോപ്യന്‍ ഭാഷകളിലെയും പരിഭാഷകള്‍, ധാര്‍മ്മികമായി അപലപിക്കപ്പെടേണ്ടവര്‍ എന്ന അര്‍ത്ഥം വ്യക്തമായി നല്‍കുന്നവയായിരുന്നു. ഈ പദം നീക്കം ചെയ്യണമെന്ന് അന്നു റോമിലെ യഹൂദസമൂഹത്തിന്‍റെ മുഖ്യറബ്ബി പാപ്പയോട് ആവശ്യപ്പെട്ടു. ആ ആവശ്യം അതേപടി അംഗീകരിച്ചില്ലെങ്കിലും വത്തിക്കാന്‍ ആരാധനക്രമ കാര്യാലയം അതു സംബന്ധിച്ച ഒരു വിശദീകരണം പുറപ്പെടുവിച്ചു.


ഒരു വര്‍ഷത്തിനു ശേഷം ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ പാപ്പയെ കണ്ട യഹൂദ പ്രൊഫസര്‍ യൂള്‍സ് ഐസക് മറ്റൊരു ആവശ്യമാണുന്നയിച്ചത്. ദുഃഖവെള്ളിയാഴ്ചയിലെ തന്നെ ആരാധനക്രമത്തില്‍ യഹൂദര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാഗത്ത് പുരോഹിതനും വിശ്വാസികളും നില്‍ക്കുകയാണ്, സമാനമായ മറ്റു പ്രാര്‍ത്ഥനകളിലെ പോലെ മുട്ടുകുത്തുന്നില്ല എന്നതായിരുന്നു അത്. അവിശ്വാസികള്‍ എന്ന പദത്തിന്‍റെ തെറ്റായ വിവര്‍ത്തനങ്ങളേക്കാള്‍ ഗുരുതരമായത് ഈ പ്രശ്നമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ പരിഷ്കരിച്ചപ്പോള്‍ പയസ് പന്ത്രണ്ടാമന്‍ പാപ്പ ഈ പ്രാര്‍ത്ഥനയുടെ അവസരത്തിലും മുട്ടുകുത്തുന്നതിനു വ്യവസ്ഥ ചെയ്തു. വളരെ ചെറിയതും സന്ദേഹത്തോടെയുള്ളതുമായിരുന്നു ഈ നടപടികളെങ്കില്‍ പോലും "മധ്യകാലയുഗം മുതലു ള്ള കത്തോലിക്കാപാരമ്പര്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ യഹൂദര്‍ക്കനുകൂലമായി വരുത്തിയ ആദ്യത്തെ ഭേദഗതികളാണെന്നു കാണാം. ഇത് കൂടുതല്‍ ആഴമേറിയ, വിശാലമായ മാറ്റങ്ങളിലേയ്ക്കു വാതില്‍ തുറന്ന നടപടികളുമാണ്" എന്ന് യഹൂദപണ്ഡിതനായ പിഞ്ചാസ് ലാപിഡെ അക്കാലത്തു തന്നെ വിലയിരുത്തിയിരുന്നു.
പിന്നീട്, റോമിലെ സിനഗോഗില്‍ നിന്ന് ആരാധന കഴിഞ്ഞിറങ്ങുന്ന യഹൂദരെ കണ്ടു കാര്‍ നിറുത്തി അഭിവാദ്യം ചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് ആരാധനക്രമത്തില്‍ നിന്ന് യഹൂദരെ സൂചിപ്പിക്കുന്ന 'അവിശ്വാസികള്‍' എന്ന പ്രയോഗം നീക്കം ചെയ്തത്. വിവാദ പദപ്രയോഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ദുഃഖവെള്ളിയിലെ പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്താന്‍ 1959 മാര്‍ച്ചില്‍ ജോണ്‍ മാര്‍പാപ്പ തീരുമാനിച്ചു. യഹുദര്‍ക്ക് അധിക്ഷേപാര്‍ഹമായി തോന്നാവുന്ന മറ്റു പ്രാര്‍ത്ഥനകളും വാക്യങ്ങളും നീക്കം ചെയ്യാനുള്ള ഇതേ പാപ്പയുടെ മറ്റു നടപടികള്‍ക്കും ഇതു തുടക്കം കുറിച്ചു. മനുഷ്യവംശത്തെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയിലും മതപരിവര്‍ത്തനത്തിനു തയ്യാറാകുന്ന യഹൂദര്‍ക്കു ജ്ഞാനസ്നാനം നല്‍കുന്ന കര്‍മ്മങ്ങളിലെ വാക്യങ്ങളിലും ഇതനുസരിച്ചു മാറ്റങ്ങള്‍ വരുത്തി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച കൗണ്‍സില്‍ പ്രമാണരേഖയായ നോസ് ട്ര എയ്ത്തേത്തും പ്രധാന വഴിത്തിരിവായി.

യേശുക്രിസ്തുവിന്‍റെ പീഡാനുഭവവേളയില്‍ സംഭവിച്ചതിനെല്ലാം അന്നു ജീവിച്ചിരുന്ന എല്ലാ യഹൂദരെയും വേര്‍തിരിവുകളില്ലാതെയോ ഇന്നത്തെ യഹൂദരെയോ കുറ്റം വിധിക്കാനാകില്ലെന്ന് ഈ രേഖ വ്യക്തമാക്കുന്നു. സുവിശേഷപ്രകാരമാണെന്നു ധ്വനിപ്പിക്കുന്ന മട്ടില്‍ യഹൂദരെയെല്ലാവരെയും ദൈവത്താല്‍ തിരസ്കരിക്കപ്പെട്ടവരോ ശപിക്കപ്പെട്ടവരോ ആയി അവതരിപ്പിക്കരുതെന്ന് അതു വ്യക്തമാക്കുന്നു. സുവിശേഷങ്ങളുടെ സത്യത്തിനും ക്രിസ്തുവിന്‍റെ ചൈതന്യത്തിനും നിരക്കാത്ത യാതൊന്നും സഭയുടെ മതബോധനപ്രവര്‍ത്തനങ്ങളിലോ ദൈവവചനപ്രഘോഷണത്തിലോ ഉണ്ടാകാന്‍ പാടില്ലെന്ന് എല്ലാവരും ഉറപ്പാക്കണം. "സഭ, യഹൂദരുമായി പങ്കുവയ്ക്കുന്ന സ്വന്തം പൈതൃകം മനസ്സില്‍ വച്ചുകൊണ്ട്, രാഷ്ട്രീയകാരണങ്ങളാലല്ല മറിച്ചു സുവിശേഷത്തിന്‍റെ ആത്മീയസ്നേഹത്താല്‍ പ്രചോദിതരായി, ഏതു കാലത്തെയും യഹൂദര്‍ക്കെതിരെ ഏതൊരാളും പുലര്‍ത്തുന്ന വിദ്വേഷത്തെയും പീഡനത്തെയും യഹൂദവിരോധത്തിന്‍റെ പ്രകടനങ്ങളെയും തള്ളിപ്പറയുന്നു" എന്ന് ആ രേഖ വ്യക്തമാക്കുന്നു.
പക്ഷേ, സുപ്രധാനമായ ഈ മാറ്റം മൂര്‍ത്തമായ നടപടികളായി മാറണം. ജോണ്‍ പോള്‍ രണ്ടാമന്‍ വന്നതോടെയാണ് ഇക്കാര്യത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ജീവിതകഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. വി.പത്രോസിന്‍റെ സിംഹാസനത്തിലേയ്ക്ക് ഉയര്‍ന്നു വന്ന അദ്ദേഹം പോളണ്ടില്‍ യുദ്ധദുരന്തങ്ങള്‍ നേരിട്ടനുഭവിച്ച വ്യക്തിയായിരുന്നു. ധാരാളം യഹൂദര്‍ ഉണ്ടായിരുന്ന കൊച്ചു പട്ടണമായിരുന്ന പോളണ്ടിലെ വാഡോവിസില്‍ ജനിച്ച അദ്ദേഹത്തിന് യഹൂദരായ സഹപാഠികളും കളിക്കൂട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അവരില്‍ പലരും പിന്നീട് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടു. അവരുടെ സഹനമുയര്‍ത്തുന്ന ചോദ്യചിഹ്നം ജോണ്‍ പോള്‍ രണ്ടാമനെ വേട്ടയാടിയിരുന്നു. അതുകൊണ്ടു തന്നെ "യഹൂദരുമായുള്ള കത്തോലിക്കാസഭയുടെ സൗഹൃദം ദൃഢമാക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് തന്‍റെ വ്യക്തിപരമായ കടമയായി" അദ്ദേഹത്തിന് അനുഭവപ്പെട്ടുവെന്ന് യഹൂദരുമായുള്ള മതാത്മകബന്ധങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍റെ സെക്രട്ടറി നോര്‍ബെര്‍ട്ടോ ഹോഫ്മാന്‍ നിരീക്ഷിച്ചിട്ടുണ്ട്. 1979 ജൂണ്‍ 7-നു വി.ജോണ്‍ പോള്‍ രണ്ടാമന്‍ ഓഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുകയും വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു: "ഈ കല്ലറയ്ക്കു മുമ്പില്‍ ആര്‍ക്കും നിസംഗനായിരിക്കാനാകില്ല."

1986 ഏപ്രിലില്‍ റോമന്‍ സിനഗോഗിലേയ്ക്ക് അദ്ദേഹം നടത്തിയ സന്ദര്‍ശനവും റോമിലെ മുഖ്യ റബ്ബിയായിരുന്ന എലിയോതോ വാഫിനെ മഹാക്ഷേത്രത്തിനു മുമ്പില്‍ വച്ച് ആശ്ലേഷിച്ചതും ഇതിനേക്കാള്‍ സുപ്രധാനമായ നടപടിയായിരുന്നു. 1993 ഒടുവില്‍ ഇസ്രായേലിന് ഒരു രാജ്യമെന്ന നയതന്ത്രാംഗീകാരം പ. സിംഹാസനം നല്‍കിയത് ഈ ബന്ധങ്ങളെ കൂടുതല്‍ മുന്നോട്ടു നയിക്കാന്‍ ഇടയാക്കി. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ കാലത്താണ് യഹൂദ വംശഹത്യയെ കുറിച്ചുള്ള വിചിന്തനമായ "ഞങ്ങള്‍ ഓര്‍മ്മിക്കുന്നു" എന്ന രേഖ പുറത്തിറക്കിയത്. 2000-ലെ മഹാജൂബിലി വേളയിലെ പരിഹാരബലിയില്‍ ഇസ്രായേല്‍ ജനതയ്ക്കെതിരായി ചെയ്ത തെറ്റുകള്‍ക്കു മാര്‍പാപ്പ മാപ്പു ചോദിച്ചു.

ഈ ബലി കഴിഞ്ഞ് ഏതാനും നാളുകള്‍ക്കു ശേഷം മാര്‍പാപ്പ വിശുദ്ധനാടു സന്ദര്‍ശിക്കുകയും പടിഞ്ഞാറേ മതിലിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുകയും യാദ് വാഷെ സ്മാരകം സന്ദര്‍ശിക്കുകയും വംശഹത്യയുടെ ഇരകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അത് അതിജീവിച്ച ഏതാനും പേരെ കാണുകയും ചെയ്തു. വത്തിക്കാനിലും മാര്‍പാപ്പയുടെ വിദേശസന്ദര്‍ശനങ്ങളിലും യഹൂദ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ചകള്‍ പതിവാകുകയും ചെയ്തു.
2005-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതോടെ, ക്രൈസ്തവരും യഹൂദരും തമ്മിലുള്ള സവിശേഷവും അനന്യവുമായ ബന്ധത്തെ കുറിച്ച് മറ്റാരേക്കാളും അധികമായി പഠിച്ചിട്ടുള്ള ദൈവശാസ്ത്രജ്ഞനായ ഒരു പാപ്പയെ നമുക്കു ലഭ്യമായി. തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ പിറ്റേന്ന് അദ്ദേഹമയച്ച ആദ്യസന്ദേശങ്ങളിലൊന്ന് റോമിലെ റബ്ബി പ്രൊഫ. റിക്കാര്‍ദോ ഡിസെഞ്ഞിയ്ക്കായിരുന്നു. 2006 മെയ് 28 നു ഓഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് അദ്ദേഹം സന്ദര്‍ശിക്കുകയും 2009 മെയില്‍ ഇസ്രായേലിലേക്കു നടത്തിയ സന്ദര്‍ശനത്തിനിടെ, തന്‍റെ മുന്‍ഗാമി മുമ്പ് അവിടെ ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. 2005-ല്‍ കൊളോണിലും 2008-ല്‍ ന്യൂയോര്‍ക്കിലും 2010-ല്‍ റോമിലും അദ്ദേഹം സിനഗോഗുകള്‍ സന്ദര്‍ശിച്ചു. റോമിലെ സിനഗോഗില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു, "ബൈബിളില്‍ കണ്ടെത്താന്‍ കഴിയുന്ന നമ്മുടെ അടുപ്പവും ആത്മീയ സാഹോദര്യവും നമ്മുടെ പൊതുവായ ചരിത്രത്തെയും വേരുകളെയും നാം പങ്കുവയ്ക്കുന്ന സമ്പന്നമായ ആത്മീയ പൈതൃകത്തെയും കുറിച്ചു നമ്മെ നിരന്തരമായി ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം രഹസ്യത്തെ കുറിച്ചു പരിചിന്തനം ചെയ്യുമ്പോഴാണ് പുതിയ ഉടമ്പടിയുടെ ദൈവജനമായ സഭ, തന്‍റെ വചനം സ്വീകരിക്കാന്‍ മറ്റെല്ലാവരേക്കാളും മുമ്പ് ദൈവം തിരഞ്ഞെടുത്ത യഹൂദരുമായുള്ള ആഴമേറിയ ബന്ധം കണ്ടെത്തുന്നത്."
ചരിത്രപരമായ ഈ പ്രവൃത്തികള്‍ക്കും വിശദമായ ദൈവശാസ്ത്ര പഠനത്തിനും ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ – അ ദ്ദേഹത്തിനും ബ്യൂണസ് അയേഴ്സിലെ യഹൂദസമൂഹവുമായുള്ള വ്യക്തിപരമായ സൗഹൃദത്തിന്‍റെ ചരിത്രമുണ്ട് – കീഴില്‍ സഭ യഹൂദരുമായുള്ള സൗഹൃദത്തിന്‍റെ അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കുകയാണ്. 2016 ജനുവരിയില്‍ റോമന്‍ സിനഗോഗിലേയ്ക്കുള്ള തന്‍റെ സന്ദര്‍ശനത്തില്‍ ആ ഹൃദ്യത അനുഭവവേദ്യമാകുകയും ചെയ്തു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുപ്രധാനമായ പ്രസിദ്ധീകരണങ്ങളിലൊന്ന് അര്‍ജന്‍റീനിയന്‍ യഹൂദ റബ്ബിയായ അബ്രാഹം സ്കോര്‍കയുമായി നടത്തിയ സംഭാഷണങ്ങളാണ്. 2016 ജൂലൈയില്‍ പോളണ്ടിലേയ്ക്കുള്ള യാത്രയില്‍ ഫ്രാന്‍സിസ് തന്‍റെ മുന്‍ഗാമികളുടെ പാദമുദ്രകള്‍ പിന്തുടര്‍ന്ന് ഓഷ്വിറ്റ്സ് സന്ദര്‍ശിച്ചു. അവിടെ തന്‍റെ മുന്‍ഗാമികളുടെ വാചാലമായ വാക്കുകളിലേയ്ക്ക് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതിനേക്കാള്‍ സമ്പൂര്‍ണ നിശബ്ദതയില്‍ സ്വയം പ്രകാശിപ്പിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
വര്‍ണ/വംശ/ദരിദ്ര/സമ്പന്ന/മത ഭേദങ്ങള്‍ക്കതീതമായി എല്ലാവരുമായും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുകയും അതില്‍ സവിശേഷമായ സിദ്ധി പുലര്‍ത്തുകയും ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് യഹൂദരുമായുള്ള ബന്ധങ്ങള്‍ തീര്‍ച്ചയായും ഇനിയും ശക്തമാകും. ഇതു ലോകത്തിനു നല്‍കുന്ന ക്ഷമയുടെയും സമാധാനത്തിന്‍റെയും സന്ദേശം മറ്റെല്ലാ മതങ്ങള്‍ക്കും പ്രത്യാശ പകരുകയും ചെയ്യും.
(പരിഭാഷ: ഷിജു ആച്ചാണ്ടി, സബ് എഡിറ്റര്‍)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org